മണിപ്പൂര്‍: “അനധികൃത കുടിയേറ്റ തിരക്കഥ”യ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍
കെ സഹദേവന്‍
മണിപ്പൂരിലെ മലയോര മേഖലകളിലേക്കുള്ള കടന്നുകയറ്റം ലക്ഷ്യം വെച്ച് മണിപ്പൂര്‍ ഭരണകൂടവും നിക്ഷിപ്ത താല്‍പ്പര്യക്കാരും നിരന്തരം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന വിഷയമാണ് മണിപ്പൂര്‍ അടക്കമുള്ള വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റം. റോഹിംഗ്യന്‍ മുസ്‌ലിങ്ങളുടെ അഭയാര്‍ത്ഥി പ്രവാഹം എന്ന പേരില്‍ ദേശീയ വിഷയമായി ഇതിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ അടക്കമുള്ളവ ഈയൊരു പ്രശ്‌നത്തെ മുന്‍നിര്‍ത്തി നിരന്തരമായി ലേഖനങ്ങള്‍ പടച്ചുവിടുന്നുണ്ട്.
മണിപ്പൂരില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളുടെ മൂല കാരണങ്ങളിലൊന്നായി അനധികൃത കുടിയേറ്റം ഉയര്‍ത്തിക്കാണിക്കാന്‍ അവര്‍ ശ്രമിച്ചുപോരുന്നു. മണിപ്പൂരിലെ അനധികൃത കുടിയേറ്റത്തിന്റെ വലുപ്പത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കും മുമ്പ് ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങളും അല്‍പം മനസ്സിലാക്കുന്നത് നന്നായിരിക്കും.
ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലെ പര്‍വ്വത പ്രദേശങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍. ഇതില്‍ മണിപ്പൂര്‍ സംസ്ഥാനം ഏതാണ്ട് 400 കിലോമീറ്ററുകളോളം മ്യാന്‍മറുമായി ബോര്‍ഡര്‍ പങ്കുവെക്കുന്നുണ്ട്. നൂറ്റാണ്ടുകളായി ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ വലിയ തോതില്‍ കൊടുക്കല്‍ വാങ്ങല്‍ നടന്നിരുന്ന മേഖലയാണിത്. രാഷ്ട്രീയാതിര്‍ത്തികള്‍ കൂടുതല്‍ ശക്തമാക്കപ്പെട്ടതോടെ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ഭിന്നിക്കപ്പെടുകയായിരുന്നു. വംശീയവും ഭാഷാപരവും സാംസ്‌കാരികവും ആയി അടുത്തു ബന്ധം പുലര്‍ത്തിയിരുന്ന ഒരു ജനതയാണ് ഈ രീതിയില്‍ നിര്‍ബന്ധിത വിഭജനത്തിന് ഇരകളാക്കപ്പെട്ടത്. ഒരര്‍ത്ഥത്തില്‍ വലിയ സുരക്ഷാ സംവിധാനങ്ങള്‍ നിലവിലില്ലാത്ത അന്താരാഷ്ട്ര അതിര്‍ത്തിയാണ് മണിപ്പൂരിനും മ്യാന്‍മറിനും ഇടയില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ അതിര്‍ത്തി കടന്നുള്ള ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് സാധാരണമാണ്.
