നമുക്ക് ഉറക്കെ പറയാം, ഇന്ത്യയിലെ നിയമവ്യവസ്ഥ പരാജയമാണ്
“Justice delayed is justice denied”
സുപ്രീം കോടതി 2014 നവംബർ 14ന് ബാംഗ്ലൂർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് അബ്ദുൽ നാസർ മഅദനി നൽകിയ ജാമ്യപേക്ഷ പരിഗണിക്കവെ, കർണ്ണാടക പ്രോസിക്യൂട്ടറോടും സർക്കാരിനോടും കർക്കശമായ രീതിയിൽ സംസാരിക്കുകയുണ്ടായി. ജാമ്യാപേക്ഷ പരിഗണിച്ച ബഞ്ച് ഉത്തരവിട്ടത്, ബാംഗ്ലൂർ സ്ഫോടന കേസിന്റെ വിചാരണ 4 മാസം കൊണ്ട് തീർക്കണമെനന്നായിരുന്നു. ഈ ഉത്തരവിടാൻ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഈ കേസിൽ അകപ്പെട്ടിരിക്കുന്നതിൽ ഒട്ടുമിക്ക ആളുകളും നിരപരാധികളാണ്. രണ്ട്, പ്രതി ചേർക്കപ്പെട്ടവരുടെ ആരോഗ്യ പ്രശ്നങ്ങളും.
തന്റെ ആരോഗ്യവസ്ഥയിൽ ബുദ്ധിമുട്ടുണ്ടെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് മഅദനി അന്ന് ഹർജി നൽകിയത്. എന്നാൽ 5 വർഷം പിന്നിട്ടപ്പോഴും കേസിന്റെ സ്ഥിതിഗതികൾ അതേപടി നിലനിൽക്കുകയാണ്. ഏറ്റവുമൊടുവിൽ, കഴിഞ്ഞ ദിവസം മഅദനിക്ക് നിർബന്ധപൂർവ്വം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യേണ്ടി വന്നു. ഭരണകൂടത്തിന്റെ സമ്മർദ്ദം തന്നെയാണ് കാരണം, പ്രോസിക്യൂഷനെ നിയന്ത്രിക്കുന്നത് സർക്കാരാണ്.
പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാൾക്കും, ഇനി അയാൾ പ്രതിയാണങ്കിലും അടിസ്ഥാനപരമായി നിയമസംവിധാനങ്ങൾക്കും സർക്കാരിനും അവരുടെ ആരോഗ്യനില പരിഗണിക്കേണ്ട ഉത്തരവാദിത്വമുണ്ട്. ഭരണഘടന നൽകുന്ന അവകാശമാണത്. ഇത്തരത്തിൽ പ്രതികകളുടെ ആരോഗ്യവസ്ഥ പരിഗണിച്ചു ആനുകൂല്യങ്ങൾ നൽകിയതിന്റെ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. എന്നാൽ മഅദനിക്ക് ചികിത്സ നിഷേധിക്കുന്നു, പ്രത്യേകിച്ചും ജാമ്യത്തിൽ കഴിയുന്ന ഒരു കുറ്റം ആരോപിക്കപ്പെട്ട ഒരാൾക്ക്.
ബാംഗ്ലൂർ സ്ഫോടന കേസിന്റെ വിചാരണ നടത്തുന്നത് സ്പെഷ്യൽ കോർട്ടാണ്. കേസിൽ 3 തവണയാണ് ജഡ്ജി മാറിയത്. ഒരു കേസിന്റെ വാദം മാത്രം കേൾക്കുന്ന കോടതിക്ക് കഴിഞ്ഞ 10 വർഷമായിട്ടും വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലായെന്നത് ഇന്ത്യൻ നിയമവ്യവസ്ഥയുടെ പരാജയമാണന്ന് തർക്കമില്ലാതെ പറയാൻ കഴിയും.
ഇതേ നിയമസംവിധാനത്തിന്റെ ആപ്തവാക്യമാണ്, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന്. മഅദനിക്ക് തന്റെ ജീവിതത്തിന്റെ 10 വർഷക്കാലം കോയമ്പത്തൂർ അകപ്പെട്ട് ജയിലിൽ യൗവനം ഹോമിക്കേണ്ടി വന്നു, അവസാനം നിരപരാധിയെന്നു കണ്ടെത്തി പുറത്തുവിട്ടു. അതിനുശേഷം ബാംഗ്ലൂർ കേസിൽ 10 വർഷം തികയുന്നു, ഇന്നേവരെ ഒരു തെളിവ് പോലും ഹാജരാക്കാൻ പ്രോസിക്യൂട്ടർക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നമുക്ക് ഉറക്കെ പറയാം, ഇന്ത്യയിലെ നിയമവ്യവസ്ഥ പരാജയമാണ്, അത് സൃഷ്ടിച്ചത് മനുഷ്യരെ അകാരണമായി ജയിലിലടക്കാനാണ്.
_ മുഹമ്മദ് വഫ