ഏതുനേരവും ഹൃദയം നിലയ്ക്കാവുന്ന ഉമ്മയെ കാണാൻ ഷൈനയെ അനുവദിക്കാതെ ഭരണകൂടം

എന്റെ പ്രായമായ ഉമ്മയേയും കുട്ടികളേയും നോക്കാനാണ് എനിക്ക് ജാമ്യമനുവദിച്ചതെങ്കിലും പ്രായോഗികമായി അതിനുള്ള എല്ലാ സാധ്യതയും അടച്ചുകളഞ്ഞിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും കുറ്റകൃത്യം ഞാന്‍ ചെയ്തു എന്നതിനാലല്ല എന്നെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. കെട്ടിച്ചമച്ച കേസുകളുടെ ഭാഗമായി വിചാരണയില്ലാതെ എന്നെ മൂന്നര വര്‍ഷത്തോളം ജയിലിലടച്ചതു പോരാതെയാണ് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരയാക്കുന്നത്. ഇതുമൂലം എന്നെ മാത്രമല്ല ഈ കേസുകളുമായി യാതൊരു ബന്ധവുമില്ലാത്ത എന്റെ ഉമ്മയേയും കുട്ടികളേയും കൂടിയാണ് ശിക്ഷിക്കുന്നത്…. മാവോയിസ്റ്റ് നേതാവ് ഷൈന പി എ സഖാക്കൾക്കും സുഹൃത്തുക്കൾക്കും എഴുതിയ തുറന്ന കത്ത്…

പ്രിയ സഖാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും,
എന്റെ ഉമ്മ കഠിനമായ ഹൃദ്രോഗം മൂലം ബുദ്ധിമുട്ടുകയാണെന്ന് നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ ഇതു വായിച്ചയുടനെ ഉമ്മയെ കാണാന്‍ തിരക്കു കൂട്ടരുതെന്ന് ഞാനാദ്യം തന്നെ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. കാരണം ഉമ്മ തന്റെ അസുഖത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെപ്പറ്റി തീര്‍ത്തും അജ്ഞയും തന്റേത് വൃത്തികെട്ട ഒരു ജലദോഷവും അതുമൂലമുണ്ടായ ശ്വാസം മുട്ടലുമാണെന്ന് വിശ്വസിച്ചിരിക്കുകയാണ്.
2006-ലാണ് ഉമ്മ ഒരു ബൈപാസ് ഹൃദയ ശസ്ത്രക്രിയക്കു വിധേയയാകുന്നത്. അതുവഴി ഉമ്മയുടെ ഹൃദയ ധമനികളില്‍ കാലില്‍ നിന്നെടുത്ത മൂന്നു രക്തക്കുഴലുകള്‍ വെച്ചു പിടിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ അതിലെ രണ്ടെണ്ണവും അടഞ്ഞ നിലയിലാണ്. ഇതുമൂലം വീണ്ടും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 2018 നവംബറില്‍ നടത്തിയ ആന്‍ജിയോഗ്രാമില്‍ തടസ്സമുള്ളത് വ്യക്തമായി.

വീണ്ടും ഒരു സര്‍ജറി (ഇത്തവണ ആന്‍ജിയോപ്ലാസ്റ്റിയായിരുന്നു) ഉടനെ നടത്തുകയും ചെയ്തു. എന്നാല്‍ രക്തക്കുഴലുകളില്‍ കാല്‍സ്യം വന്‍തോതില്‍ അടിഞ്ഞു കൂടിയതുകൊണ്ട് ഡോക്ടര്‍മാര്‍ ആദ്യം ഉദ്ദേശിച്ചിരുന്ന രീതിയില്‍ സ്‌റ്റെന്റ് ഇടാന്‍ സാധിച്ചില്ല. അതുകൊണ്ടു തന്നെ ഈ സര്‍ജറി താത്കാലിക പരിഹാരമാണെന്ന് ഡോക്ടര്‍മാര്‍ അന്നു മുന്നറിയിപ്പു തന്നിരുന്നു. മനപ്രയാസങ്ങള്‍ ഉണ്ടാകരുതെന്നും പരിപൂര്‍ണ്ണ വിശ്രമമെടുക്കുകയും മരുന്നുകള്‍ കൃത്യമായി കഴിക്കുകയും വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. സ്വന്തമായി കുളിക്കാനോ എന്തിന് ഒരു കപ്പ് വെള്ളമെടുക്കാനോ ഉമ്മയെ അനുവദിക്കരുതെന്ന് ഡോക്ടര്‍ പ്രത്യേകം പറഞ്ഞിരുന്നതിനാല്‍ നൂറു ശതമാനം മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു ഉമ്മ.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റുമാസത്തില്‍ ഞാന്‍ ജാമ്യം നേടി പുറത്തു വന്നെങ്കിലും ദിവസവും കോയമ്പത്തൂര്‍ പീളമേട്ടിലുള്ള ക്യൂ-ബ്രാഞ്ച് പോലീസ് സ്‌റ്റേഷനില്‍ ഒപ്പിടുന്ന തരത്തിലുള്ള കടുത്ത ജാമ്യവ്യവസ്ഥകള്‍ മൂലം എനിക്ക് കോയമ്പത്തൂര്‍ വിട്ടു വരാനോ ഉമ്മയോടൊപ്പം നില്‍ക്കാനോ കഴിഞ്ഞിരുന്നില്ല. എന്റെ 16 വയസ്സുള്ള മകള്‍ മാത്രമാണ് ഉമ്മയോടൊപ്പമുണ്ടായിരുന്നത്. എന്നാല്‍ അവള്‍ക്ക് ഉമ്മയെ നോക്കുകയും വീട്ടു ജോലികള്‍ ചെയ്യുകയും സ്‌കൂളില്‍ പോകുകയും എല്ലാം ഒരുമിച്ചു ചെയ്യാനാകാത്ത സാഹചര്യത്തില്‍ അവളെ കൂട്ടിക്കൊണ്ടു പോകാന്‍ ഉമ്മ എന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസിക്കുന്നത് എന്നതിനാല്‍ അവളെ എന്നോടൊപ്പം ഏതാനും ദിവസങ്ങള്‍ നിര്‍ത്തിയ ശേഷം മൂത്തമകളോടൊപ്പം ശാന്തിനികേതനിലേക്ക് അയച്ചു. അയല്‍പക്കക്കാരായ ഒരു കുടുംബം ഉമ്മാക്ക് ഭക്ഷണം പാചകം ചെയ്തു കൊടുക്കുകയും മറ്റ് അത്യാവശ്യസഹായങ്ങള്‍ ചെയ്യുകയും ചെയ്യാമെന്നേറ്റിരുന്നു.

