മോദി കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ സേവനങ്ങളുടെ സാമ്പിളുകള്‍ ഇതാ!

“അഞ്ച് വര്‍ഷത്തേക്കുള്ള നികുതിയിളവ് ഇനത്തില്‍ അദാനി നേടിയെടുത്തത് 3,200 കോടി രൂപയുടെ ലാഭമാണ്. ഭൂകമ്പത്തില്‍ തകര്‍ന്ന കച്ച് മേഖലയുടെ പുനസ്ഥാപനത്തിന് ചെലവഴിച്ച തുകയുടെ നാലിരട്ടിയിലധികം വരും ഇത്…”
ഫാഷിസവും
ചങ്ങാത്ത മുതലാളിത്തവും
Part-7

_ കെ സഹദേവൻ

2001 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നരേന്ദ്ര മോദി കോര്‍പ്പറേറ്റുകള്‍ക്കായി നല്‍കിയ സേവനങ്ങളുടെ സാമ്പിളുകള്‍ ഇതാ. വിസ്താര ഭയത്താല്‍ കാര്യങ്ങള്‍ ചുരുക്കിപ്പറയുന്നു.

ഭാവ്‌നഗര്‍ ജില്ലയിലെ മഹുവയില്‍ തീരപ്രദേശങ്ങളിലെ ചുണ്ണാമ്പുകല്ല് ഖനനത്തിനായി നിര്‍മ കമ്പനിക്ക് 3460 ഹെക്ടര്‍ സ്ഥലമാണ് മോദി അനുവദിച്ചു നല്‍കിയത്. ഫലഭൂയിഷ്ടമായ കൃഷിഭൂമിയും പുല്‍മൈതാനങ്ങളുമാണ് ഈ രീതിയില്‍ നിര്‍മ്മയ്ക്ക് പതിച്ചുനല്‍കിയത്. കര്‍ഷകരുടെ മുന്‍കൈയ്യില്‍ വന്‍തോതിലുള്ള പ്രക്ഷോഭം ഇതിനെതിരെ ഉയര്‍ന്നുവന്നിരിക്കയാണ്. (ഈ നിര്‍മ്മ സ്ഥാപനത്തിന്റെ ഉടമ കര്‍സന്‍ഭായ് പട്ടേല്‍ ആണ് 2003 ഫെബ്രുവരി 6ന് ദില്ലിയില്‍ നടന്ന യോഗത്തില്‍ മോദിക്ക് വേണ്ടി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിനെ പിളര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയത്).

എല്‍ & ടി കമ്പനിക്കായി സൂറത്ത് ജില്ലയിലെ ഹാസിരയില്‍ 8 ലക്ഷം ചതുരശ്ര മീറ്റര്‍ ഭൂമി സര്‍ക്കാര്‍ നല്‍കിയത് ച.മീറ്ററിന് ഒരു രൂപ എന്ന നിരക്കിലാണ്. ഇതിനായി മറ്റ് കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ലേലമോ മറ്റോ നടന്നതുമില്ല.

സിംഗൂരില്‍ നിന്നും ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഗുജറാത്തിലേക്ക് പറിച്ചു നടപ്പെട്ട ടാറ്റയുടെ നാനോ നിര്‍മ്മാണ ഫാക്ടറിക്ക് മോദി നല്‍കിയ സൗജന്യങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. ബംഗാള്‍ ഗവണ്‍മെന്റിന്റെ പിടിപ്പുകേടായും മോഡിയുടെ സാമര്‍ത്ഥ്യമായും പ്രചരിപ്പിക്കപ്പെടുന്ന നാനോ കഥയ്ക്ക് പിന്നില്‍ പൊതുഖജനാവില്‍ നിന്ന് നഷ്ടമാകുന്ന കോടികളുടെ കണക്ക് കൂടി ചേര്‍ക്കാനുണ്ട്. ചതുരശ്ര മീറ്ററിന് 10,000 രൂപ വിപണി മൂല്യമുള്ള ഭൂമി ടാറ്റയ്ക്ക് പതിച്ചു നല്‍കിയത് 900 രൂപയ്ക്കാണ്. ഈ രീതിയില്‍ 1,106 ഏക്കര്‍ ഭൂമിയാണ് സാനന്ദില്‍ നാനോ ഫാക്ടറിക്കായി നല്‍കിയത്. 3,300 കോടി രൂപ ഈയിനത്തില്‍ ടാറ്റയ്ക്ക് ലാഭമുണ്ടായി. ഭൂമിയുടെ വില തവണകളായി അടക്കാനുള്ള സൗകര്യവും ഗവണ്‍മെന്റ് അനുവദിച്ചുകൊടുത്തു.

