തീരദേശത്തെ ചൂളമടികളും ആക്രോശങ്ങളും ഉയര്‍ന്നിരുന്ന ചേരമാന്‍ ടാക്കീസിന്റെ കഥ

എറിയാട് ചേരമാൻ ടാക്കീസിന്റെ ഉൾവശം ഓർമ്മപ്പെടുത്തുന്ന ഒരപൂർവ്വചിത്രം ഇന്ന് രാവിലെ ഒരു ചങ്ങാതി അയച്ചു തന്നു. ചിത്രം കണ്ടപ്പോൾ ഏറെ ആഹ്ളാദവും അത്ഭുതവും തോന്നി. ആരവങ്ങളുയർന്ന  ഒരു ഭൂതകാലത്തിന്റെ ഓർമ്മകളിലേക്ക് അതെന്നെ കൂട്ടികൊണ്ടുപോയി. ജീവിതത്തിന്റെ ദശാസന്ധികളിലെവിടേയോ നഷ്ടപ്പെട്ടുപോയ ആ നാളുകൾ മനസ്സിലേക്ക് കടന്നുവന്നു….


സി എം സലാം

എറിയാട് ചേരമാൻ ടാക്കീസ് ! ഞാനടക്കമുള്ള എന്റെ തലമുറയും അതിനു മുൻപുള്ളവരും ആൾക്കൂട്ടങ്ങളും ആരവങ്ങളും ആഘോഷത്തിമർപ്പുകളിലായി കടന്നുപോയ ജനിമൃതികളുടെ സഞ്ചാരപഥങ്ങൾ. ഒരു ജനതയുടെ ജീവിതചര്യയിലൂടെ ഒരേ സംസ്ക്കാരമായി ഒരേ വികാരമായി കൊണ്ടു നടന്നയിടം. ടാക്കീസിനകത്തെ അരണ്ട വെളിച്ചത്തിൽ അടക്കിപ്പിടിച്ച നിശബ്ദതയിൽ കൈയ്യടികളും ചൂളമടികളും ആക്രോശങ്ങളും, സിൽവർ സ്ക്രീനിന്റെ വിശാലതയിൽ ഒരു ജനതയുടെ ജീവിതത്തിന്റെ നേർകാഴ്ചകൾ ഓരോന്നും ഓർത്തെടുക്കുമ്പോൾ, ഇത്രമാത്രം ചേരമാനെന്ന ഒരു ബിംബത്തെ നെഞ്ചിലേറ്റിയവരുണ്ടോ എന്നു സംശയിച്ചു പോകുന്നു.

“ചിരിക്കുടുക്ക” യെന്ന ചിത്രം എറിയാട് ചേരമാനിൽ കളിക്കുന്ന കാലം. അന്ന്, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലേ മാറ്റിനിയൊള്ളൂ. ടിക്കറ്റ് നിരക്കുകൾ അന്ന് ഇപ്രകാരമായിരുന്നു.
തറ 40- പൈസ
ബെഞ്ച് 65- പൈസ
ഫസ്റ്റ് ക്ലാസ്സ് 75- പൈസ
റിസർവ്വേഡ് – 1 -10 പൈസ

ഈ റിസർവേഡിനെപ്പറ്റി ഒരു കഥയുണ്ട്. ഈ ടാക്കീസിന്റെ മുതലാളിമാരുടെ കുടുംബാഗംങ്ങൾക്കു സ്വസ്ഥമായി ഇരുന്നു കാണാൻ മാത്രമായി പരിമിധപ്പെടുത്തിയിരുന്നതാണീ റിസർവേഡ് ക്ലാസ്സ് എന്നത്. അവരിലാരെങ്കിലും സിനിമയ്ക്കുണ്ടെന്ന് വിവരം കിട്ടിയാൽ പിന്നെ റിസർവേഡ് ക്ലാസ്സിൽ പുറത്തുള്ളവർക്ക് ടിക്കറ്റ് നൽകില്ല.