എന്റെ ജാമ്യവ്യവസ്ഥകളില്‍ അധികം വൈകാതെ ഇളവു വരുത്തുമെന്നുള്ള പ്രതീക്ഷയിലാണ് ഏതാനും ദിവസങ്ങളിലേക്ക് എന്ന തരത്തില്‍ ഇത്തരം ഒരു ഏര്‍പ്പാടിന് ഞാന്‍ മുതിര്‍ന്നത്. അങ്ങനെ ഉമ്മ വീട്ടില്‍ തീര്‍ത്തും തനിച്ചായി. ഇടക്കിടെയുള്ള ഫോണ്‍ വിളികളിലൂടെ ഉമ്മയുടെ അവസ്ഥ ഞങ്ങള്‍ അറിഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ എന്റെ ജാമ്യ വ്യവസ്ഥകള്‍ ഇളവു ചെയ്യാനുള്ള പെറ്റീഷനുകള്‍ കീഴ്‌കോടതി ഒന്നിനു പിറകെ ഒന്നായി തള്ളുകയും (ഉമ്മയുടെ നവംബറിലെ ഓപറേഷന്റെ സമയത്തു പോലും എനിക്ക് ഇളവനുവദിക്കാന്‍ കോടതി തയ്യാറായില്ല) ഹൈക്കോടതിയില്‍ ഇതിനെതിരെ കൊടുത്ത പെറ്റീഷനില്‍ ഉത്തരവിടാതെ മാറ്റിവെച്ചു കൊണ്ടിരിക്കുകയും ചെയ്തപ്പോഴാണ് ഉമ്മ തനിച്ചായതിന്റെ പ്രശ്‌നങ്ങള്‍ രൂക്ഷമായത്.

കഴിഞ്ഞ മാസം 20-ാം തിയ്യതി ഹൈക്കോടതിയില്‍ നിന്നും അനുകൂലമായ ഒരു ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാകാത്തതില്‍ ഉമ്മ വളരെ ദുഃഖിതയായിരുന്നു. രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വല്ലാത്ത ചുമയുണ്ടെന്നും ശ്വാസം മുട്ടനുഭവപ്പെടുന്നുവെന്നും ഉമ്മ പറഞ്ഞിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം 25-ാം തിയ്യതി എറണാകുളം കോടതിയില്‍ ഹാജരാകാനായി പ്രത്യേക അനുമതി വാങ്ങി പോയപ്പോഴാണ് ഉമ്മയുടെ അവസ്ഥ ഞാന്‍ കരുതിയതിലും ഗുരുതരമാണെന്ന് മനസ്സിലായത്. രാത്രി ഉമ്മക്ക് ഉറങ്ങാനേ സാധിച്ചിരുന്നില്ല, കിടന്നാല്‍ ശ്വാസം മുട്ടുന്നതിനാല്‍ ഉമ്മ രാത്രി ഇരുന്നു കഴിച്ചു കൂട്ടുകയായിരുന്നു. ചുമ കൊണ്ടല്ല ഉമ്മയുടെ ശ്വാസം മുട്ടലെന്നും തിരിച്ച് ശ്വാസം മുട്ടിയിട്ടാണ് ഉമ്മ ചുമച്ചു കൊണ്ടിരുന്നത് എന്നും ഞാന്‍ മനസ്സിലാക്കി. ശ്വാസം മുട്ടല്‍ കാരണം നടക്കാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു ഉമ്മ. ഓരോ വാക്കിനു ശേഷവും ഉമ്മ ശ്വാസം കിട്ടാതെ കിതച്ചു കൊണ്ടിരുന്നു.

26-ാം തിയ്യതി കോയമ്പത്തൂരില്‍ പതിവു പോലെ ഒപ്പിട്ടിട്ടില്ലെങ്കില്‍ ജാമ്യം റദ്ദാകുമെന്നതിനാല്‍ ഉമ്മയുടെ അവസ്ഥ മനസ്സിലായിട്ടും ഉമ്മയെ ആശുപത്രിയില്‍ കൊണ്ടു പോകാനോ ശുശ്രൂഷിക്കാനോ ആകാതെ നിസ്സഹായാവസ്ഥയിലായി ഞാന്‍. നാലരമണിക്ക് തന്നെ പുറപ്പെട്ടാലേ സമയത്തിന് കോയമ്പത്തൂരെത്താനാകൂ എന്നതിനാല്‍ പുലര്‍ച്ചെ ഉമ്മ ഒരല്‍പം മയങ്ങിയ സമയത്ത് വേദനയോടെ ഉമ്മയെ വിളിച്ചുണര്‍ത്തേണ്ടതായും വന്നു. ഞാന്‍ ഗേറ്റടക്കുമ്പോള്‍ കിതച്ചുകൊണ്ട് ഉമ്മ നോക്കിക്കൊണ്ടു നില്‍ക്കുന്നുണ്ടായിരുന്നു. രാത്രി തന്നെ ചേടത്തിയുമായി (സഹോദര ഭാര്യ) സംസാരിച്ച് ഉമ്മയെ ആശുപത്രിയില്‍ കാണിക്കാന്‍ തീരുമാനിച്ചു.

