വിശ്വനാഥന്റെ ദുരൂഹ മരണം; വസ്തുതകള്‍ വിരൽചൂണ്ടുന്നത് കൊലപാതക സാധ്യതയിലേക്ക്!

“പോലീസിന്റെയും വിശ്വനാഥന്റെ ബന്ധുക്കളുടെയും, മെഡിക്കല്‍ കോളേജ് സെക്യൂരിറ്റി ജീവനക്കാരുടെയും സമീപത്തെ കച്ചവടക്കാര്‍, മറ്റു രോഗികളുടെ കൂട്ടിരിപ്പുകാര്‍ എന്നിവരുടെയും വിശദീകരണങ്ങള്‍ വിലയിരുത്തുമ്പോള്‍ ബന്ധുക്കളുടെ വിശദീകരണവും സംശയങ്ങളുമാണ് താരതമ്യേന യാഥാര്‍ത്ഥ്യത്തോട് അടുത്തുനില്‍ക്കുന്നതായി തോന്നുന്നത്. അതുകൊണ്ടു തന്നെ ആത്മഹത്യയെന്നതിനെക്കാള്‍ കൊലപാതക സാധ്യതയിലേക്കാണ് വസ്തുതകള്‍ വിരല്‍ ചൂണ്ടുന്നത്…”

വിശ്വനാഥന്റെ ദുരൂഹമരണം ജനകീയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

കല്‍പ്പറ്റ അഡ്‌ലയ്ഡ് പാറവയല്‍ കോളനിയിലെ സോമന്റെയും പാറ്റയുടെയും ഏഴു മക്കളില്‍ നാലാമനായ വിശ്വനാഥനെ (45), 2023 ഫെബ്രുവരി 11-ാം തീയതി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പരിസരത്ത് ആളൊഴിഞ്ഞ് കാടുമൂടിയ പറമ്പിലെ ഉയരമുള്ള മരകൊമ്പില്‍ ഉടുമുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. സംഭവത്തെ കുറിച്ച് വസ്തുതാന്വേഷണത്തിനായി, പി.യു.സി.എല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി. എ പൗരന്റെ നേതൃത്വത്തില്‍ കേരളത്തിലെ മനുഷ്യാവകാശ – പൊതുപ്രവര്‍ത്തകര്‍ ചേര്‍ന്നു ഒരു സമിതി രൂപീകരിച്ചു. തുടര്‍ന്നു നടത്തിയ ജനകീയ വസ്തുതാന്വേഷണത്തിന്റെ വിവരങ്ങളും, എത്തിചേര്‍ന്ന നിഗമനങ്ങളും, കണ്ടെത്തലുകളും റിപ്പോര്‍ട്ടായി പൊതുസമൂഹത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു.

I ജനകീയ അന്വേഷണ കമ്മിറ്റി അംഗങ്ങള്‍

1. അഡ്വ. പി. എ. പൗരന്‍ (പി.യു.സി.എല്‍) സമിതി ചെയര്‍മാന്‍
2. ഡോ. ഹരി പി.ജി (ആരോഗ്യ ജാഗ്രത)
3. കാര്‍ത്തികേയന്‍ കെ (ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധമുന്നണി)
4. നഹാസ് സി. പി (പുരോഗമന യുവജനപ്രസ്ഥാനം
5. മുഹമ്മദ് ഹനീന്‍ (ഡി.എസ്.എ)
6. ഷാജഹാന്‍ (മനുഷ്യാവകാശ പ്രവര്‍ത്തകന്‍)
7. ഷാന്റോ ലാല്‍ (പോരാട്ടം)
8. ഗൗരി വയനാട് (ആദിവാസി മനുഷ്യാവകാശ പ്രവര്‍ത്തക)
9. വിന്‍സെന്റ് തടമ്പാട്ടുതാഴം (വിവരാവകാശ പ്രവര്‍ത്തകന്‍)

II സമിതിയുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയ വിഷയങ്ങള്‍

A. വിശ്വനാഥന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട പ്രാഥമികവിവരങ്ങളും വസ്തുതകളും
B. ബന്ധുക്കളുടെയും സഹോദരങ്ങളുടെയും വിശദീകരണങ്ങള്‍
C. വിശ്വനാഥന്റെ ദുരൂഹമരണം – കൊലപാതകമോ, ആത്മഹത്യയോ?
D. മെഡിക്കല്‍ കോളേജ് സുരക്ഷാ ജീവനക്കാര്‍, ട്രൈബല്‍ പ്രമോട്ടര്‍, മറ്റു ജീവനക്കാര്‍, മെഡിക്കല്‍ കോളേജ്, മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ തുടങ്ങിയവരുടെ ഭാഗത്തു നിന്നും എന്തെങ്കിലും തരത്തിലുള്ള അവഗണനയോ അനാസ്ഥയോ ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്തൊക്കെ?

III വസ്തുതാന്വേഷണത്തിന്റെ ഭാഗമായി സമിതി പരിശോധിച്ച രേഖകള്‍

1. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് – കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ക്രൈം. നമ്പര്‍ 156/2023.
2. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നമ്പര്‍: 291/2023 ഗവ.മെഡിക്കല്‍ കോളേജ് കോഴിക്കോട.്
3. സംഭവ സ്ഥലം മഹസര്‍.
4. സ്വീഷര്‍ മഹസര്‍.
5. ശ്രീ. എ. വാസുവിന്റെ നേതൃത്വത്തില്‍ മനുഷ്യാവകാശ സംരക്ഷണസമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്
6. വിവിധ മാധ്യമങ്ങളില്‍ വന്ന പ്രസ്തുത സംഭവം സംബന്ധിച്ച വാര്‍ത്താ റിപ്പോര്‍ട്ടുകള്‍.
7. മനുഷ്യാവകാശ കമ്മീഷന്‍, പട്ടികവര്‍ഗ കമ്മീഷന്‍, വകുപ്പ് മന്ത്രിമാര്‍, കലക്ടര്‍ തുടങ്ങിയവരുടെ മാധ്യമങ്ങളില്‍ വന്ന പ്രസ്താവനകള്‍.

