വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദവും സിപിഎമ്മിന്റെ സവർണ്ണ പ്രീണനവും

“ഒരുവശത്ത് ഇസ്‌ലാമോഫോബിയ കത്തിച്ചുവിട്ടും മറുവശത്ത് സവർണ്ണ ഹൈന്ദവ പ്രീണനം നടപ്പാക്കിയും തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാനുള്ള കാലങ്ങളായി തുടരുന്ന തന്ത്രവും തത്രപ്പാടുമാണിതെന്നാണ് വ്യക്തമാകുന്നത്…”

ശ്രീകാന്ത്
പ്രസിഡന്റ്, പുരോഗമന യുവജന പ്രസ്ഥാനം

യുക്തിവാദത്തിൽ നിന്ന് വ്യത്യസ്തമായി, ചൂഷണാധിഷ്ഠിതമായ സാമൂഹ്യ സാഹചര്യങ്ങളുടെയും അതിന്റെ ഭാഗമായ ബൗദ്ധിക സാഹചര്യത്തിന്റെയും സൃഷ്ടിയാണ് അമാനുഷീക ശക്തിയിലും മതത്തിലുമുള്ള വിശ്വാസവും അതിന്റെ നിലനിൽപ്പും എന്നാണ് മാർക്സിസം തിരിച്ചറിയുന്നത്. അതിനാൽ അത്തരം ചിന്തകളിൽ നിന്നും അവരെ മോചിപ്പിക്കുന്നതിന് ബൗദ്ധിക ചിന്തയുടെ അടിത്തറയായ ഭൗതിക സാഹചര്യത്തെ മാറ്റിത്തീർക്കുന്ന പ്രക്രിയയിൽ, വർഗ്ഗസമര പോരാട്ടത്തിൽ അവരെ പങ്കാളിയാക്കുകയാണ് വേണ്ടതെന്നു മാർക്സിസം മനസ്സിലാക്കുന്നു. ഈ നിലപാടിലേക്ക് മാർക്സിസ്റ്റുകൾ എത്തിച്ചേർന്നത് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ഉപയോഗിച്ചു സാമൂഹ്യ സാഹചര്യങ്ങളെ വിശകലനം ചെയ്തതിലൂടെയാണ്.

സി.പി.എം നേതാവ് എം വി ഗോവിന്ദൻ പറയുന്നത് പരിശോധിച്ചാൽ, മതവിശ്വാസികളെയും അല്ലാത്തവരെയും യോജിപ്പിച്ചുകൊണ്ട് ഒരു മതേതര വികസിത കേരളം സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് പറയുമ്പോൾ വിശ്വാസമല്ല, മറിച്ച് വികസിത മതേതര കേരളമെന്ന ലക്ഷ്യമാണ് നിർണ്ണായകം എന്നാണ് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നതെന്ന് കാണാം. എന്നാൽ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദ നിലപാടിൽ നിന്നു നോക്കിയാൽ മാത്രമേ സി.പി.എം എങ്ങനെയാണ് ഈ രാഷ്ട്രീയ സമീപനത്തിൽ എത്തിച്ചേരുന്നതെന്നു മനസ്സിലാക്കാൻ സാധിക്കുകയുള്ളു. ഇപ്പോൾ ഇവിടെ ഇന്ത്യയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം പ്രയോഗിക്കാൻ സാധിക്കില്ല, അതിനെ ഇവിടെയുള്ള മതങ്ങൾക്ക് ബദലായിവെക്കാൻ സാധിക്കില്ല എന്നിങ്ങനെ പറയുമ്പോൾ ഗോവിന്ദനോ സി.പി.എം നേതൃത്വത്തിനോ എന്താണ് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം എന്നോ മാർക്സിസം എന്താണെന്നോ മനസ്സിലായിട്ടില്ല എന്നതാണ് തുറന്നു കാട്ടുന്നത്. തങ്ങളുടെ അധികാര മോഹത്തിനായി ഒരു താൽക്കാലിക രാഷ്ട്രീയ നേട്ടത്തിന് വിഷയത്തെ സമീപിക്കുന്ന അവസരവാദ സമീപനമാണ് ഇവിടെ കാണുന്നത്. അതായത് വിശ്വാസികളുടെ വോട്ടും പിന്തുണയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അനിവാര്യമാണ്. അതിനാൽ അവരെ പിണക്കുന്ന ഒന്നും തന്നെ ചെയ്യാൻ പാടില്ല, അവരാണ് ഭൂരിപക്ഷം എന്നതിനാൽ ഭൂരിപക്ഷത്തിന് യോജിച്ച കാര്യങ്ങളെ കമ്മ്യുണിസ്റ്റ് പാർട്ടി ചെയ്യാൻ പാടുള്ളൂ, വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം അതുകൊണ്ട് ഇവിടെ പ്രായോഗികമല്ല, വിശ്വാസികളെ മുന്നിൽ കണ്ടേ നിലപാട് എടുക്കാൻ സാധിക്കുകയുള്ളു എന്നു പറഞ്ഞുകൊണ്ട് ഗോവിന്ദനും സിപിഎമ്മും സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് ഈ നിലപാടാണ്.

