ഇതാ കുനിയാത്ത ശിരസ്സും തകരാത്ത ജനാധിപത്യബോധവുമെന്ന് ഓർമ്മിപ്പിക്കുന്ന ഗ്രോ വാസു


പ്രമോദ് പുഴങ്കര

കേരളത്തിന്റെ സാമൂഹ്യ ക്രമസമാധാനത്തിന് ഭംഗം വരുത്തിയെന്ന വകയിൽ നാനാവിധ കുറ്റങ്ങൾ ചാർത്തി കേരള പൊലീസ് നൽകിയ കേസിലെ വിചാരണക്കൊടുവിൽ ഗ്രോ വാസുവിനെ കോടതി വെറുതെവിട്ടു. ഭരണകൂടം നടത്തിയ വ്യാജ ഏറ്റമുട്ടൽ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിക്കുന്നതും കൊല്ലപ്പെട്ടവർക്ക് അഭിവാദ്യമർപ്പിക്കുന്നതും എന്നു മുതലാണ് കേരളത്തിൽ പൊതുക്രമ ലംഘനവും നിയമവിരുദ്ധവും ആയത്? അല്ലെങ്കിൽ തന്നെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരാവകാശത്തെ പൊള്ളയായ കുറ്റപത്രം ചാർത്തി വർഷങ്ങളോളം കോടതി വരാന്തകളിൽ തളച്ചിടുന്ന ജനാധിപത്യവിരുദ്ധത എന്തുകൊണ്ടാണ് കേരളത്തിൽ സ്വാഭാവികമാകുന്നത്? ജനാധിപത്യ പ്രതിഷേധത്തിനുള്ള പൗരാവകാശം എങ്ങനെയാണ് ജാമ്യമെടുക്കേണ്ട കുറ്റകൃത്യമാകുന്നത്?

ജനാധിപത്യവും പൗരാവകാശങ്ങളും ഒന്നൊന്നായി ഹനിക്കപ്പെടുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയ ഭരണവേട്ട ഇന്ത്യയൊട്ടാകെ പടരുമ്പോൾ അതിന്റെ ഭരണകൂട യുക്തിയെ തങ്ങളുടെ ദുരധികാരപുളപ്പിലേക്ക് യാതൊരു മടിയും കൂടാതെ പകർത്തുന്നൊരു ഭരണസംവിധാനമായി മാറി കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ എന്നതിനെ അസാധാരണമായ പ്രതീകാത്മക പ്രതിഷേധത്തിലൂടെ തടവിലും കോടതി വിചാരണയിലും കൂടി കടത്തിവിടുകയും ആ ഭരണകൂട ധാർഷ്ട്യത്തിന്റെ കൊമ്പിൽപ്പിടിച്ചു മല്ലിടുകയും ചെയ്തു എന്നതാണ് ഗ്രോ വാസു ചെയ്ത രാഷ്ട്രീയപ്രവർത്തനം. പൊലീസ് ബാരിക്കേഡ് പിടിച്ചുകുലുക്കി ജാമ്യത്തിന് ആളെ നേരത്തെ ഏർപ്പാടാക്കി തെരഞ്ഞെടുപ്പ് രാഷ്ട്രീയഭാവിയിലേക്ക് Fixed Deposit ഇടുന്ന നാടകരാഷ്ട്രീയത്തിന് അതുകണ്ട് വിറളിപിടിച്ചതിലും അത്ഭുതമില്ല.

ഇത് കേരളമാണ് എന്ന് നാഴികയ്ക്ക് നാൽപതുവട്ടം പറയുന്ന ഈ നാട്ടിൽ സമാധാനപരമായ ഒരു പ്രതിഷേധം പോലും, ഒരു മുദ്രാവാക്യം വിളിപോലും പൊലീസ് കേസില്ലാതെ സാധ്യമല്ല എന്നാണവസ്ഥ. പൗരാവകാശങ്ങളുടെ സമാധാനപരമായ രാഷ്ട്രീയപ്രയോഗം പോലും പൊലീസ് സ്റ്റേഷനുകൾ വഴി സമ്മതം ലഭിച്ചാലേ നടക്കൂ എന്ന അവസ്ഥയെ വളരെ സ്വാഭാവികമായി സ്വീകരിപ്പിച്ചിരിക്കുന്നു. പൗരന്റെ രാഷ്ട്രീയ ഇടങ്ങൾ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കിയിരിക്കുന്നു. സംഘടിതമായ തെരഞ്ഞെടുപ്പ് മത്സരകക്ഷികളുടെ ജാഥകളിലേക്ക് അണിചേരുക മാത്രമാണ് ജനാധിപത്യത്തിലെ രാഷ്ട്രീയ ഇടപെടലിനുള്ള പൗരന്റെ ഏകസാധ്യത എന്ന് വന്നതോടെ ഒരു പൊതുവിടവും അതിന് പുറത്തുള്ള പൗരന്മാർക്കോ പൗരസമൂഹത്തിനോ ലഭിക്കില്ല. അങ്ങനെയാണ് ഒരു പ്രതിഷേധ മുദ്രാവാക്യം ക്രമസമാധാന പ്രശ്നമാകുന്നത്.

വ്യാജ ഏറ്റമുട്ടൽ കൊലപാതകങ്ങളും കസ്റ്റഡി കൊലപാതകങ്ങളും കേരളത്തിൽ ഒരു തുടർച്ചയുണ്ടാക്കുമ്പോൾ മുഖ്യമന്ത്രിയുടെ “സംരഭകയായ” മകളുടെ “സേവന വൈദഗ്ധ്യത്തിന്” കർത്താ മുതലാളിയുടെ കമ്പനി കാശു കൊടുത്തതിനെ ന്യായീകരിക്കുകയും ആ വിഷയത്തിൽ ആരോപണമുന്നയിച്ചവരുടെ ജാതകം തപ്പി വേട്ടയാടുകയുമായിരുന്നു കേരളത്തിലെ “ഭരണപക്ഷ രാഷ്ട്രീയനേതൃത്വവും ബുദ്ധിജീവികളും”.
അധികാര സൗഭാഗ്യങ്ങളുടെ പെറുക്കിത്തീനികൾ വിധേയത്വത്തിന്റെയും ഭരണകൂടസേവയുടെയും അപാര ജീർണ്ണ സാധ്യതകളിൽ പുളഞ്ഞു തുടിക്കുന്നൊരു കേരളത്തിൽ തെരുവിൽ നിന്നും ഇതാ ചുരുട്ടിയൊരു മുഷ്ടി, ഇതാ പ്രതിഷേധത്തിന്റെ മുദ്രാവാക്യം, ഇതാ നീതിയുടെ ക്ഷോഭത്തിന്റെ വിറച്ചുപൊങ്ങുന്ന വിരലുകൾ, ഇതാ കുനിയാത്ത ശിരസ്സും തകരാത്ത ജനാധിപത്യബോധവുമെന്ന് കേരളത്തെ ഓർമ്മിപ്പിക്കുകയുമായിരുന്നു ഗ്രോ വാസു. എത്ര വലുതായിരുന്നു അതിന്റെ ചരിത്രസാംഗത്യമെന്നത് എത്ര ചെറുതാണ് അപ്പുറത്തുള്ള ക്ഷുദ്ര വിധേയ രാഷ്ട്രീയത്തിന്റെ ജീവിതമെന്നത് തിരിച്ചറിയുമ്പോൾ മാത്രമാണ് കൂടുതൽ തെളിഞ്ഞുവരിക.
_ പ്രമോദ് പുഴങ്കര

Follow us on | Facebook | Instagram Telegram | Twitter | Threads