കേരളത്തിലെ ജാതി വിവേചനം അംഗീകരിക്കാൻ അവർ തയ്യാറല്ല!

“കേരളത്തിൽ ഇപ്പോഴും ജാതി വിവേചനം നടക്കുന്നുവെന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങളോ സമുദായ നേതാക്കളോ സാംസ്കാരിക നായകരോ മാധ്യമങ്ങളോ തയ്യാറല്ല…”
_ _ ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധമുന്നണി ജനുവരി 15 ന് കോട്ടയത്ത് നടത്തിയ മധ്യമേഖല കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ച പ്രമേയം

കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്ട്സ് എന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങ അംഗീകരിച് സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടുക.

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 2022 ഡിസംബർ 5നാണ് വിദ്യാർത്ഥികൾ സമരം തുടങ്ങിയത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന സമൂഹ്യ രാഷ്ട്രീയ പ്രശ്നമായ ജാതി വംശീയ സംവരണ അട്ടിമറി 80 വിദ്യാർത്ഥികൾ പഠിക്കുന്ന സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്വാശ്രയ സ്ഥാപനത്തിൽ നടപ്പാക്കുന്നു. സ്ത്രീകളായ ശുചീകരണ തൊഴിലാളികളോട് മനുഷ്യത്വരഹിതമായി പെരുമാറുന്ന ഡയറക്ടർ ശങ്കർ മോഹനെ പുറത്താക്കണം എന്നാണ് വിദ്യാർത്ഥികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

സമരത്തെ തുടർന്ന് സർക്കാർ നിയോഗിച്ച മൂന്നംഗ കമ്മിറ്റിക്ക് വിദ്യാർത്ഥികൾ മൊഴി നൽകി. ഡയറക്ടർ മൊഴി നൽകിയില്ല എന്നാണ് അറിഞ്ഞത്. ആ കമ്മിറ്റി സർക്കാരിന് നൽകിയ റിപ്പോർട്ടിന്മേൽ ഒരു നടപടിയും ഉണ്ടായില്ല

ഡയറക്ടർ ശങ്കർ മോഹൻ മനോരമ അടക്കമുള്ള പത്രങ്ങളിൽ ഇൻറർവ്യൂ നൽകി ആരോപണങ്ങൾ നിഷേധിച്ചു. ഒരു പരിക്കും ഏൽക്കാതെ ഡയറക്ടർ സ്ഥാനത്ത് തുടരുന്നു. ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ‘കുലീന കുടുംബത്തിൽ പിറന്ന’ ശങ്കർ മോഹന് ഉറച്ച പിന്തുണ നൽകുകയും ചെയ്യുന്നു. അദ്ദേഹം സ്ഥാപനത്തിൻ്റെ ചെയർമാനായി നിയമിതനായ ഉടൻ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹം നടപ്പിലാക്കിയ മൂന്ന് വർഷത്തെ കോഴ്സുകൾ രണ്ട് വർഷമായി ചുരുക്കിയത് സംപൂർണ്ണമായും പരാജയമായിരുന്നു. അവിടെ ആ തീരുമാനം പിൻവലിച്ചു. അതേ പരിഷ്കാരം ഇവിടെ നടപ്പിലാക്കാനുളള നടപടി അവസാനിപ്പിക്കുവാനോ ഡയറക്ടർ ശങ്കർ മോഹനനെതിരെ ഒരു നടപടി എടക്കാതെ വിദ്യാർത്ഥികളേയും ശുചീകരണ തൊഴിലാളികളേയും അധിക്ഷേപിച്ചു കൊണ്ട് ചെയർമാൻ സ്ഥാനത്ത് തുടരുന്നതിനേയും കേരളത്തിൻ്റെ സാംസ്കാരിക നായകനുമായി തുടരുന്നതിനെയും ഈ കൺവൻഷൻ ശക്തമായി അപലപിക്കുന്നു.

സിനിമാ പഠനത്തിനു മാത്രമയി ഡിസൈൻ ചെയ്തിരിക്കുന്ന ഈ സ്ഥാപനത്തിലേക്ക് പഠനം പുനഃസ്ഥാപിക്കാനും വാടക കെട്ടിടങ്ങൾ ഉപേക്ഷിക്കുവാനുമുള്ള വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണ്. ഈ വിഷയം പുറത്ത് പറഞ്ഞ വിദ്യാർത്ഥികളെ പുറത്താക്കിയ നടപടികൾ പിന്‍വലിക്കുക. നാല് വിദ്യാർത്ഥികളേയും തിരിച്ചെടുക്കുക.

ദളിത് വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കെതിരെ പ്രത്യക്ഷമായി തന്നെ നടക്കുന്ന ജാതി വിവേചനം അവസാനിപ്പിക്കുക. വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ് ഉടൻ നൽകുക. സംവരണ അട്ടിമറി നടത്തിയ ഡയറക്ടറെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്യുക. ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളെ ജാതി – വം.ശീയ അധിക്ഷേപം നടത്തിയ ശങ്കർ മോഹനനെ പ്രോസിക്യട്ട് ചെയ്യാൻ ഈ കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെടുന്നു.