കൂടാതെ 0.01% പലിശ നിരക്കില്‍ 9,570 കോടി രൂപയുടെ കടവും 20 വര്‍ഷത്തെ മൊറൊട്ടോറിയത്തോടെ പാവപ്പെട്ട ടാറ്റയ്ക്ക് മോദി സമ്മാനിച്ചു. കമ്പനിയിലേക്ക് സര്‍ക്കാര്‍ വക റോഡ് റെയില്‍ സൗകര്യങ്ങള്‍ വേറെയും. ഒരു നാനോ കാര്‍ ഫാക്ടറിയില്‍ നിന്ന് പുറത്തുകടക്കുമ്പോഴേക്കും 60,000 രൂപയിലധികം പൊതുഖജനാവില്‍ നിന്ന് മുടക്കിയിരിക്കും! ”You are stupid, if you are not in Gujarat’ (നിങ്ങൾ ഗുജറാത്തിൽ അല്ലെങ്കിൽ നിങ്ങളൊരു വിഡ്ഢിയാണ് ) എന്ന് രത്തന്‍ ടാറ്റ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. (ടാറ്റയുടെ നാനോ കാര്‍ പദ്ധതി പൂട്ടിക്കെട്ടി. നാനോ പദ്ധതിയെ തുടക്കംതൊട്ട് എതിര്‍ത്തിരുന്ന സൈറസ് മിസ്ത്രി അപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്തു).

തീരദേശ നിയന്ത്രണ നിയമം കര്‍ശനമായി നടപ്പിലാക്കേണ്ട പ്രദേശങ്ങളില്‍ എസ്സാര്‍ ഗ്രൂപ്പിനായി 2.08 ലക്ഷം ച.മീറ്റര്‍ ഭൂമി ഗുജറാത്ത് ഗവണ്‍മെന്റ് നല്‍കുകയുണ്ടായി. ഇത് കേസായി കോടതിയിലെത്തിയപ്പോള്‍ കമ്പനിക്ക് കോടതി പിഴ വിധിച്ചു. 20 ലക്ഷം രൂപ സന്തോഷത്തോടെ പിഴ നല്‍കിക്കൊണ്ട് കമ്പനി തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനസ്യൂതം തുടര്‍ന്നു.

വ്യവസായ ഗ്രൂപ്പുകളില്‍ മോദിയുടെ ഇഷ്ടഭാജനമായ അദാനി ഗ്രൂപ്പിന് വേണ്ടി മോദി നല്‍കിയ സേവനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. 2002 മുതല്‍ 2011 വരെയുള്ള കാലയളവില്‍ അദാനി ഗ്രൂപ്പിന്റെ വിപണി മൂലധന സ്വരൂപണത്തിലെ വര്‍ദ്ധനവ് 8615 ശതമാനമാണെന്ന് കണക്കുകള്‍ തെളിവുനല്‍കുന്നു. പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനായി 15,000 കോടി രൂപയുടെ കരാര്‍ അദാനി ഗ്രൂപ്പ് ഗുജറാത്ത് സര്‍ക്കാരുമായി ഒപ്പുവെക്കുകയുണ്ടായി.

അഞ്ച് വര്‍ഷത്തേക്കുള്ള നികുതിയിളവ് ഇനത്തില്‍ അദാനി നേടിയെടുത്തത് 3,200 കോടി രൂപയുടെ ലാഭമാണ്. ഭൂകമ്പത്തില്‍ തകര്‍ന്ന കച്ച് മേഖലയുടെ പുനസ്ഥാപനത്തിന് ചെലവഴിച്ച തുകയുടെ നാലിരട്ടിയിലധികം വരും ഇത്. അദാനിയുടെ പ്രത്യേക സാമ്പത്തിക മേഖലയിലെ നിക്ഷേപം 1.31,702 കോടി രൂപയാണെന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. എന്നാല്‍ 38,875 തൊഴിലുകള്‍ മാത്രമേ ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളൂ. അതായത് ഒരു തൊഴിലിന് 3.38 കോടി രൂപ. കൊട്ടിഘോഷിച്ച ഗുജറാത്ത് മോഡലിന്റെ പൊള്ളത്തരങ്ങള്‍ ഈ രീതിയില്‍ എത്ര വേണമെങ്കിലും ഉദാഹരിക്കാം.

തൊഴില്‍ വളര്‍ച്ച?

വ്യാവസായിക വളര്‍ച്ചയോടൊപ്പം സംഭവിക്കേണ്ട ഒന്നാണ് തൊഴില്‍ മേഖലയില്‍ ഉണ്ടാകേണ്ട കുതിപ്പ്. എന്നാല്‍ വിരോധാഭാസമെന്നു തന്നെ പറയാം, മോദി ഭരണത്തില്‍ ഗുജറാത്തില്‍ ഈ മേഖലയില്‍ കാര്യമായ കുതിച്ചുചാട്ടമൊന്നും ഉണ്ടായിട്ടില്ല. നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്റെ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത് തൊഴില്‍ മേഖലാ രംഗത്ത് വന്‍തോതിലുള്ള ഇടിവാണ് സംഭവിച്ചിട്ടുള്ളത് എന്നാണ്. ഗ്രാമീണ ഗുജറാത്ത് ഇക്കാര്യത്തില്‍ അങ്ങേയറ്റത്തെ പിന്നോക്കാവസ്ഥയിലാണെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നുണ്ട്.

