മണിപ്പൂർ: ആവർത്തിക്കുന്ന നുണകളെ ചരിത്രരേഖകൾ പൊളിച്ചുകളയും


കെ സഹദേവൻ

മണിപ്പൂർ വിഷയത്തിൽ തല കുടുങ്ങിപ്പോയ ആർ.എസ്.എസും ഇതര സംഘ് പരിവാര സംഘടനകളും ചേർന്ന് പുതിയൊരു നുണക്കഥയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. 1968 ജൂൺ 8ലെ ഒരു സർക്കാർ ഉത്തരവും പൊക്കിപ്പിടിച്ചു കൊണ്ടാണ് ഇന്ത്യാ ചരിത്രത്തെക്കുറിച്ച് സാമാന്യ ധാരണ പോലുമില്ലാത്ത സംഘ് പരിവാരങ്ങൾ ഇറങ്ങിയിരിക്കുന്നത്. 1968ലെ രേഖ സൂചിപ്പിക്കുന്നതനുസരിച്ച്, മണിപ്പൂരിൽ താമസിക്കുന്ന കുക്കി ഗോത്രങ്ങൾ ബർമ്മയിൽ നിന്ന് (മ്യാൻമർ) അഭയാർത്ഥികളായി വന്നവരും, പിന്നീട് 1968ൽ ഇന്ത്യയിൽ എസ്.ടി (പട്ടികവർഗ) ക്വാട്ട അനുവദിച്ചു നൽകപ്പെട്ടവരും ആണെന്നാണ് മണിപ്പൂർ കലാപത്തെ ന്യായീകരിക്കാൻ ഹിന്ദുത്വ ശക്തികൾ ഉയർത്തിപ്പിടിക്കുന്ന കള്ള സാക്ഷ്യം. അർദ്ധ സത്യം മാത്രമായ ഈ രേഖയ്ക്ക് പിന്നിലെ വസ്തുതകൾ എന്താണ്?

മണിപ്പൂരിലെ മുഴുവൻ കുക്കികളെയും അഭയാർത്ഥികളായി കത്തിൽ പരാമർശിക്കുന്നില്ലെന്ന് ആദ്യം തന്നെ നാം മനസ്സിലാക്കേണ്ടതുണ്ട്. 1967ൽ മ്യാൻമറിലെ ഖദവ്മി ഓപ്പറേഷൻ സമയത്ത് മണിപ്പൂരിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായ മ്യാൻമറിലെ കുക്കികൾക്ക് ഇന്ത്യൻ സർക്കാർ നൽകുന്ന മാനുഷിക സഹായം മണിപ്പൂർ ജില്ലാ കമ്മീഷണർ നടപ്പിലാക്കുകയായിരുന്നുവെന്നാണ് 1968 ജൂൺ 8ലെ രേഖയുമായി ബന്ധപ്പെട്ട മുൻ എഴുത്തുകുത്തുകൾ സൂചിപ്പിക്കുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട അത്തരം രേഖകളൊന്നും തന്നെ സംഘ് പരിവാരങ്ങൾ പ്രചരിപ്പിക്കുന്നില്ലെന്ന് കാണാം.

കുക്കി ഗോത്രങ്ങൾക്ക് 1950ൽ തന്നെ ഇന്ത്യയിൽ ST പദവി നൽകപ്പെട്ടിരുന്നുവെന്നും അവർ മണിപ്പൂരിൽ നൂറ്റാണ്ടുകളായി നിലവിലുണ്ടെന്നും ഉള്ള വസ്തുതകളാണ് ഈ ഒറ്റ രേഖയിലൂടെ അവർ മറച്ചുവെക്കാൻ ശ്രമിക്കുന്നത്. ( ഇതോടൊപ്പം ചേർത്തിട്ടുള്ള ഭരണഘടനാ രേഖ കാണുക).

മണിപ്പൂർ, മിസോറാം, മേഘാലയ, അസം, ത്രിപുര, നാഗാലാൻഡ് എന്നിവയുൾപ്പെടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വസിക്കുന്ന ഒരു വംശീയ വിഭാഗമാണ് കുക്കികൾ. ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ കാണപ്പെടുന്ന നിരവധി മലയോര ഗോത്രങ്ങളിൽ ഒന്നു മാത്രമാണ് കുക്കികൾ. “കുക്കി” എന്ന പദം ആ വംശീയ വിഭാഗം സ്വയം സൃഷ്ടിച്ചതല്ലെന്നും, അതുമായി ബന്ധപ്പെട്ട ഗോത്രങ്ങളെ കൊളോണിയൽ ഭരണത്തിൻ കീഴിൽ പൊതുവെ “കുക്കി” എന്ന് വിളിക്കപ്പെട്ടതാണെന്നും മനസ്സിലാക്കേണ്ടതുണ്ട്.

1907ൽ പ്രസിദ്ധീകരിച്ച ‘ഫ്രോണ്ടിയർ ആൻഡ് ഓവർസീസ് എക്സ്പെഡിഷൻസ് ഫ്രം ഇന്ത്യ’ എന്ന പുസ്തകത്തിൽ കുക്കികൾ 1777ൽ തന്നെ ലുഷായി കുന്നുകളിൽ (മിസോറാമിൽ) നിവാസികളായിരുന്നുവെന്ന് പരാമർശിക്കുന്നു. 1820കൾ മുതൽ അക്കാലത്തെ വിവിധ നാട്ടുരാജ്യങ്ങളിൽ (ഇപ്പോൾ ഇന്ത്യയിൽ കൂട്ടിച്ചേർക്കപ്പെട്ടവ അടക്കം) കുക്കികൾ അധിവസിച്ചു വരുന്നുണ്ടെന്നും ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നു. കൂടാതെ, 1972ൽ മണിപ്പൂർ സംസ്ഥാനം രൂപീകരിക്കുന്നതിന് വളരെ മുമ്പുതന്നെ, 1950ലെ “ഭരണഘടന (പട്ടികവർഗ) ഉത്തരവിൽ, 1950ൽ കുക്കി ഗോത്രങ്ങൾക്ക് ST (പട്ടികവർഗ) പദവി (ആസാമിൽ) അനുവദിച്ചിരുന്നതായും കാണാം.

വസ്തുതകൾ ഇതൊക്കെയായിരിക്കെ, ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിത വംശഹത്യയ്ക്ക് സാധുത ഉണ്ടാക്കിയെടുക്കാൻ, നൂറ്റാണ്ടുകളായി ഈ രാജ്യത്ത് താമസിച്ചു കൊണ്ടിരിക്കുന്ന ഗോത്ര സമൂഹങ്ങളുടെ പൗരത്വത്തെപ്പോലും ചോദ്യം ചെയ്തു കൊണ്ട്, നിർല്ലജ്ജമായ നുണകൾ അഴിച്ചുവിടുകയാണ് സംഘ് പരിവാരങ്ങൾ.
_ കെ സഹദേവൻ, Transition Studies

#മണിപ്പൂർ; കൂടുതൽ അറിയാൻ | ലേഖനങ്ങൾ

Follow us on | Facebook | Instagram Telegram | Twitter | Threads