സ്ഥലം കൊടുങ്ങല്ലൂരാണെന്ന് പറഞ്ഞാൽ അപ്പോൾ ചോദിക്കും, അവിടെത്തെ തെറിപ്പാട്ട് എങ്ങിനെ ?
അന്ന് ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങൾക്ക് തെറിപ്പാട്ടുകൾ പുതുമയായി തോന്നിയിരുന്നില്ലാ. എങ്കിലും രഹസ്യമായി ഭരണിപ്പാട്ടും തെറിയും ചെറുതായിട്ടെങ്കിലും ആസ്വദിച്ചിരുന്നതായി തോന്നിയിട്ടുണ്ട്…
സി എം സലാം
കൊടുങ്ങല്ലൂർക്കാരായ ഞങ്ങൾ ഓരോരുത്തരും കൊടുങ്ങല്ലൂർ ഭരണിയും ഭരണിപ്പാട്ടും ആണ്ടുത്തോറും കൺമുന്നിൽ കണ്ട് വളർന്നു വന്നവരാണ്. മീനമാസത്തിലെ കത്തുന്ന ചൂടിൽ ചെമ്പട്ടണിഞ്ഞും വാളും ചിലമ്പും പൂമാലയും ധരിച്ച കോമര കൂട്ടങ്ങൾ ഭക്തിയുടെ രൗദ്രഭാവം പേറി ഉറഞ്ഞു തുള്ളുന്നതും കൈയ്യിലെ മുളം തണ്ടുകൾ ചേർത്ത് ശബ്ദമുണ്ടാക്കി ആ താളത്തിൽ ഭക്തിയും കാമവും രതിയും നിറച്ച തെറിപ്പാട്ടുകൾ പാടി സംഘം ചേർന്ന് കൂട്ടമായി പോകുന്ന ഭരണിക്കാലത്തെ ഓരോ കാഴ്ചകളും ഞങ്ങൾക്ക് എന്നും ഹൃദിസ്ഥമാണ്.
സ്ഥലം കൊടുങ്ങല്ലൂരാണ് എന്നു പറഞ്ഞാൽ അപ്പോൾ ചോദിക്കും “അവിടെത്തെ തെറിപ്പാട്ട് എങ്ങിനെ ” ? “തെറി കേട്ടാലറിയാം കൊടുങ്ങല്ലൂർക്കാരനെന്ന് “, സിനിമയും ഞങ്ങളെ വെറുതെ വിടാറില്ലല്ലോ.
തെറികൾ, അത് കാലഘട്ടത്തിനും ജനറേഷനും യോജ്യമായ രീതിയിൽ ഓരോ ഭരണി കാലത്തും പുതുമയോടെ കേട്ടുകൊണ്ടിരിക്കുന്നവരാണ് ഞങ്ങൾ കൊടുങ്ങല്ലൂർക്കാർ. ഓരോ വർഷത്തെയും ലേറ്റസ്റ്റ് തെറിപ്പാട്ടുകൾ എന്താണെന്നറിയുവാനുള്ള ജിഞ്ജാസ എല്ലാ കൊല്ലവും ഭരണിക്കാലത്ത് ഞങ്ങൾക്കുണ്ടാവാറുണ്ട് . കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തുടങ്ങി വടക്കൻ കേരളത്തിലെ ജില്ലകളിൽ നിന്നുമാണ് ഭക്തർ കൂടുതലും വരുന്നത്.
തെറിപ്പാട്ടും ഭരണിയും കുറേ ഐതിഹ്യങ്ങളും ചരിത്രങ്ങളും കേട്ടിട്ടുണ്ട്. ശാക്തേയ ആചാരത്തിലെ പഞ്ചമകാര പൂജയുടെ ഭാഗമായ മൈഥുനത്തിന് പകരമായാണ് ഭരണി പാട്ട് പാടിയിരുന്നെന്നും കേട്ടിട്ടുണ്ട് . എന്നിരുന്നാലും രതിയും ഊർവ്വരതയും ദൈവീകമായി കണ്ട് ജീവിച്ചിരുന്ന ആദിമജനതയുടെ കൂടി ചേരൽ കൂടിയാണ് കൊടുങ്ങല്ലൂർ ഭരണിയെന്നും കണക്കാക്കുന്നുണ്ട്. ദ്രാവിഡ ക്ഷേത്രമായിരുന്ന കൊടുങ്ങല്ലൂർ പിൽകാലത്ത് സവർണ്ണമേധാവിത്വത്തിന് കീഴിലായപ്പോൾ ക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന ആദിമ ജനതയുടെ കൂടി ചേരലാണ് ഈ ഉത്സവമെന്നും പറയുന്നുണ്ട്.
