ടെലിഗ്രാഫിന്റെ മുൻപേജ് നോക്കാന്‍ പ്രേരിപ്പിക്കുന്നതിന് പിന്നിലെ ബുദ്ധി

രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ പത്രമാക്കി ‘ടെലിഗ്രാഫി’നെ മാറ്റിയ നിശ്ചയദാർഢ്യത്തിനിടയിലും ഭൂമിയോളം വിനയം കാത്തുസൂക്ഷിക്കുന്ന ഈ മനുഷ്യൻ, ‘‘വേറെയാരും ചെയ്യാത്തത് കൊണ്ടാണ് ടെലിഗ്രാഫ് ശ്രദ്ധിക്കപ്പടുന്നത്’’ എന്ന് ഉള്ളു തുറന്ന് പറയുന്നതാണ്…


ഹസനുൽ ബന്ന

ഓരോ പുലരിയിലും ‘ടെലിഗ്രാഫി’ന്റെ മുൻപേജ് നോക്കാന്‍ പ്രേരിപ്പിക്കുന്നതിന് പിന്നിലെ ബുദ്ധി ഒരു മലയാളിയുടേതാണെന്ന് അറിഞ്ഞത് തൊട്ട് ഹൃദയത്തിൽ നാമ്പിട്ടതായിരുന്നു ആ എഡിറ്ററെ ഒന്ന് നേരിൽ കാണണമെന്ന അഭിലാഷം.

മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഭരണകൂടത്തിന് മുന്നില്‍ മുട്ടുകാലിലിഴയുമ്പോൾ ഒഴുക്കിനെതിരെ നീന്തി നട്ടെല്ലോടെ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കാന്‍ ‘ടെലിഗ്രാഫി’നെ പ്രാപ്തനാക്കുന്ന ആർ രാജഗോപാലുമായി കൊൽക്കത്തയിലെ ‘ടെലിഗ്രാഫ്‘ ഓഫീസിലെ ഈ സമാഗമം കൊണ്ടു ധന്യമായി ഇത്തവണത്തെ ബംഗാൾ യാത്ര.

മാധ്യമപ്രവർത്തകനെന്ന നിലയിൽ എന്നും അസൂയപ്പെടുത്തുന്ന ആ പത്രത്തിെന്റെ എഡിറ്റോറിൽ വിഭാഗത്തിൽ വെച്ചു തന്നെയായിരുന്നു ഞാൻ ഏറെ നാളായി കൊതിച്ച ആ കൂടിക്കാഴ്ച.

രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ പത്രമാക്കി ‘ടെലിഗ്രാഫി’നെ മാറ്റിയ നിശ്ചയദാർഢ്യത്തിനിടയിലും ഭൂമിയോളം വിനയം കാത്തുസൂക്ഷിക്കുന്ന ഈ മനുഷ്യൻ, ‘‘വേറെയാരും ചെയ്യാത്തത് കൊണ്ടാണ് ടെലിഗ്രാഫ് ശ്രദ്ധിക്കപ്പടുന്നത്’’ എന്ന് ഉള്ളു തുറന്ന് പറയുന്നതാണ്.

‘‘ഞാന്‍ കുറച്ചേ സംസാരിക്കാറുള്ളൂ. എഡിറ്റോറിയല്‍ ബോര്‍ഡ് യോഗത്തിലും കൂടുതല്‍ കേള്‍ക്കാറാണ് പതിവ്. പലേപ്പാഴും മെട്രോ ട്രെയിനിലാണ് വരാറുള്ളത്. ആളുകള്‍ സംസാരിക്കുന്നതിന് ചെവിവട്ടം പിടിച്ചിരിക്കും. എന്തെങ്കിലും സംഭവങ്ങളുണ്ടായെന്ന് കരുതുക. ആദ്യത്തെ അഞ്ച്, പത്ത് മിനിട്ട് വ്യത്യസ്ത ആളുകള്‍ അതേക്കുറിച്ച് പറയുന്നത് എന്താണെന്ന് അറിയുക നിര്‍ണായകമാണ്.

വാര്‍ത്ത എങ്ങിനെ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന ഒരു ആശയം അതില്‍ നിന്ന് ലഭിക്കും. ആ ആശയം എഡിറ്റോറില്‍ ബോര്‍ഡുമായി പങ്കുവെക്കും. ഒരു എഡിറ്റര്‍ സംസാരിക്കരുത്. എല്ലാവരെയും കേള്‍ക്കണം. തീരെ സംസാരിക്കില്ലെങ്കില്‍ അത്രയും നല്ലതാണെന്നാണ് എന്റെ അഭിപ്രായം. അത്തരമൊരു എഡിറ്റര്‍ക്ക് നന്നായി എഴുതാനും കഴിയും.‘‘

Leave a Reply