സുധിര്‍ ധാവലെയെ ഹിന്ദുത്വ ഭരണകൂടം ഭയക്കുന്നതെന്തുകൊണ്ട്?

“ധാവലെ ഒരു നക്സലൈറ്റാണെന്നും അതിനാൽ ഈ സാഹിത്യങ്ങളെല്ലാം വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണെന്നുമായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ വിദ്രോഹി മാസികയുടെ എഡിറ്റർ എന്ന നിലയിൽ അദ്ദേഹം ഈ സാഹിത്യങ്ങളെല്ലാം പലപ്പോഴും റെഫറന്‍സ് ആയി ഉപയോഗിച്ചിരുന്നു. കവിതകളുടെ ശീർഷകങ്ങളെക്കുറിച്ച് വരെ അവർ എന്നെ ചോദ്യം ചെയ്തു…” സുധിര്‍ ധാവലെ… ഭീമ കോറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന 12 വിപ്ലവകാരികളിൽ ഒരാൾ… ദളിത് സാമൂഹ്യപ്രവർത്തകനും ജേര്‍ണലിസ്റ്റും വിപ്ലവ കവിയും സാംസ്‌കാരിക ആക്ടിവിസ്റ്റുമായ സുധിര്‍ ധാവലെ… അറസ്റ്റുകളും റെയ്ഡുകളും സ്റ്റേറ്റിന്‍റെ നിരീക്ഷണങ്ങളും ജയില്‍ ശിക്ഷകളും നേരിട്ട് സുധിര്‍ ധാവലെ നയിച്ച വിപ്ലവത്തിന്‍റെ ഒരേട്…
_ സുരയ്യ

2018 ജൂൺ 6ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകരും അധ്യാപകരുമടങ്ങുന്ന അഞ്ചു പേരെ ഭീമ കോറേഗാവ് കേസിൽ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. അഡ്വ സുരേന്ദ്ര ഗാഡ്‌ലിങ്, റോണാ വില്‍സണ്‍, സുധിര്‍ ധാവലെ, ഷോമ സെന്‍, മഹേഷ് റൗത് എന്നിവരായിരുന്നു അവര്‍. തുടർന്നുണ്ടായ പ്രതിഷേധങ്ങളെ പോലും അവഗണിച്ച്‌ വിപ്ലവകവി വരവര റാവു, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, സുധാ ഭരദ്വാജ്, അരുണ്‍ ഫേരെര, ആനന്ദ് തെല്‍തുംബ്ദെ, ഗൗതം നവ്‌ലാഖ എന്നീ ആറ് ആക്ടിവിസ്റ്റുകളെ കൂടി യു.എ.പി.എ ചുമത്തി ജയിലിലടച്ചു.

ഭീമ കോറേഗാവ് അനുസ്മരണത്തിന് മുന്നോടിയായി 2017 ഡിസംബര്‍ 31ന് പൂനെയില്‍ സംഘടിപ്പിച്ച എൽഗാർ പരിഷദ് പരിപാടിയില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റുകളുടെ പ്രസംഗങ്ങൾ ദേശവിരുദ്ധമായിരുന്നെന്നും അവിടെ നടന്ന സംഘര്‍ഷം ഇവരുടെ പ്രകോപനത്താലാണെന്നും പ്രസ്തുത വ്യക്തികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും തുടങ്ങിയ കെട്ടിച്ചമച്ച ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു കേസ്. പൂനെ പൊലീസ് അന്വേഷണം നടത്തിവന്ന ഈ കേസ് ഫെബ്രുവരിയിൽ എന്‍.ഐ.എക്ക് കൈമാറി. പിന്നീട് ഭീമ കോറേഗാവ് അനുസ്മരണത്തെയും അതിനായി പ്രവർത്തിച്ച മനുഷ്യാവകാശ പ്രവർത്തകരേയും ദലിത് ആക്ടിവിസ്റ്റുകളേയും പ്രതികരിക്കുന്ന ഓരോ ശബ്ദങ്ങളെയും ദേശവിരുദ്ധമായി ചിത്രീകരിച്ച ഈ ഭരണകൂടവേട്ട എത്തിനിൽക്കുന്നത് ഡെല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസറും ജാതിവിരുദ്ധ പോരാട്ടത്തിലെ നിറസാന്നിധ്യവുമായ ഹാനി ബാബുവിന്‍റെ അറസ്റ്റിലും അതേ സർവകലാശാലയിലെ മറ്റു രണ്ടു അധ്യാപകരെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നതിലുമാണ്.