IV വസ്തുതാന്വേഷണത്തിന്റെ ഭാഗമായി നേരില്‍ കണ്ടു സംസാരിച്ച വ്യക്തികളും പരിശോധന നടത്തിയ സ്ഥലങ്ങളും

1. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം, അത്യാഹിത വിഭാഗത്തിന് സമീപത്തെ കൂട്ടിരിപ്പുകാരുടെ വിശ്രമകേന്ദ്രവും അവിടുത്തെ സൗകര്യങ്ങളും സംവിധാനങ്ങളും.
2. സുരക്ഷാ ജീവനക്കാരുടെ മേല്‍നോട്ടക്കാരന്‍ ശ്രീ. സഫറുള്ള.
3. സുരക്ഷാ ജീവനക്കാരായ മോഹന്‍ദാസ്, ശ്രീശന്‍, ബോബി.
4. വിശ്വനാഥന്റെ മൃതശരീരം കണ്ടെത്തിയ മരവും പരിസരപ്രദേശവും, വിവരം ആദ്യം സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞ പരിസരവാസിയായ റിട്ടയേര്‍ഡ് പോലീസ് ഓഫീസര്‍ ദിലീപ് കുമാര്‍.
5. മെഡിക്കല്‍ കോളേജ് – കുന്ദമംഗലം റോഡില്‍ മാതൃ – ശിശുസംരക്ഷണ അത്യാഹിത വിഭാഗത്തിന് എതിര്‍വശത്തുള്ള തെരുവോര കച്ചവടക്കാരെയും തട്ടുകടയിലെ ജീവനക്കാരെയും.
6. വിശ്വനാഥന്റെ ഭാര്യ ബിന്ദു
7. വിശ്വനാഥന്റെ ഭാര്യാ മാതാവ് ലീല
8. വിശ്വനാഥന്റെ അമ്മ പാറ്റ
9. വിശ്വനാഥന്റെ സഹോദരങ്ങള്‍ ഗോപി, ജോയ്, വിനോദ്, മറ്റു ബന്ധുക്കള്‍
10.മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ ഓഫീസര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍, കോഴിക്കോട്ടെയും വയനാട്ടിലെയും ട്രൈബല്‍ പ്രമോട്ടര്‍മാര്‍ മുതലായവര്‍.

ഈ അന്വേഷണവും റിപ്പോര്‍ട്ടും തയ്യാറാക്കുന്നത് വിശ്വനാഥന്റെ അസ്വാഭാവിക മരണം നടന്നു അധിക ദിവസം കഴിയുന്നതിനു മുന്‍പാണ്. പക്ഷെ, മറ്റു ചില സാങ്കേതിക തടസങ്ങള്‍ മൂലം വൈകി ഇപ്പോഴാണ് (2023 ഒക്ടോബര്‍ 11) റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ കഴിയുന്നത്.

മെഡിക്കല്‍കോളേജ് പരിസരം പോലെ ആള്‍ക്കൂട്ടവും ബഹളവും നിറഞ്ഞ പ്രദേശത്ത് നിന്ന് വിശ്വനാഥനെ പോലെയൊരു ആദിവാസി യുവാവ് ഇരുളിലേക്ക് ഓടിമറഞ്ഞുവെന്ന് ബന്ധുക്കള്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയിട്ടും, പോലീസ് വേണ്ടത്ര ഗൗരവത്തിലെടുത്തില്ലായെന്നു മാത്രമല്ല, ആളൊഴിഞ്ഞ പറമ്പിലെ ഉയരം കൂടിയ മരത്തിന്റെ കൊമ്പില്‍ ഉടുമുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിട്ടും, ആര്‍.ഡി.ഒ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ എത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ താഴെയിറക്കി, ആത്മഹത്യയായ് ഫയല്‍ അവസാനിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. അതുകൊണ്ടു തന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തൂങ്ങിമരണം എന്നു പറയുന്നതല്ലാതെ മരണം നടന്ന ഏകദേശ സമയമോ, മറ്റു തെളിവുകളോ പ്രതിപാദിക്കുന്നില്ല.

തുടര്‍ന്ന് കേരളത്തിലെ പൊതുവിലും വയനാട്ടിലെ പ്രത്യേകിച്ചു ആദിവാസി ദളിത് ന്യൂനപക്ഷ രാഷ്ട്രീയ സംഘടനകളും കൂട്ടായ്മകളും മനുഷ്യാവകാശപ്രവര്‍ത്തകരും ഒറ്റയ്ക്കും കൂട്ടായും നിരന്തര പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തുകയും, സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു രംഗത്തുവരികയും, വയനാട് കേന്ദ്രികരിച്ച് വിവിധങ്ങളായ സമരപരിപാടികള്‍ ആരംഭിക്കുകയും ഒപ്പം തന്നെ മെഡിക്കല്‍ കോളേജ് പരിസരത്ത് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, ജനകീയ അന്വേഷണങ്ങള്‍ എന്നിവ നടക്കുകയുണ്ടായി.

