ഞങ്ങളുടെ യുദ്ധങ്ങൾക്കും ജീവിതങ്ങൾക്കും മുന്നിൽ രാമായണം ഒക്കെ എന്ത്?

ജാതി ഗുണ്ടകളുമായുള്ള യുദ്ധങ്ങൾ, കൊലകൾ, റേപ്പുകൾ. ഇതിനോടൊക്കെ യുദ്ധം ചെയ്തു പഠിച്ച് ജോലിയും വാങ്ങി ഇപ്പോഴും അവിടെ തന്നെ യുദ്ധം ചെയ്യുന്നവരുണ്ട്. അങ്ങനെയുള്ള ഞങ്ങളുടെ യുദ്ധങ്ങൾക്കും ജീവിതങ്ങൾക്കും മുന്നിൽ രാമായണം ഒക്കെ എന്ത് ?


രൂപേഷ് കുമാര്‍

അനേകായിരം യുദ്ധങ്ങളിലൂടെയാണ് എന്റെ അച്ഛാച്ഛനും അച്ചമ്മയുമൊക്കെ ജീവിതം കെട്ടി പൊക്കിയത് എന്ന് അവർ പറഞ്ഞ കഥകളിലൂടെ കേട്ടിട്ടുണ്ട്. പുഴയോരത്തെ ചതുപ്പിൽ അടിമ പ്പണിക്കാരായി അവരെയോ അവരുടെ പൂർവികരെയോ കൊണ്ടു തള്ളുകയായിരുന്നു.

കുറച്ചു തലയിൽ തേക്കാൻ വെളിച്ചെണ്ണ പിന്നെ ഒരു കഷ്ണം തേങ്ങാപ്പൂൾ ഒക്കെ കൊടുത്താൽ അവർ അടിമ പണിക്കാരായി. വയലിൽ മണ്ണ് കൊണ്ടു വലിയ തറ കെട്ടി അതിന്റെ മോളിൽ കൂര കെട്ടി ആണു അവർ ജീവിച്ചത്. കുട്ടികൾ വരമ്പത്ത് ആണു ചിലപ്പോൾ ഉറങ്ങാറ്. വെയിലും വിശപ്പും കൊണ്ടാണ് ഉറങ്ങാറ്. ചിലർ കോളറ പിടിച്ചു മരിക്കും.

കൈപ്പാട് എന്ന ചതുപ്പ് നിലങ്ങളിൽ കൃഷി പണി ചെയ്യണം. ഓണക്കാലം വന്നാൽ അവർക്ക് മാവേലി ഉണ്ണിയപ്പം വാങ്ങിക്കാൻ വരുന്ന മുസ്ലീം പെൺകുട്ടികൾ ആയിരിക്കും. കർക്കിടകത്തിൽ കൊടുംമാരി വന്നാൽ കൂരയുടെ തൂൺ എല്ലാവരും കൂടി പിടിച്ചു അമർത്തി വെക്കും. പിറ്റേ ദിവസം രാവിലെ ഒരു പക്ഷെ മുറ്റം മുതൽ കണ്ണെത്താ ദൂരം വരെ പുഴ ആയിരിക്കും.

നാളത്തെ യുദ്ധം വെള്ളത്തിനു വേണ്ടി ആയിരിക്കും എന്നത് ഇപ്പഴത്തെ ഒരു ഊള ലോജിക് ആണു. അവരുടെ വെള്ളത്തിനു വേണ്ടിയുള്ള യുദ്ധം അന്നേ തുടങ്ങിയിരുന്നു. തോണിയും എടുത്തു അപ്പുറത്തെ കരയിലെ നമ്പ്യാരുടെയോ തീയരുടെയോ വീടുകളിൽ കാത്തു കെട്ടി കിടക്കണം. ദേശത്ത് നിന്ന് സ്കൂൾ നിക്കുന്ന നിരത്ത് വരെ മേൽ വസ്ത്രം അഴിച്ചിട്ടു വേണം സ്കൂളിൽ പോകാൻ. അതിന്റെ ഇടയിൽ ജാതി ഗുണ്ടകളുമായുള്ള യുദ്ധങ്ങൾ, കൊലകൾ, റേപ്പുകൾ. ഇതിനോടൊക്കെ യുദ്ധം ചെയ്തു പഠിച്ച് ജോലിയും വാങ്ങി ഇപ്പോഴും അവിടെ തന്നെ യുദ്ധം ചെയ്യുന്നവരുണ്ട്. അങ്ങനെ ഉള്ള ഒരു ജനതയോട് രാമായണം കർക്കിടകത്തിൽ വായിക്കാൻ പറഞ്ഞാൽ “ഞങ്ങളുടെ യുദ്ധങ്ങൾക്കും ജീവിതങ്ങൾക്കും മുന്നിൽ രാമായണം ഒക്കെ എന്ത്?” എന്ന തോന്നലാണുണ്ടാവുക. അതുകൊണ്ടാണ് രാമായണ മഹാഭാരത വ്യാഖ്യാതാവ് സുനിൽ പി ഇളയിടത്തെ കാണുമ്പോ ഹരിഹർ നഗറിലെ അപ്പുക്കുട്ടനെ ഓർമ്മ വരുന്നത്.

ആയിരം യുദ്ധങ്ങൾ ജയിച്ച ഒരു ജനതയോട് രാമായണം വായിക്കാൻ പറഞ്ഞാ എന്ത് പഞ്ചു കിട്ടാനാണ്? അതുകൊണ്ടാണ് ഞങ്ങൾ തിയേറ്ററിൽ പോയി ഹോളിവുഡ് വാർ മൂവീസ് കാണാൻ തുടങ്ങിയത്.

Leave a Reply