ഭീഷണിയോടെ സംഘ്പരിവാർ സാക്ഷ്യപ്പെടുത്തുന്ന യാഥാർത്ഥ്യങ്ങൾ

“ഇന്ത്യൻ പരമോന്നത നീതിപീഠം വരെ എങ്ങിനെ വിധി പറയുമെന്നത് തീരുമാനിക്കാനുള്ള അധികാരം ലിഖിതമായ അധികാരം ഒന്നുമില്ലാത്ത രാഹുൽ ഈശ്വറിനെ പോലുള്ള ബ്രാഹ്മണന് അലിഖിതമായുണ്ട്. അതിന് മുന്നിൽ ഇരകളും അവരുടെ കുടുംബങ്ങളും ഓച്ചാനിച്ചു നിൽക്കണം?! … ”

നാസർ മാലിക്

റിപ്പോർട്ടർ ടിവിയിൽ ഇന്നലെ സിദ്ദീഖ് കാപ്പൻ വിഷയം ചർച്ച നടക്കുന്നു. രാഹുൽ ഈശ്വർ, സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് തുടങ്ങിയവരുണ്ട് ചർച്ചയിൽ.

തന്റെ ഊഴം എത്തിയപ്പോൾ രാഹുൽ ഈശ്വർ റൈഹാന ചേച്ചി എന്നുള്ള ബഹുമാന വിളിയോടെ തുടങ്ങി പറയുന്നത് ഇങ്ങനെയാണ്, എനിക്ക് നിങ്ങളോട് പറയാനുള്ളത് മൂന്ന് കാര്യങ്ങളാണ്, ശ്രദ്ധിച്ചു കേൾക്കണം:

അതിൽ ഒന്നാമത്തെ കാര്യം ഇതാണ്, ഒരു രാഷ്ട്രീയ പാർട്ടിക്കാർക്കും നിങ്ങളുടെ ഭർത്താവിനെ രക്ഷിക്കാൻ പറ്റില്ല, ബിജെപിയിൽ നല്ല ഹൃദയമുള്ള പല ആളുകളും ഉണ്ട്. എന്നാൽ അവർ ഒന്നും ഇതിൽ ഇടപെടില്ല, മൃദു ഹിന്ദുത്വത്തെ പുൽകുന്ന കോൺഗ്രസ് ഇപ്പോഴെ ദുർബ്ബലമാണ് അതുകൊണ്ട് അവരും ഇടപെടില്ല. ഇനി അവർ ഇടപെട്ടാലും പ്രയോജനമില്ല, മറ്റൊരു സംസ്ഥാനത്തെ കേസ് ആയതുകൊണ്ട് ഇടപെടുന്നതിന് പിണറായിക്കും സർക്കാറിനും പരിമിതികളുണ്ട്.

രണ്ടാമത്തെ കാര്യം ഇതാണ്. നിങ്ങളുടെ ഭർത്താവ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം പാർശ്വവൽകൃത മുസ്‌ലിം – ദളിത് – കീഴാള കൂട്ടായ്മയുടെ രാഷ്ട്രീയം കൊണ്ടുവന്ന് കമ്മ്യൂണൽ ഇഷ്യൂവുണ്ടാക്കാനാണ് നിങ്ങളുടെ ഭർത്താവ് ശ്രമിച്ചത്. ആ പരിപാടി നിർത്താൻ പറയണം. അത് ഇവിടെ വില പോവില്ല. അതിന് കാരണം ബ്യുറോ ക്രസിയിലും ഡീപ്പ്‌ സ്റ്റേറ്റിലും ഭൂരിഭാഗവും ഉള്ളത് ഞങ്ങളുടെ ആളുകളാണ്. അതുകൊണ്ട് തന്നെ ഒരു കാലത്തും അത്തരം ഒരു രാഷ്ട്രീയം ഇവിടെ ഉയർന്ന് വരാൻ അനുവദിക്കില്ല. അതിന് ശ്രമിച്ചത് കൊണ്ടാണ് മഅദനി ഇത്രയും കാലം അകത്ത് കിടന്നത്. ആ അനുഭവം നിങ്ങളുടെ ഭർത്താവിന് വരാതെ ഇരിക്കാൻ ഞാൻ മൂന്നാമാതായി നിങ്ങളോട് പറയാൻ പോവുന്ന കാര്യങ്ങൾ നിങ്ങൾ കൂടുതൽ ശ്രദ്ധയോടെ കേൾക്കണം:

മൂന്നാമത്തെ കാര്യം ഇതാണ്, സുപ്രീം കോടതിയിൽ നിങ്ങൾ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിൽ കേസ് എത്തിക്കാൻ നോക്കണം. ഒരു സവർണ്ണനായ വക്കീലിനെ വെച്ചുകൊണ്ട് കേസ് വാദിക്കാൻ നോക്കണം എന്നാലെ കോടതിയിൽ ഒരു സ്വീകാര്യതയും വിശ്വാസ്യതയും വരൂ. അല്ലെങ്കിൽ നിങ്ങളുടെ ഭർത്താവിനെ എത്ര കാലം വേണമെങ്കിലും ജയിലിൽ തളച്ചിടാൻ കഴിയും.

