കോണ്‍ഗ്രസ് സംഘ് പരിവാറിനോട് ചോദിക്കുന്നത് മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്തതിന്‍റെ പങ്ക്

ആ സമുദായത്തിലെ തന്നെ ആയിരക്കണക്കിന് മനുഷ്യരെ കൊന്ന് തള്ളിയതിന്‍റെയും മുസ്‌ലിം സ്ത്രീകളെ ക്രൂരമായി ബലാൽസംഗം ചെയ്തതിന്‍റെയും പങ്ക് ഞങ്ങൾക്കും വേണം, ആ രക്തത്തിൽ കെട്ടി പടുക്കാൻ പോവുന്ന ഒന്നിൽ ഞങ്ങളും അഭിമാനിക്കുന്നുവെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാർട്ടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് അഭിമാനത്തോടെ പറയുന്നു…
_ നാസര്‍ മാലിക്

രാമക്ഷേത്രം സംഘ് പരിവാറിന്‍റെ മാത്രമല്ല അതിൽ പങ്ക് ചേരാനുള്ള അവകാശം ഞങ്ങൾക്കും ഉണ്ടെന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ നിരനിരയായി അവകാശപ്പെടുന്നു. ഇന്ത്യൻ മുസ്‌ലിങ്ങളെ സംബന്ധിച്ച് ഈ വിഷയം ഒരു പള്ളി എന്നതിൽ ഉപരി മറ്റു പലതും കൂടിയാണ്.

1992-ൽ ബാബരി തകർക്കപ്പെട്ടതിനെ തുടർന്ന് ഉത്തരേന്ത്യ ഒട്ടുക്കും ഹിന്ദുത്വ ഭീകരവാദികൾ നടത്തിയ മുസ്‌ലിം വംശഹത്യയിൽ കൊല്ലപ്പെട്ടത് ആയിരക്കണക്കിന് മുസ്‌ലിങ്ങളാണ്. രണ്ട് കൈയും കാലും വെട്ടിയ പിഞ്ചുകുഞ്ഞിനെ പൊട്ടകിണറ്റിൽ കൊണ്ട് പോയിട്ടത്, നൂറ് കണക്കിന് മുസ്‌ലിം സ്ത്രീകൾ ബലാൽസംഗത്തിന് ഇരയായ രക്ത രൂക്ഷിതമായ കൊടും ക്രൂരതയുടെ പരമ്പരകളാണ് അന്ന് അരങ്ങേറിയത്. പാലക്കാട് പുതുപ്പുള്ളി തെരുവിൽ മണ്ണപ്പം ചുട്ടു കളിച്ച സിറാജുന്നീസ എന്ന പതിനൊന്ന് വയസ്സുകാരിയുടെ ജീവൻ വരെ ഈ സാക്ഷര കേരളത്തിൽ അന്ന് ‘തന്തയില്ലാത്ത മുസ്‌ലിങ്ങളുടെ ശവം ‘ വേണമെന്ന ആക്രോശത്തിന് മുന്നിലാണ് പൊലിഞ്ഞു പോയത്.

1992-ൽ ഹിന്ദുത്വവാദികൾ വ്യാപകമായി തുടങ്ങി വെച്ച മുസ്‌ലിം വംശഹത്യ, 2002-ലെ ഗുജറാത്ത് വംശഹത്യ വഴി ഇന്ന് ദിനവും പശുവിന്‍റെ പേരിൽ തല്ലി കൊല്ലുന്ന സർവ്വ സാധാരണ സംഭവമായി മാറി. ഓരോ മുസ്‌ലിമും ഹിന്ദുത്വവാദികളാൽ കൊല്ലപ്പെടുന്ന നേരം അതിന്‍റെ ഒക്കെ അടിസ്ഥാന കാരണമായി വരുന്നത് ബാബരി മസ്ജിദിന്‍റെ തകർച്ചയാണ് . അര പതിറ്റാണ്ടിൽ അധികം കോൺഗ്രസിനെ വിശ്വസിച്ചു കൂടെ നിന്നവരാണ് ഇന്ത്യയിലെ ബഹു ഭൂരിപക്ഷം മുസ്‌ലിങ്ങളും. പലവിധ തിരിച്ചടികൾ ഉണ്ടായിട്ടും എല്ലാം മറന്ന് വീണ്ടും വീണ്ടും കോൺഗ്രസിന് ഒപ്പം നിന്നവർ . ഒടുവിൽ ഇതാ ആ സമുദായത്തിലെ തന്നെ ആയിരക്കണക്കിന് മനുഷ്യരെ കൊന്ന് തള്ളിയതിന്‍റെയും മുസ്‌ലിം സ്ത്രീകളെ ക്രൂരമായി ബലാൽസംഗം ചെയ്തതിന്‍റെയും പങ്ക് ഞങ്ങൾക്കും വേണം, ആ രക്തത്തിൽ കെട്ടി പടുക്കാൻ പോവുന്ന ഒന്നിൽ ഞങ്ങളും അഭിമാനിക്കുന്നുവെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാർട്ടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് അഭിമാനത്തോടെ പറയുന്നു.

അന്തസും അഭിമാനവും സ്വത്വബോധവുമുള്ള ഒരു മുസ്‌ലിമും ബാബരി മസ്ജിദ് മറക്കില്ല. കാരണം, അന്ന് തകർന്നത് ഒരു പള്ളി മാത്രമായിരുന്നില്ല, ഈ സമുദായത്തിന്‍റെ നിലനില്‍പ്പിനുള്ള അവകാശമാണ്. അതിന്‍റെ പേരിൽ കൊല്ലപ്പെട്ട ആയിരങ്ങളുടെ ചോരയിൽ പങ്ക് പറ്റി ഇന്നും രാഷ്ട്രീയ നേട്ടം കൊയ്യാൻ നോക്കുന്ന കോൺഗ്രസുകാർക്ക് നടന്നത് ഒക്കെ മറക്കാൻ വലിയ ബുദ്ധിമുട്ട് കാണില്ല. കാരണം, ആ രക്തക്കറകൾ നിങ്ങൾക്ക് നിലവിൽ ചക്കരക്കുടത്തിൽ കൈകളിട്ട പോലെ മധുരിക്കുന്ന ഒന്നാണ്. എന്നാൽ ഇന്ത്യൻ മുസ്‌ലിങ്ങൾക്ക് അവരുടെ ഹൃദയ രക്തമാണ് അത് !

Follow us on | Facebook | Instagram Telegram | Twitter | Threads