ഇന്ത്യക്കാരല്ലാതാകുന്ന 40 ലക്ഷം മനുഷ്യർക്കിടയിൽ ഞാൻ !

ഇന്ത്യക്കാരല്ലാതാകുന്ന നാൽപത് ലക്ഷം മനുഷ്യർക്കിടയിൽ ഞാൻ എന്നെയും സങ്കൽപിക്കുന്നു.‌ നൂറ്റാണ്ടുകൾക്ക് മുൻപ് പിതൃപരമ്പരയിൽ ആരോ വന്ന് അസമിലൊരിടത്ത് താമസമാക്കിയ ശേഷം ഇന്നത്തെ ഈ രാവ് പുലരിയോട് ചേരുന്നത് വരെയും അവർ ഇന്ത്യക്കാരായിരുന്നു.

നാളെ മുതൽ അവരുടെ സ്ഥിതി എന്താകും ?
അവർ ബംഗ്ലാദേശികളാണ് എന്നാണ്‌ അവരെ പുറത്താക്കുന്നവരുടെ ഭാഷ്യം.‌ പുറത്താക്കപ്പെടുന്നവരോ ബംഗ്ലാദേശോ അതൊട്ട് സമ്മതിക്കുന്നുമില്ല.‌ അതിനാൽ തന്നെ ബംഗ്ലാദേശ് അവരെ സ്വീകരിക്കില്ല.

അപ്പോൾ പിന്നെ ?
കോൺസൻട്രേഷൻ ക്യാമ്പുകൾ പോലെ തുറന്ന ജയിലുകൾ എമ്പാടും സ്ഥാപിക്കപ്പെടും. സൗകര്യങ്ങളൊന്നും ഒരുക്കേണ്ടതില്ലാത്തതിനാൽ വളരെ പെട്ടെന്ന് അവ തയ്യാറാക്കാനാകും.

ഈ ഗുലാഗുകളിൽ വെള്ളവും വെളിച്ചവുമടക്കം‌ സൗകര്യങ്ങളൊന്നുമുണ്ടാകില്ല. ചരക്ക് നീക്കങ്ങൾ ഒന്നുമുണ്ടാകില്ല.‌ നൽപ്പത് ലക്ഷം വായകൾ നിറക്കാനുള്ള ഭക്ഷണം ആരെത്തിക്കാൻ ! രോഗികൾക്കായുള്ള മരുന്നിനെക്കുറിച്ച് ചിന്തിക്കുന്നത് പോലും അവരെ സംബന്ധിച്ചേടത്തോളം‌ ആർഭാഢമായിരിക്കും.‌

ഫലമോ ?
വിശപ്പടക്കാൻ, കുട്ടികളുടെയും‌ പ്രായമായവരുടെയും നിലവിളികൾ കേൾക്കാതിരിക്കാൻ അവർ പിടിച്ചുപറിയും‌ കൊള്ളയും കൊള്ളിവെപ്പും തുടങ്ങാൻ നിർബദ്ധരാകും, നായായും പുലിയായും അവർ നാട് തെണ്ടും. മയക്ക് മരുന്ന് വ്യാപാരങ്ങളിലേർപ്പെടും, സ്ത്രീകൾ മാനം വെച്ച് വിലപേശും. നിയമപരമായ മറ്റു തൊഴിലൊന്നും അവർക്ക് ചെയ്യാനാവില്ലല്ലോ. അവർ ഈ ഭൂമിയിൽ ബസിക്കുന്നേ ഇല്ല. പിന്നെന്തിനാണ് ജോലി !

കശ്മീരിന് പുറമെ അസമിലേക്കും സൈനികരെ വേണ്ടി വരും.‌ എത്ര പേരെ വെടിവെച്ച് കൊല്ലാനാകും സർ ? മടുപ്പ് വരില്ലേ ? തോക്ക് നേരെ പിടിച്ചും കാഞ്ചി വലിച്ചും കൈ കഴക്കില്ലേ ?

അസം തുടക്കമാണ് എന്ന മട്ടിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി സംസാരിക്കുന്നത്. വേണം സർ ബംഗാളിലും മഹാരാഷ്ട്രയിലും‌ തെലങ്കാനയിലും കേരളത്തിലുമൊക്കെ പൗരത്വ രജിസ്റ്റർ ഉണ്ടാക്കണം.‌ ഒരിക്കലും അണയാത്ത നെരിപ്പോടായി രാജ്യം അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ മാറണം. അത്രയൊക്കെയല്ലാതെ രാജ്യത്തിന് മറ്റെന്ത് സേവനമാണ് നമുക്ക് ചെയ്യാനാവുക !
_ ആരിഫ് സെയ്ൻ

Leave a Reply