ഒറോൺ പറഞ്ഞ തോൾസഞ്ചിക്കാരുടെ കഥ
“എന്തിനാണ് ദരിദ്രനും ആദിവാസിയുമായ ഒറോണിനെ ഏകാന്ത തടവിലിട്ടത്?…”
സി എ അജിതൻ
2015 നവംബർ മൂന്നാം തിയ്യതി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അങ്കമാലിയിൽ നിന്നാണ് ഝാർഖണ്ഡ് സ്വദേശിയും ആദിവാസിയുമായ ജിതേന്ദ്ര ഒറോണിനെ അറസ്റ്റ് ചെയ്തത്. അക്കാലത്ത് പത്രവാർത്തകളുടെ വിവരങ്ങൾ വെച്ച് വിയ്യൂർ സെൻട്രൽ ജയിലിൽ ഒറോണിനെ ഞാൻ കാണുകയുണ്ടായി. അദ്ദേഹത്തിൽ നിന്നും കിട്ടിയ വിവരങ്ങൾ ഉപയോഗിച്ച് ജാമ്യത്തിനുവേണ്ടി അഡ്വ. തുഷാർ നിർമ്മലുമായി സംസാരിച്ചിരുന്നു. കാര്യങ്ങൾ മുന്നോട്ട് പോയ്ക്കൊണ്ടിരുന്ന സമയത്താണ് എന്നെയും കൂട്ടുകാരെയും യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യുന്നത്. 2016ലായിരുന്നു തെരഞ്ഞെടുപ്പ് ബഹിഷ്കരണ പോസ്റ്ററുകൾ വിതരണം ചെയ്തതിന്റെ പേരിൽ എന്നെയടക്കം മൂന്നുപേരെ ജയിലിലടച്ചത്.
പ്രായമായ അച്ഛനും അമ്മയും ഭാര്യയും രണ്ടു പിഞ്ചു മക്കളുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു ഒറോൺ ഝാർഖണ്ഡിൽ നിന്നും കേരളത്തിലെത്തുന്നത്. പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് കമ്പനിയിൽ ആയിരുന്നു തൊഴിലെടുത്തിരുന്നത്. റദ്ദുചെയ്യാൻ സാധ്യതയുള്ള ഒരു കേസിന്റെ പേരിലാണ് ഒറോൺ രണ്ടു വർഷം ജയിലിൽ കഴിഞ്ഞത് എന്നോർക്കണം. ഝാർഖണ്ഡിലെ ലത്തേഹാർ ജില്ലയിലെ മുർപ്പ എന്ന ഗ്രാമത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട അദ്ദേഹം, തന്റെ നാട്ടിൽ ആദിവാസികളുടേയും കർഷകരുടേയും ജീവിതാവശ്യങ്ങൾക്കായി ജനങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്നു.
ഒറോൺ പറഞ്ഞ തോൾസഞ്ചിക്കാരുടെ കഥ
“ജമീന്ദാരികളുടെ കൃഷിയിടത്തിൽ മാത്രമേ ഞങ്ങൾക്ക് തൊഴിലെടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും തോൾസഞ്ചിയിൽ ഒത്തിരി പുസ്തകങ്ങളുമായി അപരിചിതരായ മനുഷ്യർ ഞങ്ങളുടെ ഗ്രാമത്തിൽ എത്തുകയും ഓരോ വീടുകളിലും ഞങ്ങളോടൊപ്പം കഴിയുകയും ചെയ്തു. “എന്തുകൊണ്ടാണ് സ്വന്തം കൃഷിയിടത്തിൽ കൃഷി ചെയ്യാതിരിക്കുന്നത്” എന്ന അവരുടെ ചോദ്യം കേട്ട് ഞങ്ങൾ അമ്പരന്നു പോയി. കാരണം ജമീന്ദാരികളുടെ കൃഷിയിടത്തിൽ മാത്രമേ ഞങ്ങൾക്ക് കൃഷി ചെയ്യാൻ സമയം കിട്ടുമായിരുന്നുള്ളു. അഥവാ സമയം കിട്ടിയാൽ തന്നെ ഞങ്ങളുടെ കൃഷിയിടത്തിൽ കൃഷിയിറക്കാൻ ഞങ്ങളുടെ കൈയിൽ അതിനാവശ്യമായ പണവുമില്ലായിരുന്നു.
