ലോകത്തിലെ ഏറ്റവും വലിയ ‘ജനാധിപത്യ’ രാജ്യം അവിടുത്തെ പൗരന്മാരോട് ചെയ്യുന്നത്

“ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് ജനാധിപത്യ ധ്വംസനം നടക്കുമ്പോള്‍ പ്രതികരിക്കുന്ന നമ്മള്‍ നിരായുധരായ ഒരു ജനതയ്ക്ക് മേല്‍ ‘തെരഞ്ഞെടുക്കപ്പെട്ട’ ഗവണ്‍മെന്റ് നിരന്തരമായി വ്യോമാക്രമണം നടത്തുമ്പോള്‍ സൗകര്യപ്രദമായ മൗനത്തിലേക്ക് വഴുതിമാറുന്നത് കാര്യങ്ങളെ സംബന്ധിച്ച അജ്ഞതകൊണ്ടുമാത്രമല്ല. ഛത്തീസ്ഗഢും ഝാര്‍ഘണ്ടും, ബീഹാറും, ഒഡീഷയും മധ്യപ്രദേശും അടക്കമുള്ള ഇന്ത്യയിലെ മിനറല്‍ കോറിഡോറിലെ ആദിവാസി ജനതയുടെ മനുഷ്യാവകാശവും ജനാധിപത്യാവകാശങ്ങളും നാം അനുഭവിച്ചുപോരുന്ന ഭൗതിക സുഖസൗകര്യങ്ങളുടെ നിരന്തര പ്രവാഹത്തിന് തടസ്സമാകും എന്ന ഭയംകൊണ്ടുകൂടിയാണ്…”

കെ സഹദേവൻ

ഛത്തീസ്ഗഢിലെ പ്രസിദ്ധമായ ബസ്തര്‍ മേഖലയിലെ ഗ്രാമീണരുടെ ചിത്രമാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്. ഈ ഗ്രാമീണര്‍ അവിടെ തടിച്ചുകൂടിയിരിക്കുന്നത് രാമനവമി ആഘോഷിക്കാനല്ല. മറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഈ മേഖലയില്‍ തുടര്‍ച്ചയായി നടക്കുന്ന ഏരിയല്‍ ബോംബിംഗില്‍ പ്രതിഷേധിക്കാനാണ്!!

ഏരിയല്‍ ബോംബിംഗ്!!!

രാജ്യത്തെ ഇതര മേഖലകളിലെ ജനങ്ങള്‍ക്ക് തികച്ചും അവിശ്വസനീയമായി തോന്നാവുന്ന ഈയൊരനുഭവം ഏതാനും വര്‍ഷങ്ങളായി നിരന്തരം അനുഭവിച്ചുവരികയാണ് നിര്‍ഭാഗ്യരായ ബസ്തര്‍ മേഖലയിലെ ജനത.

ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയിലെ സന്ദര്‍ശനത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനമാണ് ഏറ്റവും പുതിയ പ്രകോപനത്തിന് ആധാരം. ”ബസ്തര്‍ മേഖലയില്‍ നിന്ന് മാവോയിസ്റ്റുകളെ തുടച്ചുനീക്കും” എന്ന അമിത് ഷായുടെ പ്രഖ്യാപനത്തിന് ശേഷം പാരാ മിലിറ്ററി, പോലീസ് സംവിധാനങ്ങള്‍ ഉപയോഗിച്ച്, ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെ, ബസ്തര്‍ മേഖലയില്‍ ഏരിയല്‍ ബോംബിംഗ് നടക്കുകയാണ്.

2023 ഏപ്രില്‍ 7 മുതല്‍ ഏപ്രില്‍ 11 വരെയുള്ള തീയ്യതികളില്‍ ഈ രീതിയില്‍ നിരവധി തവണ തുടര്‍ച്ചയായ ബോംബാക്രമണം ബസ്തര്‍ ഏരിയയില്‍ നടന്നു. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന ജബ്ബഗട്ട, മീണഗട്ട, കവാര്‍ഗട്ട, ബാട്ടിഗുഡ തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങളാണ് ചിത്രത്തില്‍.

യാതൊരു മുന്നറിയിപ്പും കൂടാതെ കടന്നുവരുന്ന ഹെലികോപ്റ്ററുകളില്‍ നിന്ന് ഡ്രോണുകളുടെ സഹായത്തോടെ വര്‍ഷിക്കപ്പെടുന്ന ബോംബുകള്‍ വനമേഖലയില്‍ മഹുവയും മറ്റ് വന വിഭവങ്ങളും ശേഖരിക്കാനെത്തുന്ന ആദിവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ട്. നിരവധി ഗ്രാമീണര്‍ ബോംബ് ചീളുകള്‍ ഏറ്റ് പരിക്കേറ്റ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന ആകാശബോംബിംഗിന് പിന്നില്‍ മാവോയിസ്റ്റ് വേട്ടയ്ക്കപ്പുറം വലിയ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ഉണ്ടെന്നകാര്യം ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയാണ്.