ആദ്യം വിശ്വനാഥനെ കാണാതായ രാത്രി സ്റ്റേഷനില്‍ എത്തി പരാതി പറഞ്ഞ ഭാര്യാ മാതാവ് ലീലയോട് പോലീസ് വളരെ അവഗണനയോട് കൂടിയാണ് പെരുമാറിയെതെന്നും ടോര്‍ച്ച് പോലുമില്ലാതെ അവിടെ വരെ വന്ന് നോക്കിയ ശേഷം നിങ്ങള്‍ ഡിസ്ചാര്‍ജ്ജാകുന്നതിന് മുന്‍പ് അവനിങ്ങ് തിരിച്ചുവന്നോളും എന്ന് പറഞ്ഞ് തിരിച്ചു പോകുകയാണ് ഉണ്ടായത്. പിറ്റേ ദിവസം സഹോദരന്‍ വിനോദ് പരാതിയുമായ് ചെല്ലുമ്പോള്‍ ബെന്നി ലൂക്കോസ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ വിശ്വനാഥനെതിരെ മോഷണ പരാതിയുണ്ട് എന്ന് പറഞ്ഞ് മോശമായി പെരുമാറാനാണ് ശ്രമിച്ചതെന്ന് വിനോദ് ഞങ്ങളോട് ആവര്‍ത്തിച്ചു. കേസിന്റെ വിവരങ്ങള്‍ തുടര്‍ന്ന് അന്വേഷിക്കുമ്പോഴാണ് അത്തരത്തില്‍ ഒരു മോഷണമോ പരാതിയോ ആ ദിവസങ്ങളില്‍ ഒന്നും തന്നെ മെഡിക്കല്‍ കോളേജിലെ കാത്തിരിപ്പുകേന്ദ്രത്തില്‍ നിന്നോ സുരക്ഷാ ജീവനക്കാരില്‍ നിന്നോ ഉണ്ടായിട്ടില്ല എന്ന് ബോധ്യപ്പെടുന്നത്.

ഇത്തരത്തിലൊരു നിസ്സഹകരണ രീതി തന്നെയാണ് മനുഷ്യാവകാശപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ ചെന്നവരോടും മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ആദ്യം മെല്ലെപോക്ക് സ്വീകരിച്ച അന്വേഷണ സംഘം വളരെ പെട്ടെന്ന് തന്നെ കൂടുതല്‍ തെളിവുകള്‍ക്ക് സാധ്യതയില്ല എന്ന നിഗമനത്തിലെത്തി. കൂടുതല്‍ അന്വേഷണം ആവശ്യമെങ്കില്‍ ഒരു മാസത്തിനുള്ളില്‍ തന്നെ മറ്റേതെങ്കിലും ഏജന്‍സിക്ക് കൈമാറണമെന്ന കുറിപ്പോടു കൂടി ഫയല്‍ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മടക്കി. (പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണം.) തുടര്‍ന്നു ജില്ലാ പോലീസ് മേധാവിയുടെ ശുപാര്‍ശ കുറിപ്പോടു കൂടി സംസ്ഥാന പോലീസ് ആസ്ഥാനത്തേക്ക് ഫയല്‍ പോയി തീരുമാനമായി തിരിച്ചുവന്നു. ക്രൈംബ്രാഞ്ചില്‍ പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ച് ഫയലുകള്‍ ഏറ്റെടുക്കാന്‍ മാസങ്ങള്‍ വേണ്ടി വന്നു. ഈ സമയത്തിനുള്ളില്‍ നഷ്ടമായത് ആ ദിവസങ്ങളില്‍ അവിടെയുണ്ടായിരുന്ന മറ്റു രോഗികളുടെ കൂട്ടിരുപ്പുകാരുടെയും സെക്യൂരിറ്റി ജിവനക്കാരുടേയും നിര്‍ണായക വിവരങ്ങളും അവിടെ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിലെ റെക്കോര്‍ഡുകളും അടക്കമുള്ള നിരവധി തെളിവുകളാണ്.

മൃതദേഹം കണ്ടെത്തിയ മരത്തിന്റെ തായ്തടിയില്‍ നിന്നു ഉള്‍പ്പെടെ ശാസ്ത്രീയമായ തെളിവു ശേഖരണത്തിന് പോലും വളരെയധികം കാലതാമസം എടുത്തു എന്നു കാണാം. അദ്ദേഹത്തിന്റെതായി തിരിച്ചുകിട്ടിയ മൊബൈല്‍ഫോണില്‍ നിന്നു അവസാനമായി മൂന്നു പ്രാവശ്യം വിളിക്കാന്‍ ശ്രമിച്ചിരിക്കുന്നത് പോലീസ് ആസ്ഥാനത്തെ ടോള്‍ഫ്രീ നമ്പറിലേക്കാണെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