കൊടുങ്ങല്ലൂർ ഭരണിയുടെ ചടങ്ങിലൊന്നാണ് കടലമ്മയെ വണങ്ങി ആദരിച്ച് കടലിൽ കുളിച്ച് കടലമ്മക്ക് കാണിക്കയിട്ട് തിരിച്ചു പോകുന്നത്. കടലിൽ എറിയുന്ന ചില്ലറ തുട്ടുകൾ അവരുടെ കൈയ്യിൽ നിന്നും തട്ടിപ്പറിക്കുന്ന വിരുതരും അന്ന് സജീവമായിരുന്നു.
എന്റെ കുട്ടിക്കാലത്ത്, എന്റെ ഓർമ്മയുടെ ആദ്യ കാഴ്ചകൾ കടലിൽ കുളിക്കാൻ (ഇവർ കടപ്പുറത്തെ കായൽക്കരയെന്നു പറയും) കൂട്ടമായി വരുന്നത് എന്റെ തൊട്ടടുത്തുള്ള കടപ്പുറത്തേക്കായിരുന്നു . അത്ഭുതത്തോടെ അതെല്ലാം നോക്കി നിന്ന ഒരു ബാല്യം ഞങ്ങളോരോരുത്തർക്കുമുണ്ട് .
അന്ന് ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങൾക്ക് തെറിപ്പാട്ടുകൾ പുതുമയായി തോന്നിയിരുന്നില്ലാ. എങ്കിലും രഹസ്യമായി ഭരണിപ്പാട്ടും തെറിയും ചെറുതായിട്ടെങ്കിലും ആസ്വദിച്ചിരുന്നതായി തോന്നിയിട്ടുണ്ട്.
ഭരണിയായാൽ അന്ന് എന്റെ പ്രദേശമായ എറിയാട് ചന്തയിൽ ഉത്സവത്തിന്റെ പ്രതീതിയാണ്. എല്ലാ ചായ കടകളും ചമഞ്ഞൊരുങ്ങി, പുറത്ത് വിശേഷ പന്തലിട്ടു പലഹാരങ്ങളുണ്ടാക്കി ഭരണിക്കാരെ കാത്തിരിക്കും . ഹോട്ടൽ സുകുമാരി കേഫ്, സജീഷ് കേഫ് , ഹോട്ടൽ റോളക്സ് തുടങ്ങിയവയാണ് ഇതിൽ മുൻപന്തിയിൽ . പേരില്ലാത്ത തൽകാല ചായ പീടികകളും ഈ ദിവസങ്ങളിൽ പൊന്തിവരുന്നത് കാണാം . മീനചൂടിലാണ് ഭരണിയെന്നത് വെള്ളം വിൽപനക്കാർക്കും പ്രധാനമാണ്. അന്ന് കല്ല് സോഡയുടെ കാലമാണ് . നാട്ടിലെ ഞങ്ങൾ സോഡാ ദാസനെന്നു വിളിക്കുന്ന ദാസച്ചേട്ടന്റെ ” ശ്രീ കൃഷ്ണാ സോഡാ ഫാക്ടറിക്കും നല്ല കച്ചവടകാലമാണ്.
ഇന്നത്തെപ്പോലെ വാഹന സൗകര്യങ്ങളൊന്നുമില്ലാത്ത അക്കാലത്ത് ഭക്തർ ലൈൻ ബസ്സിൽ ,മാറി മാറി കയറി ഏറെ പ്രയാസപ്പെട്ടാണ് കൊടുങ്ങല്ലൂർ എത്തിയിരുന്നത്. കടത്തിണ്ണകളിലും റോഡരികിലും മറ്റുമായാണ് കിടന്നുറങ്ങിയിരുന്നത്.
