പർബീർ പുർകായസ്തയുടെ അറസ്റ്റും നിർഭയ പത്രപ്രവർത്തകർക്കെതിരായ റെയ്ഡും
‘ന്യൂസ് ക്ലിക്ക് ‘ എഡിറ്റർ പർബീർ പുർകായസ്തയെ അറസ്റ്റ് ചെയ്തിരിക്കുന്നു. 90കളിൽ സജീവമായിരുന്ന ആണവ വിരുദ്ധ പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിച്ച ‘Coalition for Nuclear Disarmament and Peace- CNDP എന്ന സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പർബീർ പുർകായസ്തയെ ആദ്യമായി നേരിൽ പരിചയപ്പെടുന്നത്.
രണ്ടാം വാജ്പേയ് സർക്കാർ പൊഖ്റാനിൽ ആണവ പരീക്ഷണം നടത്തിയപ്പോൾ അതിനെതിരായി രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയർത്തിവിടാനും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ചെലുത്താനും മുൻ നേവൽ ചീഫ് ആയിരുന്ന അഡ്മിറൽ രാംദാസ് , അകാലത്തിൽ നമ്മെ വിട്ടു പോയ പ്രമുഖ പത്രപ്രവർത്തകൻ പ്രഫുൽ ബിദ്വായ്, അച്ചിൻ വനെെക്, പർബീർ പുർകായസ്ത എന്നിവരുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുകയുണ്ടായി.
ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനകീയ പ്രസ്ഥാനങ്ങളെ ഒരുമിച്ച് ചേർത്തുകൊണ്ട് 2000ത്തിൽ ദില്ലിയിൽ വിപുലമായ ആണവ വിരുദ്ധ – സമാധാന കൺവെൻഷൻ വിളിച്ചു ചേർക്കുന്നതിലും നിർത്തിവെച്ച ‘ആഗ്ര ഡയലോഗ് പ്രോസസ്സ് ‘ പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളിലെയും ഗവൺമെൻ്റുകളെയും നിർബന്ധിതമാക്കുന്നതിലും ആണവ വിരുദ്ധ പ്രസ്ഥാനങ്ങൾ വിജയിക്കുകയുണ്ടായി.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ആദ്യ വർഷം തന്നെ ഇന്ത്യയിലെ ജനകീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഇൻ്റലിജെൻസ് ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ടിൽ പേരെടുത്ത് പരാമർശിക്കുന്ന അമ്പതോളം ആക്ടിവിസ്റ്റുകളിൽ ഒരാൾ കൂടിയാണ് പർബീർ. ജനവിരുദ്ധങ്ങളായ വികസന പദ്ധതികളെ ചോദ്യം ചെയ്തിരുന്ന ജനകീയ മുന്നേറ്റങ്ങൾക്ക് നേതൃപരമായ പങ്ക് വഹിച്ചു എന്നതായിരുന്നു ഉന്നയിക്കപ്പെട്ട ആരോപണം. അതിലൂടെ ഇന്ത്യൻ സാമ്പത്തിക വളർച്ചയ്ക്ക് തടയിട്ടുവെന്നും 2015ൽ പ്രധാനമന്ത്രിയുടെ ഓഫീസിന് ‘കോൺഫിഡൻഷ്യൽ’ ആയി അയച്ച ഐ ബി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അടിയന്തിരാവസ്ഥയിലടക്കം പ്രതിഷേധ സ്വരമുയത്തിയ ചരിത്രമാണ് പർബീറിൻ്റേത്. അക്കാലത്ത് ജയിലിൽ അടക്കപ്പെട്ടവരിൽ പർബീറും ഉണ്ടായിരുന്നു.
നരേന്ദ്ര മോദി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളെ നഖശിഖാന്തം എതിർത്തിരുന്ന ‘ന്യൂസ് ക്ലിക്ക് ‘ ജേർണലിൻ്റെ പത്രാധിപ സ്ഥാനം അലങ്കരിക്കുന്ന പർബീർ പുർകായസ്തയുടെ വീടും ന്യൂസ് ക്ലിക്ക് ഓഫീസും ഇന്നലെ (ഒക്ടോബർ 3ന്) രാവിലെ 6.30 ന് റെയ്ഡു ചെയ്യുകയും അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ചെയ്തിരിക്കുന്നു.
കൂടാതെ, മുതിർന്ന മാധ്യമപ്രവർത്തകരായ ഊർമിളേഷ്, ഭാഷാ സിംഗ്, കമന്റേറ്റർ അനിന്ദ്യോ ചക്രവർത്തി , അഭിസാർ ശർമ്മ, പരഞ്ജോയ് ഗുഹാ താക്കുർത്ത, തീസ്ത സെതൽവാദ് എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തുകയുണ്ടായി. ഭീകരവാദബന്ധം ആരോപിച്ച് UAPA ചുമത്തിയാണ് ചോദ്യം ചെയ്യലുകൾ നടത്തുന്നത്. ഇവരുടെയൊക്കെ ഫോണുകൾ ലാപ്ടോപ്പുകൾ എന്നിവ നിയമവിരുദ്ധമായി പിടിച്ചെടുത്തിരിക്കുകയാണ്.
പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന വേളയിൽ സ്വതന്ത്ര – നിർഭയ പത്രപ്രവർത്തകർക്കെതിരായ റെയ്ഡുകളും അറസ്റ്റും സൂചിപ്പിക്കുന്നത് സംഘ് പരിവാരം ഒരു തോൽവിയെ മുന്നിൽ കാണുന്നുവെന്നതാണ്. സംഘ് പരിവാർ ഫാസിസത്തിനെതിരായി കൂടുതൽ ശക്തവും സംഘടിതവുമായ പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ടെന്നതാണ് മോദിയുടെ ഭയചകിതമായ ഈ നടപടികൾ നമ്മോട് ആവശ്യപ്പെടുന്നത്.
_ കെ സഹദേവൻ
Related Articles
സിപിഎമിന് ഓർമ്മയുണ്ടോ മാധ്യമപ്രവർത്തകരായ സഖാക്കൾ ഗോവിന്ദൻകുട്ടിയെയും സ്വപ്‍ൻ ദാസ് ഗുപ്തയെയും?
Follow us on | Facebook | Instagram | Telegram | Twitter | Threads