ജൂലിയസ് ഹോഫ്മാന്റെ പ്രേതം പിടികൂടിയ കോടതികൾ

“ചിക്കാഗോ 7(The Trial of the Chicago 7)” എന്ന സിനിമ അടിമുടി ഒരു കോടതി സിനിമയാണ് (Court Drama). 1960-കളിൽ വിദ്യാർത്ഥികളും യുവാക്കളും നടത്തിയ വിയറ്റ്നാം യുദ്ധ വിരുദ്ധ റാലികൾക്കിടയിൽ കലാപം ശ്രമങ്ങൾ നടത്തി എന്ന് പറഞ്ഞ് ഈ റാലിയുടെ പ്രധാനപെട്ട സംഘാടകർക്കെതിരെ കള്ള കേസുകൾ രജിസ്റ്റർ ചെയ്യുകയും അവരെ വിചാരണ നടത്തുകയും ചെയ്യുന്നു. അതിൽ എട്ടാമതായി ഉണ്ടായിരുന്നത് ബ്ലാക്ക് പാന്തർ പാർട്ടി(Black Panther Party)യുടെ നേതാവായിരുന്ന ബോബി സീൽ (Bobby Seale) ആയിരുന്നു.

വിചാരണയുടെ വിധി മുൻപെ തീരുമാനിക്കപെട്ടതായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ജഡ്ജ് പ്രതികളോടും വക്കീലിനോടും വളരെ മോശമായി പെരുമാറുന്നതും. പ്രോസിക്യൂഷന് കൂടുതൽ പ്രാധാന്യം നൽകുകയും പ്രതിഭാഗത്തിന് സാക്ഷികളെ അടക്കം ക്രോസ് ചെയ്യാൻ സമയം കൊടുക്കാതിരിക്കുകയും മെരിറ്റ് ഉള്ള വാദങ്ങൾ പോലും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നത്. കള്ളസാക്ഷികളെയും കള്ളവാദങ്ങളെയും കൊണ്ടാണ് ഭരണകൂടം ന്യായമായ സമരം നടത്തിയ സമര നേതാക്കൾക്കെതിരെ കേസു നടത്തുന്നത്.

ബോബി സീലിന്റെ കാര്യത്തിൽ അദ്ദേഹം സ്ഥലത്ത് പോലുമില്ലാതെയാണ് കേസ് ചാർജ് ചെയ്യുന്നത്. കൂടാതെ തന്റെ വക്കീലിന് ഹാജരാകാൻ കഴിയില്ല എന്നതുകൊണ്ട് വിചാരണ നീട്ടിവെക്കുകയോ അല്ലെങ്കിൽ സ്വയം വാദിക്കാൻ അനുവദിക്കണമെന്നോ ഉള്ള ഭരണഘടനാപരമായ അവകാശം പോലും അതിക്രൂരമായ രീതിയിൽ ജഡ്ജ് നിഷേധിക്കുന്നു. സീലിന്റെ പ്രതിഷേധം കടുക്കുമ്പോൾ അദ്ദേഹത്തെ പോലീസിനെ ഉപയോഗിച്ച് കൈകാര്യം വരെ ചെയ്യുന്നു. സിനിമയിൽ നമ്മുക്ക് ഏറ്റവും അസ്വസ്ഥതയും അരോചകവുമായി അനുഭവപ്പെടുന്ന കഥാപാത്രമാണ് ജഡ്ജ് ആയ ജൂലിയസ് ഹോഫ്മാൻ (Julius Hoffman) എന്ന് നിസംശയം പറയാം.

Selected Books-Buy Now -The Conspiracy Trial of the Chicago Seven

ഈ സിനിമ 1960-കളിൽ അമേരിക്കയിൽ നടന്ന ഒരു സംഭവ കഥയാണ്. ജൂലിയസ് ഹോഫ്മാൻ എന്ന ജഡ്ജിനെ പോലുള്ള ജഡ്ജിമാരെ നമുക്ക് ഇന്നും ഇന്ത്യയിലും കേരളത്തിലും കാണാം. നീതിയുടെ നടത്തിപ്പുകാരാകേണ്ട കോടതിയും സംവിധാനവും ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നവർക്കെതിരെയും സാധാരണക്കാർക്കും കൂടുതൽ ഉപദ്രവകാരികളാകുന്ന കാഴ്ച്ചയാണ് പലപ്പോഴും കാണാറുള്ളത്.