വിദ്യാർത്ഥി സമരം മൂലം ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ജില്ല മജിസ്ട്രേറ്റായ കളക്ടർ ഇൻസ്റ്റിറ്റ്യൂട്ടും ഹോസ്റ്റലും അടച്ചുപൂട്ടാനും വിദ്യാർത്ഥികളോട് കാംപസ് വിടാനും ഉത്തരവിട്ടത് പിൻവലിക്കുക. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിൻ്റെയും ഡോ. എൻ കെ ജയകുമാറിൻ്റെയും നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റി നടത്തിയ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക.

ഒരു മാസത്തിലധികമായി അടച്ചിട്ടിരിക്കുന്ന രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്നായ കെ ആർ നാരായണൻ എന്ന മുൻ രാഷ്ട്രപതിയുടെ പേരിലുള്ള സ്ഥാപനം ഉടൻ തുറന്നു പ്രവർത്തിക്കുക.

മികച്ച ചലച്ചിത്ര പ്രവർത്തകരാകാൻ കേരളത്തിന് അകത്തും പുറത്തും നിന്ന് വന്ന വിദ്യാർത്ഥികളുടെ ഭാവി ഇന്ന് അനിശ്ചിതത്വത്തിലായിരിക്കുന്നു. പക്ഷെ കേരളത്തിലെ സർക്കാരും പ്രതിപക്ഷ പാർട്ടികളും ഏതാനും പേർ ഒഴികെയുള്ള സിനിമ പ്രവർത്തകരും സാംസ്കാരിക നായകന്മാരും പ്രമുഖ മാധ്യമങ്ങളും എന്തുകൊണ്ട് ഇപ്പോഴും ഈ പ്രശ്നം കണ്ടില്ലെന്ന് നടിക്കുന്നു? എന്ന് ഈ കൺവൻഷൻ ഇവരോട് ചോദിക്കുന്നു.

കാരണം മറ്റൊന്നുമല്ല അവിടെ എല്ലാ വിഭാഗത്തിലും പെടുന്ന വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആരോപണം ജാതി വിവേചനവും സംവരണ അട്ടിമറിയുമാണ്. സ്ത്രീകളായ ശുചീകരണ ജീവനക്കാരെക്കൊണ്ട് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായി ഹീന ജോലി ചെയ്യിക്കുന്ന വിഷയമാണ്. ആരോപണ വിധേയർ സുകുമാരൻ നായരുടെ ഭാഷയിൽ ‘തറവാടി നായന്മാർ’ ആണ്. കേരളത്തിൽ ഇപ്പോഴും ജാതി വിവേചനം നടക്കുന്നുവെന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങളോ സമുദായ നേതാക്കളോ സാംസ്കാരിക നായകരോ മാധ്യമങ്ങളോ തയ്യാറല്ല. അഥവ ഉണ്ടെന്ന് അംഗീകരിച്ചാലും വിവേചനം നടപ്പാക്കുന്ന തറവാടികളാണ് പ്രബലരെന്നും അവർക്കൊപ്പമാണ് തങ്ങൾ നിൽക്കേണ്ടതെന്നും അവർക്കറിയാം. സവർണ സംവരണം നടപ്പാക്കാൻ രാഷ്ട്രീയ ഭിന്നത മറന്ന് കൈകോർത്ത ഇടത്- വലത്- ബിജെപി പാർട്ടികൾ എങ്ങനെ സംവരണ അട്ടിമറിക്കെതിരെ പ്രതികരിക്കും?

മറുവശത്ത് യുവജനോത്സവ ‘ഊട്ടുപുര’യിൽ നിന്ന് ‘ഭയപ്പെട്ട്’ പിന്മാറുന്ന പഴയിടങ്ങളെ ചൊല്ലി അവർ ഒന്നിച്ച് വിലപിക്കും. സ്വത്വവാദികളും വർഗീയ വാദികളും നടത്തുന്ന ‘കുത്തിത്തിരിപ്പുകൾ’ക്കതിരെ പുരോഗമന കേരളത്തിൻ്റെ നാമത്തിൽ ഒന്നിച്ച് പ്രതിഷേധിക്കും.

ഇതാണ് കേരളത്തിൻ്റെ സാമൂഹിക- രാഷ്ട്രീയ- സാംസ്കാരിക മുഖ്യധാര കാലങ്ങളായി തുടരുന്ന സവർണ നീതിയുടെ നടപ്പാക്കൽ. എന്നാൽ ഇത് എക്കാലവും തുടരാമെന്ന് കരുതുന്നത് അതിരുകടന്ന വ്യാമോഹമാണ്. എണ്ണത്തിൽ കുറവെങ്കിലും നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കാൻ ഇപ്പോഴും മനുഷ്യരുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സംവരണീയ- സംവരേണതര വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നടത്തുന്ന സമരവും അതിന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയും. അത് തിരിച്ചറിഞ്ഞ് കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്ട്സ് എന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച് സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഞങ്ങൾ ഈ കൺവൻഷൻ ആവശ്യപ്പെടുന്നു.
_ ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധമുന്നണി

Follow us on | Facebook | Instagram Telegram | Twitter