സീരിയൽ ദൈവങ്ങളുടെ ഭാഷ

അയ്യപ്പൻ ജീവിച്ചിരുന്നെങ്കിൽ, അയാൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന മലയാളം തീർച്ചയായും നമുക്ക് പരിചിതമായ ബാലെ മലയാളമായിരിക്കില്ല. അങ്ങനെ വന്നാൽ വാവർ പറയുന്ന OK കേട്ടു ചിരിക്കുന്നതിനേക്കാൾ തലയറഞ്ഞ് ചിരിക്കണം, സീരിയലിലെ ദൈവമലയാളം കേട്ടാൽ…


അജിത് എം പച്ചനാടൻ

ദൈവങ്ങളുടെ ഭാഷ ദേവനാഗിരിയാണ്. സംസ്കൃതം അധീശഭാഷയാകുന്നിടത്താണ് അതിന്റെ അധികാരം. അത് അടിച്ചമർത്തലിന്റെ ചിഹ്നവുമാണ്. പൂണൂലും കുടുമയും പോലൊരു ആധികാരികതയുടെ ചിഹ്നം. അത്തരം അടയാളങ്ങളെ സാമൂഹ്യശാസ്ത്രത്തിൽ ‘An Instrument’ എന്നാണ് വ്യവഹരിക്കുന്നത്. പ്രയോഗ മൂല്യമുള്ള എന്തും അങ്ങനെ ഉപയോഗിക്കപ്പെടും.  സി പി രാമസ്വാമി അയ്യരുടെ അവതാരികയോടെ പുറത്തിറങ്ങിയ ബാലകൃഷ്ണൻ നായരെഴുതിയ ‘The Dynamic Brahmins’ എന്ന പുസ്തകത്തിൽ സംസ്കൃതഭാഷയെ അത്തരമൊരു Instrument ആക്കി ഉപയോഗിച്ചിരുന്ന കാലത്തെക്കുറിച്ച് പറയുന്നുണ്ട്. ഇവിടെയാണ് നാരായണ ഗുരു “അങ്ങാടി “യിലെ ജയനെപ്പോലെ സംസ്കൃതം പച്ചവെള്ളം പോലെ ഉപയോഗിച്ചത്. ഗുരു സംസ്കൃതത്തെ ഒരു Instrument ആയി കാണുകയും വിരുതേറിയ ചാരുതയോടെ ഉപയോഗിക്കുകയും ചെയ്തു.

ദൈവങ്ങളുടെ സംസ്കൃതത്തിന്‍റെ  മലയാളീകരണം ജനപ്രിയമാകുന്നത് ‘ബാലെ ‘യിലൂടെയാണെന്ന് കാണാം. അത് സാമാന്യ സംസാരഭാഷയിൽ നിന്ന് വേറിട്ടുനിന്നു. വിണ്ടലത്തിന്‍റെ  സ്ലാംഗാണതെന്ന് പറഞ്ഞുറപ്പിക്കാനത് നിരന്തരം മണിപ്രവാളത്തിന്‍റെ  ശൈലിയെ പിന്തുടർന്നു. പിന്നീട് ആ ദൈവങ്ങൾ അമർചിത്രകഥകളിലും സംസ്കൃതീകരിക്കപ്പെട്ട മലയാളത്തിൽ തിരുവരുളപ്പാടുകൾ വെളിപ്പെടുത്തി.

കേവലമൊരു ‘ട്രോളിപുള്ളർ ‘ അഹങ്കാരിപ്പെണ്ണിനോട് അവളുടെ അധികാരഭാഷയിൽ തന്നെ ചുമട്ടുതൊഴിലാളി അവന്‍റെ  ആത്മാഭിമാനം പറഞ്ഞുറപ്പിക്കുന്നത് കേട്ട് കൈയടിച്ചവർ അധികാരരൂപത്തിന്‍റെ  മർദ്ദനഭാഷയിൽ തങ്ങൾക്കും ലഭിച്ച വ്യുൽപ്പത്തിയുടെ മേൽക്കൈ നേടിയതിന്‍റെ  ഘോഷത്തെയാണ് കൈയടിച്ച് പാസാക്കിയത്.

