ആണവ നിരായുധീകരണവും കൊറോണ നിർവ്യാപനവും
കൊറോണാനന്തര ലോകം എങ്ങിനെയായിരിക്കും? ലോകം ഇന്ന് ഏറ്റവും ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കുന്നത് ഇതേപ്പറ്റിയാണ്. Buisness As Usual – BAU മനോഭാവത്തിലൂടെ ഇനിയും മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ശാസ്ത്രലോകവും രാഷ്ട്രീയ നേതൃത്വവും എന്തിന് കോർപ്പറേറ്റ് ലോകത്തിന് പോലും തിരിച്ചറിവ് വന്നുകൊണ്ടിരിക്കുന്നു. അപ്പോഴും സമൂഹത്തിലെ ഏറ്റവും സമ്പന്നരായ ചെറിയൊരു വിഭാഗത്തിന്റെ താൽപര്യങ്ങളെ എങ്ങിനെ സംരക്ഷിച്ചു നിർത്താമെന്നതു തന്നെയാണ് ആലോചന.
കൊറോണ വൈറസ് പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുമ്പോൾ, ലോകമൊട്ടാകെ വൈറസ് താണ്ഡവത്തിന് മുന്നിൽ അന്തിച്ചുനിൽക്കെ വരാനിരിക്കുന്ന നാളുകൾ സാമ്പത്തിക തകർച്ചകളുടേതാണെന്ന തിരിച്ചറിവിന് മുന്നിൽ പകച്ചുനിൽക്കെ അടിയന്തിരമായും ആലോചിക്കേണ്ട ചില കാര്യങ്ങളുണ്ട്. കൊറോണാനന്തര കാലത്തെ ലോകത്തിന്റെ മുന്നോട്ടുപോക്കിന് അത്യന്തം അനിവാര്യമായ ചില കാര്യങ്ങൾ.
ആഗോള മാനവികതയ്ക്കെതിരെ വെല്ലുവിളി ഉയർത്തിക്കൊണ്ട് ലോഞ്ച് ഓൺ വാണിംഗ് സ്റ്റാറ്റസിൽ (15 മിനുട്ട് നേരത്തെയുള്ള മുന്നറിയിപ്പിന് ശേഷം തൊടുത്തുവിടാൻ പാകത്തിൽ തയ്യാറാക്കി നിർത്തുന്ന ആയുധങ്ങളാണ് Launch on Warning status ഉള്ളവ) നിർത്തിയിരിക്കുന്ന 900 ആണവ മിസൈലുകളും 2581 ആണവായുധങ്ങളും കൂടാതെ 16,000ത്തിലധികം ന്യൂക്ലിയർ വെപ്പണുകളാണ് ലോകത്തെമ്പാടുമായുള്ളത് (SIPRI).
ഈ ആണവായുധങ്ങളെ കൂടാതെ വിനാശകാരികളായ രാസായുധങ്ങളും ജൈവായുധങ്ങളും രഹസ്യമായും പരസ്യമായും ലോരാജ്യങ്ങൾ സൂക്ഷിച്ചുവരുന്നുണ്ട്. ആണവായുധങ്ങളുടെ നവീകരണത്തിനും പരിപാലനത്തിനും മാത്രമായി 500 ബില്യൺ ഡോളറാണ് അടുത്ത ഒരു ദശകക്കാലത്തേക്ക് അമേരിക്കയ്ക്ക് മാത്രമായി ആവശ്യമുള്ളത്. (കഴിഞ്ഞ വർഷം ജനുവരിയിൽ അമേരിക്കൻ സെനറ്റ് പാസാക്കിയ കണക്കാണിത്).
സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടി (SIPRI)ന്റെ കണക്കനുസരിച്ച് ലോകത്തിന്റെ സൈനികച്ചെലവ് 1.8 ട്രില്യൺ ഡോളറായി വർദ്ധിച്ചിരിക്കുന്നു (2018). ആഗോള ആഭ്യന്തര മൊത്തോൽപാദനത്തിന്റെ 2.1% അല്ലെങ്കിൽ പ്രതിവ്യക്തി 256 ഡോളർ എന്ന നിലയിലാണ് ഈ കണക്ക്. യുഎസ്എ, ചൈന എന്നീ രണ്ട് രാജ്യങ്ങളാണ് സൈനിക മേഖലയിൽ ഏറ്റവും കൂടുതൽ ചെലവഴിച്ചുകൊണ്ടിരിക്കുന്നത്.
ആഗോള സാമ്പത്തിക മേഖല ഏറ്റവും ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ, അടിസ്ഥാന തൊഴിൽ മേഖലകളിലും ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടികൾക്കും തിരിച്ചടിയേറിക്കൊണ്ടിരിക്കുമ്പോൾ, കൊറോണ വൈറസിനേക്കാളും അപകടകാരിയായി ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും ദാരിദ്ര്യവും ആഗോള സമൂഹത്തെ നോക്കി വെല്ലുവിളിയുയർത്തുമ്പോൾ ഇത്തരത്തിലൊരു ആഢംബരം മാനവ സമൂഹത്തിന് താങ്ങാനാവുന്നതല്ല.
ആഗോള രാജ്യങ്ങളെ അവരുടെ സൈനികച്ചെലവ് വെട്ടിച്ചുരുക്കാനും മാനവരാശിക്കുതന്നെ ഭീഷണിയുയർത്തുന്ന ആണവായുധങ്ങളുടെ നിരായുധീകരണവും ലക്ഷ്യമിട്ടുകൊണ്ടുള്ള യുദ്ധവിരുദ്ധ സമാധാന പ്രസ്ഥാനങ്ങൾ സജീവമാകുകയും രാഷ്ട്രീയ നേതൃത്വങ്ങളെയും ഭരണകൂടത്തെയും അതിനായി നിർബ്ബന്ധിക്കാൻ ഇടപെടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഭാവി തലമുറയുടെ സുരക്ഷിതമായ മുന്നോട്ടുപോക്കിന് ഏറ്റവും അത്യന്താപേക്ഷിതമാണ് ഈ മുന്നേറ്റങ്ങൾ. കൊറോണയ്ക്കെതിരായ യുദ്ധം പോലെ പ്രധാനമാണ് ആണവായുധങ്ങൾക്കും യുദ്ധോത്സുകതയ്ക്കും എതിരായ പോരാട്ടങ്ങൾ.
_ കെ സഹദേവന്