പിറ്റേന്ന് (ജനുവരി 27-ാം തിയ്യതി) രാവിലെ തന്നെ ഉമ്മയുടെ വിശേഷമറിയാന്‍ വിളിച്ചപ്പോള്‍ ശ്വാസം മുട്ടും ചുമയും അധികമാണെന്നും അന്ന് ഞായറാഴ്ചയായതിനാല്‍ ഡോക്ടറില്ലെന്നും തിങ്കളാഴ്ചക്ക് ഹോസ്പിറ്റലില്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും ചേടത്തി പറഞ്ഞു. എന്നാല്‍ ഞായറാഴ്ച ഉച്ചയായപ്പോഴേക്ക് ഉമ്മാക്ക് തീരെ ശ്വാസം കിട്ടുന്നില്ലെന്നും വളരെ സീരിയസായ അവസ്ഥയാണെന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകുകയാണെന്നും ചേടത്തി അറിയിച്ചു. പ്രായമായവരിലും കടുത്ത പ്രമേഹമുള്ളവരിലും ഹൃദ്രോഗം ശ്വാസംമുട്ടിന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുകയെന്നതിനാലും ഉപ്പ ഇതേ തരത്തിലാണ് മരിച്ചതെന്നതിനാലും എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തണമെന്ന് എനിക്കു മനസ്സിലായി. ഹോസ്പിറ്റലില്‍ എത്തിയ ഉടനെ തന്നെ ഉമ്മയെ കാര്‍ഡിയാക് ഐ.സി.യുവില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും വളരെ ഗുരുതരമായ സ്ഥിതിയിലാണെന്നും ഒരു പക്ഷേ വെന്റിലേറ്റര്‍ വേണ്ടി വരുമെന്നും മക്കളോട് ഉമ്മയുടെ അവസ്ഥയെപ്പറ്റി അറിയിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു.

എന്റെ സാന്നിദ്ധ്യം അവിടെ അത്യാവശ്യമാണെന്നും ഉടനടി പുറപ്പെടുകയാണ് വേണ്ടതെന്ന് എനിക്കു അറിയാമായിരുന്നെങ്കിലും ജാമ്യവ്യവസ്ഥകളില്‍ ഇളവനുവദിക്കാതെ പോകാനാകില്ലെന്നതിനാല്‍ അതു സംബന്ധമായി എന്റെ അഭിഭാഷകരുമായി നീണ്ട ചര്‍ച്ചകള്‍ ചെയ്യുകയാണ് ഞാനപ്പോള്‍ ചെയ്യേണ്ടി വന്നത്. കോടതികള്‍ എന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവു തരാന്‍ വല്ലാതെ മടിച്ചു നില്‍ക്കുന്ന ഈയവസ്ഥയില്‍, ഹാര്‍ട്ട് ഓപറേഷനു പോലും ഇളവനുവദിക്കാത്തപ്പോള്‍ ഞാന്‍ കോടതിയുടെ ഉത്തരവില്ലാതെ പോയാല്‍ ഒരു പക്ഷേ ജയിലിലാകും എന്നവര്‍ എന്നെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.

എന്നാല്‍ ഒരു ജന്മം മുഴുവന്‍ എനിക്കും മക്കള്‍ക്കുമായി ഉഴിഞ്ഞു വെച്ച ഉമ്മ ഈ അവസ്ഥയില്‍ കിടക്കുമ്പോള്‍ ഞാന്‍ ജയിലിനു പുറത്തായിട്ടും പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ ജയിലിലേക്കു തിരിച്ചു പോകുകയാകും നല്ലതെന്ന് എനിക്കു തോന്നി. എന്നാല്‍ സഖാക്കളുടെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിനു വഴങ്ങി പീളമേട് ക്യൂ-ബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഒരു ഇന്റിമേഷന്‍ കൊണ്ടു പോയി കൊടുക്കുകയും അടുത്ത ദിവസം കോടതിയില്‍ പെറ്റീഷന്‍ കൊടുപ്പിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു കഴിഞ്ഞപ്പോള്‍ രാത്രി 8 മണി കഴിഞ്ഞിരുന്നു. ഒരു സുഹൃത്തിന്റെ വണ്ടിയില്‍ ഓടിപ്പാഞ്ഞ് ആശുപത്രിയില്‍ എത്തിയപ്പോള്‍ 11 മണി കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ദിവസത്തെ ലീവിനു മാത്രമേ അപേക്ഷിക്കാനാവൂ എന്നാണ് അഭിഭാഷകര്‍ പറഞ്ഞത് അതു തന്നെ അടുത്ത ദിവസം വൈകുന്നേരം അഞ്ചരക്കാണ് അനുവദിച്ചത്.

ഒരു ദിവസത്തിനു ശേഷം തിരിച്ചു പോരേണ്ടി വന്നതിനാല്‍ ഉമ്മ അത്യാസന്ന നിലയിലാണെന്ന് അറിഞ്ഞു വിദേശത്തു നിന്ന് അടിയന്തിരമായി അഞ്ചു ദിവസത്തെ ലീവില്‍ വന്ന സഹോദരന്‍ മാത്രമായി ഉമ്മയുടെ അടുത്ത് (ലീവില്ലാത്തതിനാലും വീട്ടില്‍ മക്കള്‍ തനിച്ചായതിനാലും കുട്ടികളില്‍ ഒരാള്‍ക്ക് പത്താം ക്ലാസ്സ് മോഡല്‍ പരീക്ഷയും മറ്റേയാള്‍ക്ക് ബിരുദ പരീക്ഷയുമായിരുന്നതിനാലും ചേടത്തിക്ക് തിരിച്ചു പോകേണ്ടി വന്നു). ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് സ്‌റ്റെന്റ് ഇട്ടിരിക്കുന്ന, കടുത്ത പ്രമേഹമുള്ള സഹോദരനെ (പ്രമേഹവും ഹൃദ്രോഗവും ഞങ്ങള്‍ക്ക് പൂര്‍വ്വീക സ്വത്തായി കിട്ടിയിട്ടുള്ളതാണ്). ഉറക്കമിളച്ച് ഉമ്മാനെ നോക്കാന്‍ നിര്‍ത്തിയാല്‍ ഒരു പക്ഷേ അദ്ദേഹത്തേയും അടുത്ത കട്ടിലില്‍ അഡ്മിറ്റ് ചെയ്യേണ്ടി വരുമെന്നതിനാല്‍ ഞാന്‍ അടുത്ത ദിവസം മുതല്‍ പിന്നീടുള്ള ദിവസങ്ങളില്‍ രാത്രി ഉമ്മാനോടൊപ്പം നില്‍ക്കാന്‍ വേണ്ടി ദിവസവും 8 മണിക്കൂര്‍ വീതം യാത്ര ചെയ്തു തൃശ്ശൂര്‍ നിന്നും കോയമ്പത്തൂര്‍ പോയി തിരിച്ചു വന്നുകൊണ്ടിരുന്നു.

