മുസ്‌ലിം വേട്ട; കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ഒരേ തൂവല്‍പക്ഷികൾ

“സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ കൂടുതല്‍ ജനാധിപത്യ വിരുദ്ധമാവുകയും ജനങ്ങള്‍ നല്‍കിയ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നതും ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളുടെ മൊത്തവ്യാപാരികളോട് ഇതേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മൃദുസമീപനം കൈക്കൊള്ളുകയും ചെയ്യുന്നു…”
കെ എച്ച് നാസറിനെ നിരുപാധികം വിട്ടയക്കുക; ആര്‍എസ്എസ് അനുകൂല നയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുക: സംയുക്ത പ്രസ്താവന_

രാജ്യത്തെമ്പാടും സംഘപരിവാരവും അവരുടെ പോഷകസംഘടനകളും മുസ്‌ലിം വംശഹത്യാ നീക്കവുമായി മുന്നോട്ടുതന്നെയാണ്. ഹരിദ്വാറിലെ ധര്‍മസന്‍സദില്‍ നിന്ന് തുടങ്ങിവച്ച മുസ്‌ലിം വംശഹത്യാ സമ്മേളനങ്ങള്‍ അവസാനിച്ചത്, നമ്മളേവരും കൊട്ടിഘോഷിക്കുന്ന മതേതര കേരളത്തിലാണ്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലൂടെ മുസ്‌ലിം വംശഹത്യാ രാഷ്ട്രീയം സംഘപരിവാരം ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. എന്നാല്‍ തിരുവനന്തപുരത്തെ പച്ചയായ വംശഹത്യാ ആഹ്വാനത്തോട് കണ്ണടച്ചിരുന്ന കേരളത്തിലെ ഇടത് സര്‍ക്കാരും അവരുടെ പോലിസും ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച ജനമഹാ സമ്മേളന ബഹുജന റാലിയില്‍ ഒരു കുട്ടി വിളിച്ച ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യത്തിന്റെ പേരില്‍ ഇതുവരെ 27 പേരെയാണ് അറസ്റ്റ് ചെയ്തത്.

ഈ അറസ്റ്റ് പരമ്പരയിലെ ഏറ്റവുമൊടുവിലത്തേതാണ് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷററും തേജസ് ന്യൂസ് മാനേജിങ് എഡിറ്ററുമായ കെ എച്ച് നാസറിന്റേത്. മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ സംഘാടനങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍ ഇതാദ്യമായല്ല. ഒരേസമയം കേന്ദ്ര സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിന്റെ സന്നദ്ധ സംഘടനയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അകൗണ്ടുകള്‍ മരവിപ്പിക്കുമ്പോള്‍ ഇവിടെ കേരളത്തില്‍ ആര്‍എസ്എസിനെതിരേ വിളിച്ച മുദ്രാവാക്യത്തെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരേയുള്ള വിദ്വേഷപരാമര്‍ശമാണെന്ന ആര്‍എസ്എസ് ചാനലിന്റെ വാദം പോലിസും സര്‍ക്കാരും ഏറ്റുപാടുകയാണ്. അതിന്റെ പേരില്‍ വ്യാപകമായ അറസ്റ്റും മറ്റു നടപടികളും ഇന്നും തുടരുകയാണ്.

മുസ്‌ലിം വേട്ടയില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ഒരേ തൂവല്‍പക്ഷികളാണെന്ന് വ്യക്തമാക്കുന്നതാണ് കെ എച്ച് നാസറിന്റെ അറസ്റ്റ്. ജനാധിപത്യത്തെ കാര്‍ന്നുതിന്നുന്ന പോലിസ് രാജിലേക്ക് സംസ്ഥാനത്തെ കൊണ്ടുപോകുന്ന പ്രവണതയുടെയും ലക്ഷണമാണ് ഇത്.

സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ കൂടുതല്‍ ജനാധിപത്യ വിരുദ്ധമാവുകയും ജനങ്ങള്‍ നല്‍കിയ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നതും ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളുടെ മൊത്തവ്യാപാരികളോട് ഇതേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മൃദുസമീപനം കൈക്കൊള്ളുകയും ചെയ്യുന്നു.