2021ല്‍ മ്യാന്‍മറില്‍ നടന്ന സൈനിക അട്ടിമറിക്ക് ശേഷം, ചിന്‍ സമുദായത്തില്‍ നിന്നുള്ള ആളുകളുടെ കുടിയേറ്റം മണിപ്പൂര്‍ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. മ്യാന്‍മറിലെ ഏറ്റവും ദരിദ്രരായ ചിന്‍ സമൂഹത്തില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ കുടിയേറ്റം നടത്തിയവരില്‍ ഏറെപ്പേരും. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി സമൂഹങ്ങള്‍ക്കിടയില്‍ വംശീയ അടുപ്പമുള്ള വിഭാഗങ്ങളാണ് ചിന്‍ ജനത. മണിപ്പൂര്‍, മിസോറോം എന്നിവിടങ്ങളിലെ കുക്കി, മിസോ സമുദായങ്ങളുമായി ചിന്‍ ജനത ഭാഷാ-സാംസ്‌കാരിക ബന്ധം പുലര്‍ത്തുന്നുണ്ട്. ഇതോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, മ്യാന്‍മറിലെ കബാവ് താഴ്വരയിലും (Kabaw valley) മണ്ടലായി(Mandalay)ലും താമസിക്കുന്ന മെയ്തികള്‍ക്ക് മണിപ്പൂരിലെ മെയ്‌തേയ് സമുദായങ്ങളുമായി ഇതേരീതിയില്‍ ബന്ധമുണ്ടെന്നതാണ്. മ്യാന്‍മറിലെ രാഷ്ട്രീയ കുഴമറിച്ചിലുകളില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങളും വിവേചനങ്ങളും അനുഭവിക്കേണ്ടി വരുന്ന വിഭാഗമാണ് ചിന്‍ ജനത. മ്യാന്‍മറിലെ പട്ടാള ഭരണം നടത്തുന്ന അക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പലായനം ചെയ്യുന്ന ചിന്‍ ജനതയ്ക്ക് രാഷ്ട്രീയാഭയം നല്‍കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറായിട്ടില്ലെന്നത് ഒരു ഗവണ്‍മെന്റിന്റെ മനുഷ്യത്വ രഹിതമായ പെരുമാറ്റത്തിന്റെ ഉദാഹരണമാണ്.
മ്യാന്‍മറിലെ മിലിട്ടറി ജൂന്‍ഡാ ഭരണത്തെ പിന്തുണച്ചുകൊണ്ട് ആ രാജ്യത്തെ കല്‍ക്കരി, തുറമുഖം, വൈദ്യുതി മേഖലകളില്‍ ആധിപത്യമുറപ്പിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിഘാതാമാകാതിരിക്കാനാണ് ചിന്‍ ജനതയ്ക്ക് രാഷ്ട്രീയാഭയം നല്‍കുന്നതിനെക്കുറിച്ച് പരിഗണിക്കാന്‍ പോലും മോദി സര്‍ക്കാര്‍ തയ്യാറാകാത്തതെന്നത് മറ്റൊരു കാര്യം. (മ്യാന്‍മര്‍ പട്ടാള ഭരണകൂടവുമായ ഗൗതം അദാനിയുടെ പുത്രന്‍ കരണ്‍ അദാനി നടത്തിയ രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് മുമ്പ് എഴുതിയത് ഓര്‍ക്കുമല്ലോ).
രാഷ്ട്രീയ അഭയാര്‍ത്ഥി പദവിയെ സംബന്ധിച്ച 1951ലെ യുഎന്‍ കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടില്ല എന്നതും അഭയാര്‍ത്ഥികളുടെ അവകാശത്തെ സംബന്ധിച്ച വ്യക്തമായ ആഭ്യന്തര നിയമനിര്‍മ്മാണം നടത്തിയിട്ടില്ല എന്നതും അഭയാര്‍ത്ഥി പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നതില്‍ അതത് കാലത്തെ രാഷ്ട്രീയ താല്‍പ്പര്യങ്ങളും കണക്കുകൂട്ടലും പ്രതിഫലിക്കപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ‘അനധികൃത കുടിയേറ്റക്കാര്‍’ എന്ന് പരസ്യമായി പ്രഖ്യാപിക്കപ്പെട്ട ചിന്‍ ജനതയുടെ കാര്യത്തില്‍ സംഭവിച്ചത് ഇതാണ്. ചിന്‍ ജനതയുമായി അടുപ്പം പങ്കിടുന്ന കുക്കി ഗോത്ര വിഭാഗവും ഈ രീതിയില്‍ അപമാനിക്കപ്പെടുന്നു.
