ഏകാന്ത തടവ് | അലൻ ഷുഹൈബ്
അലൻ ഷുഹൈബ്
ഒരു സാമൂഹിക ജീവിയായ മനുഷ്യന് ഒറ്റക്കാവുക എന്നത് പലപ്പോഴും രസമാണ്. എന്നാൽ തനിച്ചാവാൻ നമ്മൾ എന്നും ആഗ്രഹിക്കുന്നില്ല. പക്ഷെ, ഏകാന്ത തടവിന് വിധിക്കപ്പെട്ടാലോ? അതിൽ നിന്ന് കഠിനമായ അനുഭവങ്ങളുമായല്ലാതെ മോചനം സാധ്യമല്ല. എത്രയോ സിനിമകളിലും പുസ്തകങ്ങളിലും മനുഷ്യരെ ഏകാന്ത തടവിലിട്ട് പീഢിപ്പിക്കുന്നത് നമ്മൾ കണ്ടു. ഭക്ഷണവും വായുവും വെളിച്ചവും പോലെ തന്നെയാണ് മനുഷ്യന് മറ്റു മനുഷ്യരോടുള്ള സാമീപ്യവും ആശയവിനിമയവും. അതെടുത്തു കളയുന്നതോടെ നമ്മുടെ കിളി വരെ പോകും. ഏകാന്ത തടവിന്റെ ഭീകരത അവിടെയാണ് കിടക്കുന്നത്.
“Solitary confinement in any sentence can be awarded not more than 14 days at a time for a maximum of 3 months. It must be awarded in intervals and periods . If imprisonment exceeds 3 months then solitary confinement should not exceed 7 days in a month…” ഇങ്ങനെയാണ് ഏകാന്ത തടവിനെ പറ്റി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ പറയുന്നത്. പക്ഷെ ഞാനും വിയ്യൂർ അതിസുരക്ഷാ ജയിലിലെ മറ്റു തടവുകാരും ഏകാന്ത തടവിൽ കഴിഞ്ഞത് മാസത്തിൽ ഏഴ് ദിവസമോ മൊത്തമായി മൂന്ന് മാസമോ ആയിരുന്നില്ല, മറിച്ച് ക്വാറൻ്റൈൻ എന്ന പേരിൽ തുടർച്ചയായി ദിവസങ്ങളും മാസങ്ങളുമായിരുന്നു. ഞാൻ അന്ന് മൊത്തം 44 ദിവസമാണ് ഏകാന്ത തടവിൽ കഴിഞ്ഞത്. രണ്ടാം കൊറോണ തരംഗത്തിന്റെ സമയത്ത് ത്വാഹയും മറ്റു തടവുകാരും മാസങ്ങളോളമാണ് ഏകാന്ത തടവിൽ കഴിഞ്ഞത്.
ഞങ്ങൾ ഉൾപ്പെടെയുള്ള തടവുകാരെ അങ്ങേയറ്റം ദ്രോഹിക്കുന്ന രീതിയിലാണ് ഉദ്യോഗസ്ഥർ പെരുമാറിയത്. കൊറോണ ബാധിക്കുമെന്ന് പറഞ്ഞ് ഞങ്ങളെ പൂട്ടിയിട്ടു. എന്നാൽ അവരോ? നിത്യവും പുറത്തുപോയി വരുന്ന അവർ മാസ്ക്കും ഗ്ലൗസും ധരിക്കാതെയാണ്, പുറത്തെ ആരുമായും സമ്പർക്കമില്ലാത്ത ഞങ്ങളെ ദിവസവും റെയ്ഡ് ചെയ്യാൻ വന്നിരുന്നതും, ഞങ്ങൾ ഉപയോഗിക്കുന്ന സാധനങ്ങളിൽ തൊട്ടിരുന്നതും.
