ഹിന്ദു മുസ്ലിം പ്രണയം; “കേദാര്‍നാഥ്” നിരോധിക്കണമെന്ന് ബിജെപി
അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന “കേദാര്‍നാഥ്” എന്ന ഹിന്ദി സിനിമ നിരോധിക്കണമെന്ന് ബി.ജെ.പി. 2013ലെ ഉത്തരാഖണ്ഡ് പ്രളയം പ്രമേയമാക്കിയാണ് ചിത്രം ആവിഷ്ക്കരിച്ചിരിക്കുന്നത്. സുഷാന്ത് സിങ് രജ്പുത്, സാറാ അലി ഖാൻ എന്നിവർ കേന്ദ്ര കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഇതിവൃത്തം ഹിന്ദു യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള പ്രണയമാണ്. അതുകൊണ്ടുതന്നെ കേദാർനാഥ് ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ബി.ജെ.പിയുടെ കണ്ടെത്തൽ.
കേദാർനാഥ് ഹിന്ദുത്വ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും ഇക്കാരണത്താൽ ചിത്രം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പിയുടെ മീഡിയ റിലേഷന്‍സ് അംഗമായ അജേന്ദ്ര അജയ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ചെയര്മാന് പ്രസൂണ്‍ ജോഷിക്ക് കത്തയച്ചിരിക്കുകയാണ്.
ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്ന ചിത്രം നിരോധിച്ചില്ലെങ്കില്‍ പ്രക്ഷോഭമുണ്ടാക്കുമെന്ന് കേദാര്‍നാഥിലെ സന്യാസിമാരുടെ സംഘടനയായ കേദാര്‍ സഭയും ഭീഷണി മുഴക്കിയിരിക്കുകയാണ്. ഹിന്ദുവായ നായികയെ പല്ലക്കിലേറ്റി മുസ്ലിമായ നായകന് തീര്‍ഥാടന സ്ഥലത്തേക്ക് കൊണ്ടുപോകുന്ന കേദാർനാഥിന്റെ പോസ്റ്ററിനും ടീസറിനുമെതിരെയും സംഘ് പരിവാർ രംഗത്തുവന്നിരുന്നു.