ഫാഷിസത്തിനെതിരെ സംസാരിക്കുന്നത് നിര്‍ത്തണമെന്ന് കേരളാ പൊലീസ്

ഏതൊക്കെ പുസ്തകങ്ങൾ ആണ് വായിക്കുന്നത് ? മാവോയിസ്റ്റുകളുമായി ബന്ധമുണ്ടോ ? എന്തിനാണ് ഫേസ്ബുക്കിൽ പോസ്റ്റുകൾ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നത് ? എന്തിനാണ് സർക്കാരിനെതിരെ സംസാരിക്കുന്നത് ? പ്ലസ്ടു വിദ്യാര്‍ത്ഥിയോടുള്ള പൊലീസിന്റെ ചോദ്യങ്ങള്‍…


യാസിന്‍

വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ് പറയാനുള്ളത്. പൗരന്റെ അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യത്തെ അടിച്ചമർത്തി സഞ്ജീവ് ഭട്ടിനെ ജയിലിലടച്ചതിനെതിരെ പ്രതികരിക്കുന്നവർ ഇതുകൂടി ശ്രദ്ധിക്കണം എന്ന് താത്പര്യപ്പെടുന്നു.

ചിത്രത്തിലുള്ളത് അടുത്ത സുഹൃത്ത് അതുൽ ആണ്. ഈ ഇത്തവണ പ്ലസ്ടു പൂർത്തിയാക്കിയ അതുൽ കിക് ബോക്സിങിന്റെ ദേശിയ ചാംപ്യന്ഷിപ്പിൽ പങ്കെടുത്ത കായികതാരം കൂടിയാണ്.

ഇന്ന് ഉച്ചക്ക് ശേഷം അവനെ അന്വേഷിച്ച്‌ ഒരു സംഘം സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസുകാർ അവന്റെ അമ്മയുടെ കടയിൽ എത്തി. അവരോട് ചോദ്യങ്ങൾ ചോദിച്ച ശേഷം അവനെ കടയിലേക്ക് വിളിച്ചുവരുത്തി. രണ്ട് സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസുകാർ കടയിലേക്ക് വന്ന അവന്റെ ഫോട്ടോ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.

ഏതൊക്കെ പുസ്തകങ്ങൾ ആണ് വായിക്കുന്നത്, മാവോയിസ്റ്റുകളുമായി ബന്ധമുണ്ടോ, എന്തിനാണ് ഫേസ്ബുക്കിൽ പോസ്റ്റുകൾ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നത്, എന്തിനാണ് സർക്കാരിനെതിരെ സംസാരിക്കുന്നത്, ആരോയൊക്കെയാണ് വിളിക്കുന്നത്, ഏതൊക്കെ സുഹൃത്തുക്കൾ ഉണ്ട്, ഞാനുമായി എപ്പോളും നടക്കുന്നത് എന്തിനാണ്, കമൽസി ചവറയെ പരിചയമുണ്ടോ എന്നൊക്കെയാണ് അവർ ചോദ്യം ചെയ്തത്.

മഹാരാഷ്ട്രയിൽ ജയിലിൽ ഉള്ള മനുഷ്യാവകാശ പ്രവർത്തകൻ റോണാ വിൽസണെ പറ്റിയുള്ള വിവരങ്ങൾ വരെ പ്ലസ്ടു പഠിക്കുന്ന ചെക്കനോട് അന്വേഷിച്ചു. കഴിഞ്ഞ കുറെ കാലമായി അവന്റെ മുഴുവൻ കാര്യങ്ങളും നിരീക്ഷിച്ചു വരികയാണെന്നും, ഫോണ് റെക്കോർഡ് ചെയ്യുന്നുണ്ടെന്നും അവനോട് തന്നെ അവർ പറഞ്ഞു. മുസ്ലിങ്ങളും ദളിതുകളുമായി ചേർന്ന് സമരം ചെയ്യാൻ പ്ലാൻ ഉണ്ടോയെന്നും അവർ തിരക്കി. ഫാസിസത്തിനെതിരെ സംസാരിക്കുന്നത് സർക്കാരിനെതിരെ സംസാരിക്കലാണന്നും അത് നിർത്തണം എന്നും അവർ ആവശ്യപ്പെട്ടു. അവനെ ചോദ്യം ചെയ്യുന്നതിന് മുന്നേ തന്നെ ഫോണിൽ ഫോട്ടോ കാണിച്ചു നാട്ടിലെ പലരോടും പല വിവരങ്ങളും തിരക്കി.

അവന് മുകളിൽ പറഞ്ഞിരിക്കുന്നവരുമായി യാതൊരു തരത്തിലും ഉള്ള ബന്ധം ഇല്ലെന്ന് വ്യക്തമായ ബോധ്യമുണ്ട്. അത് ചോദ്യം ചെയ്യാൻ വന്നവർക്കും അറിയാം. മാവോയിസ്റ്റ് പേടിപരത്തി സാമൂഹ്യ ബഹിഷ്കരണത്തിന് വിധേയമാക്കി ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്‌പെഷ്യൽ ബ്രാഞ്ചുകാർ ഈ പണി കാണിച്ചതെന്ന് വ്യക്തമാണ്. ഭയപ്പെടുത്തി നിശ്ശബ്ദമാക്കാനാണ് ഇവർ ശ്രമിക്കുന്നത്.

ജനങ്ങളെ ഭയപ്പെടുത്തുന്നതിലും, സ്വകാര്യത മാനിക്കാതിരിക്കുന്നതിലും, അഭിപ്രായം പറയുന്നവരെ അടിച്ചമർത്തുന്നതിലും കേന്ദ്ര സർക്കാരിന്റെ അതെ നയങ്ങൾ തന്നെയാണ് കേരള സർക്കാരും ഇവിടത്തെ പോലീസ് സംവിധാനങ്ങളും ചെയ്യുന്നത്. മനുഷ്യവകാശങ്ങൾക്ക് നേരെയുള്ള പോലീസിന്റെ കടന്നുകയറ്റത്തെ നിയന്ത്രിക്കുന്നതിൽ ഇടതുപക്ഷ സർക്കാരിന് നിരന്തര വീഴ്ച തുടരുകയാണ്. പൊലീസിനെ മജിസ്റ്റീരിയൽ അധികാരം നൽകിയതിനു വരെ കയ്യടിച്ചു സ്വീകരിക്കുന്ന നാട്ടിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റി സംസാരിച്ചിട്ട് കാര്യമുണ്ടോയെന്നറിയില്ല. എങ്കിലും ഇതൊന്ന് ശ്രദ്ധയിൽ ഇരിക്കട്ടെ.

Leave a Reply