ഭരണിയടുക്കാറാകുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് വല്ലാത്ത സന്തോഷമാണന്ന്. കാരണം, തീപ്പെട്ടിയിൽ ഒട്ടിച്ചു വരുന്ന ആകർഷകമായ ഫോട്ടോകൾ ശേഖരിക്കുന്ന ശീലം ഞങ്ങൾക്കന്നുണ്ട് . ഭരണിക്കാർ കുറേ അകലങ്ങളിൽ നിന്നും വരുന്നവരായതിനാൽ വ്യത്യസ്തമായ കാണാൻ ഭംഗിയുള്ള തീപ്പെട്ടി ഫോട്ടോകൾ അവരിലുണ്ടാകുമെന്നും അത് എടുത്ത് ശേഖരിച്ചു കൂട്ടിവെക്കുന്നതും ഓരോ ഭരണിക്കാലത്തും ഞങ്ങൾ കുട്ടികളുടെ ഒരു സന്തോഷവും ആഗ്രഹവുമായിരുന്നു.
അന്ന് എന്റെ നാട്ടിൽ ഒരു ബാബു ചേട്ടനുണ്ട് (പേര് സാങ്കൽപ്പികം ) നന്നായി ഭരണി തെറിപ്പാട്ടുകൾ എഴുതും. അതും നല്ല തെളിഞ്ഞ സാഹിത്യത്തിൽ ഒളിഞ്ഞും തെളിഞ്ഞും അൽപം രാഷ്ട്രീയവും വരികളിൽ ചേർത്ത് (പുള്ളിക്കാരൻ വെട്ടിയാൽ മുറിയാത്ത കമ്മ്യൂണിസ്റ്റുക്കാരനാണ്.) മികച്ച “കാവ്യാത്മക “മായി എഴുതുന്ന ആ തെറിപ്പാട്ടുകളിലെ വരികളിൽ ചിലത് ഇന്നും എന്റെ ഓർമ്മയിലുണ്ട്.
അന്ന് കേരള സംസ്ഥാന മന്ത്രിയായിരുന്ന എം പി ഗംഗാധരന് മകൾ ബിന്ദുവിന്റെ പ്രായപൂർത്തിയാകാത്ത വിവാഹം നിയമത്തിന്റെ കുരുക്കിൽപ്പെട്ട് മന്ത്രി സ്ഥാനം നഷ്ടപ്പെട്ട കാലം. ഇതിന്റെ രാഷ്ട്രീയമെല്ലാം ബാബു ചേട്ടൻ തന്റെ ഭരണി പാട്ടിൽ വളരെ മനോഹരമായി എഴുതിയതായി ഓർക്കുന്നു. അതുപോലെ വൈപ്പിൻ മദ്യദുരന്തവും കരുണാകരന്റെ പോലീസിനെ ആക്ഷേപിച്ചും ബാബു ചേട്ടന്റെ രചനകളിൽ നിർലോഭം കാണാമായിരുന്നു.
എഴുതി കഴിഞ്ഞാൽ ഞങ്ങൾക്കത് വായിക്കാൻ തരും ബാബു ചേട്ടൻ. എന്റെ പ്രിയ ചങ്ങാതി രാജുവാണത് ഈണമിട്ട് പാടുന്നത് .ഭരണിക്കു മുന്നേ അവനത് ഹൃദിസ്ഥമാക്കും. പിന്നീട് അവനത് റിഹേഴ്സലിനു ശേഷം പൊതുവേദിയിലേക്ക് കൊണ്ടുവരും. കൊടുങ്ങല്ലൂർ കാവിൽ നൂറുകണക്കിനു ആളുകളെ സാക്ഷിയാക്കി രാജുവത് പാടിയതും ഒറിജിനൽ ഭരണിക്കാർപ്പോലും മനസ്സിരുത്തി കൈയ്യടിച്ച് അവനെ അഭിനന്ദിച്ചതും ഓർമ്മയിൽ വന്നു. അന്നത്തെ ഓരോരോ കുസൃതികൾ.
കൊടുങ്ങല്ലൂർ ഭരണിക്കാലമായാൽ എല്ലാം ഓരോന്നായിങ്ങിനെ ഓർത്തെടുക്കാനൊരു രസമുണ്ട്. ഭരണി, ഉറഞ്ഞു തുള്ളി നെറുക വെട്ടി പൊളിച്ച് ചോരയൊലിപ്പിച്ച് കാഴ്ചയുടെ ചലിക്കുന്ന ഗോപുരങ്ങളായി നമ്മുക്കു മുന്നിൽ നിറയും. സങ്കടവും നിരാശയും നിറഞ്ഞ ഉടലിൽ നിന്നും ഉയിരിൽ നിന്ന് പ്രാചീനമായ ഒരു ഗോത്ര ജീവിതശക്തിയെ പുറത്ത് ചാടിക്കുകയാണവർ.