ഉമ്മ ഇത്തവണയും അതിജീവിച്ചു. എന്നാല്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് രണ്ടു മാസത്തിനുള്ളില്‍ തന്നെ ഹൃദയം പണിമുടക്കിയതിനാല്‍ ഇനിയിപ്പോള്‍ ഏതു നിമിഷം വേണമെങ്കിലും ഇതാവര്‍ത്തിക്കാമെന്നും ഇതിന് പരിഹാരമായി മറ്റൊരു ശസ്ത്രക്രിയ കൂടി ചെയ്തു നോക്കാമെന്നും ഡോക്ടര്‍ പറഞ്ഞു. മൂന്നര ലക്ഷം രൂപയാണ് ഓപറേഷന്റെ തുകയെന്ന് ആദ്യം തന്നെ പറഞ്ഞ ഡോക്ടര്‍ ഇത് വളരെ റിസ്‌കുള്ള ഓപറേഷനാണെന്നും രോഗി ഇതിനെ അതിജീവിക്കുമെന്ന് ഉറപ്പൊന്നും തരാനാകില്ലെന്നും കൂടി കൂട്ടിച്ചേര്‍ത്തു. ഈ 77-ാം വയസ്സില്‍ ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ എടുത്തിട്ടും മുന്നൂറിനും നാനൂറിനും മുകളില്‍ (ഒരിക്കല്‍ 497 വരെ വന്നു) ഷുഗര്‍ ചാഞ്ചാടി കൊണ്ട് നില്‍ക്കുമ്പോള്‍, ഓപറേഷനിടയില്‍ ഹാര്‍ട്ട് അറ്റാക്ക് വരാന്‍ വളരെയേറെ സാധ്യതയുണ്ടെന്ന് പല ഡോക്ടര്‍മാരും മുന്നറിയിപ്പു തന്ന, ഒരു ഓപറേഷന്റെ പരീക്ഷണത്തിന് ഉമ്മയെ വിട്ടുകൊടുക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഇപ്പോള്‍ ഉള്ള ജീവന്‍ ഓപറേഷന്‍ നടത്തി നഷ്ടപ്പെടുത്തരുതല്ലോ. അതിനാല്‍ സഹോദരന്‍ ലീവ് തീര്‍ന്ന് തിരിച്ചു പോകുന്നതിന് ഒരു ദിവസം മുമ്പ് ഉമ്മയെ ഞങ്ങള്‍ ഡിസ്ചാര്‍ജ് ചെയ്യിച്ചു കൊണ്ടു വന്നു.

എപ്പോള്‍ വേണമെങ്കിലും നിലച്ചു പോകാവുന്ന ഒരു ഹൃദയമാണ് ഉമ്മയുടെ നെഞ്ചിനുള്ളില്‍ മിടിക്കുന്നതെന്ന പൂര്‍ണ്ണ ബോധ്യത്തോടെ മരുന്നുകളിലൂടെ, ചിട്ടയായ പരിചരണത്തിലൂടെ മാത്രം ഉമ്മയുടെ ആയുസ്സ് നീട്ടിയെടുക്കാനേ ഇനി കഴിയൂ. ഇനി ഏറെ നാളുകള്‍ ഉമ്മ കൂടെ ഉണ്ടാകാനിടയില്ല എന്നതിനാല്‍ തന്നെ ഉമ്മയെ കുറച്ചു നാളെങ്കിലും പരിചരിക്കാനും ഉമ്മക്ക് സ്വാന്ത്വനമേകാനും സമാധാനപൂര്‍ണ്ണമായ ഒരു സാഹചര്യം ഒരുക്കാനും എന്റെ സാന്നിദ്ധ്യം അത്യാവശ്യമാണ്. അതിനുവേണ്ടി 15 ദിവസം എനിക്ക് ഒപ്പിടുന്നതില്‍ നിന്നും ഇളവനുവദിക്കാന്‍ ആവശ്യപ്പെട്ട് പ്രത്യേകം ഒരു പെറ്റീഷന്‍ കൂടി ഹൈക്കോടതിയില്‍ ഞാന്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് തികച്ചും മാനുഷികമായ ഒരാവശ്യമാണെങ്കിലും ഈ വിഷയത്തില്‍ കോടതികളുടെ ഭാഗത്തു നിന്ന് അനുകൂലമായ ഒരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഫയല്‍ ചെയ്ത് ഒരാഴ്ചയ്ക്കു ശേഷവും ഇതുവരെ ഈ പെറ്റീഷന്‍ ലിസ്റ്റു ചെയ്തിട്ടില്ല. അടുത്തയാഴ്ചയെങ്കിലും ഇത് ലിസ്റ്റു ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. പോലീസിന്റേയും ഭരണകൂടത്തിന്റേയും അതിശക്തമായ സമ്മര്‍ദ്ദം ഇതില്‍ എനിക്കെതിരായി ഉണ്ട്.

