കുഞ്ഞാലി മരക്കാരെ വീണ്ടും കൊല്ലാൻ മഴു ഉയർത്തുന്നു

പാഠപുസ്തകങ്ങളിൽ നിന്ന് കുഞ്ഞാലി മരക്കാർ ഉൾപ്പടെയുള്ള ധീര ദേശാഭിമാനികളെ നീക്കം ചെയ്യാനുള്ള സർക്കാർ നീക്കം ഉടൻതന്നെ ചെറുക്കേണ്ടതുണ്ട്‌. അതിന് ചരിത്രപരമായും രാഷ്ട്രീയപരമായും കാരണങ്ങളുണ്ട്. തുഹ്ഫയും ഫത്ഹുൽ മുബീനും വെട്ടിനീക്കുവാനുള്ള നീക്കം ഒട്ടും നിഷ്‌കളങ്കമല്ലെന്ന് മാത്രമല്ല, ചരിത്രത്തെ നഗ്നമായി വലിച്ചു കീറുന്ന നെറികേട് കൂടിയാണ്.

ചരിത്രത്തിന്റെ ദശാസന്ധികളിൽ എപ്പോഴെങ്കിലും മിന്നിമറഞ്ഞു പോയ കൊള്ളിയാനുകളുടെ പേരല്ല കുഞ്ഞാലി മരക്കാർമാർ. ചരിത്രത്തെ വഴി തിരിച്ചു വിട്ട രാഷ്ട്രീയത്തിന്റെ പേരാണ് കുഞ്ഞാലി മരക്കാർ. അധിനിവേശ ശക്തികളോട് ഒരു നിലയ്ക്കും നാണംകെട്ട ഒത്തു തീർപ്പിനു വഴങ്ങാത്ത ഇതിഹാസങ്ങളാണ് അവർ.

ഭാഗംവെച്ച് തങ്ങൾക്ക് കിട്ടികൊണ്ടിരുന്ന നികുതി വരുമാനത്തിന്റെ പേരിലുള്ള കലഹങ്ങളുടെ പേരിൽ വാളെടുത്ത പലരും വലിയ ധീര ദേശാഭിമാനികളായി വാഴ്ത്തപ്പെടുമ്പോഴാണ് ഒരു നൂറ്റാണ്ടു കാലം, അതേ 100 വർഷങ്ങൾ, അറബിക്കടലിന്റെ ഓളവും തീരവും രാജ്യവും കണ്ണിലെ കൃഷ്ണമണിയേ പോലെ കാത്ത് പോന്ന നാല് തല മുറയിലെ കുഞ്ഞാലിമാർക്ക് ഒരു വിലയും നൽകാതെ ചരിത്രത്തിൽ നിന്ന് കീറി കളയുന്നത്.

ഇപ്പോഴുള്ള കരിക്കുലങ്ങൾ തന്നെ കുഞ്ഞാലിമാരെ വേണ്ടത്ര എഴുതിയിട്ടില്ല. നാല് കുഞ്ഞാലിമാരുടെ പേരറിയുന്ന എത്ര പേരുണ്ട്. ചരിത്രകാരന്മാരിൽ തന്നെ തുലോ തുച്ഛം ! പല ചരിത്ര പുസ്തകങ്ങളിലും അരപ്പേജാണ് കുഞ്ഞാലിമരക്കാർമാർക്ക് നീക്കി വെച്ചിരിക്കുന്നത്.

ആരായിരുന്നു കുഞ്ഞാലി മരക്കാർമാർ. കേരളം കണ്ട എക്കാലത്തെയും മികച്ച നാല് ധീരൻമാരായിരുന്നു കുഞ്ഞാലി മരക്കാർമാർ. കൊച്ചിയിൽ കച്ചവടവുമായി ജീവിച്ചിരുന്ന മരക്കാർ കുടുംബം പറങ്കികളുടെ നെറികേടുകളും അക്രമവും കാരണം കച്ചവടം ഉപേക്ഷിച്ചു പൊന്നാനിയിലേക്ക് കുടിയേറുകയും സൈനുദീൻ മഖ്ദൂം ഒന്നാമന്റെ പ്രേരണയിൽ സാമൂതിരിയേ കണ്ട് നാടിന്റെ ശാന്തിയ്ക്കും സമാധാനത്തിനും വേണ്ടി പോരാളികൾ ആവുകയും ചെയ്തവർ ഒരു കാലത്തെ മാപ്പിള ജീവിതത്തിന്റെ നേർ ചിത്രമാണ്. കച്ചവടക്കാർ എങ്ങനെയാണ് പോരാളികൾ ആയത് ? അത് ഈ നാടിന്റെ ചരിത്രമാണ്.