ജയിൽ മാനുവലിൽ, ഏകാന്ത തടവിന് ശിക്ഷിക്കപ്പെടുന്ന തടവുകാരനെ ഡോക്ടറുടെ പരിശോധനക്ക് വിധേയമാക്കണം, ദൂരത്ത് ആളുകളെ ദ്യശ്യമാകും വിധം പാർപ്പിക്കണം, കാറ്റു വെളിച്ചവും ലഭ്യമാണോ എന്നുറപ്പ് വരുത്തണം, ഉദ്യോഗസ്ഥർ അടുത്തുണ്ടാകണം തുടങ്ങിയ നിർദ്ദേശങ്ങൾ പറയുന്നുണ്ട്. എന്നാൽ കൊറോണാ കാലത്ത് ക്വാറന്റൈൻ എന്ന പേരിൽ ഏകാന്ത തടവിന് “ശിക്ഷിക്കപ്പെട്ട” ഞങ്ങൾക്ക് ഈ അവകാശങ്ങൾ എല്ലാം ലംഘിക്കപ്പെട്ടു. പലപ്പോഴും ഉദ്യോഗസ്ഥർ അടുത്തായിരിക്കുമ്പോഴും അവർ വിളി കേട്ടില്ല.
തടവുകാരുടെ മാനസിക – ശാരീരികാവസ്ഥക്ക് സാരമായ തകർച്ചയുണ്ടാക്കുന്ന ഒരു ശിക്ഷയാണ് ഏകാന്ത തടവ്. ജയിലിലെ ശിക്ഷകളിൽ ഏറ്റവും കഠിനമായ ശിക്ഷയും ഏകാന്ത തടവാണ്. ഒരുപാട് മനക്കരുത്തുണ്ടെങ്കിൽ മാത്രമേ അതിനെ അതിജീവിക്കാൻ കഴിയു. വാസു (സഖാവ് ഗ്രോ വാസു ) ഏട്ടനുമായി ഒരിക്കൽ സംസാരിച്ചപ്പോൾ കണ്ണൂർ സെട്രൽ ജയിലിലായിരുന്ന ഏഴു വർഷവും അദ്ദേഹം ഏകാന്ത തടവിലായിരുന്നുവെന്ന് പറഞ്ഞിരുന്നു. മോചിതനായപ്പോൾ പാടത്ത് കിടന്ന് ആകാശം നോക്കി എന്തൊക്കെയോ അദ്ദേഹം പറഞ്ഞിരുന്നുവെന്നും.
അതിസുരക്ഷാ ജയിലിൽ ഞങ്ങളുടെ സഹതടവുകാരനായിരുന്ന റിപ്പർ ജയാനന്ദനോട് സംസാരിച്ചപ്പോൾ, അദ്ദേഹം പൂജപ്പുരയിൽ ഏകാന്ത തടവിൽ കഴിഞ്ഞ അനുഭവം പങ്കുവച്ചിരുന്നു. ഇരുട്ടുള്ള മുറിയിൽ ഒരു ഓടിന്റെ ഇടയിലൂടെ മാത്രമാണ് സൂര്യപ്രകാശം വന്നിരുന്നത്. ആ വെളിച്ചത്തിൽ പുസ്തകം വായിച്ചാണ് കാഴ്ച കുറഞ്ഞതെന്നും പറഞ്ഞു.
ശാരീരികവും മാനസികവും വൈകാരികവുമായി തകർക്കുക എന്നതാണ് ഈ ശിക്ഷാരീതിയുടെ പ്രത്യേകത. സമയമോ കാലമോ പകലോ രാത്രിയോ അറിയിക്കാതെ മനുഷ്യനെ പൂട്ടിയിടുക! ഒരു പുസ്തകമോ പത്രമോ ഉണ്ടെങ്കിൽ രക്ഷപ്പെട്ടു. എനിക്ക് ഒരേസമയം ഒരു പരീക്ഷണവും പ്രൊഡക്റ്റീവുമായ സമയമായിരുന്നു ആ 44 ദിവസവും. രാഷ്ട്രീയബോധ്യവും വായനയും കൊണ്ടാണ് അന്ന് പിടിച്ച് നിൽക്കാനായത്. എന്നാൽ ഗ്യാസ് കേറുന്നതും ബിപി കുറഞ്ഞതടക്കമുള്ള ഒരുപാട് ശാരീരിക പ്രശ്ങ്ങളും മാനസികമായി നേരിട്ട പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്റെ അമ്മൂമ്മയുടെ അനിയത്തിയെ കണ്ടു വന്ന് 12 ദിവസം കഴിഞ്ഞ് അവർ മരിച്ചതും എന്നെ ഒരുപാട് ദുഃഖത്തിൽ ആഴ്ത്തിയിരുന്നു.