ദളിത് ആത്മാഭിമാന പോരാട്ടത്തിന്‍റെ ഭീമ കോറേഗാവ്

പേഷ്വാ ഭരണത്തിനെതിരായ ദളിത് പോരാട്ട ചരിത്രത്തിന്‍റെ വലിയൊരേടാണ് ഭീമ കോറേഗാവ്. 1818 ജനുവരി 1ന് മഹാരാഷ്ട്രയിലെ പൂനെക്ക് സമീപം കോറേഗാവ് ഭീമയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും ബാജിറാവു രണ്ടാമന്‍റെ പേഷ്വൻ സൈന്യവും തമ്മിൽ ഏറ്റുമുട്ടി. യുദ്ധത്തില്‍ പങ്കെടുത്ത കമ്പനി സൈന്യത്തില്‍ ഭൂരിപക്ഷവും മഹർ ദളിത് വിഭാഗക്കാരായിരുന്നു. യുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യം വിജയിച്ചു. ദലിതരെ സംബന്ധിച്ചു ഈ യുദ്ധം ആത്മാഭിമാന പോരാട്ടമായിരുന്നു. ബ്രാഹ്മണ്യ രാഷ്ട്രത്തെയും അതിന്‍റെ അധികാരോൽപ്പന്നങ്ങളെയും വെല്ലുവിളിച്ചു പോരാടി ജയിച്ച യുദ്ധത്തിന്‍റെ സ്മരണയില്‍ എല്ലാ വർഷവും ജനുവരി 1ന് ഭീമ കോറേഗാവ് അനുസ്മരണം നടത്തിപ്പോരുന്നു. ദളിത് സമൂഹത്തിന്‍റെ ഈ ചരിത്രവീര്യം കാലത്തിനും കാലം നിർമ്മിക്കുന്ന അധികാര വർഗ്ഗത്തിനോടുമുള്ള സമരാഹ്വാനമാണ്.

2018 ജനുവരി ഒന്നിന് കോറേഗാവ് യുദ്ധത്തിന്‍റെ 200-ാം വാര്‍ഷികത്തില്‍ നടന്ന അനുസ്മരണത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ ഹിന്ദുത്വവാദികളില്‍ നിന്നും ആക്രമണങ്ങളുണ്ടായി. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണങ്ങള്‍ക്ക് കാരണക്കാരായ മിലിന്ദ് എക്പോതെ, സംബാജി പാണ്ഡേ എന്നീ തീവ്ര ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്തെങ്കിലും ഒരു മാസത്തിനകം കോടതി ജാമ്യം നല്‍കി പുറത്തുവിട്ടു. എന്നാല്‍ അനുസ്മരണം സംഘടിപ്പിച്ച എൽഗാർ പരിഷദിനും സുധിർ ധാവലെയെ പോലുള്ള ദളിത് അവകാശപോരാളികൾക്കും യുഎപിഎ ചാർത്തുന്നതിലുമുള്ള വൈരുധ്യം വിളിച്ചോതുന്നത് അതുൾക്കൊള്ളുന്ന വ്യവഹാര നിർമിതി ആധിപത്യാശയമായ ബ്രാഹ്മണ്യത്തിന്‍റെ പ്രതിരൂപമാണെന്നതാണ്.

ഭീമ കോറേഗാവ് കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് രണ്ടു വര്‍ഷമായി മുംബൈ തലോജ ജയിലില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കഴിയുന്ന സുധിർ ധാവലെ ബ്രാഹ്മണ്യ ഹിന്ദുരാഷ്ട്രത്തിനെതിരെയുള്ള ശക്തമായ ദളിത് ശബ്ദമാണ്. ദളിത് സാമൂഹ്യപ്രവർത്തകനും ജേര്‍ണലിസ്റ്റും വിപ്ലവ കവിയും സാംസ്‌കാരിക ആക്ടിവിസ്റ്റുമായ അദ്ദേഹത്തെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു രാഷ്ട്രം വേട്ടയാടിക്കൊണ്ടിരുന്നു. നാഗ്പൂരിലെ ദളിത് കുടുംബത്തിൽ ജനിച്ച്, വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന ധാവലെ 1995 വരെ എംൽ പ്രസ്ഥാനത്തിന്‍റെ ഭാഗമായി പ്രവർത്തിച്ചു. പിന്നീട് ബോംബെയിലേക്ക് ജോലി തേടി വരികയും ദളിത് ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നു.

