നാസി സാമൂഹ്യവീക്ഷണം കേരളത്തിലെയും ഇന്ത്യയിലെയും പൊതുവ്യവഹാരങ്ങളിൽ

വ്യക്തികളായ മുസ്‌ലിങ്ങൾ ഉൾപ്പട്ട സംഭവങ്ങളെ പോലും ഒരു സംഘത്തിന്റെ ഗൂഢാലോചനയാക്കി മാത്രം മനസ്സിലാക്കുന്ന തരത്തിൽ പൊതു വ്യവഹാരം പൂർണമായും മാറിയിരിക്കുന്നു…


ഉമ്മുല്‍ ഫായിസ

വ്യക്തികളായ മുസ്‌ലിങ്ങൾ ഉൾപ്പട്ട സംഭവങ്ങളെ പോലും ഒരു സംഘത്തിന്റെ ഗൂഢാലോചനയാക്കി മാത്രം മനസ്സിലാക്കുന്ന തരത്തിൽ പൊതു വ്യവഹാരം പൂർണമായും മാറിയിരിക്കുന്നുവെന്നാണ് തോന്നുന്നത്.

ജർമനി പൂർണമായും നാസിസത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പുള്ള കാലഘട്ടത്തിൽ യൂറോപ്പിൽ തന്നെ വ്യക്തികളായ ജൂതൻമാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളെ ( അല്ലെങ്കിൽ കുറ്റം തെറ്റായി ആരോപിച്ചു കൊണ്ടും ) ഒരു സമുദായത്തിന്റെ കലക്റ്റീവ് ബിഹാവിയറായി ചിത്രീകരിച്ച അനവധി സംഭവങ്ങളുണ്ട്.

ഫ്രാൻസിൽ ആൽഫ്രഡ് ഡ്രെയ്ഫ്യൂസ് എന്ന ജൂതനായ പട്ടാളക്കാരനു സംഭവിച്ചതു മുതൽ തുടങ്ങുന്ന നിരവധി വ്യക്തി ചരിത്രങ്ങളുണ്ട്. ഹെർഷൽ ഗ്രീൻ സ്പാൻ എന്ന പതിനേഴുകാരൻ പാരീസിലെ ഒരു ജർമൻ എംബസി ഉദ്യോസ്ഥനെ വെടിവെച്ചതിനു ശേഷം അയാളെ രണ്ടാം ലോകയുദ്ധത്തിന്റെ കാരണക്കാരനായ തീവ്രവാദിയായാണ് ഹിറ്റ്ലറും ഗീബൽസും വിശേഷിപ്പിച്ചത്.

രണ്ടാം ലോകയുദ്ധം കഴിഞ്ഞതിനു വർഷങ്ങൾക്കു ശേഷം റിവിഷനിസ്റ്റ് ചരിത്രകാരൻമാർ ജൂത വ്യക്തികൾ ഉൾപ്പെട്ടതോ അവർക്കു മേൽ കെട്ടിയേൽപിച്ചതോ ആയ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തേക്കുകൊണ്ടു വന്നിരുന്നു. അതു ഭീകരവാദ കേസുകളിൽ വെറുതെ വിടുന്ന മുസ്‌ലിം യുവാക്കളുടെ കഥ പോലെ പലരും വായിച്ചു തള്ളാറാണ് പതിവ്.

മിഷേൽ ഫൂക്കോ State Racism എന്നൊക്കെ വിശേഷിപ്പിച്ച രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമായി വ്യക്തികൾ തന്നെ സമുദായമായി മാറുന്ന നാസി സാമൂഹ്യ വീക്ഷണം പക്ഷെ ഇന്ത്യയിലെയും കേരളത്തിലെയും പൊതു വ്യവഹാരങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും കാണുന്നുണ്ട്.

Leave a Reply