കൊലപാതകിക്കും കൊള്ളക്കാരനും കള്ളനും ബലാത്സംഗിക്കും 45-90 നാളുകള്‍ക്കുള്ളില്‍ ജാമ്യം നല്‍കുകയും ജാമ്യവ്യവസ്ഥകളില്‍ ഇളവു നല്‍കുകയും ചെയ്യുന്ന കോടതികള്‍ സമൂര്‍ത്തമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെങ്കിലും കെട്ടിച്ചമച്ച ഗൂഢാലോചനക്കേസുകളിലും സിം കാര്‍ഡ് കേസുകളിലും (വ്യാജരേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡുകള്‍ എടുത്തു എന്നാണ് ആരോപണം) എന്നെ മൂന്നര വര്‍ഷത്തോളം വിചാരണയില്ലാതെ ജയിലിലടക്കുകയും പുറത്ത് വന്നപ്പോഴാണെങ്കില്‍ ജാമ്യവ്യവസ്ഥകള്‍ കൊണ്ട് മറ്റൊരു അദൃശ്യമായ തടവറയൊരുക്കുകയും ചെയ്ത് എന്നെ ഭരണകൂടം പീഢിപ്പിക്കുകയാണ്.

ഉമ്മയെ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷം ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. സഹോദരന്റെ കുടുംബം വിസ പുതുക്കാനായി തിരിച്ചു പോയതിനാല്‍ ഉമ്മയെ നോക്കാന്‍ ആരുമില്ലാത്ത അവസ്ഥയായിരുന്നു. വീട്ടില്‍ ഒരു കാരണവശാലും തനിച്ചാക്കരുതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളതിനാല്‍ ഉമ്മയെ അവരുടെ സഹോദരിയുടെ മകന്റെ വീട്ടില്‍ താത്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. സ്വന്തം വീട്ടിലും പരിചിതമായ ചുറ്റുപാടിലുമല്ലാതെ മറ്റൊരാളെ ആശ്രയിച്ച് കഴിയേണ്ടി വരുന്ന സാഹചര്യത്തില്‍ ഉമ്മ തികച്ചും ദുഃഖിതയാണ്. ദിവസവും ഞാന്‍ ഫോണ്‍ ചെയ്യുമ്പോള്‍ എന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ചോ എന്ന് ഉമ്മ ചോദിക്കും. എനിക്ക് വീട്ടില്‍ വരാനായാല്‍ ഉമ്മക്ക് വീട്ടിലേക്ക് തിരിച്ചു വരികയും എന്നോടൊപ്പം താമസിക്കുകയും ചെയ്യാമല്ലോ. ഓരോ ദിവസവും എന്റെ പെറ്റീഷന്‍ ഇനിയും ഹിയറിംഗിന് വന്നിട്ടില്ലെന്നറിയുമ്പോള്‍ ഉമ്മ സങ്കടപ്പെടും, എന്നെ വെള്ളത്തുണിയില്‍ പൊതിഞ്ഞെടുത്ത ശേഷമാകും നിനക്ക് വീട്ടില്‍ വരാനാകുക എന്ന് നിരാശയോടെ കോപിക്കും. കഴിഞ്ഞ ആറുമാസമായി ഉമ്മ എന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഉമ്മയുടെ കാത്തിരിപ്പ് ഇപ്പോള്‍ ആരംഭിച്ചതല്ല. കഴിഞ്ഞ പതിനൊന്നു വര്‍ഷങ്ങളായി ഉമ്മ എന്നെ കാത്തിരിക്കുകയാണ്. ഇന്നാണെങ്കില്‍ ഉമ്മയെ സംബന്ധിച്ച് ഇനി അധികം നാളുകള്‍ തനിക്കു ബാക്കിയുണ്ടാകില്ലെന്ന ആധിയും പിടികൂടിയിരിക്കുന്നു.

എല്ലാവര്‍ക്കും സ്വന്തം അമ്മമാരെന്ന പോലെ ഒരു പക്ഷേ അതിലധികവും എനിക്കെന്റെ ഉമ്മ പ്രിയപ്പെട്ടതാണ്. എന്റെ എല്ലാ വേദനകളിലും ബുദ്ധിമുട്ടുകളിലും എന്നെ കുറ്റപ്പെടുത്താതെ എന്നെ സഹായിച്ച് എന്നോടൊപ്പം നിന്നിട്ടുള്ള ഒരാളാണ് ഉമ്മ. ഉമ്മ ഒരു കമ്മ്യൂണിസ്റ്റല്ല; ഒരു ഉറച്ച മുസ്ലീം മതവിശ്വാസിയാണ്. രാഷ്ട്രീയമായി എന്നോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഉമ്മ എന്നും ഇടതു സഹയാത്രികയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടു വെയ്ക്കുന്ന തുല്യതയിലധിഷ്ഠിതമായ ഒരു ലോകക്രമത്തിനുവേണ്ടി നിലകൊള്ളുന്നയാളുമാണ്. 40-കളില്‍ അവിഭാജ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉറച്ച പ്രവര്‍ത്തകനും ജയിലില്‍ കിടക്കുകയും മര്‍ദ്ദനമനുഭവിക്കുകയും ചെയ്തയാളുമായ സ്വന്തം സഹോദരനെക്കുറിച്ച് വളരെയേറെ ബഹുമാനത്തോടും സ്‌നഹത്തോടും കൂടിയാണ് ഉമ്മ സംസാരിക്കാറ്. അന്ന് പാര്‍ട്ടിയുടെ ഷെല്‍ട്ടറായിരുന്നു തന്റെ വീടെന്നും ആങ്ങളയെ തിരഞ്ഞു വന്ന പോലീസുകാര്‍ കുട്ടിയായിരുന്ന തന്നെപ്പോലും ബൂട്ടിട്ട് ചവിട്ടിയെന്നും പറയുമ്പോള്‍ ഉമ്മയുടെ സംസാരത്തില്‍ അഭിമാനം നിറയും.

