തമിഴ്‌നാട്ടിൽ അദാനിയുടെ തുറമുഖ പദ്ധതിയും ഡിഎംകെയുടെ നിലപാടിലെ അവ്യക്തതയും
തമിഴ്നാട്ടിൽ, അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള കാട്ടുപള്ളി തുറമുഖ വികസനവുമായി ബന്ധപ്പെട്ട് പ്രാദേശിക ജനങ്ങളുമായി 2023 സെപ്തംബർ 5-ന് നടത്താൻ നിശ്ചയിച്ച പബ്ലിക് ഹിയറിംഗ്, ജനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന് തെരഞ്ഞെടുപ്പ് കാലത്ത് DMK വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ സർക്കാർ നിലപാടിൽ അവ്യക്തത നിലനിൽക്കുകയാണ്. എങ്കിൽക്കൂടിയും മൂന്ന് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പദ്ധതിയുമായി ബന്ധപ്പെട്ട പബ്ലിക് ഹിയറിംഗ് റദ്ദാക്കുന്നത്.
ചെന്നൈക്ക് വടക്കുള്ള കാട്ടുപള്ളി തുറമുഖത്തിന്റെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി നിലവിലുള്ള 24.7 ദശലക്ഷം ടണ്ണിൽ നിന്ന് (MTPA) 320 MTPA ആയി വർധിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അദാനിയുടെ ഉടമസ്ഥതയിലുള്ള മറൈൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പർ പ്രൈവറ്റ് ലിമിറ്റഡ് (MIDPL) നിർദ്ദേശിച്ചത്. 53,000 കോടി രൂപ (640 മില്യൺ യുഎസ് ഡോളർ) ചെലവ് കണക്കാക്കിയിരിക്കുന്ന ഈ പദ്ധതി, പ്രാദേശിക മത്സ്യത്തൊഴിലാളി, കർഷക സമൂഹങ്ങളുടെ ഉപജീവനത്തിന് ഭീഷണിയാകുമെന്നതിനാൽ ജനങ്ങൾ തുറമുഖ വികസനത്തിനെതിരെ എതിർപ്പുകൾ ഉന്നയിച്ചിരിക്കുകയാണ്.
ജനങ്ങളുടെ സമ്മതമില്ലാതെ പദ്ധതിയുമായി മുന്നോട്ടു പോകില്ലെന്ന നിലപാടാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ്റേത്. അതേസമയം ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പ് നൽകാൻ സർക്കാർ തയ്യാറാകുന്നുമില്ല.
ഇതേസമയം കാട്ടുപ്പള്ളി തുറമുഖ വികസനത്തിനെതിരായി സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. “40 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ താമസിക്കുന്ന ഒരു ലക്ഷത്തിലധികം ആളുകൾ മത്സ്യബന്ധനത്തെ ആശ്രയിക്കുന്നു. ഈ സാഹചര്യത്തിൽ വിപുലീകരണ പദ്ധതി ആരംഭിച്ചാൽ സമുദ്രവിഭവങ്ങളും പ്രകൃതിവിഭവങ്ങളും നശിക്കുകയും തീരപ്രദേശം നശിക്കുകയും കൊസത്തലൈ നദിയുടെ ഗതിയെ ബാധിക്കുകയും ചെയ്യും.” എന്ന് സംസ്ഥാന സെക്രട്ടറിയറ്റിൻ്റെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. (വിഴിഞ്ഞം അദാനി പോർട്ടിനെതിരായി സമരം ചെയ്യുന്ന പ്രാദേശിക മത്സ്യത്തൊഴിലാളികളെ തല്ലിയോടിച്ചത് തമിഴ്നാട്ടിൽ പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ഉപജീവന പ്രശ്നമുന്നയിച്ച് സമരം ചെയ്യുന്ന അതേ പാർട്ടി തന്നെ!!)
_ കെ സഹദേവൻ
Follow us on | Facebook | Instagram | Telegram | Twitter | Threads