ആത്മഹത്യ ചെയ്യാന്‍ മരത്തില്‍ കയറിയ ഒരാള്‍ നിര്‍ണ്ണായക ഘട്ടത്തില്‍ അത്തരത്തിലൊരു ഫോണ്‍ ചെയ്യല്‍ സാധ്യത കുറവാണെന്നുവേണം വിലയിരുത്താനും. ഒപ്പം ആരെയോ ഭയന്ന് പോലീസ് സഹായം ആവശ്യപ്പെട്ടതാണോ എന്ന തരത്തില്‍ അന്വേഷണം മുന്നോട്ട് പോയിട്ടില്ലായെന്ന് കാണാം. വലിയ മരങ്ങള്‍ കയറല്‍ വിശ്വനാഥനെ കൊണ്ട് സാധ്യമായ പണിയായിരുന്നില്ലായെന്നത് അദ്ദേഹത്തിന്റെ സഹോദരങ്ങളും ഭാര്യയും മാത്രമല്ല, അദ്ദേഹത്തിന്റെ തൊഴിലുടമയും സാക്ഷ്യപ്പെടുത്തുന്നു. ദരിദ്ര കര്‍ഷകരും ഭൂരഹിത ആദിവാസി ദളിത് കര്‍ഷകരും ഏറെയുള്ള വയനാട് ജില്ലയില്‍ അടിയന്തരഘട്ടങ്ങള്‍ക്ക് ആവശ്യമായ അതി തീവ്ര ചികിത്സാ സംവിധാനങ്ങളോടു കൂടിയ ആശുപത്രികള്‍ ഇല്ലാത്തതുകൊണ്ടു ആശ്രയിക്കുന്ന ഏക കേന്ദ്രമാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്. എന്നാല്‍ ആവശ്യമായ പരിഗണനയോ അനുഭാവപൂര്‍ണമായ ഒരു സമീപനമോ വയനാട്ടില്‍ നിന്നു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തുന്ന ആദിവാസി ജനവിഭാഗങ്ങള്‍ക്ക് അധികാരികളില്‍ നിന്നും ലഭ്യമാകുന്നില്ലയെന്നത് അവിടെ സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും മനസിലാകും. ആദിവാസി ദരിദ്ര വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്കൊപ്പം വരുന്ന ബന്ധുക്കള്‍ ആശുപത്രിവളപ്പിലെ ചുറ്റുമതിലിനോട് ചേര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റും കാര്‍ഡ്‌ബോര്‍ഡുകളും ഉപയോഗിച്ച് മറച്ച് കഴിഞ്ഞുകൂടുകയാണ് പലപ്പോഴും ചെയ്യുന്നത്.

കല്‍പ്പറ്റ പാറവയല്‍ അഡ്‌ലയ്ഡ് കോളനിയിലെ വിശ്വനാഥന്റെ ഭാര്യ ബിന്ദുവിന്റെ പ്രസവവുമായി ബന്ധപ്പെട്ടാണ് ഫെബ്രുവരി 7-ന് മെഡിക്കല്‍ കോളേജിലെ മാതൃശിശുകേന്ദ്രത്തിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ എത്തുന്നത്. ബിന്ദുവിനെ അവിടെ അഡ്മിറ്റ് ആക്കുകയും 10-ാം തീയതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഭാര്യയേയും കുട്ടിയേയും കണ്ടതിനുശേഷം വിശ്വനാഥന്‍ രാത്രി 10 മണിയോടുകൂടി അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരുമായും മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരില്‍ ചിലരുമായും എന്തൊക്കെയോ സംസാരമുണ്ടാകുകയും ബിന്ദുവിന്റെ അമ്മ ലീലയെ വീണ്ടും ഗേറ്റിലേക്ക് വിളിച്ചു വരുത്തി സംസാരിക്കുകയും ചെയ്തു. ഇവരെല്ലാം ചേര്‍ന്ന് എന്നെ കള്ളനാക്കാന്‍ ശ്രമിക്കുന്നു എന്ന് ലീലയോട് പരാതി പറയുകയും ലീല വിശ്വനാഥനോട് സംസാരിച്ച് ആശ്വസിപ്പിച്ച് തിരികെ വാര്‍ഡിലേക്ക് പോകുകയും ചെയ്തു.

ഏകദേശം രാത്രി ഒന്നര മണിയോടുകൂടി വിശ്വനാഥന്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ നിന്ന് എതിര്‍വശത്തുള്ള തെരുവോര കടകള്‍ക്കിടയിലൂടെ കാട് നിറഞ്ഞ പറമ്പിലെ ഇരുട്ടിലേക്ക് ഓടി മറയുകയായിരുന്നു. തുടര്‍ന്നു ലീലയും മറ്റൊരു വൃദ്ധയായ സ്ത്രീയും കൂടി പോലീസ് സ്റ്റേഷനില്‍ ചെന്ന് വിവരം പറഞ്ഞ് പരാതിപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതില്‍ ഒരു പോലീസ് സെര്‍ച്ച് ലൈറ്റോ, ടോര്‍ച്ചോ ഇല്ലാതെ ഇവിടെ വരെ വന്നു നോക്കുകയും, ലീലയെ കൊണ്ട് വിശ്വനാഥന്റെ പേര് രണ്ടു മൂന്നു പ്രാവശ്യം ഉച്ചത്തില്‍ വിളിപ്പിച്ച് നോക്കുകയും മാത്രമാണ് ചെയ്തത്. നാളെ അവനിങ്ങ് തിരികെ വന്നോളും, ഇല്ലെങ്കില്‍ നാളെ പകല്‍ അന്വേഷിക്കാം എന്നു പറഞ്ഞു തിരികെ പോകുകയാണ് ചെയ്തതെന്ന് ലീലയും ആ സമയത്ത് അവിടെ ഉണ്ടായിരുന്നവരും പറഞ്ഞത്. സെക്യൂരിറ്റിക്കാര്‍ വിശ്വനാഥന്റെ ഫോണും കൈയ്യില്‍ സൂക്ഷിച്ചിരുന്ന കവറും ഗേറ്റിന് മുന്നില്‍ നിന്നു ലഭിച്ചു എന്ന് പറഞ്ഞ് ലീലയെ എല്‍പ്പിക്കുകയാണ് ചെയ്തത്. തുടര്‍ന്നു ലീല ബന്ധുക്കളെയും വിശ്വനാഥന്റെ സഹോദരങ്ങളേയും വിളിച്ചറിയിച്ചതിന്റെ ഭാഗമായി അവര്‍ എത്തുകയും 10/02/23 രാവിലെ മുതല്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് വിശ്വനാഥന്‍ ഓടിപ്പോയ ഭാഗം മുഴുവന്‍ തേടി നടന്നു. മരങ്ങളിലും കാടുകളിലും നോക്കുകയുണ്ടായി അസ്വാഭാവികമായി ഒന്നും കാണാന്‍ കഴിഞ്ഞില്ല.