ഉമ്മയുടെ സമ്മതമില്ലാതെ വീട്ടുകാരെ എതിര്‍ത്ത് ജാതിയും മതവും നോക്കാതെ രൂപേഷിനെ ഞാന്‍ വിവാഹം കഴിച്ചപ്പോള്‍ തന്റെ അനിഷ്ടം മറന്ന് മറ്റാര്‍ക്കും അറിയാതെ എനിക്ക് വെറും മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ എനിക്ക് ഉമ്മ ജോലി ശരിയാക്കി തന്നിരുന്നു. എന്റെ മക്കളെ പതിനൊന്നു വര്‍ഷം മുമ്പ് അവര്‍ക്ക് വെറും പന്ത്രണ്ടും അഞ്ചും വയസ്സുമാത്രം പ്രായമുള്ളപ്പോള്‍ ഞാന്‍ വിട്ടിട്ടു വന്നതു മുതല്‍ ഇതുവരെ ഒരു മുറുമുറുപ്പുമില്ലാതെ അവരെ നോക്കിയത് ഉമ്മയാണ്. പലപ്പോഴും ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഉമ്മ അഭയകേന്ദ്രമായി. ഞങ്ങള്‍ ജയിലില്‍ കിടക്കുമ്പോഴും ഞങ്ങളെ കുറ്റപ്പെടുത്തുകയല്ല, ഞങ്ങള്‍ മുന്നോട്ടു വെച്ച ന്യായമായ പോരാട്ടങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയാണ് ഉമ്മ ചെയ്തത്.

വീടു വിട്ട് ഒരു രാത്രി പോലും നില്‍ക്കാന്‍ താത്പര്യമില്ലാത്ത ഉമ്മ ആറുമാസം മുമ്പ് എല്ലാ അസുഖങ്ങളും പ്രയാസങ്ങളും അവഗണിച്ച് കോയമ്പത്തൂരില്‍ എനിക്ക് ജാമ്യം നില്‍ക്കാനായി വരികയും ഒരാഴ്ചയോളം പൊന്‍ചന്ദ്രന്‍ സഖാവിന്റെ വീട്ടില്‍ താമസിച്ച് പല കോടതികളിലായി അലയുകയും ചെയ്തു. എന്നാല്‍ ജാമ്യം കിട്ടിയിട്ടും എനിക്കു വീട്ടില്‍ വരാനാകുന്നില്ലെന്ന് മനസ്സിലായപ്പോള്‍ ഉമ്മ തളര്‍ന്നു പോയി. ജനുവരി 20-ാം തിയ്യതി ആഴ്ചയില്‍ ഒരു ദിവസം ഒപ്പിടുന്ന തരത്തില്‍ എന്റെ ജാമ്യവ്യവസ്ഥ ഇളവു ചെയ്യാനുള്ള പെറ്റീഷന്‍ വീണ്ടും ഒരു മാസത്തേക്ക് മാറ്റി വെച്ചു എന്നറിഞ്ഞപ്പോള്‍ ഉമ്മ ഫോണിലൂടെ കരഞ്ഞു; മനസ്സാക്ഷിയില്ലാത്ത ഭരണകൂടത്തിനെ പഴിച്ചു. അന്നത്തേതിനു ശേഷമാണ് ഉമ്മയ്ക്ക് വീണ്ടും അസുഖം വരുന്നത്.

കഴിഞ്ഞ ആറു മാസത്തിനിടയില്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് എനിക്ക് ഉമ്മയോടൊപ്പം ചിലവിടാനായിട്ടുള്ളത്. ആദ്യത്തെ രണ്ടര മാസത്തിനിടയില്‍ ദിവസം നാലു തവണ ഒപ്പിടേണ്ടതുണ്ടായിരുന്നതിനാല്‍ ഉമ്മയെ കാണാനേ പോയിരുന്നില്ല. പിന്നീട് ഒപ്പിടല്‍ ഒരു കോടതിയിലെ കേസുകളിലേതായി ചുരുങ്ങിയപ്പോഴാണ് ഉമ്മയെ കാണാന്‍ പോകാന്‍ ആരംഭിച്ചത്. അതും രാവിലെ പത്തിനും പത്തരയ്ക്കുമൊക്കെ ഒപ്പിടേണ്ടതിനാല്‍ അതുകഴിഞ്ഞ് വൈകുന്നേരം നാലുമണിക്കാണ് എനിക്ക് വീട്ടിലെത്താന്‍ കഴിയുക. അടുത്ത ദിവസം പുലര്‍ച്ചെ നാലരയ്ക്ക് ഇറങ്ങിയില്ലെങ്കില്‍ കോയമ്പത്തൂരില്‍ ഒപ്പിടാന്‍ സമയത്തിനെത്താന്‍ കഴിയുകയില്ല. ഈ ഓരോ യാത്രയുടേയും ക്ഷീണവും തളര്‍ച്ചയും പണച്ചെലവും ബുദ്ധിമുട്ടും ടെന്‍ഷനും എല്ലാം ആലോചിച്ച് ഉമ്മ തന്നെ എന്നോട് ജാമ്യവ്യവസ്ഥ ഇളവു ചെയ്യാതെ ഇനി വരേണ്ട എന്നു പറയും. ഉമ്മ എന്നെ കാണാതെ വിഷമിക്കുന്നുണ്ടെന്ന് അറിയാവുന്നതിനാല്‍ കഷ്ടപ്പാടു സഹിച്ച് ഞാന്‍ വീണ്ടും മാസത്തിലൊരിക്കലെങ്കിലും പോകും. ഇപ്പോഴാകട്ടെ ഉമ്മയെ താമസിപ്പിച്ചിരുക്കുന്ന ബന്ധുവിന്റെ വീടിനടുത്ത് നിന്നും അതിരാവിലെ ബസ് കിട്ടാത്തതിനാല്‍ ഉമ്മയെ ഒരു രാത്രിയെങ്കിലും പോയിക്കാണുന്നതിനുള്ള സാധ്യത അടയുകയും ചെയ്തു.

