അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ച സുധാ ഭരദ്വാജ്
ഒരു ഭരണകൂടം അതിൻ്റെ എല്ലാ കപടതകളോടും ക്രൂരതകളോടും കൂടി രാജ്യത്തെ വിമത ശബ്ദങ്ങളെ അടിച്ചമർത്താൻ ആസൂത്രണം ചെയ്ത പദ്ധതിയായ ഭീമ കൊറേഗാവ് കേസിനെ ആഴത്തിൽ പരിശോധിക്കുന്ന പുസ്തകമാണ് നരവംശ ശാസ്ത്രജ്ഞയായ അൽപ ഷായുടെ “The Incarcerations: Bhima Koregaon and the Search for Democracy in India.” BK-16 (ഭീമ കൊറേഗാവ് 16) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഭീമ കൊറേ ഗാവ് കേസിലെ ഓരോ വ്യക്തിയെക്കുറിച്ചും വളരെ വിശദമായിത്തന്നെ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. അതിൽ ഒരാളാണ് ട്രേഡ് യൂണിയൻ പ്രവർത്തകയും അഭിഭാഷകയുമായ സുധാ ഭരദ്വാജ്. കേരളീയ സമൂഹത്തിന് പൊതുവിൽ അപരിചിതയായ സുധാ ഭരദ്വാജിനെ അൽപാ ഷായുടെ പുസ്തകത്തിലൂടെ മനസ്സിലാക്കാം.
അൽപാ ഷാ
#SudhaBharadwaj
Part 2
ബികെ-16ല്‍, സ്റ്റാന്‍ സ്വാമി മരിക്കുന്നതുവരെ, ജയിലില്‍ തന്റെ അറുപതാം പിറന്നാള്‍ ആഘോഷിച്ച സുധ ഭരദ്വാജിന്റെ കഥ, ഒരുപക്ഷെ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഏറ്റവും നന്നായി കവര്‍ ചെയ്തതാണ്. യുഎസിലെ കേംബ്രിഡ്ജിലെ ഒരു നഗരത്തില്‍ ജനിച്ച്, ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും (എംഐടി) പ്രശസ്ത സാമ്പത്തിക വിദഗ്ധര്‍ക്ക് കീഴില്‍ രണ്ടുവര്‍ഷത്തെ പോസ്റ്റ്‌ഡോക്ടറല്‍ പഠനം നടത്തിയ, പതിനൊന്ന് വയസ്സ് വരെ യുകെയിലെ മറ്റൊരു കേംബ്രിഡ്ജില്‍ വളര്‍ന്ന്, തുടര്‍ന്ന് അമ്മ തന്നെ സ്ഥാപിച്ച സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് സ്റ്റഡീസ് ആന്‍ഡ് പ്ലാനിംഗിലെ പ്രൊഫസറായിരുന്ന അമ്മയോടൊപ്പം ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി കാമ്പസിൽ കഴിഞ്ഞ, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐഐടി) പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന, സുധയുടെ കുടുംബ ചരിത്രവും അന്തര്‍ദേശീയ ബന്ധങ്ങളും വിദ്യാഭ്യാസ പശ്ചാത്തലവും ലോകമെമ്പാടും തന്നെ അവര്‍ക്ക് ധാരാളം സുഹൃത്തുക്കളെ നല്‍കി.
അവരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ലോ സ്‌കൂള്‍ 2019-ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഒരു എക്‌സിബിഷനില്‍ സുധയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കുകയും മുന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്ക് ഉള്‍പ്പെടെ ഇരുപത്തിയൊന്ന് പേര്‍ ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു. മൂന്ന് വര്‍ഷത്തിലേറെ നീണ്ട ജയില്‍വാസത്തിന് ശേഷം ബോംബെ ഹൈക്കോടതി സുധയ്ക്ക് ‘സ്ഥിര ജാമ്യം’ അനുവദിച്ചു. കേസ് ഫയല്‍ ചെയ്തതില്‍ സാങ്കേതികപിഴവുണ്ടെന്ന് അവരുടെ അഭിഭാഷകര്‍ക്ക് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.