സുധിര്‍ ധാവലെക്കെതിരെയുള്ള വേട്ട ആദ്യമായല്ല !

2011 ജനുവരി 2ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ചു മഹാരാഷ്ട്രയിലെ വാർധയില്‍ നിന്നും അറസ്റ്റിലായ സുധിര്‍ ധാവലെയെ യുഎപിഎ ചുമത്തി ജയിലിലടച്ചിരുന്നു. അന്ന് പൊലിസ് അദ്ദേഹത്തിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡ് അതിക്രമത്തിന്‍റെ നേർചിത്രമാണ്. ധാവലെയുടെ ജീവിത പങ്കാളിയും ആക്ടിവിസ്റ്റുമായിരുന്ന ദർശനയെയും കുട്ടികളെയും (പത്തു പതിനഞ്ചും വയസ്സുള്ള കുട്ടികൾ മാത്രമുള്ളപ്പോൾ നടത്തിയ റെയ്ഡിനെ കോടതി അപലപിച്ചിരുന്നു) ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് പൊലീസ് തിരച്ചിൽ നടത്തിയത്. വീട്ടുകാരുടെ സമ്മതമില്ലാതെ പുസ്തകങ്ങളും കംപ്യൂട്ടറും മറ്റും സീൽ ചെയ്യുകയും ഭീഷണിപ്പെടുത്തിക്കൊണ്ട് രേഖകളിൽ ഒപ്പുവയ്ക്കാൻ നിർബന്ധിക്കുകയും ചെയ്തു.

ധാവലെ ഒരു നക്സലൈറ്റാണെന്നും അതിനാൽ ഈ സാഹിത്യങ്ങളെല്ലാം വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണെന്നുമായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ വിദ്രോഹി മാസികയുടെ എഡിറ്റർ എന്ന നിലയിൽ അദ്ദേഹം ഈ സാഹിത്യങ്ങളെല്ലാം പലപ്പോഴും റെഫറന്‍സ് ആയി ഉപയോഗിച്ചിരുന്നു. കവിതകളുടെ ശീർഷകങ്ങളെക്കുറിച്ച് വരെ അവർ എന്നെ ചോദ്യം ചെയ്തു, ദര്‍ശന അന്ന് ‘മുംബൈ മിററി’നോട് പറഞ്ഞു. ഭീമ കോറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന അഡ്വ സുരേന്ദ്ര ഗാഡ്‌ലിങിന്‍റെ സഹോദരിയാണ് ദര്‍ശന. ദളിത് സമൂഹത്തിന്‍റെ ഉന്നമനത്തിനായും ഡോക്ടര്‍ ബിനായക് സെന്നിന്‍റെ മോചനത്തിനായും പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചിരുന്ന ധാവലെയുടെ പോരാട്ടങ്ങൾ പൊലീസ് തീവ്രവാദവത്കരിക്കുകയും കുടുംബത്തെയൊട്ടാകെ നിത്യവും ഭീതിയിലാഴ്ത്തുകയും അവഹേളിക്കുന്നതിനെയും പറ്റി ദർശന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മനുഷ്യാവകാശ പ്രശ്നങ്ങളില്‍ സജീവമായിരുന്ന സുധിര്‍ ധാവലെ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫേരെര തുടങ്ങിയ ആക്ടിവിസ്റ്റുകളുടെ പേരുകള്‍ മുംബൈ പൊലീസ് നേരത്തെ തന്നെ നക്സല്‍ പട്ടികയില്‍പ്പെടുത്തിയിരുന്നു. 2010ല്‍ ഗോണ്ടിയ ജില്ലയില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പതിച്ചത് ധാവലെ ആണെന്ന് ആരോപിച്ചു കേസെടുത്തിരുന്നുവെന്നും, എന്നാല്‍ അന്ന് അദ്ദേഹം മുംബൈയിലായിരുന്നുവെന്നു പ്രാദേശിക മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചതും തുടര്‍ന്നു കേസ് പിന്‍വലിക്കുകയും ചെയ്തിരുന്നുവെന്ന് ദളിത്-മാര്‍ക്സിസ്റ്റ് ചിന്തകന്‍ ആനന്ദ് തെല്‍തുംബ്ദെയെ ഉദ്ധരിച്ച് “ദി കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ്സ്” എന്ന എന്ന സംഘടന പറയുന്നു. “ഇതാണ് പൊലീസിന്‍റെ അറിയപ്പെടുന്ന പ്രവർത്തനരീതി. 60 ഓളം കേസുകൾ ഞാൻ കൈകാര്യം ചെയ്തിട്ടുണ്ട്. സാധാരണയായി സർക്കാർ നയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ഒരാളെ ഒരു പ്രത്യേക കേസിൽപ്പെടുത്തുകയും പിന്നീട് ഒന്നിനുപുറകെ ഒന്നായി കേസുകള്‍ ചുമത്തുകയും ചെയ്യും” ധാവലെയുടെ അഭിഭാഷകനായിരുന്ന സുരേന്ദ്ര ഗാഡ്‌ലിങിന്‍റെ അന്നത്തെ നിരീക്ഷണം അന്ന് അദ്ദേഹത്തിനുവേണ്ടി സംസാരിച്ച ആനന്ദ് തെല്‍തുംബ്ദെ ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകളുടെയെല്ലാം രാഷ്ട്രീയ ജീവിതത്തില്‍ പ്രതിഫലിച്ചു, ഭീമ കൊറെഗാവ് കേസിലൂടെ !