എപ്പോള്‍ വേണമെങ്കിലും നിലയ്ക്കാവുന്ന ഒരു ഹൃദയവുമായി നാളുകളെണ്ണി ഉമ്മ കഴിയുമ്പോള്‍ കൂട്ടിരിക്കാനനുവദിക്കുക എന്നത് മാനുഷികമായ ഒരു പരിഗണനയാണ്. എന്നാല്‍ അതുപോലും നല്‍കാന്‍ ഭരണകൂടം തയ്യാറാകുന്നില്ല. ജയിലില്‍ കഴിയുമ്പോള്‍ കൂടി ഉമ്മയെ കാണാന്‍ എനിക്ക് എസ്‌കോര്‍ട്ട് പരോള്‍ കിട്ടിയിരുന്നു. എന്നാലിപ്പോള്‍ ജാമ്യത്തിലിറങ്ങിയിട്ടും കാണാനാകാത്ത സ്ഥിതിയാണ്. ഉമ്മയെ സന്ദര്‍ശിക്കാന്‍ രൂപേഷിനു പോലും പരോള്‍ കിട്ടിയിട്ടും സ്വന്തം മകളായ എനിക്ക് അതിനുള്ള അനുവാദം ഇതുവരേയും ലഭിച്ചിട്ടില്ല. ഇത്തരം ദാരുണമായ ഒരവസ്ഥയെ എന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഒരവസരമായിട്ടാണ് ക്യൂ-ബ്രാഞ്ചും ഭരണകൂടവും കണക്കാക്കുന്നത്. എന്റെ പെറ്റീഷനില്‍ വാദം പോലും കേള്‍ക്കാത്തത് ഈ തന്ത്രത്തിന്റെ ഭാഗമാണെന്ന് ഞാന്‍ സംശയിക്കുന്നു. ഓരോ ഹിയറിംഗിനും പ്രൊസിക്യൂഷന്‍ ഓരോ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് സമയം വാങ്ങുകയാണ്. ഒടുവില്‍ ഈ കേസുകളില്‍ ഈ മാസം 15ന് ചാര്‍ജ് ഫ്രെയിം ചെയ്യുമെന്നും അതിനു ശേഷം റിലാക്‌സേഷന്‍ അനുവദിക്കാമെന്നുമാണ് പറയുന്നത്.

എന്നാല്‍ ഈ കേസില്‍ ചാര്‍ജ് ഫ്രെയിം ചെയ്യുന്നതിനു മുമ്പ് ഒന്നാം പ്രതിയായ രൂപേഷ് സമര്‍പ്പിച്ചിരിക്കുന്ന ഡിസ്ചാര്‍ജ് പെറ്റീഷനില്‍ വാദം കേള്‍ക്കേണ്ടതുണ്ട്. രൂപേഷ് ജനുവരി 10-ാം തിയ്യതി തൃശൂര്‍ ജയിലില്‍ നിന്നയച്ച ഡിസ്ചാര്‍ജ് പെറ്റീഷന്‍ എന്റെ പെറ്റീഷനില്‍ വാദം കേട്ട ജനുവരി 20-ാം തിയ്യതി വരെ തിരുപ്പൂര്‍ കോടതിയില്‍ എത്താത്തതില്‍ ദുരൂഹതയുണ്ട്. അതിനടുത്ത ദിവസമായ 21-നു മാത്രമാണ് ഈ പെറ്റീഷന്‍ കോടതിയില്‍ എത്തുന്നത്. ജയിലിനു പുറത്തും അദൃശ്യമായ ഒരു ജയിലിനുള്ളില്‍ എന്നെ തളച്ചിടുകയാണ് ഇപ്പോല്‍ നടന്നു വരുന്നത്.

ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം കോടതിയില്‍ പോകാനുള്ളപ്പോഴല്ലാതെ ഞാനിതുവരെ ഒപ്പിടുന്നത് മുടക്കിയിട്ടില്ല. ഏതൊരു ജോലിക്കും ആഴ്ചയില്‍ ഒരു അവധി ദിവസമുണ്ടാകുമെങ്കില്‍ ഒപ്പിടുന്നതില്‍ ഒരു മുടക്കു ദിവസവും ഇല്ല. റിപ്പബ്ലിക് ദിനമായാലും ബലിപെരുന്നാളായാലും ദീപാവലിയായാലും ഞായറാഴ്ചയായാലും ഞാന്‍ ഒപ്പിട്ടേ പറ്റൂ. എനിക്ക് കടുത്ത അസുഖമുള്ള സമയത്തു പോലും ആന്റിബയോട്ടിക് മരുന്നുകള്‍ കഴിച്ച് ഒപ്പിടാന്‍ പോകുകയാണ് ചെയ്യാറുള്ളത്. ഏറ്റവും പ്രയാസകരമായ കാര്യം ദിവസവും ഇവിടെ ഒപ്പിടേണ്ടതിനാല്‍ കോയമ്പത്തൂരിലേയും തിരുപ്പൂരിലേയുമൊഴികെയുള്ള മറ്റ് കോടതികളിലെ നടപടികളില്‍ എനിക്ക് ഹാജരാകാന്‍ കഴിയില്ലെന്നതാണ്. തങ്ങളുടെ അധികാര പരിധിക്കു പുറത്തുള്ള കേസുകളില്‍ ഹാജരാകണമെങ്കില്‍ കോടതിയുടെ അനുമതി വാങ്ങിയിട്ടു മാത്രമേ പോകാനാവൂ എന്ന ക്യൂ-ബ്രാഞ്ച് നിലപാടു മൂലവും മറിച്ചൊരു നിര്‍ദ്ദേശം കോടതിയില്‍ നിന്നില്ലാത്തതിനാലും മറ്റിടങ്ങളിലുള്ള കേസുകളില്‍ ഹാജരാകാനാകാതെ അവ നീണ്ടു പോവുകയാണ്.