ഏറെ തമാശയായി കൊണ്ടാടപ്പെടുന്ന അബദ്ധമാണ് വാവർ സ്വാമി, അയ്യപ്പനോട് സംഭാഷണമധ്യേ ‘OK ‘ പറഞ്ഞത്. അതായത് ഒരു ദൈവത്തിന്‍റെ  കഥയിലൂടെ അനാവശ്യ ഭക്തി കടത്തി വിടുന്ന സാംസ്കാരിക പാതകത്തിൽ ശരിയായതും സംസ്കൃതികരിക്കപ്പെട്ടതുമായ ഭാഷ ഉപയോഗിക്കപ്പെടാഞ്ഞതിൽ അതിന്‍റെ  ചിരപരിചിതരുടെ ചിരിയാണ് വൈറലാകുന്നത്. വാവർ വിദേശഭാഷയായ ഇംഗ്ലീഷ് പറയുന്നത് കോമഡി തന്നെ, ഡബിൾ ഓക്കെ.

സത്യത്തിൽ അയ്യപ്പൻ ജീവിച്ചിരുന്നെങ്കിൽ, അയാൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന മലയാളം തീർച്ചയായും നമുക്ക് പരിചിതമായ ബാലെ മലയാളമായിരിക്കില്ല. അങ്ങനെ വന്നാൽ വാവർ പറയുന്ന OK കേട്ടു ചിരിക്കുന്നതിനേക്കാൾ തലയറഞ്ഞ് ചിരിക്കണം, സീരിയലിലെ ദൈവമലയാളം കേട്ടാൽ.

” ഒക്കെ മണികണ്ഠകുമാരന്‍റെ  ഇഷ്ടം പോലെ ” എന്നാണ് നാമിപ്പോൾ കാണുന്ന വീഡിയോയിലെ സംഭാഷണം. ഉച്ചാരണത്തിന്‍റെയോ കേൾവിയുടേയോ പ്രശ്നമാണിപ്പോൾ നമ്മുടെ ചിരി. ” ഒക്കെ ” (കല്‍പ്പിച്ചതെല്ലാം എന്നാണ് സന്ദർഭം വെളിപ്പെടുത്തി ‘ഒക്കെ ‘യിലെ ആശയം വികസിപ്പിക്കുമ്പോൾ തരപ്പെടുന്നത്.) എന്ന വാക്കു പോലും അയ്യപ്പൻ – വാവര്‍ കാലഘട്ടത്തിൽ പ്രയോഗിച്ചിരിക്കാനിടയില്ല. അതിനെയാണ് നാം OK എന്നു കേട്ട് ചിരി പൊത്തുന്നത്.

സത്യത്തിൽ പൗരാണിക കാലത്ത് നാമിന്നു ഉപയോഗിക്കുന്ന മലയാളം ഇല്ലായിരുന്നല്ലോ. അക്കാലത്തെ അയ്യപ്പനും വാവരും ആംഗലേയത്തിൽ പറയുന്നതിനേക്കാൾ ‘മാത്യുമറ്റത്തിന്‍റെ ‘ ഭാഷയിൽ സംസാരിക്കുന്നതാണ് ഏറ്റവും ഫലിതം. അയ്യപ്പനും വാവരും അതിനേക്കാൾ ഫലിതം.

*അറുനൂറ് കൊല്ലം പഴക്കം ഗണിക്കുന്ന പൂന്താനത്തിന്‍റെ  ‘ജ്ഞാനപ്പാന’ യാണ് പുതുപുത്തൻ പച്ചമലയാളമായി എപ്പോഴും അനുഭവപ്പെടുന്നത്. ഇന്നലെ എഴുതിവെച്ച മഷിയുണങ്ങാത്ത കൃതിയായി അതിന്‍റെ മലയാളം നാളെകളിലേക്ക് സഞ്ചരിക്കുന്നു.

Leave a Reply