ആലപ്പുഴയില്‍ നടന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ റാലിയിലെ മുദ്രാവാക്യം വിവാദമായ സംഭവത്തില്‍ ആ സംഘടനയുടെ പ്രവര്‍ത്തകര്‍ക്കെതിരേ നടക്കുന്ന പോലിസ് വേട്ടയുടെ ഒടുവിലത്തെ ഇരയാണ് അതിന്റെ സംസ്ഥാന ട്രഷററും തേജസ് മാധ്യമത്തിന്റെ പത്രാധിപരുമായ കെ എച്ച് നാസറിന്റെ അറസ്റ്റ്. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളുടെ മൊത്തവ്യാപാരികളോട് ഈ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മൃദുസമീപനം കൈക്കൊള്ളുകയും ചെയ്യുമ്പോഴാണ് ഇത് നടക്കുന്നത്. പക്ഷപാതപരമായ ഈ നടപടി മതേതരത്വമല്ല, സംഘപരിവാറിന്റെ മുസ്‌ലിം വിരുദ്ധതയ്ക്കും ഫാസിസ്റ്റ് അജണ്ടയ്ക്കുമുളള മൗനാനുവാദമാണ്. ഞങ്ങള്‍ ഇതിനെ അസന്നിഗ്ദ്ധമായി അപലപിക്കുന്നു. കെ എച്ച് നാസറിനെ നിരുപാധികം വിട്ടയക്കാന്‍ തയ്യാറാകുന്നതിനൊപ്പം ആര്‍എസ്എസ് അനുകൂല സമീപനം കേരള സര്‍ക്കാര്‍ തിരുത്തണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ജി ഗോമതി, സി പി നഹാസ്, കെ കെ ബാബുരാജ്, റെനി ഐലിന്‍, ഡോ. പി ജി ഹരി, തുളസിധരന്‍ പള്ളിക്കല്‍, അംബിക, ഹരി, നഹാസ് മാള, വിളയോടി ശിവന്‍കുട്ടി, അഡ്വ. അമീന്‍ ഹസന്‍, ഷാന്റോ ലാല്‍, ഗോപാല്‍ മേനോന്‍, എ എം നദ്‌വി, എം ഗീതാനന്ദന്‍, അഡ്വ. കെ എസ് നിസാര്‍, ബി എസ് ബാബുരാജ്, അഡ്വ. ഷൈന പി എ, അഫ്താബ് ഇല്ലത്ത്, റഷാദ് പി ടി, അജയന്‍ മണ്ണൂര്‍, സ്വപ്‌നേഷ് ബാബു, ഷെഫി കബീര്‍, അഭിലാഷ് പി, രൂപേഷ് കുമാര്‍, സുദേഷ് എം രഘു, മുഹമ്മദ് അഷ്‌റഫ്, കമാല്‍ വേങ്ങര, ശ്രേയസ് കണാരന്‍, വിപിന്‍ ദാസ്, ബിനോജ് നായര്‍, പ്രശാന്ത് സുബ്രഹ്മണ്യന്‍, ടി കെ ആറ്റക്കോയ, മാലിക്ക് വീട്ടിക്കുന്ന്, ജിഷ അബ്ദുല്‍ മജീദ്, രാജേഷ് ആര്‍ എസ്, ഹനീന്‍ ഫൈസല്‍, എം ബി ഫസറുദ്ദീന്‍, മുഹമ്മദ് ഷാന്‍, അബ്ദു മുഹമ്മദ്, അനീസ് സിപി, തന്‍സീര്‍ ടി എ, സഫര്‍ സി എല്‍, ഇ എം റിയാസ്, മുഹമ്മദ് ഷഫീഖ് തങ്ങള്‍, സിക്കിന്ദര്‍ കെ എസ്, ഉമര്‍ ഫര്‍ഹാൻ.

Follow | Facebook | Instagram Telegram | Twitter