ബസ്തറിലെ കൊറോണ പ്രതിരോധം

സ്ഥലം തെക്കൻ ബസ്തർ. 30 ലക്ഷമാണ് ഇവിടത്തെ ജനസംഖ്യ. മുഴുവനും ആദിവാസികൾ. ഈ കൊറോണ കാലത്തും പുറത്ത് തെലങ്കാനയിലെ വയലുകളിൽ ദിവസവും ചെന്ന് പണിയെടുത്ത് വേണം ജീവിക്കാൻ. ഇത് മുളക് പറിയുടെ കാലമാണ്. നൂറ് കണക്കിന് സ്ത്രികളും പുരുഷന്മാരും മുളക് പറിക്കാൻ ദിവസവും തെലങ്കാന വയലുകളിൽ പോയ് വരണം. കൊറോണ വ്യാപനത്തെ പറ്റിയും സ്വന്തം ജനതയുടെ ആരോഗ്യ സുരക്ഷയെപ്പറ്റിയും തികഞ്ഞ ബോധ്യമാണിവർക്കുള്ളത്. മാത്രമല്ല, വൈറസ് ബാധ ബോധപൂർവ്വമുണ്ടാക്കുമോ എന്ന ഉത്ക്കണ്ഠയും അവർക്കില്ലാതില്ല !

അതുകൊണ്ട് തന്നെ പുറത്ത് നിന്നുള്ള ആരേയും അവർ സ്വന്തം ഊരുകളിലേക്ക് കടത്തിവിടാതെ തടഞ്ഞിരിക്കുകയാണ്. സ്വന്തം ഗ്രാമത്തിലേക്കുള്ള റോഡിൽ സ്വയം ചെക് പോസ്റ്റ് സ്ഥാപിച്ച് വാഹനങ്ങളുടെ പ്രവേശനം പോലും നിരോധിച്ചിരിക്കുന്നു. തങ്ങളുടെ ഗ്രാമ പഞ്ചായത്തിലേക്കുള്ള പ്രവേശന വിലക്ക് അറിയിക്കുന്ന പ്രിൻ്റ് ചെയ്ത കളർ പോസ്റ്റർ ചെക്ക് പോസ്റ്റിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

ദിവസം മുളക് പറിക്കാൻ പോയ് വരുന്നവർക്ക് ചെക്ക് പോസ്റ്റിന് പുറത്ത് ബാലവാടി കെട്ടിടങ്ങളിലും പകൽ വിശ്രമിക്കാനുള്ള കേന്ദ്രങ്ങളിലും സ്കൂളുകളിലുമായി പാർപ്പിട സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. ഗ്രാമത്തിൽ നിന്നു തന്നെ അകലം സൂക്ഷിക്കാൻ. ജോലി കഴിഞ്ഞ് രാത്രി തിരിച്ചെത്തുന്നവർക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ഗ്രാമവാസികൾ ഇവിടെ ഒരുക്കി വെച്ചിരിക്കും. അടുത്ത ദിവസം നേരത്തെ തന്നെ ജോലിക്ക് പോകേണ്ടതുള്ളതുകൊണ്ട്, രാവിലെ ഭക്ഷവും അന്നത്തെ ഉച്ച ഭക്ഷണ പാർസലും തയ്യാറായിരിക്കും.

ഇന്ത്യന്‍ ഭരണകൂടം പതിനഞ്ച് വര്‍ഷത്തിലധികമായി നിരോധനമേര്‍പ്പെടുത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ക്ക് സ്വാധീനമുള്ള തെക്കന്‍ ഛത്തീസ്ഗഡിലെ ഉള്‍ഗ്രാമങ്ങളില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പദ്ധതി ആദിവാസികള്‍ തന്നെയാണ് നടപ്പിലാക്കുന്നത്.

ആദിവാസികളുടെ സംഘടനയായ “സർവ്വ ആദിവാസി സമാജ്”(SAS)ന്‍റെ മുൻകൈയിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. ആന്ധ്രയിൽ നിന്നും തെലങ്കാനയിൽ നിന്നും കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ തിരിച്ചെത്തുന്നവരെ പാർപ്പിക്കാനും പരിശോധിക്കാനും ചെക് പോസ്റ്റിന് പുറത്ത് ഇത്തരം പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളതായും “ദ ഹിന്ദു” റിപ്പോര്‍ട്ട് ചെയ്യുന്നു. ബസ്തറിലെ രണ്ട് പ്രധാന ഭാഷകളായ ഗോണ്ടിയിലും ഹല്‍ബിയിലും ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും നല്‍കുന്നു.

“മാവോയിസ്റ്റുകളുടെ സഹായ സഹകരണമില്ലായിരുന്നുവെങ്കില്‍ ഇതൊന്നും ഇത്രയും നന്നായി ചെയ്യാൻ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല.” എന്ന് സർവ്വ ആദിവാസി സമാജ് നേതാവ് ധീരജ് റഡ പറയുന്നു.

മാവോയിസ്റ്റുകളുടെ പിന്തുണയില്ലാതെ സുഗമമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യമല്ലെന്ന് ബി.ജെ.പിയുടെ ആദിവാസി നേതാവും മുന്‍ എംപിയുമായ നന്ദകുമാര്‍ സായ്, മാധ്യമപ്രവര്‍ത്തകരായ കമല്‍ ശുക്ല, മംഗല്‍ കുഞ്ചം എന്നിവരും ഒരേ സ്വരത്തില്‍ പറയുന്നു. ഇത് സർക്കാരിന് സ്വാഭാവികമായും ക്ഷീണമുണ്ടാക്കുന്ന കാര്യമാണ്.

സൈനിക വാഹന സഞ്ചാരവും അവരുടെ മേൽനോട്ടവുമൊക്കെ പ്രധാന റോഡിൽ പതിവുപോലെ നടക്കുമ്പോൾ തന്നെയാണ് ഉൾക്കാടുകളിലെ ഈ സംഭവ വികാസങ്ങൾ. മാവോയിസ്റ്റ് പാര്‍ട്ടി കൊറോണ കാലത്ത് “ഏകപക്ഷീയമായ വെടിനുറുത്തൽ” പ്രഖ്യാപിച്ചിരിക്കയാണ് എന്നത് ഈ സന്ദർഭത്തിൽ ഓർക്കുന്നത് പ്രസക്തമാണ്.

മാവോയിസ്റ്റുകള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും സുരക്ഷാ സേനയുടെ മാവോയിസ്റ്റ് വേട്ട അവസാനിപ്പിച്ചില്ലെന്ന സൂചനകളാണ് പൊലീസ് മേധാവി “ദ ഹിന്ദു”വിന് നല്‍കിയ പ്രതികരണത്തില്‍ നിന്ന് മനസിലാകുന്നത്. ഭരണകൂടവും മാധ്യമങ്ങളും ഭീകരമുദ്ര ചുമത്തുന്ന മാവോയിസ്റ്റുകള്‍ വെച്ചു പുലര്‍ത്തുന്ന നീതിബോധം പോലും ഇന്ത്യന്‍ ജനാധിപത്യം പ്രകടിപ്പിക്കുന്നില്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

ലേഖനം: അവലംബം_ ദ ഹിന്ദു