മാപ്പുസാക്ഷിയാക്കാൻ വേണ്ടിയുള്ള സമ്മർദ്ദത്തിന്റെ ഭാഗമായാണ് എന്നെയും ത്വാഹയെയും കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയത്. അവിടെ 16 ദിവസമാണ് ഏകാന്ത തടവിൽ കഴിഞ്ഞത്. എൻ.ഐ.എയുടെ തറവാട് പോലെയായിരുന്നു കാക്കനാട് ജില്ലാ ജയിൽ. അവർ പറഞ്ഞതുപോലെ സൂപ്രണ്ടും ഉദ്യോഗസ്ഥരും ഞങ്ങളോട് മോശമായി പെരുമാറി. ഒന്നു നിന്നു തിരിയാൻ പോലും ഇടമില്ലാത്ത സെല്ലിൽ വേറെയും രണ്ടു തടവുകാരോടൊപ്പമാണ് ഞങ്ങളെയും പൂട്ടിയിട്ടത്. അത് ചോദ്യം ചെയ്ത ത്വാഹയോട് അവർ ചോദിച്ചത്, “നിങ്ങൾ മരിച്ചാൽ ഞങ്ങൾക്കെന്താ” എന്നായിരുന്നു. എല്ലാ ദിവസവും സൂപ്രണ്ടും പരിവാരങ്ങളും റൗണ്ട്സിന് വരുമായിരുന്നു. ആ സെല്ലിലെ ഞങ്ങളെ നോക്കി ഭീഷണിപ്പെടുത്തുന്നത് അവർക്കൊരു വിനോദമായിരുന്നു. ഒരിക്കൽ 7 ദിവസത്തെ ക്വാറന്റൈൻ കഴിയുന്ന ദിവസം ഞങ്ങളോട് ശിക്ഷാ തടവുകാർക്കുള്ള വെള്ള കുപ്പായം ധരിക്കാനും ഉദ്യോഗസ്ഥരെ കാണുമ്പോൾ നമസ്ക്കാരം പറയാനും അവർ ആവശ്യപ്പെട്ടു. പറ്റില്ല എന്ന് പറഞ്ഞപ്പോൾ ഇനിയും പൂട്ടിയിടും എന്ന് ഭീഷണിപ്പെടുത്തി. ആയിക്കോട്ടെ എന്ന് ഞാനും പറഞ്ഞു. 16 ദിവസം കഴിഞ്ഞു പോരുന്നത് വരെ ഞാൻ കാക്കനാട് ജയിലിലെ സി ബ്ലോക്കിലെ അഞ്ചാം സെല്ലിലാണ് കഴിഞ്ഞത്, ത്വാഹ ഒന്നാം സെല്ലിലും. അധികൃതർ ഞങ്ങളോട് ചെയ്ത ക്രൂരതകളെ പറ്റി പറഞ്ഞതും മാപ്പുസാക്ഷിയാകാൻ കഴിയില്ല എന്നു ഞാൻ കോടതിയിൽ പറഞ്ഞതും അധികൃതരുടെ പ്രതികാര നടപടിക്ക് കാരണമായി. ഞങ്ങൾ കൊറോണ പടർത്താൻ ശ്രമിച്ചുവെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു പുതിയൊരു കേസ് ചുമത്തി.