എനിക്ക് ഈ കോടതികളിലല്ലാതെ മറ്റ് ഒമ്പതു കേസുകളുണ്ട്. മാസത്തിലൊരു തവണയെങ്കിലും ഈ കേസുകളില്‍ ഹിയറിംഗുണ്ടാകും. ഇവയ്‌ക്കോരോന്നിനും അനുമതി വാങ്ങണമെങ്കില്‍ ഒരു വക്കീലിനെ ഇക്കാര്യത്തിനു മാത്രം നീക്കിവെയ്‌ക്കേണ്ട അവസ്ഥയുണ്ടാകും. ഇത്തരം പ്രശ്‌നങ്ങള്‍ മൂലം എന്റെ കേസിലെ നടപടിക്രമങ്ങള്‍ അനന്തമായി നീണ്ടുപോകുകയും അതുവഴി വേഗത്തില്‍ വിചാരണ നേരിടാനുള്ള എന്റെ ഭരണഘടനാപരമായ അവകാശത്തെ (right to speedy trial) ഹനിക്കുകയും ചെയ്യുന്നു. ഈ കേസുകളില്‍ എനിക്കുവേണ്ടി ഹാജരാകുന്ന വക്കീലന്മാരെ കാണാനോ കേസു സംബന്ധമായ വിഷയങ്ങള്‍ സംസാരിക്കാനോ സാധിക്കാത്തത് കേസുകളുടെ നടത്തിപ്പുകളെ സാരമായി ബാധിക്കുന്നു. ഇതു മൂലം ന്യായമായ വിചാരണക്കുള്ള (fair trial) സാധ്യത ഇല്ലാതാകുന്നു.

1999-ല്‍ വക്കീലായി സന്നതെടുത്തെങ്കിലും പിന്നീട് സര്‍ക്കാര്‍ ജോലി കിട്ടിയപ്പോള്‍ ഞാന്‍ എന്റോള്‍മെന്റ് താത്കാലികമായി സസ്‌പെന്റു ചെയ്തിരുന്നു. ഇതു റദ്ദു ചെയ്യാനും വീണ്ടും വക്കീലായി പ്രാക്ടീസ് ചെയ്യാനും ഞാന്‍ ശ്രമിച്ചെങ്കിലും എന്റെ ഇക്കാര്യത്തിലുള്ള അപേക്ഷയില്‍ ബാര്‍ കൗണ്‍സില്‍ തീരുമാനമെടുത്തിട്ടില്ല. ഇതു സംബന്ധമായ കാര്യങ്ങള്‍ നേരിട്ടന്വേഷിക്കാനോ മറ്റെന്തെങ്കിലും ജോലികള്‍ തേടാനോ ദിവസവും ഒപ്പിടേണ്ടതിനാല്‍ എനിക്കു സാധിക്കുന്നില്ല. ഇതെന്റെ ജീവിക്കാനുള്ള ഭരണഘടനാവകാശത്തിന്റെ ലംഘനമാണ്. ആറുമാസത്തോളമായി സുഹൃത്തിന്റെ വീട്ടിലാണ് ഞാന്‍ താമസിക്കുന്നത്. ഇവിടെ നിന്ന് ഒപ്പിടാന്‍ പോകാന്‍ രണ്ടു ബസ്സുകള്‍ മാറിക്കയറണം. കോടതികളില്‍ പോകാനും വീട്ടില്‍ പോകാനും മറ്റുമുള്ള യാത്രകള്‍ക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി ധാരാളം പണച്ചിലവുണ്ട്. സ്വന്തമായി ഒരു ഉപജീവനമാര്‍ഗ്ഗമില്ലാത്തതിനാല്‍ ഞാന്‍ ഉമ്മയുടെ പെന്‍ഷേനയും സുഹൃത്തുക്കളുടെ സഹായങ്ങളേയും ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതെന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതാണ്.

ക്യൂ-ബ്രാഞ്ച് പോലീസുകാര്‍ എന്നേയും എന്നെ സഹായിക്കുന്നവരേയും നിരന്തരം പിന്തുടരുന്നതിനാല്‍ എനിക്ക് ഒരു വാടക വീടെടുക്കുക പോലും പ്രയാസകരമാണ്. എന്റെ ചെറിയ മകളുടെ വിദ്യാഭ്യാസവും ചികിത്സയും പൂര്‍ണ്ണമായി മുടങ്ങിയിരിക്കുകയാണ്. എന്റെ പ്രായമായ ഉമ്മയേയും കുട്ടികളേയും നോക്കാനാണ് എനിക്ക് ജാമ്യമനുവദിച്ചതെങ്കിലും പ്രായോഗികമായി അതിനുള്ള എല്ലാ സാധ്യതയും അടച്ചുകളഞ്ഞിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും കുറ്റകൃത്യം ഞാന്‍ ചെയ്തു എന്നതിനാലല്ല എന്നെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. എന്റെ പേരിലുള്ള ഭൂരിഭാഗം കേസുകളും (മൊത്തം 10 കേസുകള്‍)വ്യാജരേഖകള്‍ ചമച്ച് സിംകാര്‍ഡുകള്‍ എടുത്തുവെന്നതാണ്. ബാക്കിയുള്ള 7 കേസുകളും അടിസ്ഥാനപരമായി ഗൂഢാലോചന കേസുകളാണ്. ഈ കെട്ടിച്ചമച്ച കേസുകളുടെ ഭാഗമായി വിചാരണയില്ലാതെ എന്നെ മൂന്നര വര്‍ഷത്തോളം ജയിലിലടച്ചതു പോരാതെയാണ് ഇത്തരം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരയാക്കുന്നത്. ഇതുമൂലം എന്നെ മാത്രമല്ല ഈ കേസുകളുമായി യാതൊരു ബന്ധവുമില്ലാത്ത എന്റെ ഉമ്മയേയും കുട്ടികളേയും കൂടിയാണ് ശിക്ഷിക്കുന്നത്. ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുള്ള ഈ മനുഷ്യാവകാശലംഘനത്തിനെതിരെ പ്രതിഷേധിക്കാനും നീതി ലഭ്യമാക്കാനുമുള്ള പോരാട്ടത്തില്‍ എന്നോടൊപ്പം നില്‍ക്കാന്‍ എല്ലാ സുഹൃത്തുക്കളോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
_ ഷൈന പി എ

Leave a Reply