മോദിയുടെ ശബ്ദരാഷ്ട്രീയത്തെ തരിപ്പണമാക്കാൻ തെരഞ്ഞെടുപ്പ് യുദ്ധത്തിനാകുമോ?

#Election

സൂക്ഷിച്ചു നോക്കിയാൽ മോദിയുടെ ചിഹ്നവും ഉച്ചഭാഷണിയാണെന്നു കാണാം. ഹിന്ദുത്വ വംശീയതയും ബഹുജനങ്ങളെ കബളിപ്പിക്കാനുള്ള വാചകമടികളുമല്ലാതെ അദ്ദേഹത്തിന്റെ പ്രഭാഷണപരതയിൽ യാതൊന്നുമില്ല…


കെ കെ ബാബുരാജ്

‘മേരേ പ്യാരേ ദേശവാസിയോം ‘എന്നുതുടങ്ങുന്ന നരേന്ദ്ര മോദിയുടെ പ്രസംഗങ്ങൾ ഇന്ന് അപഹാസ്യങ്ങളായി മാറിയിട്ടുണ്ട് . ‘ചായ് വാല ‘, ചൗക്കിദാർ മുതലായ വിശേഷണങ്ങൾക്കും പഴയതുപോലെ ജനപ്രീതി നേടാൻപറ്റുന്നില്ല. പശുവിനോടും ദേശത്തോടും പട്ടാളത്തോടുമുള്ള ഭക്തിയും, ന്യൂനപക്ഷങ്ങളോടുള്ള അകൽച്ചയും അദ്ദേഹത്തിൽ അടിയുറച്ച സംഘ് പരിവാർ ഫാഷിസത്തിന്റെ പ്രതിഫലനമാണെന്നു ഏറെക്കുറെ എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ അവസരത്തിൽ, യഥാർത്ഥത്തിൽ മോദിയുടെ ചിഹ്നം എന്താണെന്നു ആലോചിച്ചുനോക്കാവുന്നതാണ്

അധികാരത്തിലെത്താൻ ഹിറ്റ്ലറെ സഹായിച്ചത് ജർമനിയിലെ തെരുവുകളിൽ സ്ഥാപിച്ച ആയിരക്കണക്കിന് ലൗഡ് സ്‌പീക്കറുകൽ- ഉച്ചഭാഷണികൾ ആയിരുന്നു എന്നു സൂചിപ്പിക്കുന്ന ചില പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. ഉച്ചഭാഷണികൾ എന്ന മീഡിയത്തെയും ഹിറ്റ്ലറുടെ പ്രഭാഷണ പരതയെയും വിളക്കിച്ചേർത്തു കൊണ്ടുള്ള പ്രചാരണ തന്ത്രമാണ് നാസിപാർട്ടി രൂപപ്പെടുത്തിയത്. ഗീബൽസായിരുന്നു ഇതിൻറെ ഉപജ്ഞാതാവ്. ഉച്ചഭാഷണിക്കു പിന്നിൽ നിന്നുകൊണ്ട് പ്രഭാഷണം നടത്തുന്ന ഫൂറർ എന്ന ചിത്രം ലോകമെമ്പാടും വ്യാപിച്ചത് ഇപ്രകാരമാണ്.

സൂക്ഷിച്ചു നോക്കിയാൽ മോദിയുടെ ചിഹ്നവും ഉച്ചഭാഷണിയാണെന്നു കാണാം. ഹിന്ദുത്വ വംശീയതയും ബഹുജനങ്ങളെ കബളിപ്പിക്കാനുള്ള വാചകമടികളുമല്ലാതെ അദ്ദേഹത്തിന്റെ പ്രഭാഷണപരതയിൽ യാതൊന്നുമില്ല. എങ്കിലും, ഹിറ്റ്ലറെ പോലെ എപ്പോഴും ഉച്ചഭാഷണിക്ക് പിന്നിൽ നിന്നു പ്രഭാഷണം നടത്തുന്ന നരേന്ദ്ര മോദിയുടെ ചിത്രം ഇന്ത്യയിലും ലോകത്തും സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു. ഹിറ്റ്ലറുടെ ലൗഡ് സ്പീക്കറുകളിലൂടെ വിന്യസിക്കപ്പെട്ട ശബ്ദ രാഷ്ട്രീയത്തെ തകർക്കാൻ രണ്ടാം ലോകമഹായുദ്ധത്തിന്റെ അരങ്ങു വേണ്ടിവന്നു. മോദിയുടെ ശബ്ദ രാഷ്ട്രീയത്തെ തരിപ്പണമാക്കാൻ ഈ തെരഞ്ഞെടുപ്പ് യുദ്ധത്തിന്റെ അരങ്ങു മതിയാകുമോ ?

Leave a Reply