വായനയായിരുന്നു മാനസികമായി കരുത്തു നൽകിയത്. നെൽസൻ മണ്ടേല, ഫിദൽ കാസ്ട്രോ, എ.കെ.ജി തുടങ്ങി പലരുടെയും ആത്മകഥകൾ ഈ സമയത്താണ് ഞാൻ വായിച്ചത്. സി.ആർ.പി.സി, ഐ.പി.സി, യുഎപിഎ തുടങ്ങിയ നിയമങ്ങളെ കുറിച്ചും വായിച്ചു. അത് പിന്നീടുള്ള എന്റെ നിയമ പഠനത്തിന് ഒരുപാട് ഉപകാരപെട്ടു. 12 – 14 മണിക്കൂർ വായന സാധ്യമായിരുന്നു. ഉദ്യോഗസ്ഥരുടെ ഭീഷണികളല്ലാതെ മറ്റു ശല്യങ്ങളൊന്നും അപ്പോൾ ഇല്ലായിരുന്നു.
സമയം അറിയാത്തത് ഭീകരമായി അലട്ടിയിരുന്നു. അടഞ്ഞ മുറിയിൽ കിടന്നാൽ സ്വാഭാവികമായും ദഹനപ്രശ്നങ്ങളും ഗ്യാസും ഉണ്ടാകും, വേദനിക്കും. പലപ്പോഴും ഗ്യാസ് കയറിയും മറ്റും രാത്രിയിൽ എണീക്കും. 5.30ന് ഉള്ള സയറൻ ഇപ്പോൾ മുഴങ്ങും എന്ന് കരുതി കാത്തിരിക്കും. സത്യത്തിൽ 2 മണിയോ 3 മണിയോ ആയിട്ടുണ്ടായിരുന്നുള്ളൂ. ആകാശം നോക്കി ഏകദേശ സമയം കണ്ടെത്താൻ ഞാൻ ശ്രമിച്ചു. പിന്നെ ഉറക്കം വരാത്തത് കൊണ്ടു വായനയായിരുന്നു സമയം കടന്നുപോകാൻ ഏക മാർഗം.
ഇന്ത്യയിലെമ്പാടും രാഷ്ട്രിയ തടവുകാരെ ഉപദ്രവിക്കാനും തടവുകാരുടെ അവകാശങ്ങൾ ഹനിക്കാനും ഭരണകൂടം കൊറോണയെ ഒരു മറയാക്കിയിരുന്നു. അതിൽ ഏറ്റവും കഠിനമായ ഏകാന്ത തടവ് അതന്നെ അവർ ഉപയോഗിച്ചു. എന്തെങ്കിലും പ്രതിഷേധം നമ്മൾ ഉയർത്തിയാൽ, “പൂട്ടിയിട്” എന്ന് സൂപ്രണ്ട് അലറുമായിരുന്നു. ഞങ്ങൾ ചിരിച്ചുകൊണ്ട് അതിനെയും നേരിട്ടു. കോടതിയിൽ പരാതി പറഞ്ഞാലും നിരുത്തരവാദിത്വപരമായ ഇടപെടലുകളും കാലതാമസവും കാരണം അതിലും പ്രതീക്ഷയില്ലാതായി. ഇത്തരം മനുഷ്യദ്രോഹപരമായ ശിക്ഷാരീതികൾ അവസാനിപ്പിക്കണം, ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകണം. എന്നാൽ സ്വാതന്ത്ര്യം നേടി 76 വർഷങ്ങൾക്ക് ശേഷവും ഈ ശിക്ഷകൾ തുടരുന്നെങ്കിൽ, ഒരു തെറ്റും ചെയ്യാതെ മനുഷ്യർ ഇങ്ങനെ ജയിലുകളിൽ കഴിയുന്നെങ്കിൽ ഈ സിസ്റ്റത്തിൽ എന്തു പ്രതീക്ഷയാണ് വെച്ചുപുലർത്തേണ്ടത്?
_ അലൻ ഷുഹൈബ്
Follow us on | Facebook | Instagram | Telegram | Twitter | Threads