കനയ്യ കുമാറിന്‍റെ മാനിപ്പുലേറ്റഡ് ആസാദി ആ ആസാദിയല്ലെന്ന്‍ വ്യക്തമായല്ലോ !
മലപ്പുറം ഗവ. കോളേജിലെ റിൻഷാദിനെയും ഫാരിസിനെയും കേൾക്കാനോ അറിയാനോ സാധ്യമല്ലാത്ത വിധം കുഴപ്പം പിടിച്ചതാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ മുഖ്യധാര. തങ്ങൾക്ക് പങ്കില്ലാത്ത നിരവധി സൂക്ഷ്മ പ്രതിരോധ പ്രസ്ഥാനങ്ങളുടെ പേറ്റന്‍റ് സ്വയം ഏറ്റെടുക്കലാണ് പാർലമെന്‍ററി ഇടതുപക്ഷക്കാർക്ക് ആകെ അറിയുന്ന ജോലി…
ഉമ്മുല്‍ ഫായിസ
കനയ്യ കുമാറിന്‍റെ മാനിപ്പുലേറ്റഡ് ആസാദി ആ ആസാദിയല്ലെന്നു വ്യക്തത കിട്ടിയല്ലോ !
കനയ്യ കുമാറിനോടൊപ്പം അന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഡൽഹി സർവകലാശാലയിലെ എസ്.എ.ആർ ഗീലാനിയുണ്ടായിരുന്നു. വളരെ കുറച്ചേ അന്ന് അദ്ദേഹത്തെപ്പറ്റി ആളുകൾ അന്ന് സംസാരിച്ചിട്ടുള്ളൂ. പിന്നീട് ജയിൽ മോചിതനായ ശേഷം വളരെക്കുറച്ച് വേദികളിൽ മാത്രമെ ആ കശ്മീരി പ്രൊഫസർ അതിഥിയായി എത്തിയിട്ടുള്ളൂ. കോഴിക്കോടു മുതൽ തിരുവനന്തപുരം വരെയുള്ള സാഹിത്യ സമ്മേളനങ്ങളും സാംസ്കാരിക സമ്മേളനങ്ങളും മാറ്റി നിറുത്താൻ തക്ക രാഷ്ട്രീയമുള്ളയാളായാണ് ഗീലാനി.
കനയ്യ നാടാകെ നടന്ന് ആസാദി വിളിക്കാൻ തുടങ്ങി. രാജ്യത്തെ കാമ്പസുകളിൽ രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിനു ശേഷം നടന്ന രാഷ്ട്രീയ മുന്നേറ്റങ്ങളുടെ പ്രത്യേകതകൾ കനയ്യ കുമാറും പിന്നെ ( മുസ്‌ലിമായതിനാൽ തന്നെ വളരെ കഷ്ടപ്പെട്ട് സെക്യുലറായി) ഉമർ ഖാലിദും നിർമിച്ച ആഘോഷ രാഷ്ട്രീയത്തിൽ ദുർബലമായേ ഉണ്ടായിരുന്നുള്ളൂ.
ഈ വിഷയത്തിൽ ഒന്നു രണ്ടു വിമർശന സ്വഭാവമുള്ള ലേഖനങ്ങൾ മാധ്യമം ആഴ്ചപ്പതിപ്പിൽ അന്നെഴുതി നോക്കിയിരുന്നു. മറ്റൊരു പ്രക്ഷോഭ അനുഭവത്തെ അടയാളപ്പെടുത്താനുള്ള ചെറിയൊരു ശ്രമമായിരുന്നു. അതിലപ്പുറമായിരുന്നു ഇമേജ് മെയ്ക്കിംഗിനും മറ്റുള്ളവരുടെ ഇടം തട്ടിയെടുക്കാനുമുള്ള വ്യവസ്ഥാപിത ഇടതുപക്ഷത്തിന്‍റെ കഴിവ്. വസ്തുതകൾ ഒരിക്കലെങ്കിലും പുറത്തുവരുമെന്ന് അറിയാം. അതിപ്പൊ സംഭവിക്കുന്നുവെന്നു മാത്രം.
മലപ്പുറം ഗവ. കോളേജിലെ റിൻഷാദിനെയും ഫാരിസിനെയും കേൾക്കാനോ അറിയാനോ സാധ്യമല്ലാത്ത വിധം കുഴപ്പം പിടിച്ചതാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ മുഖ്യധാര. തങ്ങൾക്ക് പങ്കില്ലാത്ത നിരവധി സൂക്ഷ്മ പ്രതിരോധ പ്രസ്ഥാനങ്ങളുടെ പേറ്റന്‍റ് സ്വയം ഏറ്റെടുക്കലാണ് പാർലമെന്‍ററി ഇടതുപക്ഷക്കാർക്ക് ആകെ അറിയുന്ന ജോലി. അതവർ ഭംഗിയായി തുടരുന്നുവെന്നു മാത്രം.