ക്രൈഫിന്റെ “ഫാന്റം ഗോൾ” അഥവാ ഫാസിസ്റ്റ് വിരുദ്ധ പ്രേതഗോൾ
നാസർ മാലിക്
അസാധാരണവും അത്ഭുതകരവുമായ ഒരു ഗോൾ. അതിനൊരു നിർണ്ണായക രാഷ്ട്രീയ മാനം കൂടി ഉണ്ടായിരിക്കുക. ആരെയോ ചവിട്ടി പുറംതള്ളുന്ന ശാരീരിക ഘടന ഉണ്ടായിരിക്കുക, എന്തൊരു മനോഹരം ആയിരിക്കും അപ്പോൾ ആ ഗോൾ. അങ്ങിനെയുള്ള ചരിത്രം മാറ്റി കുറിച്ചൊരു ചരിത്ര ഗോളാണ് ക്രൈഫിന്റെ ഫാന്റം ഗോൾ.
അയാക്സ് ആംസ്റ്റർഡാമിൽ ഇതിഹാസം രചിച്ച ക്രൈഫിനെ 73ൽ റയൽ മാഡ്രിഡിലേക്ക് ട്രാൻസഫർ ചെയ്യാൻ ആയിരുന്നു അയാക്സ് അധികൃതർ ശ്രമിച്ചത്. അയാക്സ് മാനേജുമെന്റിനോട് ഇത് കേട്ട് ക്രൈഫ് പ്രതികരിച്ചത് ഇങ്ങനെയാണ്,
“ഒരിക്കലും ഞാൻ റയൽ മാഡ്രിഡിലേക്ക് പോവില്ല അതെന്റെ രാഷ്ട്രീയ നീതി ബോധത്തിന് ചേർന്നതല്ല. ജനറൽ ഫ്രാങ്കോ എന്ന ഫാസിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ പിന്തുണയും സാമ്പത്തീക പിന്തുണയും ലഭിക്കുന്ന ക്ളബ്ബ് ആണ് റയൽ. അവിടേക്ക് ഞാൻ പോവുന്നത് തൊഴിലാളി വർഗ്ഗ ക്ളബ്ബായ കാറ്റാലനസിന്റെ ബാഴ്‌സയോടും കാറ്റലൻ ജനതയോടും ചെയ്യുന്ന രാഷ്ട്രീയ അനീതിയാണ് അത് കൊണ്ട് എന്നെ ബാഴ്‌സയിലേക്ക് അയക്കുക. അല്ലെങ്കിൽ ഇവിടെ തുടരാൻ അനുവദിക്കുക…”
അയാക്സ് മാനേജ്‌മെന്റ് ക്രൈഫിന്റെ ആവശ്യ പ്രകാരം ബാഴ്‌സയിലേക്ക് തന്നെ അയക്കുന്നു. ജനറൽ ഫ്രാങ്കോ എന്ന ഫാസിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ സ്വാധീനം മൂലം ക്രൈഫിന്റെ ട്രാൻസ്ഫർ പ്രതിസന്ധിയിലാവുന്നു. ഒടുവിൽ ഒരു കൊയ്ത്തു മെഷീന്റെ ലൈസൻസിലാണ് ക്രൈഫിനെ അയാക്സ് സ്‌പെയിനിൽ എത്തിക്കുന്നത്. ക്രൈഫിന്റെ വരവോടെ നീണ്ട ഇടവേളക്ക് ശേഷം ബാഴ്‌സ അത്ഭുതങ്ങൾ രചിക്കാൻ തുടങ്ങി. ഒന്നര പതിറ്റാണ്ടിന് ശേഷം ആദ്യമായി സ്പാനിഷ് കിരീടം ചൂടിയത് കാറ്റാലൻസിന് നൽകിയ രാഷ്ട്രീയ ഊർജ്ജം ചെറുതല്ല. ആ നേട്ടത്തിന് കരണമായ നിർണായകമായ ഗോളായിരുന്നു അത്ലറ്റിക്കോക്ക് എതിരെ ക്രൈഫ് നേടിയ ‘ഫാന്റം ഗോൾ.’ ഫാന്റം ഗോളിലൂടെ നേടിയ ലീഡിലൂടെയാണ് ബാഴ്‌സ ഒന്നര പതിറ്റാണ്ടിന് ശേഷം സ്പാനിഷ് ലീഗ് കിരീടം എന്ന ചരിത്ര നേട്ടം കുറിക്കുന്നത്. കാറ്റാലൻസിന്റെ തെരുവുകളിൽ രാഷ്ട്രീയ വിജയത്തിന്റെ കൂടി ആഘോഷം തിമിർക്കുന്ന നേരം ന്യൂയോർക്ക് ടൈംസിന്റെ ലേഖകൻ കുറിച്ചത് ഇങ്ങനെയാണ്,
“കാറ്റാലൻസിന് വേണ്ടി അവരുടെ രാഷ്ട്രീയ നായകരെക്കാൾ വലിയ പോരാട്ടം ക്രൈഫ് ഉരുണ്ട് പന്ത് കൊണ്ട് നടത്തിരിക്കുന്നു…”
വായുവിൽ പറന്ന് ക്രൈഫ് എന്ന ഇതിഹാസം ചവിട്ടി പന്ത് വലയിലക്കായിയപ്പോൾ പിറന്നത് മനോഹരവും അത്ഭുതകരവുമായ ഒരു ഗോൾ മാത്രം ആയിരുന്നില്ല, ഏകാധിപതികളെ വായുവിൽ പറന്ന് ചവിട്ടി കൂട്ടുന്ന ഒരു ആയോധന ഭംഗി കൂടിയുണ്ട് അതിന് 💚