നാഗ്‌പൂർ ജയിലിൽ നാല്‍പത് മാസം കഴിഞ്ഞ സുധിര്‍ ധാവലെ 2014 മെയ് 16ന് ജയില്‍മോചിതനായി. തെളിവുകളുടെ അഭാവപ്രകരം കുറ്റവിമുക്തനായ അദ്ദേഹത്തെ പൊലീസ് മനഃപൂർവം വേട്ടയാടുകയാണെന്നും മാവോയിസം ഒരു തത്വശാസ്ത്രമായ് വിശ്വസിക്കുന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും എന്നാൽ ധാവലെയുടെ മാവോയിസ്റ്റ് ബന്ധം പൊലീസിന്‍റെ കപടവാദവുമാണെന്ന നിഗമനത്തിൽ കോടതി എത്തിച്ചേര്‍ന്നു. ബ്രാഹ്മണിക്കൽ രാഷ്ട്രത്തിന്‍റെ ചുമതലകൾ നിറവേറ്റുന്ന പൊലീസിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. 2011ലെ കേസിൽ കബീർ കല മഞ്ച് എന്ന ദളിത് സാംസ്കാരിക സംഘടനയിലെ പ്രവർത്തകരെയും പൊലീസ് പ്രതിചേർത്തിരുന്നു. ഇത്തരത്തില്‍ വരേണ്യ രാഷ്ട്രം ദളിത് സംസ്കാരത്തെയും ദളിത് പ്രതിഷേധങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തുടർന്നുപോരുന്നു.