ഇതെല്ലാം കേട്ടിരിക്കുന്ന സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ മുഖത്തെ ദയനീയതയും അഭിമാനക്ഷതവും ആ ചർച്ച കണ്ടിരുന്നവർ കണ്ടു കാണും. എന്തൊരു ഗതികേടാണ് ഒരു മുസ്‌ലിമിൻ്റേത്. ഹൃദയരോഗിയായ സ്വന്തം ഭർത്താവ് കോവിഡ്‌ പിടിപെട്ട് നരക യാതന അനുഭവിക്കുന്നു. അതിനിടക്ക് ബാത് റൂമിൽ വീണ് താടിയെല്ല് പൊട്ടിയ കാപ്പനെ കിടത്തിയിരിക്കുന്നത് മൃഗാശുപത്രിയിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ, മൂത്രം ഒഴിക്കാൻ പോലും പുറത്ത് വിടാത്ത വിധം. ഇത്തരം ഒരു മാനസിക അവസ്ഥയിൽ ഇരിക്കുന്ന സ്ത്രീ തന്റെ ഭർത്താവിന് വേണ്ടി, മക്കൾക്ക് വേണ്ടി എന്തും കേട്ടിരിക്കും എന്നതാണ് വേദന നിറഞ്ഞ സത്യം. രാഹുൽ ഈശ്വർ അഹങ്കാരത്തോടെ നൽകിയ ഉപദേശം ആണെങ്കിലും ഇന്ത്യൻ നീതി ന്യായവ്യവസ്ഥയുടെ യഥാർത്ഥ മുഖം രാഹുൽ ഈശ്വർ പറഞ്ഞത് തന്നെയാണ്. ഹിന്ദുത്വ ഇന്ത്യ എന്ന വിഗ്രഹത്തെ കപട ജനാധിപത്യ മതേതര മുഖം മൂടിയിട്ട് മറക്കാതെ തനിസ്വരൂപത്തിൽ രാഹുൽ ഈശ്വർ പ്രതിഷ്‌ഠിച്ചു.

നമുക്ക് ഒരു ഭരണഘടനയുണ്ട്, നമ്മൾ മതേതര രാജ്യമാണ്, ഇവിടെ ജനാധിപത്യമുണ്ട്, സോഷ്യലിസമുണ്ട്, ഇതെല്ലാം അവിടെയുണ്ട് കടലാസിൽ ആണെന്ന് മാത്രം. യഥാർത്ഥ നിയമവും ന്യായവും നീതിയുമൊക്കെ എങ്ങിനെ മുന്നോട്ട് പോവണമെന്ന്, ഇന്ത്യൻ പരമോന്നത നീതിപീഠം വരെ എങ്ങിനെ വിധി പറയുമെന്നത് തീരുമാനിക്കാനുള്ള അധികാരം ലിഖിതമായ അധികാരം ഒന്നുമില്ലാത്ത രാഹുൽ ഈശ്വറിനെ പോലുള്ള ബ്രാഹ്മണന് അലിഖിതമായുണ്ട്. അതിന് മുന്നിൽ ഇരകളും അവരുടെ കുടുംബങ്ങളും ഓച്ചാനിച്ചു നിൽക്കണം. നിങ്ങൾക്ക് ഇവിടെ ജീവിക്കണോ ഞങ്ങൾക്ക് വിധേയമായി ഞങ്ങൾക്ക് അടിമകളായി ഞങ്ങൾ പറയുന്നത് കേട്ടുകൊണ്ട് ജീവിച്ചു കൊള്ളണം എന്ന സന്ദേശം തന്നെയാണ് രാഹുൽ ഈശ്വർ കാപ്പന്റെ ഭാര്യക്ക് നൽകിയ ഉപദേശത്തിലൂടെ മുസ്‌ലിൾക്ക് ഒന്നടങ്കം നൽകിയത്. അവിടെ അഭിമാനക്ഷതം വന്നത് മുസ്‌ലിം സ്വത്വങ്ങൾക്ക് മൊത്തം തന്നെയാണ്.

അപ്പൊ നമുക്ക് സ്വന്തമായി എന്ത് ഉണ്ടെന്നാണ് പറഞ്ഞത്? ഓ ഭരണഘടന, ഓകെ സാറമാരെ!

Like This Page Click Here

Telegram
Twitter