അസം രജിസ്റ്റര്‍; വംശീയ ഉന്മൂലനത്തിലൂടെ സംഘ് പരിവാർ അവരുടെ രാജ്യം നിര്‍മ്മിക്കുന്നു
പതിറ്റാണ്ടുകളായി അധിവസിക്കുന്ന രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് അഭയാർഥികളായി മാറുന്ന മനുഷ്യരുടെ ദയനീയത…
ഇന്ത്യ ഒരു രാജ്യമായി നിലവിൽവന്നത് തന്നെ വലിയ പാലായനത്തിനും ലക്ഷങ്ങൾക്ക് ജീവൻ നഷ്ടമായ വംശീയ കലാപത്തിനും സാക്ഷ്യം വഹിച്ചുകൊണ്ടാണ്. ഇന്ത്യ അതിന്റെ ചരിത്രത്തിലെ തന്നെ മറ്റൊരു വലിയ കൂട്ടപലായനത്തിനും വംശഹത്യക്കും അസമിൽ വഴിയൊരുക്കിയിരിക്കുന്നു.
ഇന്നത്തെ അന്തിമ പൗരത്വ പട്ടികയിലൂടെ അസമിലെ 19 ലക്ഷം പേർ ഇന്ന് മുതൽ ഇന്ത്യൻ പൗരന്മാർ ആല്ലാതെയാകും. നിലവിൽ ഇന്ത്യൻ സൈന്യത്തിൽ ജോലി ചെയ്യുന്നവരും, കാർഗിൽ യുദ്ധത്തിൽ മികച്ച സൈനിക സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ വ്യക്തിക്കും വരെ പൗരത്വം നഷ്ടമായതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. അതായത് ഭരണകൂട സംവിധാനത്തിന്റെ ഭാഗമായവർക്ക് വരെ ഇതാണ് അവസ്ഥയെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ ആലോചിക്കാവുന്നതെ ഉള്ളു.
സംഘ് പരിവാർ ഭരണകൂടം തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നതിലൂടെ വലിയ ദുരന്തമാണ് വരാനിരിക്കുന്നത്. കൃത്യമായ രാഷ്ട്രീയ സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സംഘ് പരിവാർ കൂട്ട കുടിയൊഴിപ്പിക്കലിന് കളമൊരുക്കുന്നത്. നിലവിലെ പൗരത്വം റദ്ദ് ചെയ്യപ്പെടുന്ന മനുഷ്യരുടെ ജീവിത സാഹചര്യങ്ങൾ പൂർണമായും നഷ്ടപ്പെടുകയും, കടുത്ത വംശീയ ആക്രമണങ്ങൾ അവർക്ക് നേരിടേണ്ടിവരികയും ചെയ്യും.
സ്വന്തം ആവാസ വ്യവസ്ഥയിൽ നിന്നും കുടിയിറക്കപ്പെടുന്ന മനുഷ്യരിൽ എത്രപേർ തെരുവിൽ വംശീയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടലും ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് സർക്കാരിന് നന്നായറിയാം. കാശ്മീരിൽ ഇത് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇതുപോലെ സംഘർഷ ഭരിതമാക്കി, വംശീയ ഉന്മൂലനം നടത്തി സംഘ് പരിവാർ അവരുടെ രാജ്യം നിര്‍മ്മിച്ചെടുക്കുകയാണ്.
_ യാസിന്