തുടര്‍ന്നു ഉച്ചയ്ക്ക് 12 മണിയോടുകൂടി പോലീസ് സ്റ്റേഷനില്‍ പരാതി പറയുകയും 3.30-ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമാണ് ചെയ്തത്. അന്നേ ദിവസം പകലും രാത്രിയും പോലീസും ബന്ധുക്കളും തിരഞ്ഞു നടന്ന സ്ഥലത്തെ മരത്തിന്റെ കൊമ്പില്‍ തന്നെയാണ് അടുത്ത ദിവസം രാവിലെ വിശ്വനാഥന്റെ ശരീരം ഉടുമുണ്ടില്‍ തൂങ്ങി നില്‍ക്കുന്നതായി പരിസരവാസിയായ റിട്ടേയ്ഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ദിലീപ്കുമാര്‍ കണ്ടെത്തുന്നതും സ്റ്റേഷനില്‍ വിവരം അറിയിക്കുന്നതും. തുടര്‍ന്നു പോലീസും ഫയര്‍ഫോഴ്‌സുമെത്തി ശരീരം താഴെയിറക്കി മേല്‍നടപടികള്‍ സ്വീകരിക്കുകയുമാണ് ഉണ്ടായത്. ശരീരം താഴെയിറക്കി പ്രാഥമിക നടപടികള്‍ സ്വീകരിക്കുന്ന സമയത്ത് ബന്ധുക്കള്‍ ഇല്ലായിരുന്നു എന്നതും പോലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയായ് തന്നെ കരുതാം. വിശ്വനാഥന്‍ ധരിച്ചിരുന്ന ഷര്‍ട്ടും മറ്റും അടങ്ങിയ കവര്‍ കണ്ടെത്തുന്നത് ഏകദേശം അഞ്ചു ദിവസം കഴിഞ്ഞ് സംഭവം നടന്ന മരത്തിന്റെ ചോട്ടില്‍ നിന്നു കേവലം ആറു മീറ്റര്‍ മാത്രം മാറി കുറ്റികാടുകള്‍ക്കടുത്തു നിന്നാണ്.

അന്വേഷണത്തിലെ അനാസ്ഥക്കെതിരെ വ്യാപകമായ പ്രതിഷേധം വിവിധ കോണുകളില്‍ നിന്നു ഉയരാന്‍ തുടങ്ങിയതോട് കൂടി മെഡിക്കല്‍ കോളേജ് പോലീസ് ഇന്‍സ്‌പെക്ടര്‍ ബെന്നിലാലു മരണത്തിന്റെ ദുരൂഹത നീക്കാന്‍ തക്കവണ്ണം തെളിവുകള്‍ ലഭ്യമല്ലായെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് പോലെ ഏജന്‍സി ഏറ്റെടുക്കണമെന്ന അഭ്യര്‍ത്ഥനയോടു കൂടി മേലധികാരികള്‍ക്ക് സമര്‍പ്പിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണത്തിന്, അന്വേഷണ സംഘത്തിന് രൂപം നല്‍കിയെങ്കിലും ഫയലുകള്‍ കൈമാറി കിട്ടി അന്വേഷണം തുടങ്ങാന്‍ പിന്നെയും മാസങ്ങള്‍ വൈകി. അവശേഷിച്ച ശാസ്ത്രീയ തെളിവുകള്‍ കൂടി ഈ കാലയളവിനുള്ളില്‍ വീണ്ടെടുക്കാന്‍ കഴിയാതെ വരികയും ചെയ്തു. ഇപ്പോള്‍ വീണ്ടും ബന്ധുക്കളുടെയും മറ്റും മൊഴിയെടുക്കലില്‍ തന്നെ നില്‍ക്കുകയാണ് അന്വേഷണം.

പോലീസിന്റെ ഭാഗത്ത് നിന്നും അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ധാരാളം വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനം മൃതശരീരത്തിന്റെ പ്രാഥമിക പരിശോധന തിരിച്ചറിയല്‍ ഘട്ടത്തില്‍ ആര്‍.ഡി.ഒ തലത്തിലുള്ള ഉദ്യോഗസ്ഥന്റെ അഭാവം തന്നെയാണ്. വയനാട് സ്വദേശിയായ ആദിവാസി യുവാവിനെ മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നു കാണാതായി എന്ന വിവരം കിട്ടിയിട്ടും നാളെയിങ്ങ് തിരിച്ചെത്തിക്കോളും എന്ന ലാഘവബുദ്ധിയോടും മുന്‍വിധിയോടും കൂടിയ സമീപനമാണ് പോലീസ് സ്വീകരിച്ചത്. കാണാതായ ആളിന്റെ പേരില്‍ മോഷണ പരാതിയുണ്ടെന്ന് ബന്ധുക്കള്‍ക്ക് മുന്നില്‍ സ്ഥാപിക്കാനും ശ്രമം നടന്നു.

