യു പി ജയരാജ് എന്ന സുഹൃത്ത് | അലൻ ഷുഹൈബ്


അലൻ ഷുഹൈബ്

നിങ്ങളുടെ സന്തോഷത്തിലും സങ്കടത്തിലും നിങ്ങൾ ഓർക്കുന്ന ഒരു സുഹൃത്തില്ലേ നിങ്ങൾക്ക്? അയാളുടെ സാന്നിധ്യം, വാക്കുകൾ നിങ്ങൾക്ക് ഒരുപാട് പ്രതീക്ഷകളും ഉൾക്കാഴ്ച്ചകളും നൽകിയേക്കാം. എന്നെ പോലെ തന്നെ പലർക്കും യു പി ജയരാജ് ഒരു സുഹൃത്താണ്. വിപ്ലവത്തെ കുറിച്ചും മാറ്റത്തെ കുറിച്ചും സ്വപ്നം കാണുന്ന, നിരാശയിൽ അകപെടുന്നവർക്കൊരു സുഹൃത്ത്. തന്റെ കഥകളിലൂടെ പുതിയ ലോകത്തെ കുറിച്ചുള്ള സ്വപ്നങ്ങളെ ഊട്ടി ഉറപ്പിക്കുന്ന, നിങ്ങളൊറ്റക്കല്ല എന്ന് ബോധ്യപ്പെടുത്തുന്ന സുഹൃത്ത്, മരണം വരെയും നമ്മുടെ പോരാട്ടം നിലയ്ക്കുന്നില്ല എന്നു പറഞ്ഞ് നമ്മളെ പിടിച്ച് നിർത്തുന്ന സുഹൃത്ത്.

യു പി ജയരാജിന്റെ സമ്പൂർണ്ണ കൃതികൾ എനിക്കെന്റെ ബൈബിളാണ്. നിരാശയിലും പ്രതീക്ഷ ഇല്ലായ്മയിലും ഞാൻ മറിച്ച് നോക്കുന്ന ബൈബിൾ. പ്രതീക്ഷയുടെയും പോരാട്ടത്തിന്റെയും ചൂട് പകരുന്ന കനൽ. “നിരാശാഭരിതനായ സുഹൃത്തിനൊരു കത്ത്” എന്ന കഥ മാത്രം എത്ര വട്ടം വായിച്ചു എന്നതിന് കണക്കില്ല. അത്രമാത്രം നിരാശ ബാധിച്ച വിപ്ലവ മനസുകൾക്ക് അദ്ദേഹം സാന്ത്വനമായി. തലശ്ശേരിയിലെ എന്റെ ഒറ്റപെടലുകളിൽ, ജയിലിൽ, ജയിലിന് ശേഷമുള്ള കാലത്ത് ഞാൻ അദ്ദേഹത്തെ വായിച്ചു.

എരഞ്ഞോളിക്കാരനായ യു പി ജയരാജിനെ ഞാൻ തലശ്ശേരിയിൽ പലയിടങ്ങളിൽ പല സമയങ്ങളിൽ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ സാന്നിധ്യം എന്നും ആ നഗരത്തിൽ അനുഭവപെട്ടു. ശിരസ്സ് പുകഞ്ഞ് തലശ്ശേരി പഴേ സ്റ്റാന്റിലേക്ക് ഇറങ്ങുമ്പോൾ കെ.എസ്.ഇ.ബിയുടെ മതിലിൽ അദ്ദേഹത്തിന്റെ ചിത്രം കാണും, തലശ്ശേരിയുടെ മഹാ സാഹിത്യകാരൻ, എന്റെ ഇഷ്ടപ്പെട്ട എഴുത്തുകാരൻ എന്ന് അഭിമാനിക്കും.

ഒറ്റമുറിയിൽ തനിയെ ചെലവഴിച്ച രാത്രികളിൽ യു പി ജയരാജ് പ്രതീക്ഷകൾ തന്ന് എന്നെ സമാധാനത്തോടെ ഉറക്കി. എരഞ്ഞോളി പാലത്തിലൂടെ പോകുമ്പോഴും, കടൽ പാലത്തിലൂടെ നടക്കുമ്പോഴും ഞാൻ അദ്ദേഹത്തെ ഓർത്തു. അദ്ദേഹം അധികം വായിക്കപ്പെടാതെ പോയതിൽ സങ്കടപ്പെട്ടു. യു പി ജയരാജിനെ വായിച്ചവരോട് എനിക്ക് ഒരുപാട് സ്നേഹമാണ്. അദ്ദേഹത്തെ എനിക്ക് 8 വർഷം മുൻപ് പരിചയപ്പെടുത്തിയ സുഹൃത്തിനെ ഓർക്കുന്നു. യു പിയെ എന്റെ തലമുറയിലുള്ള വളരെ കുറച്ചുപേരെ വായിച്ചു കാണുകയുള്ളു. എന്നാൽ ഒരു കാലത്ത് യുവാക്കൾ അദ്ദേഹത്തിന്റെ കഥകൾ ആവേശത്തോടെ സ്വീകരിച്ചു. ഇനിയും ഒരുപാട് വായിക്കപ്പെടണം. വർഷങ്ങളായി യു പി ജയരാജിന്റെ പുസ്തകം പലർക്കും എത്തിച്ചുകൊടുത്ത്, ആ കഥകൾ കൂടുതൽ പേരേകൊണ്ടു വായിപ്പിക്കുക എന്നത് സ്വയം ഒരു ഉത്തരവാദിത്ത്വമായി ഞാൻ ഏറ്റെടുത്തു.