ഞങ്ങൾ കുട്ടികൾക്ക് “തറ”യാണ് ഇരിപ്പിടം. അന്ന് ചേരമാൻ ടാക്കീസിൽ സിനിമയൊന്ന് കാണുവാനുള്ള തന്ത്രപ്പാട് ഭയങ്കരമായിരുന്നു. 40 പൈസ നിസ്സാരമല്ലാത്ത കാലം. ഞാനന്ന് കശുവണ്ടിയോ അടയ്ക്കയോ കൂട്ടിവെച്ചും മറ്റുമാണ് സിനിമക്കുള്ള കാശ് കണ്ടെത്തുന്നത്.

“ചിരിക്കുടക്ക” എന്ന സിനിമ കാണാനുള്ള കടുത്ത ആഗ്രഹം മനസ്സിൽ അങ്ങിനെ നിൽക്കുകയാണ്. ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ലാ. ഏതു മാർഗ്ഗവും സ്വീകരിച്ച് സിനിമക്കു പോണമെന്നുള്ള ചിന്തകൾക്കു ചിറകുകൾ മുളച്ചു കൊണ്ട് സന്തോഷം തരുന്ന ഒരു സംഭവം നടന്നു.

സംഭവം ഇങ്ങിനെയാണ്, “ചിരിക്കുടുക്ക ” സിനിമ തുടങ്ങിയതിന്റെ രണ്ടാം ദിവസം ഒരു ശനിയാഴ്ച ദിവസം, അന്ന് പത്ത് സെന്റ് പുരയിടവും ചെറിയൊരു വീടുമാണ് ഞങ്ങൾക്കുള്ളത്. കുടികിടപ്പായി കിട്ടിയതാണിത്. കാര്യമായിട്ടൊന്നും വരുമാനമില്ലാത്ത പറമ്പ്. കൃത്യമായി തെങ്ങ് കയറാൻ ആളെത്തും. പത്തോ ഇരുപത്തി അഞ്ചോ തേങ്ങായുണ്ടാവും. ഇതെല്ലാം പൊതിച്ച് മടൽ കളഞ്ഞ് ഒരു ചാക്കിൽ നിറച്ച് കൊണ്ടുപോയി വിൽക്കും ഇതാണ് പതിവ്. അന്ന് ഒരു നാളികേരം വിറ്റാൽ ഏതാണ്ട് ഒരു സിനിമക്കുള്ള ടിക്കറ്റിനുള്ള കാശ് ഒപ്പിക്കാം. എന്തു ചെയ്തും സിനിമ കാണണമെന്ന് മനസിൽ ഞാൻ ചിലത് പ്ലാൻ ചെയ്തു വെച്ചിരുന്നു.

എന്റെ ഭാഗ്യത്തിനു അന്നു രാവിലെ തന്നെ തെങ്ങ് കയറാൻ കയറ്റക്കാരൻ വന്നു. എനിക്കു സന്തോഷമായി. ഒപ്പം ഒരു പേടിയും .മനസ്സിൽ ഞാൻ പ്ലാൻ ചെയ്ത “ഓപ്പറേഷൻ ” നടക്കുമോ ? കയറ്റക്കാരൻ തെങ്ങിൽ കയറി മുകളിലെത്തി. തേങ്ങാ കുല വെട്ടിയിട്ടു താഴെ വീഴുന്നവരെ എന്റെ ഉപ്പായുടെ കണ്ണുകൾ ഒരു സിസിടിവി ക്യാമറയുടെ കൃത്യതയോടൊ എല്ലാം ഒപ്പിയെടുത്തിയിട്ടുണ്ടാകും അത് ഉറപ്പ്. ഉപ്പയുടെ കണ്ണുവെട്ടിച്ച് എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലാ അത്രത്തോളം ജാഗ്രതയാണ് ഉപ്പ.