യൂറോപ്യന്‍ യൂണിയന്റെയും യുകെ സര്‍ക്കാരിന്റെയും സാമ്പത്തിക സാമൂഹിക ശാസ്ത്ര ഗവേഷണ കൗണ്‍സിലിന്റെ പിന്തുണയോടെ ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചയുടെ പിന്നാമ്പുറം തുറന്നുകാട്ടുന്ന ഒരു പഠനത്തിന് ഞാന്‍ നേതൃത്വം നല്‍കിയ കാലത്ത്, തടവിലാക്കപ്പെടുന്നതിന് മൂന്ന് വര്‍ഷം മുമ്പെങ്കിലും, സുധയെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. മെഡിക്കല്‍ ഇന്‍ഷുറന്‍സോ പെന്‍ഷനോ നല്‍കാതെ, കരാറുകളൊന്നുംകൂടാതെ, കുറഞ്ഞകൂലിക്ക്, ദുര്‍ബലരായ, രേഖകളില്ലാത്ത തൊഴിലാളികളെ നിയമിച്ച് വന്‍ ലാഭം ഉണ്ടാക്കിയതിലൂടെ, ഇന്ത്യയിലെ സമ്പന്നരായ ബിസിനസ്സ് വരേണ്യവര്‍ഗത്തിന് ബ്രിട്ടീഷ് ഗ്രാമപ്രദേശങ്ങളില്‍ ആഢംബര വീടുകള്‍ (മാനോര്‍ഹൗസ്) വാങ്ങാന്‍ കഴിയുന്നത് എങ്ങനെയെന്ന് ഞങ്ങളുടെ പഠന സംഘം പുറംലോകത്തിന് കാണിച്ചുകൊടുത്തിരുന്നു.
മിനിമം വേതനത്തേക്കാള്‍ കുറഞ്ഞ കൂലി ലഭിച്ചിരുന്ന, ഏതുനിമിഷവും പിരിച്ചുവിടാവുന്ന രീതിയില്‍, അപകടകരമായ അന്തരീക്ഷത്തില്‍ കൂടുതല്‍ സമയം ഇന്ത്യൻ തൊഴിലാളികൾക്ക് ജോലി ചെയ്യേണ്ടിവന്നു. ഇന്ത്യയിലെ 90 ശതമാനത്തിലധികം തൊഴിലാളികളും ഇത്തരം വഞ്ചനാപരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്തിരുന്നത്. ഈ അസ്ഥിര തൊഴിലാളികളുടെ ജീവിതാവസ്ഥയില്‍ മാറ്റം വരുത്താനുള്ള ഒരേയൊരു മാര്‍ഗ്ഗം മെച്ചപ്പെട്ട വേതനം, തൊഴില്‍ വ്യവസ്ഥകള്‍ എന്നിവ ആവശ്യപ്പെടുന്നതിന് അവരെ ഏകോപിപ്പിക്കുകയും അണിനിരത്തുകയും ചെയ്യുക എന്നതാണ്. എന്നാല്‍ ഇന്ത്യയിലെ ഭൂരിഭാഗം ട്രേഡ് യൂണിയനുകളും-അല്ലെങ്കില്‍ ലോകമെമ്പാടും-ഔപചാരിക കരാറുകളുള്ള ഒരു ചെറു ന്യൂനപക്ഷമായ സ്ഥിര തൊഴിലാളികളെ മാത്രമാണ് സംരക്ഷിച്ചുവരുന്നത്. ഇന്ത്യയിലെ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ക്ക് വേണ്ടി ആരും പോരാടിയിരുന്നില്ല. സുധ ഭരദ്വാജ് ഒഴികെ മിക്കവാറും ആരും തന്നെ ഇല്ല.
പ്രോജക്റ്റിന്റെ ഭാഗമായുള്ള അവസാന കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷണം നടത്താന്‍ ഞങ്ങള്‍ സുധയെ ലണ്ടനിലേക്ക് ക്ഷണിച്ചു, പക്ഷേ അവര്‍ എഴുതി, ”നിങ്ങളുടെ ക്ഷണം നിരസിക്കേണ്ടി വരുമെന്ന് ഞാന്‍ ഭയപ്പെടുന്നു. വിദേശ യാത്രയ്ക്കുള്ള കടലാസുകള്‍ ശരിയാക്കുന്നത് എനിക്ക് എന്റെ പാസ്പോര്‍ട്ട് സംഘടിപ്പിക്കുന്നതിലൂടെ ആരംഭിക്കേണ്ടതുണ്ട്, ഈ ഘട്ടത്തില്‍ അതിന് ചില തടസ്സങ്ങളുണ്ട്”.