വസ്തുതാന്വേഷണ സമിതി എത്തിചേര്‍ന്ന നിഗമനങ്ങള്‍

1. പോലീസിന്റെയും വിശ്വനാഥന്റെ ബന്ധുക്കളുടെയും, മെഡിക്കല്‍ കോളേജ് സെക്യൂരിറ്റി ജീവനക്കാരുടെയും സമീപത്തെ കച്ചവടക്കാര്‍, മറ്റു രോഗികളുടെ കൂട്ടിരിപ്പുകാര്‍ എന്നിവരുടെയും വിശദീകരണങ്ങള്‍ വിലയിരുത്തുമ്പോള്‍ ബന്ധുക്കളുടെ വിശദീകരണവും സംശയങ്ങളുമാണ് താരതമ്യേന യാഥാര്‍ത്ഥ്യത്തോട് അടുത്തുനില്‍ക്കുന്നതായി തോന്നുന്നത്. അതുകൊണ്ടു തന്നെ ആത്മഹത്യയെന്നതിനെക്കാള്‍ കൊലപാതക സാധ്യതയിലേക്കാണ് വസ്തുതകള്‍ വിരല്‍ ചൂണ്ടുന്നത്.

2. പോലീസ് അധികാരികളുടെയും പൊതുസമൂഹത്തിന്റെയും ആദിവാസി വിരുദ്ധ വംശീയതയും പൊതുബോധവും വിശ്വനാഥന്റെ കാര്യത്തിലും പ്രകടമാണ്.

3. കള്ളനും മദ്യപാനിയുമായ ആളാണ് ആദിവാസിയെന്നും ലഹരിയിറങ്ങുമ്പോള്‍ തിരികെയെത്തിക്കോളും എന്ന അലസ മുന്‍വിധിയോടെയാണ് പോലീസ് ആദ്യം പരാതിയുമായ് ചെന്ന ബന്ധുക്കളോട് സമീപിച്ചത്.

4. പോലീസിന്റെ വീഴ്ച മറച്ചുവയ്ക്കാനും മുഖം രക്ഷിക്കാനുമായി വിശ്വനാഥന്റെ വീട് സന്ദര്‍ശിച്ചശേഷം, പോലീസ് മേധാവി മാധ്യമങ്ങളോട് ബന്ധുക്കള്‍ റീപോസ്റ്റ് മോര്‍ട്ടം ആവശ്യത്തില്‍ നിന്നു പിറകോട്ടുപോയി എന്നു പറയുകയുണ്ടായി. ഇത് വിശ്വനാഥന്റെ സഹോദരന്‍ അപ്പോള്‍ തന്നെ നിഷേധിക്കുകയുണ്ടായി. എങ്കിലും ആ വഴിക്ക് അന്വേഷണം മുന്നോട്ടു പോയില്ല.

5. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ ഉടന്‍ നടപ്പില്‍ വരുത്തേïതാണ്.

6. ജീവനക്കാരുടെ അമിത ജോലിഭാരവും മറ്റു സമ്മര്‍ദ്ദങ്ങളും കുറയ്ക്കാന്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുക.

7. മെഡിക്കല്‍ കോളേജ് പോലെയുള്ള ആധുനിക ചികിത്സാ കേന്ദ്രങ്ങള്‍ രോഗി സൗഹൃദമാക്കുന്നതിന് ആവശ്യമായ പഠനങ്ങള്‍ നടത്തി മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുക.

സമിതി മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍

1. വിശ്വനാഥന്റെ അസ്വാഭാവിക മരണത്തിന് പിന്നിലെ യഥാര്‍ത്ഥ ചിത്രം എത്രയും പെട്ടെന്ന് പുറത്തുകൊണ്ടു വന്നു നിയമനടപടികള്‍ ആരംഭിക്കുക.

2. അതിനായി കോടതിയുടെ മേല്‍നോട്ടത്തിലോ മറ്റേതെങ്കിലും ഏജന്‍സിയുടെ നേതൃത്വത്തിലോ നിഷ്പക്ഷമായൊരു അന്വേഷണം നടത്തുക.

3. വിശ്വനാഥന്റെ മരണം മൂലം അനാഥമായ കുടുംബത്തിന് അര്‍ഹമായ എല്ലാ അവകാശങ്ങളും ഉടന്‍ ലഭ്യമാക്കുക

4. വിശ്വനാഥന്റെ ഭാര്യ ബിന്ദുവിന് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ ആശ്രിത നിയമനം ആരോഗ്യവകുപ്പ്, വനംവകുപ്പ്, സാമൂഹിക നീതി വകുപ്പ് ഇവയില്‍ ഏതെങ്കിലും ഒന്നില്‍ നല്‍കുക.

5. കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് മറ്റൊരു വിശ്വനാഥന്‍ സംഭവിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക

വസ്തുതാന്വേഷണത്തിനായി സമിതി മെഡിക്കല്‍ കോളേജില്‍ നടത്തിയ സന്ദര്‍ശനത്തിലുടെ ബോധ്യമായ പൊതുപ്രശ്‌നങ്ങളും പരിഹാരവും

1. ആരോഗ്യരംഗത്ത് കേരളം ബഹുദൂരം മുന്നിലാണെന്ന് പറയുമ്പോഴും നിലവില്‍ കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സവിശേഷ – അതിസവിശേഷ അത്യാഹിത പരിപാലന കേന്ദ്രങ്ങളുടെ അവസ്ഥ തീര്‍ത്തും പരിതാപകരമാണ്.