ഇതിനിടയിൽ എങ്ങിനെയാണ് എന്റെ അടിച്ചു മാറ്റൽ പ്രക്രിയ നടപ്പിലാക്കേണ്ടത് എന്നു ശങ്കിച്ചു നിന്നു. ഉൽകണ്ഠാകുലമായ നിമിഷങ്ങൾ. പെട്ടെന്നാണത് സംഭവിച്ചത്, ഞങ്ങളുടെ പറമ്പിന്റെ പടിഞ്ഞാറ അതിരു പങ്കിടുന്ന ചെറിയൊരു തോടുണ്ട്. വർഷ കാലത്ത് നിറയുകയും വേനലിൽ വറ്റി വരണ്ട് കിടക്കുകയും ചെയ്യുന്ന തോട്. തെങ്ങ് കയറ്റക്കാരൻ വെട്ടിയിട്ട കുലയിൽ നിന്നും ഒരു നാളികേരം എന്റെ ഉപ്പയുടെ കണ്ണുവെട്ടിച്ചു തോട്ടിലേക്ക് ഉരുണ്ടു പോകുന്നത് സന്തോഷത്തോടെ ഞാനത് നോക്കി നിന്നു. ഉപ്പയറിയാതെ ഞാനത് പിന്നീട് “അടിച്ചു ” മാറ്റുകയും എന്റെ “ഓപ്പറേഷൻ ”പ്ലാൻ ചെയ്തതുപ്പോലെ വിജയകരമാവുകയും ചെയ്തു.

അങ്ങിനെ ” തേങ്ങ കട്ട് വിറ്റ “കാശിനു സിനിമ കണ്ടു. മാറ്റിനി ഷോ നടക്കുമ്പോൾ ടാക്കീസിനുള്ളിൽ ഓലചീന്തിന്റെ വിടവിലൂടെ അരിച്ചിറങ്ങുന്ന പുറത്തെ വെയിലിന്റെ നാളങ്ങൾ ഒരു കൗതുകമായിരുന്നു. അന്ന് ടാക്കീസിനുള്ളിൽ സ്ക്രീനിലെ ദൃശ്യങ്ങൾക്കു തടസ്സമായി കൊണ്ട് രണ്ടു തൂണുകൾ രണ്ടു വശങ്ങളിലായി ഉണ്ടായിരുന്നു. ഇടയ്ക്ക് സിനിമയിലെ ചില കഥാപാത്രങ്ങളെ തൂണിന്റെ തടസംകൊണ്ട് സ്ക്രീനിൽ കാണാൻ പ്രയാസപ്പെടുമായിരുന്നു. “ആവേശം” എന്ന ജയന്റെ ചിത്രം സിനിമാസ്കോപ്പിലെത്തുമ്പോഴും ഈ രണ്ടു തൂണുകൾ കാണികളെ അലോസരപ്പെടുത്തിരുന്നു.

അന്ന് ടാക്കീസിൽ ഒരു പ്രൊജക്ടറിലാണ് പടം കളിക്കുന്നത്. ഏതാണ്ട് പതിനാറ് റീലുള്ള പടമാണെങ്കിൽ ആദ്യ മൂന്നു റീലിൽ ഫിലീം റോൾ അവസാനിക്കുകയും രണ്ടാമത്തെ റോൾ തീരുംമ്പോൾ ഇടവേളയാകുകയുമായിരുന്നു. 82- കാലഘട്ടത്തിലാണെന്നു തോന്നുന്നു, “സംഘർഷം” എന്ന ചിത്രത്തോടൊപ്പമാണ് പുതിയതായി പ്രൊജക്റ്റർ ഒന്നുകൂടി വാങ്ങിയത്. അന്ന് പ്രൊജക്റ്റർ ഒപ്പറേറ്ററായി കാഴ്ചയിൽ നടൻ ശങ്കരാടിയെപ്പോലെ ആകാരമുള്ള ഒരു നായരായിരുന്നു. കൊടുങ്ങല്ലൂർ പടാകുളത്തുക്കാരനായിരുന്നു ഇയാൾ. പിന്നെ വാളൂർ ലോനപ്പൻകുട്ടി എന്നൊരാളും പ്രൊജക്റ്റർ ഓപ്പറേറ്ററായി ഉണ്ടായതായി ഓർക്കുന്നു.