അടിച്ചമര്‍ത്തലുകള്‍ നേരിട്ട് സുധിര്‍ ധാവലെ നയിച്ച വിപ്ലവം

ഖൈർലാഞ്ചി കൂട്ടകൊലപാതം, മനോരമ കാംബ്ലെ കൂട്ടബലാത്സംഗം, രാമഭായ്‌ നഗർ കേസ്, രോഹിത് വെമൂലയുടെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ മാര്‍ഡറിനെതിരെയുള്ള പ്രതിഷേധങ്ങള്‍ തുടങ്ങിയ ഒട്ടേറെ ദളിത് അതിക്രങ്ങൾക്കെതിരെയും ദളിതര്‍ക്ക് നിഷേധിക്കപ്പെട്ട നീതിക്കുവേണ്ടിയും നിരന്തരം പോരാടിയ ധാവലെയുടെ പ്രവർത്തനങ്ങൾ ബ്രാഹ്മണ്യ-ഹിന്ദുത്വ ഭീകരവാദത്തെ ചോദ്യം ചെയ്യുന്നവയായിരുന്നു. “ജാതിയും വിപ്ലവവും പഞ്ചാബിൽ” എന്ന അദ്ദേഹത്തിന്‍റെ നിരൂപണത്തിൽ ഇന്ത്യയുടെ അപ്പത്തൊട്ടിയായ പഞ്ചാബിലെ കർഷകസമൂഹം ഭരണകൂട ഭീകരതയാലും ജാതി അസമത്വങ്ങളാലും ദുരിതമനുഭവിക്കുന്നതിനെ വെളിച്ചത്തു കൊണ്ടുവന്നു. അറുപതുകളുടെ ഒടുക്കം മുതൽ തുടർന്നുപോരുന്ന നക്സല്‍ബാരി വിപ്ലവത്തെ വിശകലനം ചെയ്തുകൊണ്ട് അദ്ദേഹമെഴുതിയ പുസ്തകങ്ങളിലൂടെയും മറ്റു ലേഖനങ്ങളിലൂടെയും കവിതകളിലൂടെയും ഇന്ത്യയിലെ ജനങ്ങൾക്കെതിരെയുള്ള യുദ്ധത്തെ സുധിര്‍ ധവാലെ തുറന്നുകാണിച്ചു. ദളിത്, റാഡിക്കൽ ലെഫ്റ്റ് സംഘടനകളോടും മറ്റു പുരോഗമന സംഘടനകളോടും സവർണ്ണ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ഒന്നിക്കാൻ അദ്ദേഹം നിരന്തരം ആഹ്വാനം ചെയ്തുകൊണ്ടിരുന്നു.

1998ൽ ധാവലെ നേതൃത്വം നൽകിയ “വിദ്രോഹി മറാഠി സാഹിത്യ സമ്മേളനം” ബഹുജനങ്ങളെയൊട്ടാകെ മാറ്റി നിർത്തികൊണ്ട് അതുവരേയും സംഘടിപ്പിച്ചിരുന്ന മുഖ്യധാരാ സാഹിത്യ സമ്മേളങ്ങൾക്കേറ്റ തീവ്രപ്രഹരമായി മാറി. 2002ലെ ഗോധ്ര കലാപത്തിന്‍റെ പശ്ചാത്തലത്തിൽ ധാവലെയും മറ്റു സാഹിത്യ പുരോഗമന ചിന്തകരും തുടക്കമിട്ട “വിദ്രോഹി” എന്ന മാസിക എന്നും ഭരണകൂടത്തിന്‍റെ കണ്ണിലെ കരടായിരുന്നു. ഏതുവിധേനെയും മാസികയുടെ പ്രചരണം തടയാൻ രാഷ്ട്രം ശ്രമിച്ചുകൊണ്ടിരുന്നു. ബഹുജൻ സാഹിത്യസംസ്കാരത്തെ ഉയർത്തിപിടിച്ച മാസിക, ധാവലെയുടെ അറസ്റ്റിന് ശേഷം നിരവധി പ്രതിസന്ധികൾ നേരിടേണ്ടതായി വന്നു. ഖൈർലാഞ്ചി കൂട്ടക്കൊലയെ തുടര്‍ന്നു സുധിർ ധാവലെ രൂപം നൽകിയ “റിപ്പബ്ലിക്കൻ പാന്തേഴ്സ്: അനിഹിലേഷൻ ഓഫ് കാസ്റ്റ്” എന്ന സാംസ്‌കാരിക മുന്നണി ദളിത് ജീവിതങ്ങളിൽ ഒട്ടേറെ മാറ്റങ്ങൾ സൃഷ്ടിച്ചു. മുംബൈ തെരുവുകൾ റിപ്പബ്ലിക്കൻ പാന്തേഴ്സിന്‍റെ നേതൃത്വത്തിൽ ദളിത് സമരങ്ങളാലും സാംസ്‌കാരിക പ്രതിരോധങ്ങളാലും സജീവമായി. റാഡിക്കൽ അംബേദ്കറൈറ്റുകളും റാഡിക്കൽ ഇടതുപക്ഷവും ചേർന്നു പ്രവർത്തിക്കുന്ന മുന്നണി, വരേണ്യ സാംസ്കാരികാധിപത്യത്തിനെതിരെ പ്രബലമായ പ്രതിരോധം തീർക്കുന്നുണ്ട്.

