തബ്‌ലീഗ് ജമാഅത്തിനെ പിശാചുവൽക്കരിക്കുന്നതിന് പിന്നിലെ രാഷ്ട്രീയാജണ്ടകള്‍
ദേശാതിർത്തികൾ മറികടന്ന് പടർന്ന് പരക്കുന്ന മാരകമായ ഒരു പകർച്ചവ്യാധിയെക്കുറിച്ച് അനിവാര്യ ജാഗ്രതയും ബോധ്യവും വളർത്തി പൊതുജന ശ്രദ്ധയും രോഗികളിലും ബന്ധപ്പെട്ടവരിലും കരുതലും ഗൗരവവും ഉണ്ടാക്കിയെടുക്കുന്നതിന് പകരം അസാധാരണ സൈനിക നിയന്ത്രണങ്ങളിലൂടെ അമിത ഭീതിയും, ദുരൂഹതകളും വ്യാപിപ്പിച്ചു അപരഭയവും, രോഗിയോടുള്ള വിദ്വേഷവും നിർമിച്ചെടുക്കുകയാണ് ഭരണകൂടങ്ങളും മാധ്യമങ്ങളും ചെയ്യുന്നത്.
രോഗാണുവാഹിയാവാൻ സാധ്യതയുള്ള ഓരോ അപരനും മരണക്കയത്തിലേക്ക് തന്നെക്കൂടി
വലിച്ചു കൊണ്ടു പോവാനിടയുള്ള ‘മരണ’ദൂതനാണെന്ന പോലെയായി മാറിയിട്ടുണ്ട് പൊതുവെ ആളുകളുടെ പെരുമാറ്റം. അത് സംഘങ്ങളായി സഞ്ചരിക്കുന്ന ഒരു സാർവ ദേശീയ വിഭാഗമായാലുണ്ടാവുന്ന അതിഭീകരതയാണ് മർകസ് വാർത്തകൾ.
പ്രതിരോധമരുന്നോ, ചികിത്സയോ ലഭ്യമല്ലാത്ത മഹാമാരിയുടെ ഉറവിടത്തെക്കുറിച്ചു നിലനിന്ന യു.എസ് ചൈന വാഗ്വാദങ്ങളെയും വാണിജ്യ ഗൂഢ താല്പര്യങ്ങളെയുമൊക്കെ അതിവേഗം അട്ടിമറിച്ചാണ് ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗ് മർക്കസ് വാർത്തയായി വികസിച്ചത്.
പെട്ടെന്നുണ്ടായ ജനതാ കർഫ്യൂവിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ കാരണം അപ്രതീക്ഷിതമായി ബന്ദികളാവേണ്ടി വന്ന അന്തർസംസ്ഥാന തൊഴിലാളികളിലും, ദിവസക്കൂലിക്കാരായ സാധാരണ ജനങ്ങളിലുമുണ്ടാക്കിയ അസ്വസ്ഥതകളും കൂട്ടപ്പാലായനങ്ങളും, ഇപ്പോഴും പരിഹരിക്കപ്പെടാത്ത അനുബന്ധ പ്രശ്നങ്ങളും മറച്ചുപിടിക്കാനും, പൗരത്വ സമരത്തെത്തുടർന്ന് ഉത്തരം മുട്ടിപ്പോയ സംഘി ഭരണകൂട വംശഹത്യാ രാഷ്ട്രീയത്തിന് ജീവൻ പകരാനും തയ്യാറാക്കിയ കൃത്യമായ പ്രോ സംഘി മാധ്യമ അജണ്ടയുടെ സൃഷ്ടി കൂടിയാണ് ഡൽഹി നിസാമുദ്ദീൻ മർകസ് വാർത്തകൾ.
മാർച്ച് 27ന് ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച ശേഷം തിരുത്തിയ കാർട്ടൂണും, അജിത് ഡോവലിന്റെ പോസ്റ്റുകളും, റിപബ്ലിക് പോലെയുള്ള പ്രഖ്യാപിത സംഘി അനുകൂല ചാനലുകളുടെ ഇളകിയാട്ടവുമെല്ലാം ഒരേ ദിശയിലേക്കാണ് എന്നത് നൽകുന്ന സൂചനകൾ അത്യന്തം ഭയാനകമാണ്.
ഏതാനും വർഷങ്ങൾക്ക് മുമ്പ് തബ്‌ലീഗ് ജമാഅത്തിന്റെ നേതൃതലത്തിലുണ്ടായ അഭിപ്രായ ഭിന്നതകളിൽ നിന്നുള്ള മുതലെടുപ്പ് കൂടി ഈ നീക്കങ്ങളെ സഹായിക്കുന്നുണ്ടെന്നറിയുന്നു. ഇന്ത്യയിലെ മുസ്‌ലിം സംഘടനകൾക്കുള്ളിലും സമുദായത്തിനകത്തും നിലനിൽക്കുന്ന ആശയ ഭിന്നതകളെയും അഭിപ്രായ വ്യത്യാസങ്ങളെയും ഭരണകൂടത്തിനും ഇസ്‌ലാം വിരുദ്ധർക്കും ആയുധമാക്കി ആക്രമിക്കാനവസരം നൽകുന്ന
കോടാലിക്കൈകളെക്കൂടി യഥാസമയം തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യേണ്ടതുണ്ട്, എന്ന മുന്നറിയിപ്പ് കൂടിയുണ്ട്, ഈ വിവാദത്തിൽ.
മലേഷ്യയും ഇന്തോനേഷ്യയും തെലങ്കാനയും കശ്മീരും തമിഴ്നാടുമെല്ലാം അത്യന്തം സമർഥവും, സംശയാസ്പദവുമായി കൂട്ടിച്ചേർത്ത് തകർക്കുന്ന ‘പ്രഭവ’ കേന്ദ്ര തിയറിയുടെ വിശദാംശങ്ങളും ആരോഗ്യ ശാസ്ത്ര സാധ്യതകളും ഉന്നയിക്കാനോ സംശയിക്കാനോ പോലും അവസരമില്ലാത്ത വിധം തബ്‌ലീഗുകാരെ പിശാചുവൽക്കരിച്ചു കഴിഞ്ഞിട്ടുണ്ട്. ഗ്രാമഗ്രാമാന്തരങ്ങളിൽ സാമ്പത്തികവും സാമൂഹ്യവുമായ പിന്നാക്ക പശ്ചാത്തലത്തിൽ നിന്ന് ആത്മസംസ്കരണം നേടിവന്ന ആയിരക്കണക്കിനാളുകൾക്കെതിരെ ആക്ഷേപഹാസ്യങ്ങളും കുറ്റപ്പെടുത്തലും ആരംഭിച്ചു കഴിഞ്ഞു. ഒറ്റപ്പെടുത്തി വേട്ടയാടിത്തുടങ്ങി. കെട്ടിച്ചമച്ച തീവ്രവാദക്കേസുകളിൽ ഇരയാക്കപ്പെട്ടവർക്ക് ദീർഘകാലശേഷമെങ്കിലും സ്ഥാപിച്ചു കിട്ടിയ മനുഷ്യത്വ പരിഗണനയും സംശയത്തിന്റെ ആനുകൂല്യവും ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നതായിട്ടാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇന്നലെ അവര്‍ മറ്റു വിഭാഗങ്ങളെത്തേടിയെത്തി. ഇന്നിതാ തബ്‌ലീഗിനെയും, ഇനിയുമവർ ആരെയും തേടിയെത്താം.
_ എ എം നദ്‌വി