പുന്നക്ക അബ്ദുൽ കാദിർക്കാ, രാഘവേട്ടൻ, കുഞ്ഞുമൊയ്തീൻ, കുഞ്ഞബ്ദുളളിക്ക, അബ്ദുള്ള കുഞ്ഞിക്ക, കാർത്തികേയൻ, എന്നിവരോക്കെ ചേരമാൻ ടാക്കീസിലെ ജോലിക്കാരായിരുന്നു. ഇന്നും ഞങ്ങളുടെ ഓർമ്മകളിലെ സജീവതയാണിവർ.

അന്ന് ചേരമാനിലെ തറയിലിരുന്ന് സിനിമ കണ്ടനുഭവിച്ച സുഖം, പിന്നീട് ഏത് എ.സി ഡോൾബി സിസ്റ്റത്തിലും കിട്ടിയിട്ടില്ലെന്നത് പരമമായ സത്യമാണ്. എന്റെ തലമുറയിലെ അന്ന് ചേരമാൻ ടാക്കീസിൽ തറയിലിരുന്നു സിനിമ ആസ്വദിക്കാത്ത ഒരോറ്റ മനുഷ്യനും ഞങ്ങളുടെ പ്രദേശത്തുണ്ടായിരുന്നില്ലാ എന്നാണ് എന്റെ വിശ്വാസം. തറയിലെ വികൃതികൾ ഒത്തിരിയുണ്ട് പറയാൻ. തറ ക്ലാസ്സിലെ പുറകിലായി സെക്കന്റ് ക്ലാസ്സായ ബെഞ്ചിലിരുന്ന് സിനിമ കണ്ട് ബീഡി വലിച്ച് കുറ്റിയെറിയുന്നത് തറയിലേക്കായിരുന്നു. തറയിലിരിക്കുന്ന പരിചയക്കാരെ വട്ട പേര് വിളിച്ച് കളിയാക്കുന്നവരും കൂട്ടത്തിൽ കാണാം. അന്ന് തറയിൽ സ്ഥിരമായി കണ്ടുവന്നിരുന്ന ചില കഥാപാത്രങ്ങളെ നന്നായി ഓർക്കുന്നു. ആറടിയോളം പൊക്കമുള്ള നല്ല ആരോഗ്യവാനായ കൈയ്യിൽ എപ്പോഴും പത്ത് സെല്ലിന്റെയോ മറ്റോ വലിപ്പമുള്ള ടോർച്ചുമായി സിനിമ കാണാൻ വരുന്ന ഒരു ഇക്ക.

കുറിച്ചി അടിമക്കുട്ടിയെന്നാണ് പേര്. പിന്നെ പേബസാർ കടപ്പുറത്തുള്ള വണ്ടി വീരാൻക്കാ, ബാർബർ ഷൺമുഖ ചേട്ടന്റെ അമ്മ പള്ളുവമ്മ. നന്ദനൻ, തോമാസ്, ചിമ്മിനി ഉണ്ണികൃഷ്ണൻ, കൊച്ചുമോൻ അങ്ങിനെ അത് നീളുന്നു. ഇടവേളയിൽ കപ്പലണ്ടിയും പാട്ടുപുസ്തകവും വിൽക്കുന്ന അഷറഫ് വെട്ടോത്തി, കൊല്ലി നാസ്സർ. അതിൽ അഷറഫ് വെട്ടോത്തിയും കൊല്ലിനാസറും ഞങ്ങളുടെ ആരാധകരാണ്. കാരണം കപ്പലണ്ടിയും പാട്ടുപുസ്തകവും എല്ലാ ദിവസവും ടാക്കീസിനുള്ളിൽ വിൽക്കുമ്പോൾ നിത്യവും ഇവർക്ക് സിനിമ കാണാൻ കഴിയുമല്ലോ എന്നത് ചിന്തിക്കുമ്പോൾ ഇവരെത്ര ഭാഗ്യവാന്മാരാണ് എന്ന് ഓർത്തു പോകുമായിരുന്നു. അങ്ങിനെയാണ് ഇവർ രണ്ടു പേരും ഞങ്ങളുടെ ആരാധകന്മാരായത്. ഇന്നതൊക്കെ ഓർക്കുമ്പോൾ ചിരി വരും.