ഈ നിലപാടുകൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെയാണ് ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തം. ഒരുവശത്ത് ഇസ്‌ലാമോഫോബിയ കത്തിച്ചുവിട്ടും മറുവശത്ത് സവർണ്ണ ഹൈന്ദവ പ്രീണനം നടപ്പാക്കിയും തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാനുള്ള കാലങ്ങളായി തുടരുന്ന തന്ത്രവും തത്രപ്പാടുമാണിതെന്നാണ് വ്യക്തമാകുന്നത്.

ഇവിടെ ജനിച്ചു വീഴുന്ന ഓരോരുത്തരും ഹിന്ദുവായിട്ടാണ് ജനിച്ചു വീഴുന്നത് എന്ന പ്രസ്താവന ഈ പ്രീണനത്തെ തുറന്ന് കാട്ടുന്നുണ്ട്. പിന്നീട് വിവിധ മതങ്ങളിലേക്ക് ജനിക്കുന്നു എന്നൊക്കെ പറയുന്നുണ്ടെങ്കിലും RSS – സവർണ ഹിന്ദു ഫാസിസ്റ്റുകളുടെ നിലപാടുമായി ഗോവിന്ദന്റെ സി.പി.എം നിലപാട് എത്രമാത്രം പൊരുത്തപ്പെടുന്നുണ്ട് എന്ന് കാണിച്ചു തരുന്നുണ്ട്. മോഹൻ ഭഗവതിൽ നിന്നാണ് മുമ്പ് ഇതേ വാക്കുകൾ നമ്മൾ കേട്ടിട്ടുള്ളത്. എന്നാൽ ഇവിടെ ആരും മതങ്ങളിലേക്കല്ല ജനിച്ചുവീഴുന്നത് മറിച്ച് ജാതിയിലേക്കാണ് എന്നതാണ് യാഥാർഥ്യം. ഫ്യൂഡലിസത്തെയും തൊട്ടുകൂടായ്മയെയും കുറിച്ച് ധാരാളം പറയുന്ന ഗോവിന്ദൻ ജാതിയിലേക്ക് ജനിച്ചു വീഴുന്ന മനുഷ്യൻ അതിലൂടെയാണ് മതത്തിന്റെ ഭാഗമാകുന്നതെന്ന യാഥാർഥ്യത്തെ മനസ്സിലാക്കാതെ അതിനു മുഖ്യ പ്രാധാന്യം നൽകാതെ പ്രസംഗിച്ചു പോകുന്നതും “മതേതര കേരളം” സൃഷ്ടിക്കുന്നതിൽ ജാതി നശീകരണത്തിന്റെ പങ്ക് എടുത്തു പറയാതെ പോകുന്നതും പ്രത്യേക ശ്രദ്ധയർഹിക്കുന്നു. കാരണം അവരുടെ ഈ നിലപാടുകളുടെ ആന്തരിക അടിത്തറ സവർണ പ്രീണനത്തിലാണ് എന്നതാണ്. അതായത് ഗോവിന്ദൻ ആവർത്തിച്ചു പ്രസംഗിക്കുന്ന ദർശനികമെന്ന വാക്കുമായോ മാർക്സിസവുമായോ ഈ നിലപാടിന് യാതൊരു ബന്ധവുമില്ല, എന്നു മാത്രമല്ല നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എങ്ങനെ ഭൂരിപക്ഷം നേടാമെന്ന കുരുട്ടുബുദ്ധിയിൽ നിന്നും ഉയർന്നു വരുന്ന കാര്യമായിട്ടാണ് ഇതിനെ മനസ്സിലാക്കേണ്ടത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ആവിശ്യപ്പെട്ടാൽ തങ്ങൾ പുതിയ സത്യവാങ്മൂലം നൽകുമെന്ന് പറഞ്ഞു മാതൃഭൂമിയക്ക് അഭിമുഖം നൽകിയ എം എ ബേബിയും സിപിഎമ്മുകാരനായ ദേവസ്വം ബോർഡ് പ്രസിഡന്റും ഒക്കെ തന്നെ ഇതേ നിലപാട് തന്നെയാണ് മുന്നോട്ട് വെക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിൽ മുതലാളിത്തം വികസിച്ചിട്ടില്ലെന്നും അതിനാലാണ് മുതലാളിത്ത വികസനം തങ്ങൾ നടത്തുന്നതെന്നും പറഞ്ഞ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവിന്റെയും അതിനെ പിന്താങ്ങിയ ജ്യോതി ബസുവിന്റെയും നിലപാടുകളും ഇതിനൊപ്പം ചേർത്തു വായിക്കപ്പെടേണ്ടതാണ്.

വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം തങ്ങൾക്ക് മനസ്സിലായിട്ടില്ല എന്നുമാത്രമല്ല, സി.പി.എം എന്ന അവസരവാദ തിരുത്തൽവാദ പാർട്ടിയെ പാർലിമെന്ററി രാഷ്ട്രീയത്തിലൂടെ ഭരണവർഗം എത്രത്തോളം കീഴ്പ്പെടുത്തിയിരിക്കുന്നു എന്നും അവർ മാർക്സിസത്തിന് എത്രമാത്രം വിരുദ്ധമായി തീർന്നിരിക്കുന്നു എന്നും ഇത്തരം നിലപാടുകൾ തുറന്ന് കാട്ടുന്നുണ്ട്.

Like This Page Click Here

Telegram
Twitter