ഒരു കാലത്ത് അറേബ്യ മുതൽ യൂറോപ്പ് വരേ ചരക്കുകൾ നീക്കിയിരുന്ന കച്ചവട സംഘമായിരുന്ന മാപ്പിളമാർ നാടിനുവേണ്ടി പങ്കായം വലിച്ചെറിഞ്ഞു കൊണ്ട് ആയുധമേന്തി വൈദേശിക ശക്തികളോട് പൊരുതി തുടങ്ങിയതിന്റെ കഥ കൂടിയാണത്. അറബിക്കടലിന്റെ ഓളങ്ങൾക്കും തീരങ്ങൾക്കും ഈ നാടിന്റെ കാവൽക്കാരെ കുറിച്ച് പറയാൻ ഏറെയുണ്ട്.

ഒന്നാമനായ കുഞ്ഞാലി മരക്കാർ ഏതാണ്ട് കാൽ നൂറ്റാണ്ട് കാലമാണ് പറങ്കികളെ നിലം തൊടാൻ അനുവദിക്കാതെ മലയാള മണ്ണിനെ കാത്തത്. ഗോവയുടെ തീരം മുതൽ ശ്രീലങ്ക വരെ വിശാലമായ അറബിക്കടലിൽ കുഞ്ഞാലിയുടെ കണ്ണിൽ പെടാതെ അവർക്ക് സഞ്ചരിക്കുക എളുപ്പമായിരുന്നില്ല. പറവകൾ എന്ന് പേരിട്ടു വിളിക്കുന്ന ചെറുവള്ളങ്ങൾ നിർമ്മിച്ച് കൊണ്ട്, കാറ്റിനെ മാത്രം ആശ്രയിച്ചു നീങ്ങുന്ന കപ്പലുകളിലേക്ക് കുറേ പേർ തുഴഞ്ഞ് കയറി നൊടിയിടയിൽ അക്രമം നടത്തി ശരവേഗത്തിൽ മടങ്ങിയിരുന്ന കുഞ്ഞാലി പറങ്കികളുടെ പേടി സ്വപ്നമായിരുന്നു. പ്രത്യാക്രമണത്തിനു ഒരുങ്ങുമ്പോഴേക്ക് കുഞ്ഞാലിയും സംഘവും കടലിന്റെ ആഴം കുറഞ്ഞ ഭാഗത്തേക്ക് നീങ്ങുമായിരുന്നു. ഇന്നും യുദ്ധതന്ത്രമായി പഠിപ്പിക്കുന്ന Hit & Run അടവിന്റെ ക്രെഡിറ്റ് കുഞ്ഞാലിക്കാണ് ചരിത്രം നൽകുന്നത്. മലബാറിന്റെ തീരത്ത് നിന്ന് ശ്രീലങ്കയിലേക്ക് വലിഞ്ഞ പറങ്കികളെ അവിടെയും പോയി ആക്രമിച്ചു കുഞ്ഞാലി ഒന്നാമൻ. ലങ്കയിലെ പറങ്കി പക്ഷക്കാരനായ രാജാവിന്റെയും വിമതനായ അധികാര തർക്കത്തിൽ കക്ഷിയായ കുഞ്ഞാലി അവിടെ ചതിയിൽ കൊല്ലപ്പെടുകയാണ് ഉണ്ടായത്. എത്ര പേർക്ക് ഈ ചരിത്രമറിയാം ?

രണ്ടാമത്തെ കുഞ്ഞാലി ഗോവയിൽ യുദ്ധം നയിച്ചിട്ടുണ്ട്. ഒരു പറങ്കി കപ്പലിനെയും ഭയക്കാതെ സ്വന്തം ആൾ കാവലിൽ ഈജിപ്തിലേക്ക് ചെങ്കടൽ വഴി ചരക്കുകൾ കൊണ്ടു പോയിട്ടുണ്ട്. ഏതാണ്ട് 40 വർഷം അറബി കടലിന്റെ കാവലാളായി നിന്നിട്ടുണ്ട്. ഒടുവിൽ ഗോവയിൽ നിന്ന് മടങ്ങുമ്പോൾ കണ്ണൂരിനടുത്ത് വെച്ച് അപ്രതീക്ഷിതമായി ആക്രമിക്കപ്പെട്ടു മരിക്കും വരേ കുഞ്ഞാലിയേ ഭയക്കാതെ ഒരൊറ്റ ദിവസം പോലും പറങ്കികൾക്ക് ജീവിക്കാൻ കഴിയുമായിരുന്നില്ല.