ഒരു ഇന്ത്യക്കാരന്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പക്ഷേ, ഇരുപത്തിമൂന്നാം വയസ്സില്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ചതിന് ശേഷം മറ്റൊന്ന് വാങ്ങാന്‍ മെനക്കെടാത്തതിനാല്‍ ലണ്ടനിലേക്ക് വരാന്‍ സുധയ്ക്ക് പാസ്പോര്‍ട്ട് ഇല്ലെന്ന് മനസ്സിലായി.
ഒടുവില്‍ 2022 ഏപ്രിലില്‍, ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങി അഞ്ച് മാസത്തിന് ശേഷം, സുധയെ ഞാന്‍ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍, ഡല്‍ഹിയിലെ ചാണക്യപുരിയിലെ മരങ്ങള്‍ നിറഞ്ഞ നയതന്ത്ര എന്‍ക്ലേവിന്റെ ഹൃദയമായ അമേരിക്കന്‍ എംബസിയിലെ വെളുത്ത കെട്ടിടം സന്ദര്‍ശിച്ചതിന്റെ കഥ, കുറച്ച് തമാശയോടെ, അവര്‍ എന്നോട് പറഞ്ഞു.
”വിസയ്ക്കായി നീണ്ട നിരയായിരുന്നു. എന്റെ അമ്മയ്ക്കും അവരുടെ രണ്ട് സഹപ്രവര്‍ത്തകര്‍ക്കും ഒപ്പമായിരുന്നു ഞാന്‍. കുര്‍ത്തയും ട്രൗസറുമായിരുന്നു എന്റെ വേഷം, മറ്റുള്ളവര്‍ സാരിയിലും. ഞാന്‍ മുന്നിലേക്ക് നീങ്ങി, പക്ഷേ വാതില്‍ക്കല്‍ നിന്നയാള്‍ പറഞ്ഞു, ”നിങ്ങള്‍ക്ക് വരി കാണാന്‍ കഴിയുന്നില്ലേ?”
”നോക്കൂ, ഞാന്‍ ഒരു അമേരിക്കന്‍ പൗരയാണ്.” സുധ പാസ്പോര്‍ട്ട് കാണിച്ചു. അയാള്‍ സമ്മതിച്ചു, സ്ത്രീകളെ അകത്തേക്ക് അനുവദിച്ചു. വിശാലമായ മാര്‍ബിള്‍ തറയുള്ള മുറിയില്‍ ഒരു വലിയ മേശയുടെ പിന്നില്‍ പൊണ്ണത്തടിയനായ, സ്യൂട്ട് ധാരിയായ അമേരിക്കക്കാരന്‍ കോണ്‍സലിനെ അവര്‍ കണ്ടെത്തി.
”എന്റെ അമേരിക്കന്‍ പൗരത്വം വിട്ടുകൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ കോണ്‍സല്‍ ഞെട്ടിപ്പോയി. ഞാന്‍ എന്റെ അഭ്യര്‍ത്ഥന ആവര്‍ത്തിക്കുകയും എന്റെ മാതാപിതാക്കള്‍ ഇരുവരും ഇന്ത്യക്കാരാണെന്നും എനിക്കും ഇന്ത്യക്കാരിയാകാന്‍ ആഗ്രഹമുണ്ടെന്നും വിശദീകരിക്കേണ്ടി വന്നു” സുധ പറഞ്ഞു.
കോണ്‍സല്‍ തന്റെ മേശവലിപ്പുകള്‍ പരിശോധിച്ചുവെങ്കിലും ശരിയായ ഫോറം കണ്ടെത്താന്‍ കഴിഞ്ഞില്ല. തങ്ങളുടെ പാസ്പോര്‍ട്ട് വിട്ടുനല്‍കാന്‍ ആരും ഇതുവരെ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം സമ്മതിച്ചു, അടുത്ത ആഴ്ച തന്നെ തിരികെ വരാന്‍ സുധയോട് അയാള്‍ ആവശ്യപ്പെട്ടു.
