മനുഷ്യാവകാശം മഅദനിക്കും സായിബാബക്കും ബാധകമല്ലേ ?

മനുഷ്യന്റെ അവകാശങ്ങൾക്കായി ഒരു ദിനം, ഓരോ വർഷവും ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപന പ്രകാരം ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനമായി ആചരിക്കുന്നു. ഓരോ വ്യക്തിക്കും അന്തസും സുരക്ഷയും ഉറപ്പാക്കി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമാണിത്. വീട്, വസ്ത്രം, ഭക്ഷണം എന്നിവയോട് കൂടിയ ജീവിതം നയിക്കാനുള്ള അവകാശം, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവക്കുള്ള സംരക്ഷണം, വാർധക്യം വൈധവ്യം, ശാരീരിക ബലഹീനതകൾ തുടങ്ങിയ അവസ്ഥകളിൽ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിന് മുന്നിലുള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായി തടങ്കലിൽ പാർപ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്രതലത്തിൽ തന്നെ മനുഷ്യാവകാശങ്ങളായി വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു.

മനുഷ്യാവകാശം, മനുഷ്യവകാശ ലംഘനം എന്ന് കേൾക്കുമ്പോൾ ഓർക്കുക, അബ്ദുൽ നാസർ മഅദനിയുടെ മുഖമാണ്. 2019ൽ ലോകം മനുഷ്യാവകാശ ദിനം ആചരിക്കുമ്പോൾ, ഇന്ത്യയിൽ തുടർച്ചയായ മനുഷ്യാവകാശ ലംഘനങ്ങൾക്കിരയായി മഅദനി ജീവിക്കുന്നു. പൊലീസ് എഴുതി തയ്യാറാക്കിയ തിരക്കഥയിൽ 21 വർഷത്തിലധികമായി അദ്ദേഹം ജന്മനാടിന് പുറത്ത് ഭരണകൂടവേട്ടയുടെ നേർസാക്ഷ്യമായി കഴിയുന്നു.

അടിച്ചമര്‍ത്തപ്പെട്ടവരെ അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യവുമായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ മഅദനിക്കെതിരെയുള്ള വേട്ട ആരംഭിക്കുന്നത് 1992 ആഗസ്റ്റ് 6ന് സംഘ് പരിവാർ ആയിരുന്നു. ബോംബാക്രമണത്തിലൂടെ അവർ അദ്ദേഹത്തിന്റെ വലതുകാൽ നഷ്ടപ്പെടുത്തി. ഒരു വീല്‍ചെയറില്‍ ഒതുങ്ങുമെന്ന് ശത്രുക്കള്‍ കരുതിയ അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം അവിടംകൊണ്ടും അവസാനിപ്പിച്ചില്ല. അടുത്ത ഘട്ടത്തില്‍ സംഘ് പരിവാറിന് പകരം അവരാല്‍ നിയന്ത്രിതമായ ഭരണകൂടത്തിന്‍റെ വേട്ട തുടങ്ങുന്നു. 1998 മാർച്ച് 31ന് കോയമ്പത്തൂർ സ്ഫോടന കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഒരു കാൽ മാത്രമുള്ള ആ മനുഷ്യനെ 10 വർഷക്കാലം പരോൾ പോലും അനുവദിക്കാതെ തടവറയിലടച്ചു. നീണ്ട നിയമയുദ്ധങ്ങൾക്ക് ശേഷം നിരപരാധിയാണെന്ന് കണ്ടെത്തിയ കോടതി 2007 ആഗസ്റ്റ് 1ന് അദ്ദേഹത്തെ ജയിലിൽ നിന്നും പുറത്തുവിട്ടു.

എന്നാൽ പ്രതികാരദാഹിയായ ഭരണകൂടം അദ്ദേഹത്തിന് അടുത്ത കുരുക്ക് ഒരുക്കിവെച്ചിരുന്നു. ബെംഗളൂര്‍ സ്ഫോടന കേസില്‍ 2010 ആഗസ്റ്റ് 17ന് മഅദനിയെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നിയമപോരാട്ടത്തെ തുടർന്ന് വർഷങ്ങൾക്ക് ശേഷം കർശന ഉപാധികളോടെ ജാമ്യം ലഭിച്ചെങ്കിലും പൂർണ്ണമായും ഭരണകൂടത്തിന്റെ നിരീക്ഷണത്തിൽ ബെംഗളൂര്‍ തന്നെ കഴിയണം. മാരകമായ അസുഖങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്ന അദ്ദേഹത്തിന് ചികിത്സ തേടണമെങ്കിൽ പൊലീസിന്റെ പ്രത്യേക അനുമതി വേണം. ഉമ്മയുടെ മരണാന്തരം, അവസാനമായി അവരെ കാണാൻ നാട്ടിലെത്തിയ അദ്ദേഹത്തിൽ നിന്നും സുരക്ഷാ ചിലവിന്റെ പേരിൽ ലക്ഷങ്ങൾ തന്നെ സർക്കാർ ഈടാക്കിയിരുന്നു. ഒരു പൗരൻ അർഹിക്കുന്ന അവകാശങ്ങൾ നിഷേധിക്കുന്നതോടൊപ്പം തന്നെ, സാക്ഷികൾ അദ്ദേഹത്തിന് എതിരെ കള്ളമാണ് പറഞ്ഞതെന്നും അതൊരു കെട്ടിച്ചമച്ച കേസാണെന്നും വ്യക്തമായിട്ടും മഅദനിയുടെ വിചാരണ 9 വർഷമായി നീട്ടിക്കൊണ്ടു പോവുകയാണ്.

മഅദനിയെ പോലെ സമാനമായൊരു അവസ്ഥയിലൂടെ കടന്നുപോകുന്ന രാഷ്ട്രീയ തടവുകാരനാണ് മനുഷ്യാവകാശ പ്രവർത്തകനും ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസസറുമായ ജി എൻ സായിബാബ. 90 ശതമാനം അംഗവൈകല്യം ബാധിച്ച വീൽചെയറിൽ കഴിയുന്ന അദ്ദേഹം വർഷങ്ങളായി നാഗ്പൂർ സെൻട്രൽ ജയിലിലാണ്. സായിബാബക്ക് ആവശ്യംവേണ്ട മരുന്നുകൾ പോലും അധികൃതർ മാസങ്ങളോളം വൈകിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇവരെപ്പോലെ അനേകം രാഷ്ട്രീയ തടവുകാർ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടു ജയിലുകളിൽ നരകയാതന അനുഭവിക്കുമ്പോൾ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശത്തെ കുറിച്ചുള്ള വാഗ്ദാനങ്ങൾ വെറും പാഴ്വാക്കുകളാണ് എന്നു ഓർമ്മിപ്പിക്കുകയാണ് ഈ മനുഷ്യാവകാശദിനവും.
_ മുഹമ്മദ് ജസീല്‍

Leave a Reply