കുഞ്ഞാലി മരക്കാർ മൂന്നാമൻ പറങ്കികളുടെ ചാലിയം കോട്ടയെ മാസങ്ങളോളം ചുറ്റും കിടങ്ങു വെട്ടി വളഞ്ഞ് അവരെ പട്ടിണിക്കിട്ട്, കടലിൽ പറങ്കി കപ്പലുകളെ തടഞ്ഞു കോട്ട കീഴടക്കിയ യുദ്ധവീരനാണ്. നായയുടെയും എലിയുടെയും മാംസം കഴിച്ചാണ് പറങ്കികൾ അന്ന് ജീവൻ നില നിറുത്തിയത്. അവരെ ചാലിയത്ത് നിന്ന് കെട്ടു കെട്ടിച്ചു കോട്ട ഇടിച്ചു പൊളിച്ചതിന്റെ ആഘോഷമാണ് സർക്കാർ കരിക്കുലത്തിൽ നിന്നും വെട്ടാൻ ഒരുങ്ങുന്ന ഫത്ഹുൽ മുബീൻ ! സാമൂതിരിക്ക് വേണ്ടി എഴുതപ്പെട്ട കാവ്യം !

സാമൂതിരിപോലും പറങ്കികളോട് രാജിയായപ്പോൾ കുഞ്ഞാലിമാർ ഒരു സന്ധിയ്ക്കും തയ്യാറല്ലായിരുന്നു. അത്തരം ഒരു സന്ദർഭത്തിലാണ് കുഞ്ഞാലി നാലാമൻ സാമൂതിരിയാൽ ഒറ്റി കൊടുക്കപ്പെടുന്നത്. തന്റെ അവസാനത്തെ യുദ്ധത്തിൽ പോലും താൻ കീഴടങ്ങുന്നുണ്ട് എങ്കിൽ അത് സാമൂതിരിയ്ക്ക് മുൻപിൽ മാത്രമായിരിക്കും എന്ന് ധീരമായി പ്രഖ്യാപിച്ചു പുറത്ത് വന്ന കുഞ്ഞാലിയെ പോർച്ചുഗീസുകാർ പിടിച്ചു കൊണ്ടു പോയപ്പോൾ നിർവ്വികാരതയോടെ നോക്കി നിൽക്കുകയാണ് രാജാവ് ചെയ്തത്.

കുഞ്ഞാലിയെ അവർ കൊണ്ടു പോയി. ഗോവയിലേക്ക്. വിചാരണ പോലുമില്ലാതെ വധ ശിക്ഷ വിധിച്ചു. ടോൻകോവിലെ തടവിൽ കുഞ്ഞാലി തന്റെ ഉമ്മയെ കാണുന്ന ഒരു രംഗമുണ്ട്. ജീവിതം മുഴുവൻ നാടിനുവേണ്ടി പോരാടിയ ആ മനുഷ്യനോട് ചുമലിലെ തൂവാല കയ്യിൽ എടുത്തു കൊണ്ട് അവസാനമായി ഉമ്മ പറയുന്ന ഒരു കാര്യമുണ്ട്.

“മോനേ, അവര്‍ നിനക്ക്‌ എന്തെങ്കിലും ആപത്തു വരുത്തുമ്പോള്‍ എനിക്ക്‌ ഒരടയാളമയക്കുക. ധൈര്യത്തോടെയിരിക്കണം, റബ്ബ്‌ കാക്കും”

ആസാധാരണമായി ഒന്നും സംഭവിച്ചില്ല. കുഞ്ഞാലി മരക്കാർക്കുളള ബലി പീഠം ഒരുങ്ങി. തടവിൽ കിടക്കുന്ന കുഞ്ഞാലിക്ക് ആ കാഴ്ച കാണാം. നാളെ പുലരിയിൽ അവിടെ തന്റെ തല ഉരുണ്ട് വീഴേണ്ടതാണ്. രാത്രി മുഴുവൻ കുഞ്ഞാലി പ്രാർത്ഥനയിലാണ്. അദ്ദേഹത്തിന്റെ ആത്മാവ് രക്ഷിക്കാൻ ( ജീവനെയല്ല ) പറങ്കികളുടെ പുരോഹിത സംഘം ആ രാത്രി മുഴുവൻ അവിടെ തമ്പടിച്ചു എന്ന് ചരിത്രം.

