വിയോജിക്കുന്നവരുടെ ശബ്ദത്തെ തടവിലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കുക; പോരാട്ടം
പന്തീരാങ്കാവ് UAPA കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം കോടതിയുടെ അനുമതിയില്ലാതെ തങ്ങളുടെ തന്നെ നിയമത്തെ കാറ്റിൽപ്പറത്തി നടത്തുന്ന തുടരന്വേഷണവും കസ്റ്റഡികളും നിയമവിരുദ്ധമാണെന്ന് നിയമ വിദഗ്ദർ തന്നെ ചൂണ്ടിക്കാട്ടുന്നു…
വിയോജിക്കുന്നവരുടെ ശബ്ദത്തെ തടവിലാക്കാനുള്ള നീക്കമാണ് ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ എന്‍.ഐ.എ നടത്തുന്നതെന്ന് പോരാട്ടം സംസ്ഥാന കൗൺസിൽ. പന്തീരാങ്കാവ് UAPA കേസിൽ മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, ഡോക്ടർമാർ, സാംസ്കാരിക പ്രവർത്തകൾ, മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെ 23ലേറെ പൊതുപ്രവർത്തകരെയും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരെയും ചോദ്യം ചെയ്യാനാരുങ്ങുന്ന NIAയുടെ നീക്കം അപകടകരവും ജനാധിപത്യ മൂല്യങ്ങളുടെ കശാപ്പും രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തലുമാണ് എന്ന് “പോരാട്ട”ത്തിന്‍റെ പത്ര പ്രസ്താവന പറയുന്നു. വിയോജിക്കുന്നവരുടെ ശബ്ദത്തെ തടവിലാക്കാനുള്ള നീക്കമാണിത്. ഇതനുവദിച്ചുകൂടാ. ജനങ്ങൾ കൊറോണക്കെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിലേർപ്പെട്ടിരിക്കെ സർക്കാർ മാവോയിസ്റ്റുകളെ അന്വേഷിക്കുകയും ലോക്ഡൗണിന്റെ മറവിൽ ഇന്ത്യയിലാകമാനം ഭരണകൂടം അടിച്ചമർത്തൽ വ്യാപകമാക്കിയിരിക്കുകയുമാണ്. അതിൽ പങ്കുചേരുകയാണ് കേരള സർക്കാരും, പോരാട്ടം പറയുന്നു.
കശ്മീരിലെ ഗർഭിണിയുടെ ജയിൽവാസവും, ലോകമറിയുന്ന എഴുത്തുകാരും ചിന്തകരുമായ ആനന്ദ് തെൽ തുംബ്ദേയുടെയും, ഗൗതം നവ് ലാഖയുടെയും അറസ്റ്റും, CAA സമര പോരാളികളെ തടവിലാക്കുന്നതും ഇവിടെ കേരളത്തിൽ ഇപ്പോൾ നടക്കുന്ന റെയ്ഡുകളും അറസ്റ്റുകളും അതാണ് തെളിയിക്കുന്നത്. പന്തീരാങ്കാവ് UAPA കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം കോടതിയുടെ അനുമതിയില്ലാതെ തങ്ങളുടെ തന്നെ നിയമത്തെ കാറ്റിൽപ്പറത്തി നടത്തുന്ന തുടരന്വേഷണവും കസ്റ്റഡികളും നിയമവിരുദ്ധമാണെന്ന് നിയമ വിദഗ്ദർ തന്നെ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി നിരപരാധികളായ യുവാക്കളെ UAPA ചുമത്തി ജയിലിലടച്ച LDF സർക്കാരിനും കേരള പോലീസിനും, കേസേറ്റെടുത്ത NIAക്കും കുറ്റപത്രം സമർപ്പിച്ച ശേഷം കോടതിയിലും ജനങ്ങളുടെ മുന്നിലും ഏൽക്കേണ്ടി വരുന്ന ജാള്യത മറക്കാനും, ഈ അവസരത്തെ ഉപയോഗിച്ച് ഭീമ കൊറഗോവ് മോഡലിൽ കേരളത്തിലും അടിച്ചമർത്തൽ നടത്താനുമുള്ള കേന്ദ്ര-കേരള സർക്കാരുകളുടെയും പോലീസ്, NIA ഗൂഡാലോചനകളുമാണ് ഇതിന് പിന്നിലുള്ളത്. ഇത് തിരിച്ചറിയുകയും വിമത ശബ്ദങ്ങളും വിയോജിപ്പുകളും നിലനിർത്തി മുന്നേറുന്നതിന് നിശബ്ദതയെ ഭേദിച്ചു കൊണ്ട് ജനങ്ങളും ജനാധിപത്യ വിശ്വാസികളും സംഘടനകളും ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും പോരാട്ടത്തിന്‍റെ പ്രസ്താവനയില്‍ പറയുന്നു.