ജലീലിന്റെയും റഷീദിന്റെയും ഉമ്മയെ നിങ്ങൾക്ക് പരിചയം കാണില്ല !

റഷീദിന്റെ മറുപടി ഇതായിരുന്നു, ” മരിച്ചത് ഒരു സഖാവാണ്… അതിപ്പോ ജലീലായാലും വേൽമുരുകനായാലും വ്യത്യാസമില്ലല്ലോടാ…”


ജെയ്‌സൺ സി കൂപ്പർ

മരിച്ചത് ഒരു സഖാവാണ്
വ്യാഴാഴ്ച രാവിലെ തുഷാർ ഫോണിൽ വിളിച്ച് സി പി ജലീൽ കൊല്ലപ്പെട്ടതായി വാർത്ത വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ടി വി വെച്ച് നോക്കി. കൊല്ലപ്പെട്ടത് ജലീലാണോ അതോ വേൽമുരുകനാണോ എന്ന കാര്യത്തിൽ അപ്പോഴും പൂർണ വ്യക്തതയില്ല എന്ന് ചില ചാനലുകളിൽ കണ്ടു. തുടർന്ന് ജലീലിന്റെ സഹോദരനും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ സെക്രട്ടറിയുമായ സി പി റഷീദിനെ വിളിച്ചു. റഷീദ് വൈത്തിരിയിലേക്കുള്ള യാത്രയിലായിരുന്നു. മരിച്ചത് ആരെന്ന് വ്യക്തയുണ്ടോ എന്ന് ചോദിച്ചു.

റഷീദിന്റെ മറുപടി ഇതായിരുന്നു, ” മരിച്ചത് ഒരു സഖാവാണ്… അതിപ്പോ ജലീലായാലും വേൽമുരുകനായാലും വ്യത്യാസമില്ലല്ലോടാ…”

യു പി ജയരാജിന്റെ കഥയിലെ തൊണ്ണകാട്ടി ചിരിക്കുന്ന ആ മുത്തശ്ശി മലയാളികളിൽ പലരുടെയും ഹൃദയത്തിൽ കാണും. പക്ഷെ ജലീലിന്റെയും റഷീദിന്റെയും ഉമ്മയെ പലർക്കും പരിചയം കാണില്ല. ഭരണകൂടം കൊല ചെയ്ത ജലീലിന്റെ മൂത്ത ചേട്ടൻ സി പി മൊയ്തീൻ ഭരണകൂട ഭാഷ്യപ്രകാരം പശ്ചിമഘട്ടത്തിലെവിടെയോ മാവോയിസ്റ്റ് ഗറില്ലാ സംഘത്തിൽ പ്രവർത്തിക്കുന്നു.

മറ്റൊരാൾ സി പി ഇസ്മായിൽ മാവോയിസ്റ്റ് കുറ്റാരോപിതനായി പുനെ യെർവാഡ ജയിലിൽ തടവിൽ കഴിയുന്നു. സി പി റഷീദ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്നു. മുൻപ് പോരാട്ടം സംഘടനയുടെ തീപ്പൊരി നേതാവായിരുന്ന അദ്ദേഹത്തിന് പ്രവർത്തനങ്ങളുടെ പേരിൽ ജയിൽവാസവും മർദ്ദനങ്ങളും ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്.

കൂട്ടത്തിൽ ഇളയവൻ സി പി ജിഷാദും വിമത രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്നു. ഒപ്പം ഹൃദയത്തിൽ തീപ്പൊരി കെടാതെ കാത്ത് സി പി അൻസാറും.

ചൂഷണങ്ങളില്ലാത്ത, ആധിപത്യ വിധേയത്വബന്ധങ്ങളില്ലാത്ത, അതിരുകളില്ലാത്ത സമത്വ സുന്ദരമായ ലോകം സ്വപ്നം കണ്ട് പ്രവർത്തിക്കുന്ന, ലോകത്തോളം വളർന്ന സഹോദരങ്ങൾ. സ്വന്തം സഹോദരന്റെ മരണത്തിലും മരിച്ചത് ഒരു സഖാവാണ് എന്ന് ചിന്തിക്കാൻ കഴിയുന്നവർ.

പ്രിയപ്പെട്ടവരെ, സി പി ജലീലിന്റെ കൊലപാതകത്തിന്റ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ശബ്ദമുയർത്താം, നീതിക്കായി ശബ്ദമുയർത്താം…

Leave a Reply