UAPA; ജനാധിപത്യപ്രവർത്തകർ ഉയർത്തിയ വിമർശനങ്ങൾ അവരുടെ വെറും ദുസ്വപ്നങ്ങൾ ആയിരുന്നില്ല
ഭീമ കൊറേഗാവിലെ സവർണ്ണ കലാപത്തെ ഭരണകൂട വിമർശകരായ സാമൂഹ്യപ്രവർത്തകരെ അടിച്ചമർത്താനുള്ള സാധ്യതയാക്കി വികസിപ്പിച്ച രീതി ഒരൊറ്റപ്പെട്ട സംഭവമല്ലെന്നും അത് ഭരണകൂട നയമായി മാറിയിരിക്കുന്നു എന്നതാണ് പൗരത്വ ബില്ലിനെതിരായ സമരത്തെ അടിച്ചമർത്തുന്നതിൽ രാജ്യദ്രോഹവും ഭീകരതയും ആരോപിക്കപ്പെട്ടത്തിലും സാമൂഹ്യപ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിലും കണ്ടത്. ഇപ്പോൾ ഹത്രാസിൽ ജാതിമർദ്ദനത്തിനും ബലാത്സംഗകൊലക്കുമെതിരെയും നടന്ന പ്രതിഷധങ്ങളിലും രാജ്യദ്രോഹവും ഗൂഡാലോചനയും ആരോപിക്കപ്പെടുന്നു. പത്രപ്രവർത്തകരും, സാമൂഹ്യപ്രവർത്തകരും രാഷ്ട്രീയ എതിരാളികളും പ്രതികളാക്കപ്പെടുന്നു.
UAPA നിയമമായപ്പോൾ ജനാധിപത്യ പ്രവർത്തകർ ഉയർത്തിയ വിമർശനങ്ങൾ അവരുടെ വെറും ദുസ്വപ്നങ്ങൾ ആയിരുന്നില്ല എന്നു ഇപ്പോൾ കൂടുതൽ കൂടുതൽ വ്യക്തമായി വരുന്നു.ഹത്രാസിലെ പെണ്കുട്ടിയുടെ കുടുംബത്തെ ആദ്യം ആരും സന്ദർശിക്കരുതെന്നായിരുന്നു. ഇപ്പോഴും ആരൊക്കെ അവരെ കാണണമെന്ന് സർക്കാർ തീരുമാനിക്കുന്നു. പത്രപ്രവർത്തകനും അഭിഭാഷകനും അവരുടെ തൊഴിലിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങൾ UAPA ചുമത്താവുന്ന കാര്യങ്ങൾ ആയി മാറുന്നു. സാമൂഹ്യ രാഷ്ട്രീയ ജീവിതത്തെ നിയന്ത്രിക്കുന്ന പുനർ സംഘടിപ്പിക്കുന്ന ഒരു സമ്പൂർണ്ണ നിയമവ്യവസ്ഥയായി UAPA മാറുന്നു.
മലയാളി പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ഖജാഞ്ചിയും യുപി സ്വദേശിയുമായ അഥീഖുര്‍റഹ്മാന്‍, ജാമിഅ വിദ്യാര്‍ഥിയും കാംപസ് ഫ്രണ്ട് ഡല്‍ഹി സംസ്ഥാന സെക്രട്ടറി മസൂദ് അഹ്മദ്, ഡ്രൈവര്‍ ആലം എന്നിവരുടെ അറസ്റ്റ് നമ്മൾ നേരിട്ടു കൊണ്ടിരിക്കുന്ന സമഗ്രാധിപത്യത്തെയാണ് വെളിവാക്കുന്നത്.
_ അഡ്വ. തുഷാർ നിർമ്മൽ സാരഥി