കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ നിരോധിക്കണം സർ

ഈ പുസ്തകം വരുത്തിവയ്ക്കുന്ന അപകടങ്ങൾ ഇതിനകം താങ്കളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടാവും എന്ന് ഞാൻ കരുതുന്നു…


സി എസ് മുരളിശങ്കർ

കേരള മുഖ്യമന്ത്രിയോട് ഒരു അഭ്യർത്ഥന,

ദയവായി ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ നിരോധിക്കണം സർ. “സ്വാഭിപ്രായങ്ങളെയും ലക്ഷ്യങ്ങളെയും മുടി വെയ്ക്കുന്നതിനെ കമ്മ്യൂണിസ്റ്റുകാർ വെറുക്കുന്നു. നിലവിലുള്ള സാമൂഹ്യ ഉപാധികളെയാകെ “ബലംപ്രയോഗിച്ച്” മറിച്ചിട്ടാൽ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങൾ നേടാനാവൂ എന്ന് അവർ പരസ്യമായി പ്രഖ്യാപിക്കുന്നു.

കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ ഓർത്ത് അധികാരി വർഗ്ഗങ്ങൾ കിടിലം കൊള്ളട്ടെ. തൊഴിലാളികൾക്കു സ്വന്തം ചങ്ങലക്കെട്ടുകൾ അല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ല. അവർക്ക് നേടാനോ ഒരു ലോകമുണ്ടുതാനും. സർവ്വരാജ്യ തൊഴിലാളികളെ ഏകോപിക്കുവിൻ !”

മുകളിൽ പറഞ്ഞ പുസ്തകത്തിന്റെ (കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ) അവസാന ഭാഗങ്ങളാണ് ഞാനിവിടെ എടുത്തു ഉദ്ധരിച്ചിട്ടുള്ളത്. ഈ പുസ്തകം വരുത്തിവയ്ക്കുന്ന അപകടങ്ങൾ ഇതിനകം താങ്കളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടാവും എന്ന് ഞാൻ കരുതുന്നു.

“ശാന്തിയും സമാധാനവും” പുലരുന്ന നമ്മുടെ നാട്ടിൽ ഇത്തരം മാന്ത്രികമായ, കവിത മയമായ, തീവ്രവാദപരമായ ആശയങ്ങളുള്ള ഈ പുസ്തകം നിരോധിച്ചില്ലെങ്കിൽ കേരളത്തിൽ ഇനിയും നിരവധി ചെറുപ്പക്കാർ വഴി തെറ്റി പോവാനിടയുണ്ട്.

ആയതിനാൽ ഇത്രയും പരസ്യമായി “ഭരണകൂടത്തെ അട്ടിമറിക്കണ”മെന്ന് പ്രഖ്യാപിക്കുന്ന ഈ പുസ്തകം നിരോധിക്കണമെന്നും, ഇത് ഇപ്പോഴും അതേ പടി റീ പ്രിൻറ് ചെയ്തു വിൽക്കുന്ന നമ്മുടെ സ്വന്തം “ചിന്താ പബ്ലിഷേഴ്സ്” അടച്ചുപൂട്ടി സീൽ ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.

അതുപോലെ തന്നെ ചെഗുവേര, ഫിദൽകാസ്ട്രോ തുടങ്ങിയ ലാറ്റിനമേരിക്കൻ തീവ്രവാദികളുടെ പടങ്ങൾ ഉള്ള ബനിയനും, ഷഡിയും ധരിച്ചു നടക്കുന്നവരെ അറസ്റ്റ് ചെയ്തു തുറങ്കിലടക്കണമെന്നും അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു.

Leave a Reply