ചേരമാൻ ടാക്കീസ്സിനു പുറത്ത് ആന മയിൽ ഒട്ടകം കളിക്കുന്ന അഷറഫും ഐസ്ക്രീം ബാബുവും. “ഒന്നു വെച്ചാൽ പത്ത്, പത്ത് വെച്ചാൽ നൂറ്…” ഉച്ചത്തിൽ അഷറഫിന്റെ ശബ്ദം. 10 പൈസക്ക് നമ്പർ നറുക്കിട്ട് അത് അടിച്ചാൽ ഒരു കലണ്ടർ കൊടുക്കുന്ന കളിയിൽ ഏർപ്പെട്ട മാർത്ത സെയ്തുക്കായുടെ കലണ്ടറടി.

ടാക്കീസിന്റെ മുന്നിലെ നീണ്ട ചൂളമരത്തിൽ കെട്ടിവെച്ചിരിക്കുന്ന തുളകൾ വീണ കോളാമ്പി മൈക്കിൽ നിന്നും പതറിയ ശബ്ദത്തിൽ പാട്ടുകൾ മൈതാനവും കടന്ന് പരിസരമാകെ ചുറ്റിയടിച്ചു കൊണ്ടിരുന്നു. അറബികടലിളകിവരുന്നു, തമ്പ്രാൻ കൊടുത്തത് മലരമ്പ്, കിഴക്ക് കിഴക്കൊരാന, സുപ്രഭാതം സുപ്രഭാതം നീലഗിരിയുടെ സഖികളെ, ഒരു കൊട്ട പൊന്നുണ്ടല്ലോ, വെളുക്കുമ്പോൾ കുളിക്കുവാൻ, അങ്ങിനെ വയലാർ- ദേവരാജൻ, ബാബുരാജ്- പി ഭാസ്ക്കരൻ ത്രയങ്ങൾ, റിക്കാർഡു ഗാനവീചികളാൽ സായം സന്ധ്യകളെ സജീവമാക്കിയിരുന്നു.

ചുറ്റും ശിഖരങ്ങൾ പടർത്തി ചൂടിൽ ആശ്വാസമേകി തണൽ വിരിപ്പിട്ട വാകമരചോട്ടിൽ സേമിയ ഐസ് ഫ്രൂട്ട് വിൽക്കുന്ന ഐസ് കച്ചവടക്കാരൻ തിണ്ടിക്കൽ മുഹമ്മദിക്കയുടെ ബെല്ലടി ശബ്ദം കേൾക്കാം. ചേരമാൻ ടാക്കീസിലെ ചില രസകരമായ നിമിഷങ്ങളും ഓർമ്മയിൽ വരുന്നുണ്ട്. ഗ്രാമഫോണിൽ നിന്നും കേൾക്കുന്ന ഗാനങ്ങളിൽ ചിലത് റിപ്പീറ്റ് ചെയ്തു കൊണ്ടിരിക്കാറുണ്ട്. പാട്ടിന്റെ ചില വരികൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. അതിൽ ചിലത് പറയാം, “കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്തവളെ ” എന്ന വരികളിൽ, തീർത്തവളെ എന്നുള്ളത് ഗ്രാമഫോണിൽ, തവളെ തവളെ തവളെ എന്നിങ്ങിനെ ആവർത്തിച്ചുകൊണ്ടിരിക്കും. പുറത്ത് മൈതാനത്ത് പാട്ട് ആസ്വദിച്ചിരിക്കുന്നവരെല്ലാം പൊട്ടിച്ചിരിച്ചു പോകും.

