വിദ്യാര്‍ത്ഥികളുടെ അറസ്റ്റും ഇസ്ലാമോഫോബിക് മീഡിയകളുടെ മുസ്ലിംവിരുദ്ധ പ്രചരണവും
റിൻഷാദിന്റെയും ഫാരിസിന്റെയും ജാമ്യം തടയാൻ ലക്ഷ്യം വെച്ചുള്ള വിഷ വാർത്തകൾക്കെതിരെ ജനകീയ പ്രതികരണമാവശ്യമാണ്…
എ എം നദ്വി
മലപ്പുറം ഗവ.കോളജ് വിദ്യാർഥികളുടെ അറസ്റ്റിന് ശേഷം പലരും പ്രതീക്ഷയോടെ കാത്തിരുന്ന മലപ്പുറം-മുസ്ലിം വിരുദ്ധപ്രചരണം തുടങ്ങിക്കഴിഞ്ഞു. മറുനാടൻ മലയാളി, ജനം, ഏഷ്യാനെറ്റ് തുടങ്ങിയ ഇസ്ലാമോഫോബിക് മീഡിയകൾ ഭാവനാവിലാസം വിളമ്പി വിലസിത്തുടങ്ങി.
“രാജ്യത്തെ അപമാനിച്ച മലപ്പുറംകാരന്റെ കഥ: എന്ന തലക്കെട്ടിലാണ് മറുനാടൻ മലയാളി ഓൺലൈൻ ടിവിയുടെ ആവേശ പ്രസംഗം. കശ്മീരും ഫലസ്തീനും വേണം, ഇന്ത്യവേണ്ട… അറസ്റ്റിലായ മുസ്ലിം യുവാവ് ” എന്നതാണ് Exclusive Title.
കോടതിയിൽ കേസെത്തും മുമ്പ് തന്നെ കേസിനെ ഗൈഡ് ചെയ്യുന്ന ഈ വംശീയ മാധ്യമ സംസ്കാരമാണ് നീതിയും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് കെട്ടിച്ചമച്ച കേസുകളിലകപ്പെട്ടു പോയ നൂറ് കണക്കിന് യുവാക്കളെയും അവരുടെ കുടുംബങ്ങളെയും കഴിഞ്ഞ കാലങ്ങളിൽ സമൂഹത്തിൽ അപമാനിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തത്. തെളിവോ, അന്വേഷണമോ കോടതി നടപടിയോ ഒന്നും ഇവർക്ക് ബാധകമല്ല.
വർഗീയാന്ധത നയിക്കുന്ന വിശകലനങ്ങളും അപസർപ്പകകഥകളുമായി അതിനെല്ലാം മുമ്പേ തന്നെയിവർ പരിസരം മലീമസമാക്കാനിറങ്ങും. മുൻവിധിയും നുണപ്രചരണവും തൊഴിലാക്കിയ ഈ സാമുഹ്യദ്രോഹികളെ പിടിച്ചു കെട്ടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. റിൻഷാദിന്റെയും ഫാരിസിന്റെയും ജാമ്യം തടയാൻ ലക്ഷ്യം വെച്ചുള്ള വിഷ വാർത്തകൾക്കെതിരെ ജനകീയ പ്രതികരണമാവശ്യമാണ്.