2. സൗജന്യമായോ, പരിമിതമായ ഫീസിലോ ലഭ്യമായിരുന്ന പല സേവനങ്ങളും ദരിദ്രര്‍ക്കും ആദിവാസികള്‍ക്കും നിഷേധിക്കപ്പെടുന്നു. ഗവ. ചെലവില്‍ നിര്‍മ്മിച്ച അടിസ്ഥാന വിഭവങ്ങള്‍, നോക്കി നടത്തിപ്പിനായി സ്വകാര്യ ഏജന്‍സികള്‍ക്കോ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്കോ കരാര്‍ കൊടുക്കുകയും, ചുരുക്കത്തില്‍ അമിതലാഭം മാത്രം പ്രതീക്ഷിക്കുന്ന കരാറുകാരന്റെ കൈയില്‍ നിന്നും പല സേവനങ്ങളും വിലകൊടുത്തു വാങ്ങേണ്ടി വരുന്നു. എന്നാല്‍ അതിനനുസരിച്ചുള്ള നിലവാരം ലഭ്യമാക്കുന്നുമില്ല. (കൂട്ടിരിപ്പുകാരുടെ കാത്തിരിപ്പുകേന്ദ്രം, പൈസ കൊടുത്തു ഉപയോഗിക്കുന്ന ശൗചാലയം, പാര്‍ക്കിംഗ് ഏരിയയുടെ ലേലം, സന്ദര്‍ശക പാസ്, ഓപി ടിക്കറ്റിന്റെ വിതരണ കരാര്‍ തുടങ്ങിയ സംവിധാനങ്ങള്‍.)

3. ലാബുകളിലെ ടെസ്റ്റ് കിറ്റുകളുടെ അപര്യപ്തതയും നിലവാരമില്ലായ്മയും അവശ്യമരുന്നുകളുടെ ലഭ്യത കുറവും വില കുടിയ രോഗ നിര്‍ണയ ടെസ്റ്റുകള്‍ക്കായി സ്വകാര്യലാബുകളെ ആശ്രയിക്കേണ്ടി വരുന്നതും വിപരീത ഫലമുണ്ടാക്കുന്നു.

4. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നേരത്തെയുണ്ടായിരുന്ന കാത്തിരിപ്പു കേന്ദ്രം നവീകരണത്തിന്റെ പേരില്‍ പൊളിച്ചു കളയുകയും വയനാട്ടില്‍ നിന്നും മലപ്പുറത്തു നിന്നും ആദിവാസികളടക്കമുള്ളവര്‍ വെയിലിലും മഴയിലും മതിലിനോട് ചേര്‍ന്ന് പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ വലിച്ചുകെട്ടി രാവു പകലും അതില്‍ കഴിച്ചുകൂട്ടേണ്ടി വരുന്നത് കാണാം.

5. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ മുതല്‍ താഴോട്ട് ശുചീകരണ തൊഴിലാളികള്‍, സുരക്ഷാ ജീവനക്കാര്‍ വരെയുള്ളവരുടെ എണ്ണത്തിലെ കുറവ് വളരെ പ്രകടമാണ്. ഉള്ളവരില്‍ തന്നെ നല്ലൊരു ശതമാനവും കരാര്‍ വ്യവസ്ഥയിലോ ദിവസക്കൂലിയിലോ ജോലി ചെയ്യുന്നവരാണ്. ഇത് ഇവരുടെ തൊഴില്‍ ശേഷിയെ സൗഹൃദപരമായി പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയാതെ വരുന്നു.

6. ദിനംപ്രതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണവും ഡോക്ടര്‍മാരുടെ എണ്ണവും തമ്മിലുള്ള അനുപാതവും ഡോക്ടര്‍ – നഴ്‌സ് അനുപാതവും അന്താരാഷ്ട്ര മാനദണ്ഡത്തിനും താഴെയാണ്.

7. കിടത്തി ചികിത്സിക്കുന്ന രോഗികളുടെ എണ്ണം കിടക്കകളുടെ എണ്ണത്തെക്കാള്‍ വളരെ കൂടുതലാണ്.

8. ആശുപത്രി മാലിന്യങ്ങളുടെ സംസ്‌കരണം, വാര്‍ഡുകളോട് അനുബന്ധിച്ച് വൃത്തിയുള്ള ശൗചാലായവും, ചൂടുവെള്ളത്തിനുള്ള സൗകര്യവും, കുടിവെള്ള ലഭ്യതയും, രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഭക്ഷണ മാലിന്യങ്ങള്‍ നിലവിലുള്ള ശുചീകരണ തൊഴിലാളികളുടെ പ്രവര്‍ത്തനക്ഷമതയ്ക്കും മുകളിലാണ്.

9. മാതൃ-ശിശു സംരക്ഷണ വിഭാഗത്തില്‍ ഗോത്രമേഖലയില്‍ നിന്നും വരുന്ന രോഗികളെ സഹായിക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി നിയമിച്ചിരിക്കുന്ന ട്രൈബല്‍ പ്രമോട്ടര്‍മാരുടെ എണ്ണവും സേവന വേതന വ്യവസ്ഥകളും വളരെ പരിതാപകരമായ അവസ്ഥയിലാണ്. 24 മണിക്കൂര്‍ സേവനത്തിനായി ഒരാളിനെ മാത്രമാണ് നിയമിച്ചിരിക്കുന്നത്. ജോലിക്കിടയില്‍ വിശ്രമത്തിനോ പ്രാഥമികാവശ്യങ്ങള്‍ക്ക് പോകാന്‍ പോലുമുള്ള അടിസ്ഥാന സൗകര്യം ഇല്ലാത്തത് ഇവരുടെ പ്രവര്‍ത്തനത്തെ ദോഷമായി ബാധിക്കുന്നു.