അതുപോലെ മറ്റൊരു പാട്ട് പറയാം,
“മുല്ല പൂ പല്ലിലോ മുക്കുറ്റി കവിളിലോ
അല്ലിമലർമിഴിയിലോ ഞാൻ മയങ്ങി
ഏനറിയില്ലാ ഏനറിയില്ലാ ഏല മണിക്കാട്ടിലെ
മലംകുറവാ” എന്നുള്ള പാട്ടിലെ ,
ഏലമണിക്കാട്ടിലെ മലം മലം മലം… ഇതിങ്ങനെ പറഞ്ഞു കൊണ്ടിരിക്കും.

ടാക്കീസിന്റെ കിഴക്കുവശമായി കയറുൽപ്പന്നങ്ങളുടെ കരകൗശല നിർമാണ സൊസൈറ്റിയുണ്ട്. ഇവിടെ ചകിരി കൊണ്ടുണ്ടാക്കുന്ന ഒട്ടേറെ സാമഗ്രികളുണ്ട്. പടിഞ്ഞാറേ അതിരിൽ ഈർച്ച തട്ട്. മരത്തടികൾ കൂടുതലും ഈർച്ചവാളുകളിൽ അറുത്താണ് ഉപയോഗിച്ചിരുന്നത്. അതിനെയാണ് ഈർച്ച തട്ട് എന്നു പറയുന്നത്. വൈകുന്നേരങ്ങളിൽ ഇതിന്റെ മുകളിലിരുന്ന് ടാക്കീസിലെ ശബ്ദരേഖകൾ കേൾക്കുന്നവരും അന്നത്തെ നിത്യ കാഴ്ചകളാണ്.

ഒട്ടുമിക്ക സിനിമകൾക്കും ചെണ്ടക്കൊട്ടിയാണ് പ്രചാരണം തുടങ്ങിയിരുന്നത്. മുന്നിൽ സിനിമയുടെ കഥാസാരമടങ്ങിയ നോട്ടീസ് വിതരണം ചെയ്യുന്ന ഒരാളുണ്ടാവും. ഞങ്ങൾ കുട്ടികൾക്കന്ന് നോട്ടീസ് തരില്ലാ. അതുകൊണ്ട് വലിയവരായ ചേട്ടന്മാരെ കൊണ്ട് ഞങ്ങൾ നോട്ടീസ് വാങ്ങിപ്പിക്കും. സിനിമയുടെ പോസ്റ്റ് പതിച്ച ഒരു ബോർഡ് പിടിച്ച് മറ്റൊരാളുമുണ്ടാവും. അതിനു പിറകിലായി ചെണ്ടയും കൈത്താളവും കൈകാര്യ ചെയ്തു കൊണ്ട് നാലഞ്ചാളുകൾ. ഇവരിൽ പ്രധാനികളാണ്, അയ്പ്പൻ, കൃഷ്ണൻ, കുമാരൻ, വിജയൻ എന്നിവർ. എറിയാട് ചേരമാൻ പ്രദേശം കടന്ന് വടക്ക് അഞ്ചങ്ങാടിയിലെത്തി, അഞ്ചങ്ങാടി കടപ്പുറം, കാര കടപ്പുറം, എറിയാട് കടപ്പുറം, പേബസാർ കടപ്പുറം കടന്ന് അഴീക്കോട് ചുങ്കം പാലം വഴി കയറി മാർത്തോമ പള്ളി ചുറ്റി കൊട്ടിക്കപറമ്പ് തിരിഞ്ഞ് മഞ്ഞളി പള്ളി വഴി ചേരമാൻ പരിസരത്ത് തിരിച്ചെത്തും.