ഭീമ ഗൊറേഗാവ് സംഭവം നടക്കുമ്പോൾ അവിടെ ഇല്ലാതിരിന്നിട്ട് കൂടി രാജ്യത്തെ പ്രഗത്ഭരായ 16 ബുദ്ധിജീവികളെയും അക്കാദമിക്കുകളെയും രാഷ്ട്രിയ പ്രവർത്തകരെയും “എൽഗാർ പരിഷത്ത്” എന്ന കേസിൽ, പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നാരോപിച്ചു ഭരണകൂടം അറസ്റ്റ് ചെയ്യുകയും വിചാരണ പോലുമില്ലാതെ നീണ്ട കാലം ജയിലിലടക്കുകയുമാണ് ചെയ്തത്. എഴുത്തുകാരും ആക്ടിവിസ്റ്റുകളുമായ അരുൺ ഫെറേരയും വെർണൺ ഗോൺസാൽവസിനും 5 വർഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. അധ്യാപകരായ പ്രൊഫ. ഷോമ സെന്നിനും പ്രൊഫ. ഹാനി ബാബുവിനുമൊക്കെ ഇന്നും ജാമ്യം നിഷേധിക്കപെട്ടിരിക്കുകയാണ്. ഫാദർ സ്റ്റാൻ സ്വാമിയെ കസ്റ്റഡിയിൽ കൊലപ്പെടുത്തി. ആ മരണവാർത്ത അറിഞ്ഞ ബോംബെ ഹൈക്കോടതി ഞെട്ടുകയാണുണ്ടായത്. ഇത് കോടതികൾ എത്രമാത്രം ഭരണകൂട താൽപര്യങ്ങൾക്ക് കീഴ്പ്പെട്ടാണ് പ്രവർത്തിക്കുന്നത് എന്നതിന്റെ ഒരുദാഹരണം മാത്രമാണ്. പന്തീരാങ്കാവ് UAPA കേസിൽ ത്വാഹയുടെ ജാമ്യം ഹൈക്കോടതി നിഷേധിച്ചതും ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.

കേരളത്തിൽ കഴിഞ്ഞ ഒരു മാസമായി ചർച്ച ചെയ്യുന്ന വിഷയമാണ് ഗ്രോ വാസു എന്ന 95 വയസുകാരനായ മനുഷ്യാവകാശ പ്രവർത്തകന്റെ ജാമ്യം നിഷേധിച്ചുകൊണ്ട് ജയിൽ വാസം തിരഞ്ഞെടുത്ത സമരമുറ. വയസ്സുകാലത്തെ ഒരു Show off ആയാണ് CPM സൈബർ പോരാളികൾ അതിനെ വിശേഷിപ്പിക്കുന്നത്. പക്ഷെ, ഗ്രോ വാസുവിനെ അപ്രസകക്തമാക്കി അദ്ദേഹം ഉന്നയിച്ച വിഷയത്തെ അഡ്രസ്സ് ചെയ്യാൻ ഈ സൈബർ പോരാളികളോ ഗവൺമെന്റോ തയ്യാറാകുന്നില്ല. നിലമ്പൂരിലും വയനാട്ടിലും അട്ടപ്പാടിയിലുമായി 8 മാവോയിസ്റ്റ് പ്രവർത്തകരെയാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തണ്ടർബോൾട്ട് എന്ന കൊലയാളി സേന വെടിവെച്ച് കൊന്നത്.