പതുക്കെ പതുക്കെ നിശബ്ദമായി ആദ്യം ഞങ്ങളുടെ ഗ്രാമത്തിൽ ഗ്രാമീണരെ അണിനിരത്തി കൊണ്ട് യോഗം ചേർന്നു. ആ മീറ്റിംഗ് ആവേശകരമായിരുന്നു. അതിലെ ആദ്യത്തെ തീരുമാനം സ്വന്തം കൃഷിയിടത്തിൽ കൃഷി ഇറക്കുന്നതിനുവേണ്ടിയായിരുന്നു. അതുവരെ ജമീന്ദാരികളുടെ മുന്നിൽ തലകുനിച്ചു നിന്നിരുന്ന ഞങ്ങൾ ആദ്യമായി നിവർന്നു നിൽക്കാൻ തുടങ്ങി. അതിന് നേതൃത്വം നൽകിയ സഹോദരങ്ങൾ ആരാണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. പക്ഷേ അവരാണ് ഞങ്ങളെ നിവർന്നു നിൽക്കാൻ പഠിപ്പിച്ചത്. ഞങ്ങളുടെ ഗ്രാമത്തിൽ ഞങ്ങളെല്ലാവരും കൂട്ടുസംരംഭത്തിൽ കൃഷിയിറക്കാൻ തുടങ്ങി. അത് ജമീന്ദാർമാരുടെ നേതൃത്വത്തിൽ വലിയ തരത്തിലുള്ള എതിർപ്പിനിടയാക്കി. ഞങ്ങളും പ്രതിരോധിക്കാൻ തയ്യാറായി. ഞങ്ങൾക്ക് എഴുത്തും വായനയും പ്രതിരോധത്തിനുള്ള വിദ്യാഭ്യാസവും ആ സഹോദരങ്ങളാണ് നൽകിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഞങ്ങളുടെ പെണ്ണുങ്ങളും വൃദ്ധജനങ്ങളും എന്തിന്, ഞങ്ങളുടെ ഗ്രാമം ഒന്നടങ്കം സമരമുഖങ്ങളിൽ അണിനിരന്നു. മാത്രമല്ല, പിന്നീട് കൃഷിഭൂമി ഇല്ലാത്തവർക്കായി ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളായി ഉയർന്നുവന്നു.
ഈ സാഹചര്യങ്ങളിൽ പൊലീസിന് പകരം അർദ്ധ സൈനികർ ഞങ്ങളുടെ ഗ്രാമത്തിൽ താവളമടിച്ചു. തൊട്ടടുത്ത ഗ്രാമങ്ങളിലേക്ക് ഞങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിക്കുകയും ഭരണകൂടത്തിന്റേയും ജമീന്ദാരികളുടേയും വളഞ്ഞിട്ടുള്ള ആക്രമണങ്ങളെ ശക്തമായ പ്രതിരോധിക്കാൻ ഞങ്ങളാലാവും വിധം പ്രതിരോധങ്ങൾ പടുത്തുയർത്തി. ഗ്രാമീണർക്കു നേരെ നിരവധിയായ അടിച്ചമർത്തലും കേസുകളും ചുമത്തിയാണ് ഭരണകൂടം നേരിട്ടത്. ഞങ്ങളെ നിവർന്നു നിൽക്കാൻ പഠിപ്പിച്ചത് മാവോയിസ്റ്റുകളായിരുന്നവത്രെ! അവർക്ക് ഭരണകൂടം നൽകിയ പേര് ഭീകരവാദികളെന്നായിരുന്നു.
നിരവധിയായ അടിച്ചമർത്തലും കേസുകളും കാരണം നിത്യജീവിതം ദുരിതപൂർണ്ണമായ സാഹചര്യത്തിലാണ് കേരളത്തിൽ തൊഴിൽ തേടിയെത്തിയത്. പൊതുവെ ശാന്തമായിരുന്നു കേരളം. എന്നാൽ എല്ലാ സ്വപ്നങ്ങളേയും തകിടം മറിച്ച് 2015 നവംബർ 3ന് അങ്കമാലിയിൽ നിന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്നെ അറസ്റ്റ് ചെയ്തു. “ജാർഘണ്ഡിലെ മാവോയിസ്റ്റ് ഏരിയാ കമാണ്ടർ”എന്നാരോപിച്ചാണ് എന്നെ ജയിലിലടച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ, ഏകദേശം രണ്ടു വർഷത്തോളം, അതിൽ ഭൂരിഭാഗവും ഏകാന്ത തടവായിരുന്നു.”
