ജെൻഡർ അവബോധവും ലൈംഗികതാ വിദ്യാഭ്യാസവും സർക്കാരിന്റെ ഇരട്ടത്താപ്പും
“എടക്കര ഹയർ സെക്കൻഡറി സ്കൂളിൽ നടത്താനിരുന്ന “ബേസിക്സ് ഓഫ് സെക്സ് ആൻഡ് ജെൻഡർ” ക്ളാസ് പൊലീസ് തടഞ്ഞു. എന്നെ പങ്കെടുപ്പിച്ചു പരിപാടി നടത്തിയാൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് സ്കൂൾ അധികൃതരെ ഭീഷണിപ്പെടുത്തി. ഞാൻ ഇടപെടുന്ന ജനകീയ സമരങ്ങളും വിമത സ്വരം ഉയർത്തുന്ന രാഷ്ട്രീയവുമാണ് ക്ലാസ്സ് തടയാനായി പൊലീസ് മുന്നോട്ട് വച്ച ന്യായം!”
_ നിഹാരിക പ്രദോഷ്, Queer Student, Sexuality Educator
2023 ആഗസ്റ്റ് 8ന് എടക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചു നടക്കാനിരുന്ന “Basics of Sex and Gender” ക്ലാസ്സ് വഴിക്കടവ് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് ഇടപെട്ട് തടയുകയുണ്ടായി. എന്നെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി സംഘടിപ്പിച്ചാൽ സ്കൂൾ അധികൃതർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി ക്ലാസ്സ് പിൻവലിക്കാൻ പ്രിൻസിപ്പാളിനെ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ സന്തോഷ് സമ്മർദ്ദം ചെലുത്തിയതായി അധ്യാപകൻ അറിയിക്കുകയായിരുന്നു. ക്ലാസ്സ് തടയാനായി പോലീസ് മുന്നോട്ട് വച്ച ന്യായം ഞാൻ ഇടപെടുന്ന ജനകീയ സമരങ്ങളും വിമത സ്വരം ഉയർത്തുന്ന രാഷ്ട്രീയവുമാണ്. പ്രിൻസിപ്പാളിനെ മാത്രമല്ല PTA ഭാരവാഹികളെയും അംഗങ്ങളെയും പോലീസ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള സമ്മർദ്ദത്തിൽ ഭയന്നാണ് ക്ലാസ്സ് പിൻവലിക്കുന്നത് എന്ന് അറിയിക്കുകയും, ക്ലാസ്സ് എടുക്കാൻ പോകാൻ എടക്കരയ്ക്ക് ബസ്സ് കേറിയ ഞാൻ നിലമ്പൂർ ഇറങ്ങുകയും ആദിവാസി ഭൂസമരത്തിൽ പങ്കാളിയാവുകയുമാണ് അന്ന് ഉണ്ടായത്.
യാതൊരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത, ഒരു കേസിലും പ്രതിയല്ലാത്ത ഞാൻ എടുക്കാൻ പോയ ക്ലാസ്സ് എന്തുകൊണ്ട് തടഞ്ഞു എന്നാണ് പോലീസിനോടും ആഭ്യന്തര വകുപ്പിനോടും ചോദിക്കാനുള്ളത്. സമഗ്ര ലൈംഗികതാ വിദ്യാഭ്യാസത്തിൽ ട്രെയിനിങ് കിട്ടിയിട്ടുള്ള, ജെൻഡർ വിഷയത്തിൽ രണ്ട് വർഷത്തെ പ്രവർത്തിപരിചയമുള്ള, നിലവിൽ MA Women’s Studies പഠിക്കുന്ന ക്വിയർ വ്യക്തിയാണ് ഞാൻ. SEK Foundation, Dhisha Kerala, The Red Cycle, KILA എന്നീ സംഘടനകളുടെ Resource Person കൂടിയാണ്. ഈ ക്ലാസ്സ് എടുക്കാൻ എന്ത് യോഗ്യതക്കുറവിന്റെ പുറത്താണ് പോലീസ് ഇത്രയും പേരെ മാറി മാറി വിളിച്ചു ഭീഷണിപ്പെടുത്തി ക്ലാസ് റദ്ദ് ചെയ്തത്?
ഇതേസമയം എടക്കരയുടെ അടുത്ത പ്രദേശമായ നിലമ്പൂരിൽ നടക്കുന്ന ആദിവാസി ഭൂസമരത്തിന്റെ 91-ാം ദിവസമായിരുന്നു അന്ന്. പിറ്റേന്ന് (ആഗസ്റ്റ് 9) ലോക ആദിവാസി ദിനത്തിൽ നിലമ്പൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടന്നിരുന്നു. ഈ സമരത്തോട് ഐക്യപ്പെട്ട് DSA ആദ്യം മുതലേ ഉണ്ടായിരുന്നു. ഞാനും സഖാക്കൾ ഹനീനും റിജാസും പലപ്പോഴും പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അർഹതപ്പെട്ട ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്നതിനെ തിരിഞ്ഞു നോക്കാൻ തയ്യാറാവാതെ, പകരം ജെൻഡർ അവബോധവും ലൈംഗികതാ വിദ്യാഭ്യാസവും പ്രകീർത്തിക്കുന്ന സർക്കാരിന്റെ ഇത്തരത്തിലുള്ള ആഭ്യന്തര നീക്കം ഇരട്ടത്താപ്പിന്റെ ഉച്ചകോടിയിൽ കാര്യങ്ങളെ എത്തിക്കുന്നു.
വിമത രാഷ്ട്രീയം ഉയർത്തുന്ന, ഭരണകൂടത്തിന്റെ ചെയ്തികളെ ചോദ്യം ചെയ്യുന്നവരെ വേട്ടയാടുന്ന ആദ്യത്തെ സംഭവമല്ല ഇത്. ഒട്ടനവധി മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടിലും ജോലിയിലും ബന്ധങ്ങളിലും സൗഹൃദങ്ങളിലും പ്രണയങ്ങളിലും ഭരണകൂടത്തിന്റെ മർദ്ദക ഉപാധിയായ പോലീസ് ഇത്തരത്തിലും ഇതിലും രൂക്ഷമായും മുൻപും ഇടപെട്ടിട്ടുണ്ട്. ഇത് തീർത്തും അന്യായവും അവകാശലംഘനവും ഭരണഘടനാവിരുദ്ധവുമാണ്. ഇത്തരം ഭീഷണിക്ക് മുൻപിൽ വഴങ്ങാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മാത്രമല്ല നിയമപരമായി നേരിടുകയും ചെയ്യും.
Follow us on | Facebook | Instagram | Telegram | Twitter | Threads