118A അന്തിമമായി നീക്കം ചെയ്യുന്നത് വരെ ജാഗ്രത തുടരണം


അഡ്വ. തുഷാർ നിർമ്മൽ സാരഥി

118A നടപ്പിലാക്കുന്നത് തൽക്കാലം നിറുത്തിവെച്ചു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നു. പക്ഷേ ഈ സർക്കാരിന്റെ മുൻ നടപടികൾ ഉണ്ടാക്കിയ അനുഭവം വെച്ചു തൽക്കാലം മുഖ്യമന്ത്രിയുടെ വാക്കുകളെ അതേപടി വിശ്വസിക്കാൻ പ്രയാസമാണ്. യുഎപിഎ കേസുകൾ പുനഃപരിശോധിക്കും എന്ന പ്രഖ്യാപനവും അതിനെ തുടർന്നു ഈ സർക്കാർ സ്വീകരിച്ച നടപടികളും നമ്മുടെ മുന്നിലുണ്ട്.

എന്തു കൊണ്ടാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടുകളിൽ നിന്നും പിണറായി സർക്കാർ വ്യതിചലിക്കുന്നത് എന്നും കേരളത്തിലെ പാർട്ടി ഇത്തരം വ്യതിചലനങ്ങളിൽ പാരിഹാസ്യമാം വിധം നിശ്ശബ്ദരാകുന്നതും സർക്കാരിനെ പിന്തുണക്കാൻ നിർബ്ബന്ധിതരാകുന്നതും എന്തുകൊണ്ടാണ് എന്നതും വിശദമായ പരിശോധന വേണ്ട രാഷ്ട്രീയ പ്രശ്നങ്ങളാണ്.

തിരുത്തൽവാദത്തിനകത്തെ തിരുത്തൽവാദത്തെയാണ് പിണറായി വിജയൻ പ്രതിനിധീകരിക്കുന്നത്. സഹകരണ മൂലധനത്തിലൂടെ, അധികാരവുമായുള്ള ഇടനിലയിലൂടെ അബ്കാരി, റിയൽ എസ്റ്റേറ്റ് – നിർമ്മാണ,ബ്ലേഡ് പലിശ ഇടപാടുകളിലൂടെയും മറ്റും ഉയർന്നു വന്ന ഒരു രാഷ്ട്രീയ വർഗ്ഗത്തെയാണ് പിണറായി വിജയൻ പ്രതിനിധീകരിക്കുന്നത്. ജനങ്ങളുടെ ചോരയൂറ്റി കുടിക്കുന്ന ഈ കുളയട്ടകൾക്ക് സമൂഹത്തിൽ മാന്യത ചാർത്തി കൊടുക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് 118A. തിരുത്തൽവാദ രാഷ്ട്രീയ ജീർണത പേറുന്നിടത്തോളം കാലം സിപിഎമ്മിൽ നിന്നും ഇത്തരം നീക്കങ്ങൾ ഇനിയും ഉണ്ടാകുക തന്നെ ചെയ്യും.

118A നിയമ പുസ്തകത്തിൽ നിന്നും അന്തിമമായി നീക്കം ചെയ്യപ്പെടുന്നത് വരെ ജനാധിപത്യ ജാഗ്രത തുടരണമെന്ന് തന്നെയാണ് ഈ വസ്തുതകൾ നമ്മളോട് ആവശ്യപ്പെടുന്നത്.

Like This Page Click Here

Telegram
Twitter