ധാതുവിഭവങ്ങളാല്‍ സമൃദ്ധമായ ബസ്തര്‍ മേഖലയില്‍ നിന്നും ആദിവാസികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള ആസൂത്രിത നടപടികളാണ് ഗവണ്‍മെന്റ് നടത്തിക്കൊണ്ടിരിക്കുന്നത്.

സുപ്രീം കോടതിയുടെ ഇടപെടലിനെതുടര്‍ന്ന് നിരോധിക്കപ്പെട്ട സല്‍വാ ജൂദൂം പ്രവര്‍ത്തനങ്ങളിലൂടെ ദണ്ഡേവാദ, ബിജാപൂര്‍ ജില്ലകളില്‍ ഈ രീതിയില്‍ ഹെക്ടര്‍ കണക്കിന് ഭൂമി ആദിവാസികളില്‍ നിന്ന് കയ്യടക്കിയതിന്റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഇതുസംബന്ധിച്ച അന്വേഷണങ്ങളില്‍ ഏര്‍പ്പെടുന്ന ഏത് സ്വതന്ത്ര ഏജന്‍സികളെയും മാവോയിസ്റ്റ് മുദ്ര കുത്തി ജയിലലടയ്ക്കുകയോ കേസില്‍ പെടുത്തി ഭീഷണിപ്പെടുത്തുകയോ ആണ് സര്‍ക്കാരുകള്‍ ചെയ്യുന്നത്. ഇതിന്റെ പുനരാവര്‍ത്തനം മാത്രമാണ് ബസ്തര്‍ മേഖലയില്‍ നടക്കുന്ന ആകാശ ബോംബിംഗ്.

ഛത്തീസ്ഗഢില്‍ മനുഷ്യാവകാശം വേണ്ടേ?!

ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് ജനാധിപത്യ ധ്വംസനം നടക്കുമ്പോള്‍ പ്രതികരിക്കുന്ന നമ്മള്‍ നിരായുധരായ ഒരു ജനതയ്ക്ക് മേല്‍ ‘തെരഞ്ഞെടുക്കപ്പെട്ട’ ഗവണ്‍മെന്റ് നിരന്തരമായി വ്യോമാക്രമണം നടത്തുമ്പോള്‍ സൗകര്യപ്രദമായ മൗനത്തിലേക്ക് വഴുതിമാറുന്നത് കാര്യങ്ങളെ സംബന്ധിച്ച അജ്ഞതകൊണ്ടുമാത്രമല്ല. ഛത്തീസ്ഗഢും ഝാര്‍ഘണ്ടും, ബീഹാറും, ഒഡീഷയും മധ്യപ്രദേശും അടക്കമുള്ള ഇന്ത്യയിലെ മിനറല്‍ കോറിഡോറിലെ ആദിവാസി ജനതയുടെ മനുഷ്യാവകാശവും ജനാധിപത്യാവകാശങ്ങളും നാം അനുഭവിച്ചുപോരുന്ന ഭൗതിക സുഖസൗകര്യങ്ങളുടെ നിരന്തര പ്രവാഹത്തിന് തടസ്സമാകും എന്ന ഭയംകൊണ്ടുകൂടിയാണ്.

അനിയന്ത്രിതമായ വിഭവ ചൂഷണവും അസന്തുലിതമായ വിഭവ പ്രവാഹവും വിഭവ സമൃദ്ധമായ ഭൂപ്രദേശങ്ങളിലെ ജനതയുടെ എല്ലാ മാനവിക അവകാശങ്ങളും കവരുമെന്നത് ചരിത്രപാഠമാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടത്തിയ വിഭവക്കൊള്ളയെക്കുറിച്ച് ബ്രിട്ടനില്‍ വാചാലനായ ശശിതരൂരിന്റെ ധൈര്യത്തെ സംബന്ധിച്ച് ആവേശം കൊള്ളുന്ന അതേ നമ്മള്‍ ആഭ്യന്തര കോളനികളില്‍ നാം നടത്തുന്ന വിഭവകൊള്ളയെക്കുറിച്ചും മനുഷ്യാവകാശ ധ്വംസനത്തെക്കുറിച്ചും മൗനം അവലംബിക്കുകയാണ്. കൗബോയ് സമ്പദ്ശാസ്ത്രത്തിന്റെ ആരാധകനായ തരൂരിനും ബസ്തര്‍ ഒരു മേച്ചില്‍പ്പുറം മാത്രമാകുന്നത്, വിഭവ കോളനികള്‍ സാധ്യമാക്കിയില്ലെങ്കില്‍ വളര്‍ച്ച സാധ്യമല്ലാത്ത ഒരു വികസന സമ്പദ്ശാസ്ത്രത്തിന് അടിമകളായതുകൊണ്ടുമാത്രമാണ്. നഗരങ്ങളില്‍ നിന്ന് ഗ്രാമീണ വനമേഖലകളിലേക്ക് വികസിക്കാത്ത ജനാധിപത്യ -മനുഷ്യാവകാശ ബോധങ്ങളുടെ കാപട്യം കൂടിയാണത്..
_ കെ സഹദേവൻ

Follow us on | Facebook | Instagram Telegram | Twitter