SC/ST പ്രിവെൻഷൻ ഓഫ് അട്രോസിറ്റീസ് ആക്ട് പ്രയോഗത്തിൽ വരുത്തുവാനായുള്ള ധാവലെയുടെ ഓരോ പ്രവർത്തനങ്ങളും രാഷ്ട്ര നയങ്ങളുടെയും താത്പര്യങ്ങളുടെയും അടിസ്ഥാനത്തെ ചോദ്യം ചെയ്യുന്നവയാണ്. അവ രാഷ്ട്രത്തിന്‍റെ അധികാര സ്വീകാര്യതയെ കീറിമുറിച്ചു കൊണ്ടിരുന്നു. ദളിത് ജീവനുകളെ പരീക്ഷണാടിസ്ഥാനത്തിൽ മാത്രം കാണുന്ന രാഷ്ട്രത്തെയും അപരവത്കരണം സ്വാംശീകരിച്ച ഇന്ത്യൻ ബോധതലത്തെയും അദ്ദേഹം എന്നും വിമർശിച്ചു.

ദളിത് രാഷ്ട്രീയ ഉന്നമനത്തിനായി നിസ്വാർഥം പ്രവർത്തിച്ച സുധിർ ധാവലെ, എന്നാൽ മുഖ്യധാരാ ദളിത് പാർട്ടികളുടെ നയങ്ങളോട് തീർത്തും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അംബേദ്കറിനെ ഉയർത്തിപ്പിടിച്ച അദ്ദേഹം, അതേസമയം മുഖ്യധാരാ അംബേദ്‌ക്കറൈറ്റ് പ്രസ്ഥാനത്തിന്‍റെ വെല്ലുവിളികളെ കുറിച്ച് ബോധവാനായിരുന്നു. ബഹുജൻ സമാജ്‌വാദി പാർട്ടി പോലുള്ള “ദളിത് പാർട്ടികൾ” കാവിവത്ക്കരിക്കപ്പെടുന്നുവെന്നും ജനതാത്പര്യങ്ങളെ അവഗണിച്ചുകൊണ്ട് രാഷ്ട്രപ്രീണനം നടത്തുന്നതിനെതിരയെയും ധാവലെ ശക്തമായി രംഗത്തുവന്നു. ജാതി വ്യവസ്ഥയ്ക്കെതിരെയുള്ള പോരാട്ടം എത്രത്തോളം തന്നെ ഹിന്ദുത്വ രാഷ്ട്രത്തിനെതിരെയും സാമ്രാജ്യത്വത്തിന് എതിരേയുമാകണമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മര്‍ദ്ദിതരുടെ ശത്രു, സവർണ വ്യവസ്ഥിതി മാത്രമല്ല, മറിച്ച് രാഷ്ട്രവും സാമ്രാജ്യത്വവും പ്രതിചേർക്കപ്പെടേണ്ടതാണെന്നു ധാവലെ വിളിച്ചുപറഞ്ഞു. രാഷ്ട്രനിയമങ്ങൾ മുസ്‌ലിം, ദളിത്, ആദിവാസി, പ്രസ്തുത വിഭാഗങ്ങളിലെ സ്ത്രീകൾ എന്നിവർക്കെതിരെ എങ്ങനെ വർത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “മാവോയിസ്റ്റ്” മുദ്ര ചാർത്തിക്കൊണ്ട് ദളിത്, ആദിവാസി വിഭാഗങ്ങളിലെ യുവതി യുവാക്കളെ രാഷ്ട്രം തുറങ്കിലടയ്ക്കുന്നതിനെതിരെ രംഗത്തു വരികയും മർദിതരോടൊപ്പം നിന്നുകൊണ്ട് ദളിത് ഏകോപനം സാധ്യമാക്കുകയും ചെയ്ത ധാവലെ, ദളിത് സമൂഹത്തിന്‍റെ പ്രബലമായ പോരാട്ടങ്ങളുയർത്താൻ നിരന്തരം പ്രയത്നിച്ചു.