ജിതേന്ദ്ര ഒറോണിന്റെ ബ്ലോക്കിൽ ആണ് ഞാനും എത്തി ചേർന്നത്. “വെൽകം കോമ്രേഡ്” എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം എന്നെ വരവേറ്റത്. പിന്നീട് ഒരു ബ്ലോക്കിലും സെല്ലിലുമായി തൊണ്ണൂറ്റിയൊൻപതു ദിവസം ഞങ്ങളൊരുമിച്ചായിരുന്നു. ഞങ്ങൾ ജയിലിൽ എത്തുന്നതിന് മുമ്പ് പാനായിക്കുളം കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട് തടവിൽ കഴിഞ്ഞിരുന്ന പ്രിയപ്പെട്ട ചങ്ങാതിമാർ റാസിഖ് റഹീം അടക്കള്ളവർ ഒറോണിന്റെ ഉറ്റ ദോസ്തുക്കളായി മാറിയിരുന്നു. ഒറോണിനുവേണ്ടി വസ്ത്രങ്ങളും കാന്റീൻ സൗകര്യങ്ങളും അവരാണ് നിർവഹിച്ചു പോന്നിരുന്നത്. കാരണം, അദ്ദേഹത്തിനായി പണമയക്കാനോ, മറ്റു വിശേഷങ്ങൾ അറിയാനോ കുടുംബത്തിന് കഴിയുമായിരുന്നില്ല. അത്രയും ദരിദ്രമായിരുന്നു ആ കുടുംബത്തിന്റെ അവസ്ഥ. മാത്രമല്ല, ഒരു തവണപോലും അദ്ദേഹത്തെ കാണാൻ പുറത്തുനിന്നും മറ്റാരും എത്തിയിരുന്നില്ല.
ജയിലിൽ എല്ലാവർക്കും പ്രിയപ്പട്ടവനായിരുന്നു ജിതേന്ദ്ര ഒറോൺ. യുഎപിഎ കേസിൽ ജാമ്യം ലഭിച്ചു ഞങ്ങൾ മോചിതരാകുമ്പോൾ ഒറോണിന് വാക്ക് കൊടുത്തിരുന്നു, എന്തു കഷ്ടം സഹിക്കേണ്ടി വന്നാലും അദ്ദേഹത്തിന്റെ ജാമ്യത്തിനുവേണ്ടി ഇടപെടുമെന്ന്. ജയിലിൽ നിന്നിറങ്ങിയതിനു ശേഷം അഡ്വ. തുഷാറുമായി വീണ്ടും ബന്ധപ്പെട്ടു ഒറോണിന്റെ ജാമ്യപേക്ഷ നൽകി. അങ്ങനെ, രണ്ടു വർഷത്തെ ജയിൽവാസത്തിനുശേഷം അദ്ദേഹം ജയിൽ മോചിതനായി. അഡ്വ. തുഷാർ നിർമ്മൽ ദീർഘകാലം നടത്തിയ കോടതി വ്യവഹാരങ്ങളിലൂടെ ആ കേസ് റദ്ദാക്കി കൊണ്ടുള്ള വിധി നേടിയെടുക്കാനും നമ്മുക്ക് കഴിഞ്ഞു.
എന്തിനാണ് ദരിദ്രനും ആദിവാസിയുമായ ഒറോണിനെ ഏകാന്ത തടവിലിട്ടത്? ജയിലിലായിരുന്ന രണ്ടുവർഷം അദ്ദേഹത്തിന്റെ കുടുംബം അനുഭവിച്ച ദുരിതങ്ങൾക്കും നഷ്ടങ്ങൾക്കും എന്ത് സമാധാനമാണ് ഭരണകൂടത്തിന് പറയാനുള്ളത്? ഒറോൺ ജയിലിൽ കഴിയുമ്പോഴും തന്റെ പ്രിയതമനെ കാണാൻ ജീവിതപങ്കാളിയായ മീനാദേവിക്ക് കഴിഞ്ഞിരുന്നില്ല. എന്തെന്നാൽ ഝാർഖണ്ഡിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ചു കേരളത്തിലെത്താൻ മീനാദേവിയുടെ കൈയിൽ പണമുണ്ടായിരുന്നില്ല.
ജിതേന്ദ്ര ഒറോൺ; ഒരാമുഖം
ഒരു ഏകാന്ത തടവുകാരന്റെ ഐഡിയോളജി