കോവിഡിൽ തകർന്ന അസംഘടിത തൊഴിലാളികൾക്ക് നഷ്ടപരിഹാരം നല്കുക

“കോവിഡ് രണ്ടാം തരംഗം മൂലം തകർന്ന അസംഘടിത തൊഴിൽ മേഖലയെ പിന്തുണയ്ക്കുന്നതിനായി സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കുക! സ്ത്രീ തൊഴിലാളികളുടെ തൊഴിലും സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പുവരുത്തുക…”
സേവ യൂണിയന്റെ നേതൃത്വത്തിൽ ജൂൺ രണ്ടിന് ഓൺലൈൻ ധർണ്ണ…

കോവിഡ് രണ്ടാം തരംഗത്തിൻ്റെ ആധിക്യം മൂലമുണ്ടായ രോഗാവസ്ഥയും തൊഴിൽ നഷ്ടവും ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് അസംഘടിത തൊഴിലാളികളെ ആണെന്നതിന് സംശയമില്ല. ദൈനംദിനം തൊഴിൽ ചെയ്തു കൊണ്ട് തങ്ങളുടെ ജീവിതവും കുടുംബം പുലർത്തുന്ന അസംഘടിത തൊഴിലാളികളാണ് തൊഴിൽ ശക്തിയുടെ ഭൂരിഭാഗവും. കോവിഡ് ഒന്നാം തരംഗമേല്പ്പിച്ച ആഘാതത്തിൽ നിന്ന് മോചിതരായി കൊണ്ടിരിക്കുന്ന ഈ സമയത്താണ് അതിലും തീവ്രതയോടെ ഇപ്പോൾ രണ്ടാം തരംഗം എല്ലാ മേഖലകളെയും പിടിച്ചുകുലുക്കിയിരിക്കുന്നത്‌. ഒരു പാട് പേർ വൈറസിൻ്റെ പിടിയിലായി ജീവനോട് മല്ലടിച്ചു കൊണ്ടിരിക്കുന്നു. കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും രോഗം പിടിപെടുന്ന സാഹചര്യമാണുള്ളത്. തൊഴിൽ പൂർണ്ണമായും ഇല്ലാതായിരിക്കുന്നു. സർക്കാർ നല്കുന്ന കിറ്റുകൾ മാത്രമാണ് ഈ ഭൂരിപക്ഷം വരുന്ന കുടുംബങ്ങളുടേയും ആശ്രയം. മരുന്നിനോ പോഷകാഹാരങ്ങൾക്കോ കുടുംബത്തിലെ മറ്റാവശ്യങ്ങൾക്കോ യാതൊരു മാർഗ്ഗവുമില്ലാതവർ ബുദ്ധിമുട്ടുകയാണ്.

ഗാർഹിക തൊഴിലാളികൾക്ക് പാസ്സെടുത്തു കൊണ്ട് ജോലിക്ക് പോകാനുള്ള സാഹചര്യം അനുവദനീയമായിരുന്നു എങ്കിലും പൊതുഗതാഗത സൗകര്യമില്ലാത്തത് ഭൂരിഭാഗം പേരുടെയും തൊഴിൽ സാദ്ധ്യത ഇല്ലാതെയാക്കി. മത്സ്യതൊഴിൽ ചെയ്യുന്ന സ്ത്രീകളുടേയും കടകളിൽ ജോലി ചെയ്യുന്നവരുടേയും സ്വയം തൊഴിൽ ചെയ്യുന്നവരുടേയും എല്ലാം അവസ്ഥ ദയനീയമാണ്.

നിർഭാഗ്യകരമെന്നു പറയട്ടെ അസംഘടിത മേഖലയിലെ ഈ തൊഴിലാളികളെ ഇത്തരം അടിയന്തിര സാഹചര്യങ്ങളിലൊന്നും പിടിച്ചു നിർത്തുന്നതിനുള്ള നയം സർക്കാരുകൾക്ക് ഇല്ല എന്നുള്ളതാണ്. സംഘടിത മേഖലയുടെ തൊഴിലും അവകാശങ്ങളും ഏത് പ്രതിസന്ധി ഘട്ടത്തിലും സംരക്ഷിക്കപ്പെടുമ്പോൾ സമ്പദ്ഘടനയെ നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്ന അസംഘടിത തൊഴിലാളികളുടെ ജീവനം വലിയ ഭീഷണിയിലൂടെ കടന്നു പോവുന്നു. വിവിധ ചെറുകിട മൈക്രോ ഫിനാൻസ് കട ബാദ്ധ്യതകൾ ഈ പ്രതിസന്ധികൾക്കിടയിലും ഇവരുടെ വീട്ടുമുറ്റത്ത് സംഘർഷങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ലോണുകളുടെയും ഉത്തരവാദിത്വങ്ങൾ എടുക്കുന്ന സ്ത്രീ തൊഴിലാളികളാണ് ഈ ബുദ്ധിമുട്ടുകൾ എല്ലാം സഹിക്കേണ്ടി വരുന്നത്.