പിറ്റേന്ന് പുലരിയിൽ ചെണ്ട മേളം മുഴങ്ങി. ആർച്ച് ബിഷപിന്റെ സാന്നിധ്യത്തിൽ കുഞ്ഞാലിയെ ബലി പീഠത്തിലേക്ക് നയിക്കപ്പെട്ടു. ഒട്ടും പതറാതെ കുഞ്ഞാലി കഴുത്ത് നീട്ടി കൊടുത്തപ്പോൾ ഉയർന്നു പൊങ്ങിയ മഴു ആ ഇതിഹാസത്തിന് തിരശീലയിട്ടു. ഒന്നൊന്നായി 40 പേരുടെ തലകൾ അവിടെ ഉരുണ്ടു.

എന്നിട്ടും അരിശം തീരാതെ കുഞ്ഞാലിയേ വെട്ടി നുറുക്കി കഷ്ണങ്ങളാക്കി കുന്തത്തിൽ നാട്ടി നാടുകളിൽ പ്രദർശിപ്പിച്ചു. 100 വർഷങ്ങൾ നാടിനുവേണ്ടി പോരാടിയ നാല് ഇതിഹാസങ്ങളുടെ ജീവിതത്തിന്റെ ചുരുക്കമാണിത്.

വെള്ളക്കാരൻ വളഞ്ഞപ്പോൾ ആത്മഹത്യ ചെയ്തവരെ പോലും വലിയ പേജുകളിൽ ധീര ദേശാഭിമാനികളായി ചിത്രീകരിക്കുമ്പോൾ, ആന്തമാൻ ജയിലിൽ 6 തവണ മാപ്പ് അപേക്ഷിച്ചു ജയിൽ മോചനം നേടി ശിഷ്ടകാലം മുഴുവൻ ബ്രിട്ടീഷ് സേവകനായി ജീവിച്ച സവർക്കറുടെ ചിത്രം പാർലമെന്റിൽ തൂങ്ങി കിടക്കുമ്പോൾ കുഞ്ഞാലിക്ക് വീണ്ടും വീണ്ടും മഴുരാകി എടുക്കുകയാണ് നമ്മുടെ പാഠപുസ്തകക്കാർ.

നിങ്ങൾ അച്ചടിക്കുന്ന കറുത്ത മഷി പുരണ്ട മലയാള അക്ഷരങ്ങളോട് പോലും നിങ്ങൾ കുഞ്ഞാലിയോട് കടപ്പെട്ടിരിക്കുന്നു. കാരണം, പോർച്ചു ഗീസ് കടന്നു ചെന്ന എല്ലാ നാട്ടിലും ആ നാടിന്റെ ഭാഷയും സംസ്കാരവും നശിപ്പിച്ചിട്ടുണ്ട്. അതിന് ഉദാഹരണമാണ് ഗോവ. ഭാഷ പോലും നഷ്ടപ്പെട്ട ഗോവയുടെ അവസ്ഥ മലയാളത്തിനു ഉണ്ടാവാതിരുന്നത് കുഞ്ഞാലിമാർ ഈ നാടിനെ പറങ്കികളിൽ നിന്ന് കാത്തുപോന്നത് കൊണ്ടാണ്. നാടിനെയും സംസ്കൃതിയെയും ഭാഷയെയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു പോന്ന കുഞ്ഞാലിമാരെ വീണ്ടും വീണ്ടും കൊല്ലാൻ അനുവദിക്കരുത്.

കുഞ്ഞാലിയുടെ പേരിൽ സിനിമ എടുക്കാൻ ഒരുങ്ങുന്നവരോടുമുണ്ട് ചിലത് പറയാൻ. കുഞ്ഞാലിമാർ വീരൻമാരായിരുന്നു. നിങ്ങൾ ചിത്രീകരിക്കാൻ സാധ്യതയുള്ള പൈങ്കിളി രംഗങ്ങളിലെ കിളി ചുണ്ടൻ അബ്ദുമാർ അല്ലായിരുന്നു. ചരിത്രത്തെ വ്യഭിചരിക്കരുത്.

കുഞ്ഞാലിമാരുടെ ചരിത്രം വൈകാതെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ടാണെങ്കിലും ഈയുള്ളവന് ഒരു പുസ്തകമാക്കാൻ ലക്ഷ്യമുണ്ട്. അതിന്റെ അവസാന ഘട്ടത്തിലാണ് കുഞ്ഞാലിയേ വീണ്ടും കൊല്ലുന്ന വാർത്ത വായിക്കേണ്ട ദുര്യോഗം ഉണ്ടാവുന്നത്.
_ നസറുദ്ദീൻ മണ്ണാർക്കാട്
#FbToday

Leave a Reply