ഒരിക്കൽ തലശ്ശേരി മെട്രോപൊളിറ്റൻ ഹാളിൽ വെച്ച് യു പി ജയരാജിന്റെ അനുസ്മരണം പു.ക.സ സംഘടിപ്പിച്ചു. 40 വയസ്സിന് താഴെ അവിടെ ഉണ്ടായിരുന്ന ഏക വ്യക്തി ഞാൻ മാത്രമായിരുന്നു. ഭൂരിപക്ഷം പേരും അദ്ദേഹത്തിന്റെ ഒരു കഥ പോലും വായിച്ചിരുന്നില്ല. കോട്ട തികക്കാൻ വന്ന പാർട്ടിക്കാർ മാത്രമായിരുന്നു അവർ. ആ പരിപാടിയിൽ അവർ ആ വിപ്ലവകാരിയായ കഥാകാരനെ കൊല്ലാതെ കൊന്നു. യു പി ജയരാജിന്റെ കഥകളിലെ രാഷ്ട്രീയത്തെ സൗകര്യപൂർവ്വം മറച്ചുവെച്ചു പ്രസംഗിച്ച ടി പത്മനാഭൻ, കേവലം “അനുജൻ” എന്ന സ്ഥാനത്ത് നിർത്തി അദ്ദേഹത്തിന്റെ രാഷ്ട്രിയ അസ്തിത്വത്തെ റദ്ദ് ചെയ്തു. നക്സലൈറ്റ് എന്ന അസ്തിത്വം പു.ക.സക്കാർക്ക് പേടിയായിരുന്നു. ജീവിച്ചിരുന്നെങ്കിൽ യു പി ജയരാജിനോട് ഇവർ സംസാരിക്കുക പോലുമില്ല എന്നുറപ്പാണ്.


BUY NOW

ജയിലിലെ മതിലുകളിൽ അടിമത്തത്തിന്റെയും നിരാശയുടെയും മൗനം തളംകെട്ടി നിന്ന രാത്രികളിൽ കൂട്ടിനായി വന്നത് യുപി ജയരാജായിരുന്നു. അദ്ദേഹം എന്നെ ബോധ്യപെടുത്തി, പോരാട്ടം അവസാനിക്കുന്നില്ലെന്ന്, നിരാശ എല്ലാവർക്കും തോന്നുന്ന ഒരു സ്വാഭാവികത മാത്രമാണെന്നും നമ്മൾ ഒരുമിച്ചതിനെ പോരാടി തോൽപ്പിക്കുമെന്നും. മനുഷ്യവസ്ഥയെ അത്രകണ്ട് വൈകാരികമായും രാഷ്ട്രീയമായുമാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്.

കൃഷ്ണ നദിയുടെ തീരങ്ങളിൽ മുത്തശ്ശിയുടെ മുന്നിൽ തല കുനിച്ചിരിക്കുന്ന യുവാവിലൂടെ അദ്ദേഹം നിരാശരെ ബോധ്യപെടുത്തി, പോരാട്ടം അവസാനം വരെയും അവസാനിക്കുന്നില്ലെന്ന്. നിലംപതിക്കുന്ന ഒരോ പോരാളിക്ക് പകരവും രാവണന്റെ ശിരസ്സ് പോലെ പുതുതായി മറ്റൊരാൾ ഉയിർത്തെഴുന്നേൽക്കുന്നുണ്ടെന്ന്.

“വെയില്‍ ചിന്നുന്നുണ്ട്,
ഓര്‍മ്മകള്‍ ഉണരുന്നുണ്ട്.
കാക്കകള്‍ കരയുന്നുണ്ട്,
കാറ്റ് വീശുന്നുണ്ട്,
മരങ്ങള്‍ ഉലയുന്നുണ്ട് ,
കാടിളകുന്നുണ്ട്,
ചൂഷണം പെരുകുന്നുണ്ട്.
അതുകൊണ്ടു തന്നെ സമരം തുടരുന്നുമുണ്ട്…”

ഈ വരികൾ ഞാൻ മനസ്സിലും ജയിലിന്റെ മതിലിലും കൊത്തിയിട്ടു.

മഞ്ഞ്, ബീഹാർ, തെയ്യങ്ങൾ, ഓക്കിനാവയിലെ പതിവ്രതകൾ തുടങ്ങിയ കഥകളും നമ്മളെ ആഴത്തിൽ ചിന്തിപ്പിക്കുകയും വൈകാരികമാക്കുകയും ചെയ്യുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ ആഴത്തിലെഴുതി അനുഭവിപ്പിച്ച് കടന്നുപോയ യു പി ജയരാജിന്റെ കഥകൾ എനിക്ക് കണക്റ്റായത് അതിലെ സ്വാഭാവികതയാണ്. മനുഷ്യത്വപരമായ സമീപനങ്ങളാണ്. മനുഷ്യർ വൈകാരിക ജീവികളാണ്, കല്ലുകളായാൽ അറുബോറനും യാന്ത്രികവുമാണ് എന്ന തിരിച്ചറിവുകളാണ്. നമ്മൾ അനുഭവിക്കുന്നത് എത്രയോ ചെറുതെന്ന തിരിച്ചറിവാണ്.
_ അലൻ ഷുഹൈബ്

Follow us on | Facebook | Instagram Telegram | Twitter | Threads