തുടർച്ചയായി ഉണ്ടാവുന്ന മഹാമാരി – പ്രകൃതി ക്ഷോഭ ഭീഷണികൾ തികച്ചും അസംഘടിതരായ തൊഴിലാളികളുടെ ജീവിതം നില നിർത്തുന്ന പോരാട്ടങ്ങൾ ദുർഘടമാക്കുന്നു. ഇതിനൊരു പരിഹാരം അടിയന്തിരമായി ഉണ്ടായേ മതിയാവുകയുള്ളു. ഭരണകൂടങ്ങൾക്ക് അതിനുള്ള ഉത്തരവാദിത്വം ഉണ്ട്. ഈ സാഹചര്യത്തിൽ ഞങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ സർക്കാർ അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നു.

1) തൊഴിൽ നഷ്ടപ്പെട്ട അസംഘടിത മേഖല തൊഴിലാളികൾക്ക് അടിയന്തിര വേതന നഷ്ട പരിഹാരങ്ങൾ നല്കുക

2) ഗാർഹിക തൊഴിലാളികൾ, മത്സ്യ വിപണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കടകളിലെ ജീവനക്കാർ, ഭക്ഷണശാലകളിൽ പണിയെടുക്കുന്നവർ തുടങ്ങിയവരെ വാക്സിൻ മുൻഗണനാലിസ്റ്റിൽ ഉൾപ്പെടുത്തുക

3) പ്രാദേശിക തലങ്ങളിൽ തൊഴിലവസരങ്ങൾ വികസിപ്പിച്ച് അസംഘടിത മേഖലയുടെ നിലനില്പ്പിനായുള്ള ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുക

4) കുടുംബശ്രീ, മറ്റു മൈക്രോ ഫൈനാൻസ് ലോണുകൾക്ക് മൊററ്റോറിയം ഏർപ്പെടുത്തുന്നതോടൊപ്പം ലോക്ക് ഡൗൺ മാസങ്ങളിലെ പലിശയിളവും നല്കുക.

5) അസംഘടിത മേഖല തൊഴിലാളികൾക്കുള്ള സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക . മഹാമാരി, പ്രകൃതി ക്ഷോഭ ഇൻഷുറൻസുകൾ, വേതന നഷ്ട പരിഹാരം, മറ്റു പിന്തുണ സംവിധാനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി വിപുലീകരിക്കുക.

6) മത്സ്യമേഖലയിലെ സ്ത്രീ തൊഴിലാളികൾക്ക്‌ മത്സ്യം വിറ്റഴിക്കാനുള്ള പ്രാഥമികാവകാശവും അതിനുള്ള നൂതന സംവിധാനങ്ങളും ഒരുക്കി സജ്ജമാക്കുക. കോവിഡ് കാലത്ത് വില്പനയ്ക്കുള്ള സൗകര്യങ്ങൾ അനുവദിക്കുക.

7) ഈറ്റ, കൈത്തറി, മൺപാത്ര നിർമ്മാണം തുടങ്ങി പരമ്പരാഗത മേഖലകളിൽ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കി കൊണ്ട് ഉല്പാദനം പുനരാരംഭിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുക

8) പ്രാദേശിക തലങ്ങളിൽ ശാരീരിക അകലം പാലിച്ചുകൊണ്ട് ഗ്രാമ പ്രദേശങ്ങളിൽ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയും നഗര പ്രദേശങ്ങളിൽ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയും ഉടനടി പുനരാരംഭിക്കുക

9) പ്രാദേശിക അംഗനവാടികളും വായനശാലകളിലുമൊക്കെ കുട്ടികൾക്ക് ഓൺലൈൻ, ട്യൂഷൻ പഠന സംവിധാനങ്ങളൊരുക്കുക

ഈ ആവശ്യങ്ങൾ സർക്കാർ അടിയന്തിരമായി പരിഗണിച്ച് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സേവ യൂണിയൻ ജൂൺ രണ്ടാം തീയതി രാവിലെ 11 മണി മുതൽ സംസ്ഥാനാടിസ്ഥാനത്തിൽ ഓൺലൈൻ ധർണ്ണ സംഘടിപ്പിക്കുന്നു. ഈ ധർണ്ണയുടെ ഉദ്ഘാടനം ശ്രീമതി കെ. അജിത നിർവ്വഹിക്കുന്നു. എല്ലാവരുടേയും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു.

സരോജം എസ്
പ്രസിഡൻ്റ്

സോണിയ ജോർജ്ജ്
സെക്രട്ടറി

Follow | Facebook | Instagram Telegram | Twitter