ഒരു സമൂഹത്തെ മുഴുവനും ‘അനധികൃത കുടിയേറ്റക്കാര്‍’ ആയി ചിത്രീകരിക്കുന്നത് രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നത് സംശയരഹിതമായ കാര്യമാണ്. മണിപ്പൂരില്‍ ചിന്‍ ജനത നിരന്തരമായ അധിക്ഷേപങ്ങള്‍ക്ക് പാത്രമാകുമ്പോള്‍ തൊട്ടടുത്ത സംസ്ഥാനമായ മിസോറാമില്‍ സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച്, ചിന്‍ ജനതയോട് കൂടുതല്‍ അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കുന്നത് കാണാം. മ്യാന്‍മറിലെ പട്ടാള അട്ടിമറിക്ക് ശേഷം ചിന്‍ ജനതയുടെ വന്‍തോതിലുള്ള പ്രവാഹം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത്തരത്തിലുള്ള കുടിയേറ്റ തള്ളല്‍ ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത.
മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന മലയോര ജില്ലകളിലെ അനധികൃത കുടിയേറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നടപടികളില്‍ ബയോമെട്രിക് നിരീക്ഷണം, വീടുവീടാന്തരമുള്ള ആധാര്‍ പരിശോധന, മലയോര ജില്ലകളില്‍ ‘അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനുള്ള പ്രത്യേക നടപടികള്‍’ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ അതിര്‍ത്തി മേഖലയില്‍ ജെസാമിക്കും ബെഹിയാങ്ങിനുമിടയില്‍ 34 പോലീസ് ഔട്ട്പോസ്റ്റുകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ സ്ഥാപിച്ചിട്ടുണ്ട്. ഇത്രയും തീവ്രമായ നിരീക്ഷണമുണ്ടായിട്ടും, 2021 ഫെബ്രുവരി മുതല്‍ ഏകദേശം 5000 മ്യാന്‍മര്‍ പൗരന്മാര്‍ മണിപ്പൂരില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത മാധ്യമ കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇവയ്ക്ക് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. 2012 മുതല്‍ 2023 ഫെബ്രുവരി വരെ 393 മ്യാന്‍മര്‍ പൗരന്മാര്‍ സംസ്ഥാനത്ത് തടങ്കലിലായതായി മുഖ്യമന്ത്രി ബിരേന്‍ സിംഗ് വെളിപ്പെടുത്തുകയുണ്ടായി.
അവരില്‍ ഒരാളെ നാടുകടത്തുകയും 107 പേര്‍ ജയിലിലും 105പേര്‍ കരുതല്‍ തടങ്കലിലും, 180 പേര്‍ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തുവെന്ന് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലില്‍ വിശദീകരിക്കുന്നു. ഈ 393 അനധികൃത കുടിയേറ്റങ്ങളില്‍ 210 എണ്ണം 2022 ഫെബ്രുവരിക്കും 2023 നും ഇടയില്‍ നടന്നതാണ്.
മണിപ്പൂര്‍ ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച്, 2023ല്‍ മൊത്തം 114 കുടിയേറ്റക്കാരെ തടവിലാക്കിയിട്ടുണ്ട്: ജനുവരിയില്‍ 81 പേര്‍ തെങ്നൗപാല്‍ ജില്ലയിലും, യഥാക്രമം 10, 23 പേര്‍ 2023 ഫെബ്രുവരിയിലും ഏപ്രില്‍ മാസത്തിലും ചുരാചന്ദ്പൂര്‍ ജില്ലയിലും. ചുരാചന്ദ്പൂര്‍, തെങ്നൗപാല്‍, ചന്ദേല്‍ ജില്ലകളില്‍ കുടിയേറ്റക്കാര്‍ക്കായി താല്‍ക്കാലിക ഷെല്‍ട്ടറുകളും തടങ്കല്‍ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. കണക്കുകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്; അനധികൃത കുടിയേറ്റത്തെ സംബന്ധിച്ച പ്രശ്‌നം താരതമ്യേന കുറവാണെന്നതാണത്.
