മാവോയിസ്റ്റ് വിരുദ്ധരുടെയും ഇസ്ലാമിസ്റ്റ് വിരുദ്ധരുടെയും ലിറ്ററേച്ചർ ഫെസ്റ്റിവല്‍
അത് അല്ലെങ്കിലും അങ്ങനെ തന്നെയാണ്. ജനാധിപത്യത്തെകുറിച്ച് ചർച്ചചെയ്യുമ്പോൾ ആ ഇടത്തിൽ ജനാധിപത്യവാദികളുണ്ടാകില്ല.സമരങ്ങളെകുറിച്ച് ചർച്ചചെയ്യുമ്പോൾ സമര നേതൃത്വങ്ങളുണ്ടാകില്ല. ഇതാണവരുടെ നവ ജനാധിപത്യ സങ്കല്‍പ്പങ്ങൾ.
അത് നന്നായിരിക്കും, അത് വളരെ നന്നായിരിക്കും ! കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മൂന്ന് മാവോയിസ്റ്റ് വിരുദ്ധർ കൂടിയിരുന്ന് നടത്തുന്ന ചർച്ചയെന്താണ് ? മാവോയിസവും ഇസ്ലാമിസവും ! ഒന്നാമൻ പി ജയരാജൻ മാവോയിസ്റ്റ് വേട്ടക്കാരനും ഇസ്ലാമിസ്റ്റ് വിരുദ്ധനും. രണ്ടാമൻ കെ വേണു കടുത്ത കമ്മ്യൂണിസ്റ്റ്, ഇസ്ലാമിസ്റ്റ് വിരുദ്ധൻ. മൂന്നാമൻ ദാവൂദ് കമ്മ്യൂണിസ്റ്റ് വിരുദ്ധൻ. ഇസ്ലാമിസ്റ്റ് തന്നെയെങ്കിലും മാവോയിസ്റ്റുകളുമായി സഖ്യമുള്ളതായി ആരോപിക്കപ്പെടുന്ന ഇസ്ലാമിസ്റ്റ് വിഭാഗത്തിലല്ല ടിയാനുള്ളത്. ചുരുക്കത്തിൽ ഈയിടെ പി ജയരാജൻ തന്നെ ഉയർത്തിക്കൊണ്ടു വരികയും ഡിസിയുടെ തന്നെ പച്ചക്കുതിരയിൽ ലേഖനം എഴുതുകയും ചെയ്ത മാവോയിസ്റ്റ് ഇസ്ലാമിസ്റ്റ് സഖ്യം ചർച്ച ചെയ്യാൻ പക്ഷെ ആ പക്ഷത്ത് നിന്ന് ആരുമില്ല. ഉള്ളത് വിരുദ്ധർ മാത്രം.
നേരത്തെ ‘മതജീവിതത്തിൽ നിന്ന് മതരഹിത ജീവിതത്തിലേക്ക്’ എന്ന സെഷനിൽ എക്സ് മുസ്ലീംങ്ങളെ മാത്രം വിളിച്ചതുമായി ബന്ധപ്പെട്ട് വാലുമുറിഞ്ഞ ഡി സിയുടെ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ യഥാർത്ഥ അജണ്ടയെന്താണെന്നതാണ് അത്ഭുതം.
മാവോയിസ്റ്റ്, ഇസ്ലാമിസ്റ്റ് മുദ്ര ചാർത്തി നാട്ടിൽ വേട്ട നടക്കുമ്പോഴാണ് ഇത്ര ലാഘവത്തോടെ ഏകപക്ഷീയമായി ഇങ്ങനെയൊരു ചർച്ച.
ദലിത് ആദിവാസി ജനവിഭാഗങ്ങൾക്കു വേണ്ടി സ്ഥാപിതമായ കിർത്ടാഡ്സിന്റെ ഫണ്ട് വകമാറ്റി കഴിഞ്ഞ വർഷത്തെ ലിറ്ററേച്ചർ ഫെസ്റ്റിവലിന് വേണ്ടി ചെലവഴിച്ച വാർത്ത വന്നിട്ടും ഒരു പ്രതികരണവും നടത്താതിരുന്ന ഡിസി നാട്ടിലെ വലിയൊരു ഭീഷണിയെന്ന നിലയിൽ ഭരണകൂടം അവതരിപ്പിക്കുന്ന മാവോയിസ്റ്റ് ഇസ്ലാമിസ്റ്റ് സഖ്യ ചർച്ച തങ്ങളുടെ ഫെസ്റ്റിവലിൽ ഉൾപ്പെടെത്തുന്നത് അത്ര നിഷ്കളങ്കമെന്ന് കരുതാനാവില്ല.
_ ജയ്സൺ സി കൂപ്പർ