കോടതിയാണോ ഒരു മതത്തിന്റെ അവിഭാജ്യഘടകം എന്തെന്ന് തീരുമാനിക്കേണ്ടത്?

പുറത്ത് നിന്നുള്ള, മുകളിൽ നിന്നുള്ള ഈ പരിഷ്കരണ ശ്രമങ്ങൾ അടിസ്ഥാനപരമായി ഇസ്‌ലാമിനകത്തെ ആഭ്യന്തര വൈവിധ്യങ്ങൾ ഇല്ലായ്മ ചെയ്യുകയും ഗവേഷണാത്മകത ഇല്ലാതാക്കുകയും ചെയ്യുമോ എന്ന ആശങ്ക അസ്ഥാനത്തല്ല…


അഡ്വ സി അഹമ്മദ് ഫായിസ്

മൂന്ന് ത്വലാഖും ഒരുമിച്ചു ചൊല്ലുന്നതിനെ കുറിച്ചോ സ്ത്രീകളുടെ പള്ളി പ്രവേശം, മുഖാവരണം തുടങ്ങിയ സംഗതികളിൽ കഴിഞ്ഞ എത്രയോ കാലമായി കേരളത്തിലും ഇന്ത്യയിലും ലോകത്തെല്ലായിടത്തുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ അഭിപ്രായ വൈജ്യാത്യങ്ങൾ നിലനിൽക്കുന്നുണ്ട്. മതത്തിനകത്തെ അത്തരം അഭിപ്രായ വൈവിധ്യം നിലനിർത്തി തന്നെയാണ് ഇസ്‌ലാമിക സമൂഹം മുന്നോട്ട് പോകുന്നത്. എന്നാൽ ഇന്ത്യയിൽ മേൽപറഞ്ഞ പല വിഷയങ്ങളും കോടതിയുടെ പരിഗണക്ക് വരുമ്പോൾ ഇത്തരം അഭിപ്രായ വൈവിധ്യങ്ങൾ ഇല്ലാതാവുകയും ഏകശിലാത്മകമായ ഒരു മതത്തിന്റെ രൂപീകരണത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട് .

കോടതിയുടെ ഇടപെടലിലൂടെ ഇസ്‌ലാം പരിഷ്‌ക്കരിക്കപ്പെടുകയാണ് എന്ന് ഒരു വേള ഇസ്‌ലാം മത വിശ്വാസികളിൽ പരിഷ്കരണവാദികൾ അകമേ എങ്കിലും വിശ്വസിക്കുന്നുണ്ട്. എന്നാൽ ഈ ആഭ്യന്തര വൈവിധ്യവും സംവാദവുമാണ് പതിനാലു നൂറ്റാണ്ടു കാലം ഇസ്‌ലാം മതത്തെ നിലനിർത്തിയത് എന്നാണ് എനിക്ക് തോന്നുന്നത്. പുറത്ത് നിന്നുള്ള, മുകളിൽ നിന്നുള്ള ഈ പരിഷ്കരണ ശ്രമങ്ങൾ അടിസ്ഥാനപരമായി ഇസ്‌ലാമിനകത്തെ ആഭ്യന്തര വൈവിധ്യങ്ങൾ ഇല്ലായ്മ ചെയ്യുകയും ഗവേഷണാത്മകത ഇല്ലാതാക്കുകയും ചെയ്യുമോ എന്ന ആശങ്ക അസ്ഥാനത്തല്ല.

ഒരു പക്ഷെ നിക്വാബ് ധരിച്ചു ഒരു മുസ്‌ലിം വിദ്യാർത്ഥിനിയെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ അയക്കാൻ ഒരു മുസ്‌ലിം കുടുംബം സന്നദ്ധമാകുന്നുണ്ട് എങ്കിൽ നിക്വാബ് നിരോധനം ആ കുട്ടിയുടെ വിദ്യാഭ്യാസ സാധ്യതകൾ അടച്ചേക്കാം. നിക്വാബ്, പർദ്ദ തുടങ്ങിയവ എല്ലാം മുസ്‌ലിം സ്ത്രീകളുടെ ഇടയിൽ പല തരത്തിലാണ് പ്രവർത്തിക്കുന്നത്. അതിന് കേവല അടിച്ചമർത്തലിന്റെ മുദ്ര മാത്രം നൽകുമ്പോൾ അത് ഓരോ മുസ്‌ലിം സ്ത്രീയുടെയും കാര്യത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നത് വിമർശകർ പരിഗണിക്കുന്നില്ല.

അതേസമയം ഹിന്ദു ആചാരങ്ങൾ അനുഷ്ഠാനങ്ങൾ ഇവയെ സംബന്ധിച്ചുള്ള കോടതിയുടെ നിരീക്ഷണങ്ങളും വിധികളും ഒരു മതമായി ഇനിയും രൂപം പ്രാപിക്കാത്ത ഹിന്ദൂയിസത്തിനു സെമിറ്റിക്ക് മതങ്ങളെ പോലെ ഒരു വേദവും അടിസ്ഥാന വിശ്വാസം തുടങ്ങിയ കണ്ടെത്തുകയും ഹിന്ദുത്വവാദികളുടെ ഹിന്ദുമതത്തെ കുറിച്ച വിഭാവനകളുമായി അസാമാന്യമായ വിധത്തിൽ സമാനതകൾ പുലർത്തുകയും അങ്ങനെ ഹിന്ദുത്വവാദികൾ വിഭാവനം ചെയ്യുന്ന തരത്തിൽ ഏകശിലാത്മക ഹിന്ദു സ്വത്വ രൂപീകരണത്തിന് കാരണമാകുന്നുണ്ട്, അല്ലെങ്കിൽ കോടതി വിധികൾ ഹിന്ദുത്വവാദികൾക്ക് അത്തരത്തിൽ ഉപയോഗിക്കാൻ കഴിയുന്നുണ്ട് എന്ന നിരീക്ഷണം റോണോജോയ് സെന്നിനെ പോലുള്ളവർ പങ്ക് വെച്ചിട്ടുണ്ട്

കോടതിയാണോ ഒരു മതത്തിന്റെ അവിഭാജ്യഘടകം എന്തെന്ന് തീരുമാനിക്കേണ്ടത് എന്ന ചോദ്യം പല നിയമമജ്ഞരും ചോദിച്ചിട്ടുണ്ട്. മതത്തിന്റെ അവിഭാജ്യഘടകം എന്തൊക്കെ, എന്തല്ല എന്നതിൽ കോടതി തീരുമാനം പറയുന്നത് ആത്യന്തികമായി മതങ്ങൾക്കകത്തെ അഭിപ്രായ വൈവിധ്യങ്ങൾ ഇല്ലായ്മ ചെയ്യുന്നതിലാണ് കലാശിക്കുന്നത്.

Leave a Reply