സ്ത്രീകള്‍ പോകാന്‍ തിരിഞ്ഞപ്പോള്‍, കോണ്‍സല്‍ അധിക്ഷേപകരമായ ഒരു കാര്യം പറഞ്ഞു, ”നിങ്ങളുടെ വീട്ടിലെ പുരുഷന്മാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണോ? നിങ്ങളുടെ പിതാവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടോ? നിങ്ങള്‍ ഇത് നിങ്ങളുടെ ഭര്‍ത്താവുമായി ചര്‍ച്ച ചെയ്തിട്ടുണ്ടോ?”
”തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് തിരിച്ചറിയാത്ത മതിഭ്രമമുള്ള നാല് സ്ത്രീകളാണ് തന്നെ കാണാന്‍ വന്നിരിക്കുന്നതെന്ന് അദ്ദേഹം ശരിക്കും കരുതി, ഒരു പുരുഷ ഗൃഹനാഥനുമായി ചര്‍ച്ച ചെയ്യാതെ അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കാന്‍ വന്നതാണ്,” സുധ പറഞ്ഞു. വാസ്തവത്തില്‍, മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനുശേഷം ഏകദേശം ഇരുപത് വര്‍ഷമായി സുധയും അമ്മയും ഒറ്റയ്ക്കായിരുന്നു താമസം.
തൊട്ടടുത്ത ആഴ്ച സുധ എംബസിയില്‍ തിരിച്ചെത്തി. കോണ്‍സല്‍ അവള്‍ക്ക് ഫോറം നല്‍കി. ഓഫീസര്‍ ഒരിക്കല്‍ കൂടി അവരോടുപറഞ്ഞു; ”ഓര്‍ക്കുക, നിങ്ങള്‍ സ്വീകരിക്കുന്ന നടപടി വളരെ ഗൗരവമുള്ള ഒന്നാണെന്ന് … നിങ്ങള്‍ക്കറിയാമോ? ഇതിനുശേഷം ഒരിക്കലും നിങ്ങളെ അമേരിക്കന്‍ സൈന്യത്തില്‍ ചേരാന്‍ അനുവദിക്കില്ല”.
കൂടെ പഠിച്ചവരെല്ലാം അമേരിക്കയിലേക്ക് കുടിയേറാനും ഗ്രീന്‍ കാര്‍ഡ് നേടാനും സ്വപ്നം കണ്ട സാഹചര്യത്തിലാണ് യുഎസ് പൗരത്വം ഉപേക്ഷിക്കാനുള്ള സുധയുടെ തീരുമാനം ശ്രദ്ധേയമായത്. സുധ വ്യക്തമായും വ്യത്യസ്തയായിരുന്നു. അപ്പോഴേക്കും സ്വന്തം രാജ്യത്തെ പാവപ്പെട്ടവരുടെ പോരാട്ടങ്ങള്‍ക്കായി തന്റെ ജീവിതം സമര്‍പ്പിക്കണമെന്ന് അവള്‍ തീരുമാനിച്ചിരുന്നു.
എപ്പോഴും അവള്‍ക്ക് അങ്ങനെ തോന്നിയിരുന്നുവെന്നല്ല; കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് ഫെല്ലോ ആയിരുന്ന അമ്മയ്ക്കൊപ്പം യുകെയില്‍ ഏഴു വര്‍ഷത്തിനുശേഷം താമസിച്ചതിന് ശേഷം, പതിനൊന്നുകാരിയായ സുധ ആദ്യമായി ഡല്‍ഹിയില്‍ വന്നപ്പോള്‍, അവരുടെ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ അവള്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി, താഴെ നിറഞ്ഞുകിടക്കുന്ന ചേരികള്‍ കണ്ടു, സുധ അവളുടെ സ്ഫുടമായ ഇംഗ്ലീഷ് ഉച്ചാരണത്തില്‍ പറഞ്ഞു, ”മാ, നമുക്ക് ഇംഗ്ലണ്ടിലേക്ക് മടങ്ങാം.”
_ പരിഭാഷ: കെ സഹദേവൻ
The Incarceration: Bhima-Koregaon and the search for Democracy in India by Alpa Shah യുടെ പുസ്തകത്തിലെ Part -1 ൽ നിന്നും.
Photos Courtesy: Various Media
Follow us on | Facebook | Instagram | Telegram | Twitter | Threads