കാര്‍ഷിക മേഖലയില്‍ ഗര്‍ഹണീയമായ സ്ഥാനമുള്ള ചെറുകിട – ഇടത്തരം കര്‍ഷകര്‍ തങ്ങളുടെ കൃഷി ഭൂമി വില്‍ക്കുന്ന പ്രവണത കൂടിയിട്ടുണ്ട് സംസ്ഥാനത്ത്. ഇതിന്റെ ഏറ്റവും അപകടകരമായ പരിണാമമെന്നത് ജനങ്ങള്‍ വളരെപ്പെട്ടെന്നു തന്നെ തൊഴില്‍രഹിതരായി മാറുന്നു എന്നതാണ്. പ്രത്യേക സാമ്പത്തിക മേഖലകളിലൂടെ ഗ്രാമീണ മേഖലകളില്‍ സൃഷ്ടിച്ചെടുക്കുന്ന തൊഴിലുകള്‍ ഗ്രാമീണര്‍ക്ക് ഉപകാരപ്പെടുന്നില്ല എന്ന കാര്യവും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗുജറാത്തില്‍ തൊഴില്‍ശക്തി പൊതുവില്‍ ഉയര്‍ന്നതാണെങ്കിലും തൊഴിലിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ വലിയൊരളവോളം തൊഴിലുകളും അനൗപാരിക മേഖലകളിലുള്ളതാണ്. അനൗപചാരിക മേഖലയില്‍ തൊഴിലുകളുടെ എണ്ണം പെരുകുമ്പോള്‍ സ്വാഭാവികമായും സംഭവിക്കുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ പ്രവാഹമായിരിക്കും. ഇത് തൊഴില്‍ മേഖലയില്‍ അസ്ഥിരതയും ചൂഷണവും വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കും.

ശരാശരി വേതനത്തിന്റെ കാര്യത്തില്‍ ഗുജറാത്ത് അങ്ങേയറ്റം പിന്നോക്കമാണ്. ഇക്കാര്യത്തില്‍ ഗുജറാത്തിന്റെ സ്ഥാനം 14-ാമതാണ്. വേതന നിരക്കിലെ വന്‍വിടവ് കൊണ്ടുചെന്നെത്തിക്കുന്നത് വന്‍തോതിലുള്ള ചൂഷണത്തിലേക്കും കരാര്‍ തൊഴിലാളികളെ കൂടുതല്‍ കൂടുതലായി ഉപയോഗിക്കുന്നതിലേക്കുമായിരിക്കും. നഗരങ്ങളിലെ അനൗപചാരിക തൊഴില്‍ മേഖലയിലെ ശരാശരി വേതനം 106 രൂപയാണെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വ്വേ 2011 ചൂണ്ടിക്കാട്ടുന്നു. ഇതേ സമയം കേരളത്തിലിത് 218 രൂപയാണ്. ഗ്രാമീണ മേഖലയില്‍ 152 രൂപയുമായി പഞ്ചാബ് മുന്നില്‍ നില്‍ക്കുമ്പോള്‍ 83 രൂപയുമായി ഗുജറാത്ത് 12ാം സ്ഥാനത്താണ്.

സാമ്പത്തിക-വ്യാവസായിക വളര്‍ച്ചയെപ്പറ്റി വാതോരാതെ സ്വയം പ്രശംസിച്ചുകൊണ്ടിരിക്കുന്ന മോഡിയുടെ ഗുജറാത്തില്‍ 98% സ്ത്രീ തൊഴിലാളികളും 89% പുരുഷ തൊഴിലാളികളും തൊഴില്‍ ചെയ്യുന്നത് അനൗപചാരിക മേഖലയിലാണെന്നും സര്‍വ്വേ ഫലം തെളിയിക്കുന്നു. (നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍ 2011). ഇന്ത്യയിലെ തൊഴിലാളികളും അദാനിയും തമ്മിലുള്ള വരുമാന വിടവ് മനസ്സിലാക്കാന്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഴാങ് ഡ്രീസ് നല്‍കിയ ഉദാഹരണം നോക്കുക:
”It would take *one million years* for 100 workers working non-stop at the minimum wage to earn as much as Adani already has”
(തുടരും)

Cartoon_ Courtesy

ഈ ലേഖനത്തിന്റെ ആദ്യഭാഗങ്ങൾ

Follow us on | Facebook | Instagram Telegram | Twitter