ഇടയ്ക്ക് കുറേ ഓടിയ വലിയ പടങ്ങൾ വരുമ്പോൾ കാറിലും സിനിമയുടെ പ്രചരണ പരിപാടികളുണ്ടാവാറുണ്ട് . തച്ചോളി അമ്പു, ഏഴാം കടലിനക്കരെ, ലാവ, മൃഗയ തുടങ്ങിയ ചിത്രങ്ങളുടെ അനൗൺസുമെന്റ് ഓർമ്മയിലെത്തുന്നുണ്ട്. ചെണ്ടക്കൊട്ടി പോക്കിനു അവസാനമുണ്ടായത്, 1985ൽ ഒരു മേയ് മാസം. “ആൾക്കൂട്ടത്തിൽ തനിയെ ” എന്ന ചിത്രം ചേരമാനിൽ വന്ന സമയം. ആ ദിവസമാണ് ചെണ്ടകൊട്ടുക്കാരിൽ പ്രധാനിയായ അയ്പ്പുട്ടിയുടെ മരണം. പിന്നെ പയ്യെ പയ്യെ ചെണ്ടക്കൊട്ട് ഇല്ലാണ്ടാവുകയാണ് ഉണ്ടായത്.

വർഷക്കാലം രൂക്ഷമാകുന്ന വേളയിൽ കുറേ നാൾ ടാക്കീസ് അടച്ചിടുമായിരുന്നു. മഴ മാറുമ്പോൾ വീണ്ടും ടാക്കീസ് തുറക്കും. മഴക്കാലത്തെ ആരംഭകാലത്ത് തറ ടിക്കറ്റിൽ അകത്തു കയറിയാൽ തറയിലെ മണ്ണ് നനവ് തട്ടി കിളിത്തു കിടക്കും. അന്നേരം ചില രസികന്മാർ, തൊട്ടടുത്തെ ചെത്തിപ്പാടൻ കുമാര ചോന്റെ ചായക്കടയിൽ നിന്നും ഉണക്കമണ്ണ് എടുത്തു കൊണ്ട് പോയി ടാക്കീസിലെ തറയിൽ അവരവർ ഇരിക്കുന്നിടത്ത് കൊണ്ടിട്ട് സിനിമാ കാണുമായിരുന്നു. അന്ന് ചെത്തിപ്പാടന്റെ ചായക്കടയിലെ തറയിൽ മണലായിരുന്നു. അതുപോലെ ചെത്തിപ്പാടന്റെ ചായക്കടയിലെ നെയ്യപ്പവും കേക്കും വളരെ പ്രസിദ്ധമായിരുന്നു.

മറ്റൊരു കാഴ്ച ചേരമാൻ മൈതാനത്തെ സംഘം ചേർന്നിരിക്കുന്ന കൊച്ചു കൂട്ടങ്ങളായിരുന്നു. സായം സന്ധ്യകളിൽ, നിലാവിന്റെ നിഴൽ വെട്ടത്ത് വെടി പറഞ്ഞിരിക്കുന്നവരുടെ സൗഹൃദ സദസ്സുകൾ. മിന്നായം പോലെ മറയുന്ന നക്ഷത്ര കൂട്ടങ്ങളെ കണ്ട് ബീഡി പുക ആസ്വദിക്കുന്നവരും. രാഷ്ട്രീയ സൈദ്ധാന്തികതയിലൂന്നിയ താത്വികമായ ലെവലിൽ അന്താരാഷ്ട്രീയമായ അവലോകനങ്ങൾ നടത്തുന്ന ബുദ്ധിജീവി സദസുകളും സജീവമായിട്ടുണ്ടായിരുന്നു. ടാക്കീസിലെ ശബ്ദരേഖകൾ കേൾക്കുന്നവരും ധാരാളമായിട്ടുണ്ടായിരുന്നു. എഴുതി തീരാത്ത അക്ഷയഖനിയായി ചേരമാൻ ടാക്കീസും പരിസരവും ഒ വി വിജയന്റെ തസ്രാക്ക് പോലെ ഖസ്സാക്ക് പോലെ, ചിരംജീവികളായ ഒരു പിടി കഥാപാത്രങ്ങളുമായി ഓരോ മനസ്സുകളിലും ജീവിച്ചിരിക്കുന്നു.
Painting_ Cheraman Talkies, Eriyad
Artist_ Unknown

Leave a Reply