10. സേവന വേതന വ്യവസ്ഥയിലും സ്ഥിര നിയമനത്തിനും അവകാശം ഉന്നയിക്കാതിരിക്കാന്‍ മൂന്ന് മാസം മുതല്‍ പരമാവധി ഒരു വര്‍ഷം വരെയാണ് കരാര്‍ നിയമനം നല്‍കുന്നത്. മെഡിക്കല്‍ കോളേജ് പോലെ സങ്കീര്‍ണത നിറഞ്ഞ ഇടത്തെ നടപടി ക്രമങ്ങള്‍ പഠിച്ചു വരുമ്പോഴേക്ക് കരാര്‍ കാലാവധി കഴിഞ്ഞിട്ടുണ്ടാകും. പലപ്പോഴും മാസങ്ങള്‍ വൈകിയാണ് വേതനം ലഭ്യമാകുന്നത്. ഗോത്ര വിഭാഗത്തില്‍ നിന്നും സേവന സന്നദ്ധരായ ഉന്നത വിദ്യാഭ്യാസം നേടിയവരെ കുറച്ചുകൂടി ആകര്‍ഷകമായ സേവന വേതന വ്യവസ്ഥയില്‍ നിയമിക്കുക.

11. സുരക്ഷാ ജീവനക്കാരുടെ രോഗികളോടുള്ള പെരുമാറ്റത്തിനെ കുറിച്ച് നിലവില്‍ ഉയര്‍ന്ന പരാതികള്‍ പരിശോധിച്ചു നടപടികള്‍ സ്വീകരിക്കാന്‍ സ്ഥിരം സംവിധാനം രൂപീകരിക്കുക.

12. ആശുപത്രി അനുബന്ധ അഴിമതികളിലും രോഗികള്‍ നേരിടുന്ന അവഗണനയ്ക്കും കാരണക്കാരായവരെ മാതൃകപരമായി ശിക്ഷിക്കുക.

13. ജില്ലാ ആശുപത്രിയായിരുന്ന മാനന്തവാടി ഗവ. ആശുപത്രിയെ ബോര്‍ഡ് മാറ്റി മാത്രം മെഡിക്കല്‍ കോളേജ് ആക്കുന്നതിനു പകരം, വയനാട് മെഡിക്കല്‍ കോളേജിന് അത്യാധുനിക സംവിധാനങ്ങളും രോഗ നിര്‍ണയ സംവിധാനങ്ങളും സുപ്പര്‍ സ്‌പെഷ്യലിറ്റി വിഭാഗങ്ങളും അനുവദിച്ച് നിരവധി ജീവന്‍ രക്ഷിക്കാനും അമിത ജോലി ഭാരം മൂലം ഉണ്ടാകുന്ന അവഗണനകളും അപകടങ്ങളും ഒഴിവാക്കാന്‍ ഗവണ്‍മെന്റ് സത്വര ഇടപെടല്‍ നടത്തുക.

വിശ്വനാഥന് നീതി – ഐക്യദാര്‍ഢ്യ സമിതി അംഗങ്ങള്‍

1. ഡോ. ഹരി പി. ജി (ആരോഗ്യ ജാഗ്രത)
2. അഡ്വ. അരുണ്‍ദേവ് (ബി.എസ്.പി)
3. കെ. വി. പ്രകാശ് (സി.പി.ഐ(എംഎല്‍) റെഡ്സ്റ്റാര്‍
4. എ. എം. എ സിദ്ദീഖ് (പി.ഡി.പി)
5. ഫൈസല്‍ പി. എച്ച് (വെല്‍ഫയര്‍ പാര്‍ട്ടി)
6. അമ്മിണി കെ. വയനാട് (ആദിവാസി വനിതാ പ്രസ്ഥാനം)
7. സുധി (ആദിവാസി -ദലിത് മനുഷ്യാവകാശ പ്രവര്‍ത്തകന്‍)
8. മിനി എം ആര്‍ (ആദിവാസി -ദലിത് മനുഷ്യാവകാശ പ്രവര്‍ത്തക)
9. ഷമീര്‍ പറമ്പന്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍)
10. എം. കെ. ഷിബു (സാമൂഹ്യ പ്രവര്‍ത്തകന്‍)
11. ഡോ. ദുഷ്യന്തന്‍ (ഐ.എല്‍.പി)
12. വി. എസ്. വിനോദ് (സാമൂഹ്യ പ്രവര്‍ത്തകന്‍)
13. എസ്. വിനോദ് (സാമൂഹ്യ പ്രവര്‍ത്തകന്‍)
14. ലത്തീഫ് (സോളിഡാരിറ്റി)
15. ഷാന്റോ ലാല്‍ (പോരാട്ടം)
16. അശ്വിന്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍)

വസ്തുതാന്വേഷണ റിപ്പോര്‍ട്ട് – രൂപകല്‍പന & സാങ്കേതിക സഹായം:
പ്രശാന്ത് സുബ്രഹ്മണ്യന്‍

Follow us on | Facebook | Instagram Telegram | Twitter | Threads