ധാവലെയും കാലഘട്ടവും ആവശ്യപ്പെടുന്ന ഐക്യം

ഒരു സമൂഹത്തിലെ രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകൾ എന്നും മർദ്ദിതരുടെ നിലവിളികളും പ്രതിഷേധങ്ങളും പ്രതിഫലിക്കുന്നതായിരിക്കണം. വരേണ്യ രാഷ്ട്രത്തിനും ബ്രാഹ്മണ്യ സംസ്കാരത്തിനും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന ദളിത്- ബഹുജന്‍ -ആദിവാസി രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകളും റാഡിക്കൽ ലെഫ്റ്റ് സംഘടനകളും ആക്ടിവിസ്റ്റുകളും രാഷ്ട്രത്തിന്‍റെ സാംസ്‌കാരിക-ആശയ ആധിപത്യത്തെ ചോദ്യം ചെയ്യുന്നു. സമൂഹാധിപത്യ സംസ്കാരമായ ബ്രാഹ്മണ്യത്തിനോടു തുറന്ന യുദ്ധം പ്രഖ്യാപിക്കുകയാണ് ഈ സംഘടനകളും സുധിർ ധാവലെയെപ്പോലുള്ള രാഷ്ട്രീയപ്രവർത്തകരും ചെയ്യുന്നത്. ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാടുന്ന ഈ വിപ്ലവകാരികളെ മാവോയിസ്റ്റ് ചാപ്പയടിച്ചു, മുഖ്യധാര ബോധതലത്തിന് മുന്നില്‍, “പ്രത്യക്ഷ ഹിംസാവാഹകരായും” “തീവ്രവാദികളായും” ചിത്രീകരിക്കുന്നതിലൂടെ രാഷ്ട്രം തങ്ങളുടെ മര്‍ദ്ദനോപാധികളെയും നടപടികളെയും പൊതുജങ്ങൾക്കിടയിലുള്ള അധികാര സ്വീകാര്യതയെ ഊട്ടിയുറപ്പിക്കാനും ദേശഭക്തിയുടെ കല്‍പിത ചട്ടക്കൂടിലേക്ക് ഒതുക്കുവാനുമാണ് ശ്രമിക്കുന്നത്.

ബ്രാഹ്മണ്യ രാഷ്ട്രത്തിനെതിരെ സുശക്ത ശബ്ദമായ സുധീർ ധാവലെ എന്ന വിപ്ലവകാരിയെ ഭരണകൂടം ഭയപ്പെടുന്നു. ഭീമ കോറേഗാവ് കേസിൽ, ഗുരുതരമായ രോഗാവസ്ഥകളെയും മഹാമാരി കാലത്തെയും നേരിട്ടു പന്ത്രണ്ട് വിപ്ലവകാരികള്‍ നീതി നിഷേധിക്കപ്പെട്ട് അഴികൾക്കുള്ളിലാണ്. രാഷ്ട്രീയ തടവുകാരുടെ സിംഹഭാഗം വരുന്ന ദലിത്, മുസ്‌ലിം, ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള എതിർ ശബ്ദങ്ങളെ രാഷ്ട്രം തുടർക്കഥകളെന്നപോൽ വേട്ടയാടുന്നു. അറസ്റ്റുകളുടെയും നീതിനിഷേധങ്ങളുടെയും ഭരണകൂട ഭീകരവാദത്തിനെതിരെയും പ്രതിരോധം തീർക്കേണ്ടത് അനിവാര്യമാണ്. അടിച്ചമര്‍ത്തല്‍ രൂക്ഷമായിരിക്കെ സുധീർ ധാവലെയുടെ ആഹ്വാനം ഉയര്‍ത്തിപിടിച്ചുകൊണ്ട് എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും ഐക്യവും ദൃഢമായ ഫാസ്റ്റിറ്റ് വിരുദ്ധ മുന്നണിയും കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്.

“അടിച്ചമർത്തലുകൾ പ്രതിരോധം കെട്ടിപ്പടുക്കുന്നു!!!”

Follow us on | Facebook | Instagram Telegram | Twitter | Threads