സംഘ്പരിവാറിന്റെ വംശീയോന്മൂലന പദ്ധതിക്കെതിരെ പ്രതിഷേധ കൊടുങ്കാറ്റുയർത്തുക

എൻ.ആർ.സി എന്നത് പൗരത്വവും അതുമായി ബന്ധപ്പെട്ട അവകാശങ്ങളും റദ്ദ് ചെയ്യലും പുറന്തള്ളലുമാണ്. സി.എ.ബി എന്ന പൗരത്വ ഭേദഗതി ബില്ലാകട്ടെ ഒരേ സമയം സെലക്റ്റീവായ പൗരത്വ വാഗ്ദാനവും പൗരത്വ നിഷേധവുമാണ്. എൻ.ആർ.സിയിൽ നിന്ന് ഭിന്നമായി സി.എ.ബിയിൽ മതവിഭാഗങ്ങളെ എടുത്തു പറഞ്ഞിരിക്കുന്നു. ഹിന്ദു – ക്രൈസ്തവ – ബുദ്ധ – പാഴ്സി – സിഖ് – ജൈന മതവിഭാഗങ്ങൾക്ക് പൗരത്വം കൊടുക്കും എന്ന് പറയുന്നതിനേക്കാൾ മുസ്‌ലിംകൾക്ക് പൗരത്വം കൊടുക്കുകയില്ല എന്നതാണ് ഭേദഗതി. അതങ്ങനെത്തന്നെ പറയുന്നതാണ് ശരി.

മതം പ്രത്യേകമായി എടുത്തു പറയാത്ത എൻ.ആർ.സിയും ഒരു മതം മാത്രം പ്രത്യേകമായി എടുത്തു പറയുന്ന സി.എ.ബിയും ഒരുമിച്ചു നടപ്പിലാക്കുന്നതോടെ സംഭവിക്കുന്നത് മുസ്‌ലിമിനെ പുറന്തള്ളുക എന്നത് മാത്രമാണ്. ഇത്തരത്തിൽ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന വിഭാഗമാക്കി മുസ്‌ലിം സമൂഹത്തെ മാറ്റുക. സംഘ്പരിവാറിന്റെ വംശീയ ജനാധിപത്യ പ്രക്രിയയിലൂടെ, ജനപ്രതിനിധികളുടെ വോട്ടിങ്ങിലൂടെ, നിയമവിധേയമായി ഒരു ജനതയെ വംശഹത്യ നടത്തുക. ലീഗലൈസ്ഡ് ജെനോസൈഡൽ പ്രൊജക്റ്റ് ആണിത്.

ഈ പദ്ധതിയെ ചെറുത്തു തോൽപിക്കണം. വംശീയ ഉള്ളടക്കം മാത്രമേ ഇതിനുള്ളൂ. ഒരു വിഭാഗത്തിന് മാത്രമായി പൗരത്വം നിഷേധിക്കുന്നതിന് മറ്റൊരു ന്യായീകരണവുമില്ല. ഭരണഘടനാ വിരുദ്ധമാണിത്. കാലങ്ങളായി തുടർന്ന് പോരുന്ന മുസ്‌ലിം അപരവൽകരണ പദ്ധതികളുടെ ഏറ്റവും അപകടകരവും പ്രത്യക്ഷവുമായ പ്രയോഗമാണിത്.

നാളെ മനുഷ്യാവകാശ ദിനത്തിൽ കേരളത്തിലെ ക്യാമ്പസുകളും യൂണിവേഴ്സിറ്റികളും പൗരത്വ ഭേദഗതി ബിൽ കത്തിച്ചു പ്രതിഷേധിക്കുക. വിദ്യാർത്ഥി യുവജനങ്ങൾ മുന്നിട്ടിറങ്ങി സംഘ്പരിവാറിന്റെ വംശീയ ഉന്മൂലന പദ്ധതികൾക്കെതിരെ പ്രതിഷേധ കൊടുങ്കാറ്റുയർത്തുക.
_ ഷംസീര്‍ ഇബ്രാഹിം
Photo Courtesy_ Reuters

Leave a Reply