നിലവിലുള്ള അനധികൃത കുടിയേറ്റ പ്രശ്‌നത്തെ മാനുഷികമായ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നതിന് പകരം ഒരു ജനതയെ അപമാനിക്കുന്ന നടപടികളിലാണ് അധികൃതര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. മ്യാന്‍മറിലെ ആഭ്യന്തരയുദ്ധം കാരണം സമീപ വര്‍ഷങ്ങളില്‍ നേരിയതോതിലുള്ള കുടിയേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്ന യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ (UNHCR) തിരിച്ചറിയല്‍ കാര്‍ഡ് അംഗീകരിക്കില്ലെന്നും മൂന്നാം രാജ്യങ്ങളില്‍ പുനരധിവാസം നേടുന്നവര്‍ക്ക് പോലും എക്‌സിറ്റ് പെര്‍മിറ്റ് നല്‍കില്ലെന്നും ആഭ്യന്തര മന്ത്രാലയം മുഖേന കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. യു.എന്‍.എച്ച്.സി.ആറിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ ഉണ്ടെന്നിരിക്കെയാണ് ഇത് ചെയ്യുന്നത്. മാത്രമല്ല, മണിപ്പൂരില്‍ ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് ( FRRO) പ്രവര്‍ത്തിക്കുന്നില്ല. ശരിയായ സംവിധാനമില്ലാത്തതിനാല്‍ അഭയാര്‍ഥികളില്‍ പലരും അനധികൃത കുടിയേറ്റക്കാരായി മാറുകയാണ്.
കുടിയേറ്റ പ്രശ്‌നം ശരിയായ രീതിയില്‍ പരിഹരിക്കുക എന്നതിനപ്പുറം വിഭജന-വംശീയ രാഷ്ട്രീയവും നടപ്പിലാക്കാനും മലയോര മേഖലകളിലേക്ക് പ്രബല വിഭാഗങ്ങള്‍ക്ക് കടന്നുകയറാനുള്ള അവസരമൊരുക്കിക്കൊടുക്കാനും ആണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പിന്‍കുറിപ്പ്:
ഭരണകൂടവും സംഘ്പരിവാരങ്ങളും ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ച് വാചാലരാകുമ്പോള്‍ ഇന്ത്യയില്‍ നിന്ന് അമേരിക്ക-കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. ചില കണക്കുകള്‍ ശ്രദ്ധിക്കുക:
അമേരിക്കന്‍ ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച് 2019 ഫെബ്രുവരി മുതല്‍ 2023 മാര്‍ച്ച് വരെയുള്ള അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം 1.49 ലക്ഷമാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗുജറാത്തില്‍ നിന്നാണെന്ന് അറിയുക. രണ്ടാമത് പഞ്ചാബില്‍ നിന്നും. 2023 മാര്‍ച്ചില്‍ മാത്രം അമേരിക്കന്‍ ബോര്‍ഡര്‍ ഗാര്‍ഡ്‌സിന്റെ പിടിയിലായത് 9,648 ഇന്ത്യക്കാരാണ്! (ഈ കുടിയേറ്റങ്ങളൊക്കെയും നടന്നത് മോദിയുടെ അമൃതകാലത്താണെന്നത് മറ്റൊരു കാര്യം)
– ഈ കുറിപ്പ് തയ്യാറാക്കുന്നതില്‍ NEFISന്റെ കോ-ഓര്‍ഡിനേറ്റര്‍ കിഷന്‍ യുംനാമുമായുള്ള സംഭാഷണം സഹായകമായിട്ടുണ്ട്.
_ കെ സഹദേവന്‍, Transition Studies
#മണിപ്പൂർ; കൂടുതൽ അറിയാൻ | ലേഖനങ്ങൾ
Follow us on | Facebook | Instagram | Telegram | Twitter | Threads