നിലമ്പൂർ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് സ്വീകരിക്കാൻ ഗ്രോ വാസു പോവുകയും വ്യാജ ഏറ്റുമുട്ടലിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. അതിനെതിരെ പോലീസ് കേസെടുത്ത് പലരെയും അറസ്റ്റ് ചെയ്തു, വിചാരണക്ക് ശേഷം വിട്ടയച്ചു. പക്ഷെ, ഈ ഏറ്റുമുട്ടലിൽ മനുഷ്യരെ നിഷ്ക്കരുണം വെടിവെച്ച പോലീസിനെതിരെ കേസുമില്ല അന്വേഷണവുമില്ല. ഭരണകൂടത്തിന്റെയും കോടതിയുടെയും ഇരട്ടത്താപ്പിനെയും പൊളത്തരത്തിനെയുമാണ് ഗ്രോ വാസു തുറന്നുകാട്ടുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ശബ്ദത്തെ ഒരു ജീർണിച്ച തൊപ്പികൊണ്ട് മറച്ചുപിടിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.

ഒരാശയത്തിൽ വിശ്വസിക്കുന്നത് കുറ്റകരമല്ലെന്ന് സുപ്രീംകോടതി വരെ പറഞ്ഞ നാട്ടിലാണ് തോക്കിൽ നിന്ന് ഒരു വെടി പോലും വെക്കാത്ത സി പി ജലീലിനെ പോലുള്ളവരെ മാവോയിസ്റ്റാണ് എന്ന പേരിൽ വെടിവെച്ച് കൊന്നതെന്നോർക്കണം. അതിനെതിരെ കുടുംബം അടക്കം കൊടുത്ത കേസിൽ ഈ സംവിധാനം പുലർത്തുന്ന കുറ്റകരമായ മൗനവും നിസംഗ്ഗതയും കാണാതെ പോകരുത്. ഇവിടെയും നീതി നടപ്പാക്കേണ്ട കോടതി ഭരണകൂട താൽപര്യങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്.

” Court” എന്ന മറാത്തി സിനിമയിലും “സൗദി വെള്ളക്ക” എന്ന മലയാള സിനിമയിലും നീതിയെ കോടതി എന്ന സംവിധാനം എത്രമാത്രം ക്രൂരമായാണ് നടപ്പാക്കുന്നതെന്നും കാലതാമസം വരുത്തുന്നതെന്നും നമ്മൾ കണ്ടതാണ്. ഒരു കേസ് വരുക എന്നത് സാധാരണക്കാരനെ സംബന്ധിച്ച് അത്രമാത്രം പ്രയാസം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കോടതിയുടെ ഭാഷയോ പ്രവർത്തന രീതിയോ അറിയാതെ തന്റെ ഗതി എന്താകുമെന്നറിയാതെ തീവ്രമായ ഒരുതരം മാനസിക സംഘർഷത്തിലേക്കാണ് മനുഷ്യരെ സംവിധാനം തള്ളിവിടുന്നത്. അതിനെ പരിഗണിക്കാൻ അഭിഭാഷകരോ കോടതിയോ തയ്യാറാകാറില്ല.

മാനസികാവസ്ഥയെ ഒക്കെ പരിഗണിക്കാനുള്ള പ്രായോഗികമായ അറിവോ അനുഭവങ്ങളോ ജഡ്ജിമാർക്കോ അഭിഭാഷകർക്കോ ഇല്ല എന്നതാണ് സത്യം. ഇനി പലതും ബോധ്യപെട്ടാലും പണക്കാർക്കും സ്വാധീനമുള്ളവർക്കും പാവപെട്ടവർക്കും കോടതികളിൽ രണ്ട് നീതിയാണ്. നീണ്ടുപോകുന്നതും നിഗൂഢ താൽപര്യങ്ങൾ വെച്ചുള്ള നടപടികളും ജനങ്ങൾക്ക് കോടതികളിൽ നിന്ന് നീതി കിട്ടുക എന്നത് അനുദിനം ശ്രമകരമായിരിക്കുകയാണ്. ഫാസിസ്റ്റ് കടന്നാക്രമണങ്ങൾ കൂടി വരുമ്പോൾ നീതി നിഷേധത്തിനെതിരെയുള്ള പോരാട്ടം ജസ്റ്റിസ് ചന്ദ്രു പറയുന്നത് പോലെ കേവലം കോടതിയിൽ മാത്രമല്ല, തെരുവിലും നടത്തേണ്ടതുണ്ട്.
_ മുഷ്താഖ്

Selected Books – Buy Now – The Chicago Seven Political Protest Trial: A Headline Court Case

Follow us on | Facebook | Instagram Telegram | Twitter | Threads